WORLD

തിരിച്ചടി തുടർന്ന് അമേരിക്ക; യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം, ലക്ഷ്യമിട്ടത് എട്ട് കേന്ദ്രങ്ങൾ

വെബ് ഡെസ്ക്

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും അമേരിക്ക- ബ്രിട്ടൻ സഖ്യം ആക്രമണം നടത്തി. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്ട്രേലിയ, ബഹറൈൻ, കാനഡ, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ലക്ഷ്യമിട്ടത്. യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗർഭ കേന്ദ്രം, മിസൈൽ- നിരീക്ഷണ ശേഷി എന്നിവയെ തകർക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം.

ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ അറിയിച്ചു. ഗൾഫ് ഓഫ് ഏദനിൽ വച്ച് അമേരിക്കൻ സൈനിക ചരക്ക് കപ്പലായ ഓഷ്യൻ ജാസ് ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലൂടെയുള്ള ചരക്കു കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ഹൂതികൾ ആരംഭിച്ചത്. ഗാസയിലെ ഇസ്രയേൽ നടപടി അവസാനപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൂതികൾ ആക്രമണം നടത്തുന്നത്.

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാൻ പിന്തുണയുള്ള സായുധ സംഘം, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ബഹുരാഷ്ട്ര പ്രതിരോധ സഖ്യം അമേരിക്ക രൂപീകരിച്ചിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ്- യുകെ സഖ്യം നടത്തുന്ന മൂന്നാമത്തെ ആക്രമണ പരമ്പരയാണിത്.

പുതിയ ആക്രമണങ്ങൾ എപ്പോഴാണ് ഉണ്ടായത് എന്നതിനെ പറ്റി ഹൂതികളുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. എന്നാൽ തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടി പറയുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലിൽ യെമൻ വിമത സംഘം നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഉൾപ്പെടെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി 11നാണ് അമേരിക്ക- ബ്രിട്ടൻ സഖ്യത്തിന്റെ നേതൃത്വത്തിൽ ഹൂതികൾക്ക് നേരെ ആദ്യ ആക്രമണം നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിൽ പലതും ചെങ്കടൽ വഴിയുള്ള ഗതാഗതം ഹൂതി ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് താത്കാലികമായി നിർത്തിവച്ചിരുന്നു. ചെങ്കടൽ അസ്ഥിരമായാൽ ആകെയുള്ള മറ്റൊരു മാർഗം ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷയുടെ മുനമ്പ് ചുറ്റി പോകുന്ന ഒരേയൊരു കടൽ മാർഗമാണ്. ഈ ദൈർഘ്യമേറിയ റൂട്ട് ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കച്ചവടം മന്ദഗതിയിലാക്കിയിട്ടുണ്ട്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ