WORLD

സുഡാന്‍ ആഭ്യന്തര സംഘര്‍ഷം: എട്ട് ലക്ഷം പേര്‍ രാജ്യം വിട്ടേക്കുമെന്ന് ഐക്യരാഷ്ട്ര സഭ

വെബ് ഡെസ്ക്

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് പൗരന്മാരടക്കം എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് യുഎന്‍ തയ്യാറാക്കിയ കണക്കുകളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

815,000 ത്തിലധികം പേര്‍ സുഡാനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് നീങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് യുഎന്‍ എച്ച് ആര്‍ അസിസ്റ്റന്‍ഡ് ഹൈക്കമീഷണര്‍ റവൂഫ് മൗസൗ പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഏഴ് അയല്‍രാജ്യങ്ങളിലേക്കായി പലായനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 73,000ത്തിലേറെ പേര്‍ ഇതിനോടകം തന്നെ സുഡാന്‍ വിട്ടു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം വിടുന്നവരില്‍ 580,000 ത്തിലധികം പേര്‍ സുഡാന്‍ പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ കുടിയേറ്റക്കാരും.

സുഡാനില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്നും ഇനിയും പലായന സാധ്യതയുണ്ടെന്ന് യു എന്‍ എച്ച് ആര്‍ മേധാവി ഫിലിപ്പ് ഗ്രാന്‍ഡില്‍ ട്വീറ്റ് ചെയ്തു. സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മില്‍ ഏപ്രില്‍ 15ന് സുഡാനില്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷം വിനാശകരമായ മാനുഷിക സാഹചര്യം ഉടലെടുക്കാനിടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പും യു എന്‍ നല്‍കുന്നു.400ലേറെ പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സുഡാനില്‍ ഭക്ഷണത്തിനും ജലത്തിനും ക്ഷാമം നേരിടുകയാണ്. സഹായമെത്തിക്കാന്‍ യുഎന്‍ അടക്കമുള്ള ഏജന്‍സികള്‍ ശ്രമിച്ചിരുന്നെങ്കിലും സംഘര്‍ഷം രൂക്ഷമായതോടെ ഇതൊന്നും സാധ്യമാകുന്നില്ല.

2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനികമേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു 2021 ൽ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയത്. പതിറ്റാണ്ടുകളുടെ സൈനിക ഭരണത്തിന് ശേഷം ഒരു ജനാധിപത്യ, സിവിലിയന്‍ സര്‍ക്കാരിനായി സുഡാനികള്‍ ശ്രമിക്കുന്നതിനിടെയാണ് സൈനിക കലാപം പൊട്ടിപ്പുറപ്പെട്ടത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ആന്റോണിയെ ഗുട്ടെറസും വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.

ചൂടില്‍ പൊള്ളി ഭീമന്മാർ; ഉഷ്ണതരംഗം മൊബൈല്‍ കണക്ടിവിറ്റിയെ എങ്ങനെ ബാധിക്കും?

ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; കരാർ അംഗീകരിക്കാതെ ഇസ്രയേൽ, റഫായിൽ ആക്രമണം തുടരും

സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു; പേടകത്തിന് സാങ്കേതിക തകരാറുകളെന്ന് റിപ്പോര്‍ട്ട്

'പുഷ്പ കരിയറില്‍ സ്വാധീനം ചെലുത്തിയിട്ടില്ല'; സംവിധായകനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഫഹദ്

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?