WORLD

ഇസ്രയേലിനോട് വെടിനിർത്തൽ ആവശ്യപ്പെട്ടുളള പ്രമേയത്തിന് വീറ്റോ, റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ; ഇരട്ട നിലപാടുമായി അമേരിക്ക

വെബ് ഡെസ്ക്

ഒരേവിഷയത്തിൽ അമേരിക്ക സ്വീകരിക്കുന്ന ഇരട്ട നിലപാടുകൾ പ്രകടമായ ദിവസമായിരുന്നു ഫെബ്രുവരി 20. ഒരുഭാഗത്ത് അമേരിക്ക യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ട ഗാസയിലെ വെടിനിർത്തൽ ലക്ഷ്യം വച്ചുള്ള കരട് പ്രമേയം വീറ്റോ ചെയ്യുകയും മറുഭാഗത്ത് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അൽജീരിയ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് തടഞ്ഞത്. അതേസമയം, യുക്രെയ്നിലെ അധിനിവേശവും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണവും മുൻനിർത്തി റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കുകയും ചെയ്തു.

യു എൻ രക്ഷാസമിതി

ഇസ്രയേലിനോട് വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയങ്ങൾ ഇതിന് മുൻപ് മൂന്ന് തവണ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്. 13 അംഗ രാജ്യങ്ങൾ അൽജീരിയയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ബ്രിട്ടൻ വിട്ടുനിൽക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിയിൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരാശ പ്രകടിപ്പിച്ചു. ഇസ്രയേലിന് ആക്രമിക്കാനുള്ള പച്ചക്കൊടി വീശുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് പ്രതിനിധി ആരോപിച്ചു. യുഎൻ നടപടികളിൽനിന്ന് ഇസ്രയേലിനെ സംരക്ഷിച്ചു നിർത്തുന്ന സമീപനമാണ് പരമ്പരാഗതമായി അമേരിക്ക കൈക്കൊണ്ടുപോരുന്നത്.

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളുടെ മോചനം ഉറപ്പാക്കാനും വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന ജോ ബൈഡന്റെ അവകാശവാദങ്ങൾക്കിടെയാണ് അമേരിക്കയുടെ നടപടി. ആക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാൻ ഈജിപ്തും ഖത്തറും ഉൾപ്പെടുന്ന ചർച്ചകളെ പൂർണമായും അപകടത്തിലാക്കുന്നതാണ് വെടിനിർത്തൽ പ്രമേയമെന്നാണ് അമേരിക്കയുടെ വാദം. റഷ്യയോട് സ്വീകരിക്കുന്ന കടുത്ത നിലപാട് ഇസ്രയേലിനോട് കാണിക്കുന്നില്ല എന്ന ആരോപണം മുൻപുതന്നെ അമേരിക്കയ്‌ക്കെതിരെ ഉണ്ട്. അതിന്റെ പ്രകടമായ ഉദാഹരണമായാണ് അടുത്തടുത്ത മണിക്കൂറുകളിൽ അമേരിക്ക സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത നിലപാടുകളെന്നും വിലയിരുത്തലുകളുണ്ട്.

യുക്രെയ്നിലെ അധിനിവേശത്തിനിടെ റഷ്യ നടത്തുന്ന പ്രവർത്തനങ്ങൾ, നവാൽനിയുടെ മരണം എന്നിവയ്ക്ക് റഷ്യയെകൊണ്ട് ഉത്തരം പറയിക്കാൻ ലക്ഷ്യം വച്ചാണ് പുതിയ ഉപരോധങ്ങളെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അവകാശപ്പെടുന്നത്. ഇതൊരുവശത്ത് നിൽക്കെയാണ് അമേരിക്ക, ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത്. ഇതിനോടകം, മുപ്പത്തിനായിരത്തിനടുത്ത് മനുഷ്യരാണ് ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിൽത്തന്നെ അധികവും കുട്ടികളും സ്ത്രീകളുമാണ്.

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം

മോദി പറഞ്ഞത് വിദ്വേഷത്തിന്, പക്ഷെ മുസ്ലിം പിന്നാക്കാവസ്ഥ പറയാൻ മതേതര പാർട്ടികൾ മടിക്കുന്നതെന്തിന്?

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്, വിവാദം, കേസ്

'തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല'; കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി