പുതുവർഷത്തിൽ കളം പിടിക്കാൻ ചേതക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറെത്തുന്നു; സവിശേഷതകളേറെ

പുതുവർഷത്തിൽ കളം പിടിക്കാൻ ചേതക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറെത്തുന്നു; സവിശേഷതകളേറെ

ഒറ്റ ചാർജിൽ 127 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും പുതിയ മോഡലിനാകും

പുതുവർഷത്തിൽ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർണമാണ കമ്പനിയായ ബജാജ്. ഇന്ത്യയിലെ ടു വീലറുകളുടെ ചരിത്രത്തിൽ ഏറ്റവും ജനപ്രിയമായ മോഡലാണ് ചേതക്. നേരത്തെ 2020ൽ ചേതക്കിന്റെ ഇലക്ട്രിക് പതിപ്പ് ബജാജ് പുറത്തിറക്കിയിരുന്നു. പിന്നാലെ നിരവധി അപ്‌ഡേറ്റുകളും മോഡലിന് കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലാണ് ചേതക്കിന്റെ പുതിയ ഇലക്ടിക് സ്കൂട്ടറുമായി ബജാജ് കളം പിടിക്കാനൊരുങ്ങുന്നത്. ജനുവരി ഒൻപതിനാണ് സ്കൂട്ടറിന്റെ ലോഞ്ച്.

ഇക്കഴിഞ്ഞ ഡിസംബറിൽ മിതമായ നിരക്കിൽ ചേതക്കിന്റെ അർബൻ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിന് ചില പരിഷകാരങ്ങൾ വരുത്തിയാകും പുതിയ മോഡൽ പുറത്തിറങ്ങുകയെന്നാണ് സൂചന. 3.2 കിലോവാട്ടുള്ള ബാറ്ററിയാണ് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 127 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും പുതിയ മോഡലിനാകും. നേരത്തേയുണ്ടായിരുന്ന 2.88 കിലോവാട്ട് ബാറ്ററിയുടെ സ്ഥാനത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. പൂജ്യം മുതൽ 100 ശതമാനം വരെ ചാർജാകാൻ ഏകദേശം നാലര മണിക്കൂർ നേരമെടുക്കുമെന്നാണ് റിപ്പോർട്ട്.

പുതുവർഷത്തിൽ കളം പിടിക്കാൻ ചേതക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറെത്തുന്നു; സവിശേഷതകളേറെ
ചേതക്കിന്റെ അര്‍ബന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍; വില 1.15 ലക്ഷം, അറിയാം പ്രത്യേകതകള്‍

പുതിയ മോഡലിന്റെ പ്രത്യേകതകൾ സംബന്ധിക്കുന്ന രേഖകളിൽ ചിലത് ചോർന്നിരുന്നു. പ്രകടനത്തിന്റെ കാര്യത്തിലും നിലവിലെ മോഡലിനെക്കാൾ ഒരുപടി മുകളിലാണ് പുതിയ ചേതക്. ഇപ്പോഴുള്ള മോഡലിന്റെ ഏറ്റവും കൂടിയ വേഗത മണിക്കൂറിൽ 63 കിലോമീറ്റർ ആയിരുന്നെങ്കിൽ പുതിയതിന് 73 കിലോമീറ്ററാണ്. കൂടാതെ വൃത്താകൃതിയിലുള്ള എൽ സി ഡി സ്‌ക്രീൻ മാറ്റി ടി എഫ് ടി സ്ക്രീനും ബജാജ് പുതിയ ചേതക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), റിമോട്ട് ലോക്ക്/അൺലോക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി,ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയടക്കം നിരവധി പ്രീമിയം ഫീച്ചറുകളും ഇ-സ്‌കൂട്ടറിലുണ്ടാകും. ഒപ്പം സീറ്റിനടിയിലെ സ്റ്റോറേജ് കപ്പാസിറ്റിയും കൂടും. നിലവിൽ 18 ലിറ്ററായ സംഭരണശേഷി 21 ആയി ഉയരും. ഏഥർ 450X, ഓല എസ് 1 പ്രോ, ടിവിഎസ് ഐക്യൂബ്‌ എന്നീ ഇവി മോട്ടോർസൈക്കിളുകൾക്ക് പുത്തൻ വെല്ലുവിളിയാണ് ബജാജ് ചേതക്. പുതുവർഷത്തിൽ സ്കൂട്ടറുകളെടുക്കാൻ പോകുന്നവരെ ബജാജ് ഷോറൂമുകളിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് മാസാദ്യം തന്നെയുള്ള ലോഞ്ച്. ഇതോടെ വിപണി കീഴടക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

logo
The Fourth
www.thefourthnews.in