ഓഫീസുകൾ പൂട്ടി; പിരിച്ചുവിടൽ ഭീഷണിയിൽ മക്ഡൊണാൾഡ്‌സും

ഓഫീസുകൾ പൂട്ടി; പിരിച്ചുവിടൽ ഭീഷണിയിൽ മക്ഡൊണാൾഡ്‌സും

രണ്ട് ദിവസത്തിനുള്ളിൽ പിരിച്ചുവിടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന

ടെക്ക് ഭീമന്മാർക്കു പിന്നാലെ കൂട്ടപിരിച്ചുവിടലിനൊരുങ്ങി ഫാസ്റ്റ് ഫുഡ് ശൃംഖലകളിലെ പ്രധാനി മക്‌ഡൊണാൾഡ്‌സും. അമേരിക്കയിലുള്ള എല്ലാ ഓഫീകളും പൂട്ടി. പിരിച്ചുവിടലിന് മുന്നോടിയായാണ് ഓഫീസുകൾ അടയ്ക്കാനുള്ള തീരുമാനമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്നതിൽ വ്യക്തതയില്ല. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.

തിങ്കൾ മുതൽ ബുധൻ വരെ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് കഴിഞ്ഞയാഴ്ചയാണ് ജീവനക്കാർക്ക് കമ്പനി ഇ-മെയിൽ സന്ദേശം അയച്ചത്. ഇതേത്തുടർന്നാണ് പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ഏപ്രിൽ ആദ്യ വാരത്തോടെ സ്ഥാപനത്തിന്റെ നടത്തിപ്പിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുണ്ടാകുമെന്നും കമ്പനി അയച്ച മെയിലിൽ പറയുന്നു.

ഈ ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ വ്യക്തിഗത മീറ്റിംഗുകളും റദ്ദാക്കാനും കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ് നവീകരിക്കുന്നതിന്റെ ഭാഗമായി കോർപ്പറേറ്റ് സ്റ്റാഫിങ് മേഖലയിൽ മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി ജനുവരിയിൽ അറിയിച്ചിരുന്നു. ഇത് ചില മേഖലകളിൽ പിരിച്ചുവിടലിന് കാരണമായേക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരെയാണ് ഇത്തരത്തിലുള്ള പിരിച്ചുവിടലുകൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. താൽക്കാലിക വിസയിൽ അമേരിക്കയിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ പുതിയൊരു ജോലി കണ്ടെത്താനായി ബുദ്ധിമുട്ടുന്നത്.

ഓഫീസുകൾ പൂട്ടി; പിരിച്ചുവിടൽ ഭീഷണിയിൽ മക്ഡൊണാൾഡ്‌സും
ഡിസ്നിയിലും പിരിച്ചുവിടൽ; 7000 പേർക്ക് ജോലി നഷ്ടമാകും

മെറ്റ, ആമസോണ്‍, യാഹൂ, ഡെല്‍, ഡിസ്‌നി, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്ന് 18,000ത്തോളം ജീവനക്കാരെ പുറത്താക്കുമെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. മൈക്രോസോഫ്റ്റ് 1,000 ജീവനക്കാരെയും മെറ്റ 10,000 ജീവനക്കാരെയും പുറത്താക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനി കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കണ്ട എന്ന് ആപ്പിള്‍ നിലപാട് എടുത്തതും ജീവനക്കാരെ പ്രതിസന്ധിയിലാക്കി. 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നൽകി ഐടി ഭീമൻ ആക്‌സെഞ്ചറും രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ 7000 ജീവനക്കാരെ പിരിച്ചുവിടുമെന്ന തീരുമാനവുമായി വാൾട്ട് ഡിസ്നിയും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in