Google
Google
WORLD

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്; ചടങ്ങുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍

വെബ് ഡെസ്ക്

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ പത്തേമുക്കാലോടെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്നും മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ബുധനാഴ്ച മുതൽ രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. 142 നാവികർ വഹിക്കുന്ന റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ ക്യാരേജിലാണ് രാജ്ഞിയുടെ ശരീരം എത്തിക്കുക.

പതിനൊന്ന് മണിയോടെ 2,000 അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ശുശ്രൂഷ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ആരംഭിക്കും. 12.15ഓടെ ശുശ്രൂഷയ്ക്ക് ശേഷം ആബിയിൽ നിന്ന് ലണ്ടനിലെ ഹൈഡ് പാർക്ക് കോർണറിലെ വെല്ലിംഗ്ടൺ ആർച്ചിലേക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉണ്ടായിരിക്കും. ഏകദേശം ഒരു മണിയോടെ വെല്ലിംഗ്ടൺ ആർച്ചിൽ എത്തുന്ന വിലാപയാത്രക്ക് ശേഷം രാജ്ഞിയുടെ ശരീരം വിൻഡ്‌സർ കാസിലിലേക്കുള്ള അന്തിമ യാത്രയ്ക്കായി പുതിയ സ്റ്റേറ്റ് ഹെയർസിലേക്ക് മാറ്റും.

വിൻഡ്‌സർ കാസിലിലെ വിലാപയാത്രക്ക് ശേഷം വൈകിട്ട് നാലോടെ തുടര്‍ ശുശ്രൂഷയ്ക്കായി മൃതദേഹം സെന്റ് ജോർജ് ചാപ്പലിൽ പ്രവേശിക്കും. ചാപ്പലിലെ ചടങ്ങുകൾക്ക് ശേഷം അന്ന് വൈകുന്നേരം ഏഴരയോടെ ഒരു സ്വകാര്യ കുടുംബ ശുശ്രൂഷയിൽ, രാജ്ഞിയെ ഭർത്താവ് എഡിൻബർഗ് ഡ്യൂക്കിനൊപ്പം സെന്റ് ജോർജ് ചാപ്പലിനുള്ളിൽ സ്ഥിതിചെയ്യുന്ന കിംഗ് ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ സംസ്കരിക്കും. ഇതോടെ പത്ത് ദിവസമായി ബ്രിട്ടനിൽ നടക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ അവസാനിക്കും.

ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ച ഹീത്രോ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന 100 വിമാനങ്ങൾ ബ്രിട്ടീഷ് എയർവെയ്‌സ് റദ്ദാക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിനിടെ വിമാനസർവീസുകൾ മൂലമുണ്ടാകുന്ന ശബ്ദം പരമാവധി കുറയ്ക്കാൻ ആണ് എയർവെയ്സിന്റെ നടപടി. അതോടൊപ്പം മറ്റു വിമാനങ്ങളുടെ സമയക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകളെ വിമാനങ്ങളുടെ ശബ്ദം ബാധിക്കാതിരിക്കാനാണ് ക്രമീകരണം.

അതേസമയം രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ലണ്ടനിലെത്തി. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഉൾപ്പെടെ സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചനം അറിയിക്കും.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്