കൊറോണ വൈറസ്
കൊറോണ വൈറസ്  
WORLD

കോവിഡ് 19 ഉത്ഭവം: യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

ചൈനീസ് ലാബില്‍ നിന്നാണ് കോവിഡ് 19 വൈറസ് ഉത്ഭവിച്ചതെന്ന യുഎസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇടപെടലുമായി ലോകാരോഗ്യ സംഘടന. എഫ്ബിഐ അടക്കമുള്ള ഏജന്‍സി റിപ്പോര്‍ട്ടുകളെ ചൈന ശക്തമായെതിര്‍ത്തെങ്കിലും ലോകാരോഗ്യ സംഘടന വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ യുഎസിനോടും മറ്റ് ലോക രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു.

'കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഏതെങ്കിലും രാജ്യത്തിന്റെ കൈവശം വിവരങ്ങളുണ്ടെങ്കില്‍ അത് ലോകാരോഗ്യ സംഘടനയുമായും അന്താരാഷ്ട്ര ശാസ്ത്ര സമൂഹവുമായും പങ്കിടേണ്ടത് അത്യാവശ്യമാണ്,'' - ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം വ്യക്തമാക്കി.

'' ലോകാരോഗ്യ സംഘടന ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വൈറസ് എങ്ങനെ ഉത്ഭവിച്ചുവെന്നിതിനെക്കുറിച്ച് വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. അതുവഴി ഭാവിയിലെ പകര്‍ച്ചവ്യാധികളെ തടയാനും തയ്യാറെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ'' - ടെഡ്രോസ് അദാനോം പറഞ്ഞു. സുതാര്യമായി വിവരങ്ങള്‍ പങ്കിടുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനും ചൈനയോട് ആവശ്യപ്പെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന നിഗമനത്തിലെത്തിയതായി എഫ്ബിഐ ഡയറക്ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റും ഇതേ കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 17 അമേരിക്കന്‍ ലബോറട്ടികളിലും മറ്റ് വിഭാഗങ്ങളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കന്‍ ഊര്‍ജ ഡിപ്പാര്‍ട്ട്മെന്റ് വിലയിരുത്തലിലെത്തിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി യുഎസ് മിഷനുമായി ബന്ധപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയിലെ കോവിഡ് വിഭാഗം ടെക്നിക്കല്‍ മേധാവി മരിയ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി.

68 ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും 75.8 കോടി ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലായിരിക്കുമെന്നും ലോകാരോഗ്യ സംഘടന തന്നെ സമ്മതിക്കുന്നു.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം