WORLD

'ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല'; 'അമിതവേഗത പിഴ' വിവാദത്തിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാൻ

വെബ് ഡെസ്ക്

ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാന്റെ ഗതാഗത നിയമലംഘനം ബ്രിട്ടനില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. അമിത വേഗതയ്ക്ക് പിഴ അടയ്ക്കാതിരിക്കാനും മറ്റ് നടപടികള്‍ നേരിടാതിരിക്കാനുമായി ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയെന്നാണ് സുവെല്ല ബ്രെവര്‍മാനെതിരായ ആരോപണം. വിവാദം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനെ മറ്റെന്തിനെങ്കിലുമോ, നിയമവിധേയമല്ലാത്ത ഇടപെടലുകളൊന്നും തന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന പ്രതികരണവുമായി ആഭ്യന്തര സെക്രട്ടറി രംഗത്തെത്തി. അമിത വേഗതയെന്ന തെറ്റ് സംഭവിച്ചെന്നും പിഴ അടയ്ക്കാന്‍ മടികാണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

അറ്റോര്‍ണി ജനറലായിരിക്കെ കഴിഞ്ഞവര്‍ഷം സുവെല്ല ബ്രെവര്‍മാൻ അമിതവേഗതയില്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 'സണ്‍ഡേ ടൈംസ്' വാര്‍ത്ത പുറത്തുവിട്ടതോടെയാണ് വിവാദം കൊഴുത്തത്. ലണ്ടന് പുറത്ത് വാഹനമോടിക്കുന്നതിനിടെയാണ് സുവെല്ല ബ്രെവര്‍മാന്‍ നിയമലംഘനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി സുവെല്ല രംഗത്തുവന്നത്. '' ഞാന്‍ അമിതവേഗതയില്‍ വാഹനമോടിച്ചു. അതില്‍ ഖേദിക്കുന്നു. പിഴയും അടച്ചു. പ്രതികൂലമായേക്കാവുന്ന ഒരു ഇടപെടലും നടത്തിയില്ലെന്ന് ആത്മവിശ്വാസമുണ്ട്'' - അവര്‍ പറഞ്ഞു.

അമിതവേഗതയ്ക്ക് ലണ്ടനിലെ സാധാരണ നടപടിക്രമമായ പിഴ, ഡ്രൈവിങ് ലൈസന്‍സിന്മേല്‍ പിഴ പോയിന്റ്, ഡ്രൈവിങ് ബോധവത്കരണം തുടങ്ങിയവ സുവെല്ല ബ്രെവര്‍മാനും ഉദ്യോഗസ്ഥര്‍ ചുമത്തിയിരുന്നു . എന്നാല്‍ പിഴ അടയ്ക്കില്ലെന്നും ലൈസന്‍സിന്മേല്‍ പിഴ പോയിന്റ് ചുമത്തരുതെന്നും അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ നടക്കേണ്ട ബോധവത്കരണ ക്ലാസിന് പകരം ഒറ്റയ്ക്ക് ബോധവത്കരണ ക്ലാസ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ വഴങ്ങാതിരുന്നതോടെ പിഴ അടയ്ക്കേണ്ടി വന്നു. ബോധവത്കരണ ക്ലാസില്‍ മറ്റൊരാളെ അയച്ച് നിയമ സംവിധാനത്തെ വഞ്ചിച്ചെന്നും ആരോപണമുണ്ട്.

പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. പാര്‍ലമെന്റില്‍ ഋഷി സുനക് പ്രസ്താവന നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിഷയത്തെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണ നടപടികളിലേക്ക് കടക്കാനാകൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍