കുഞ്ചൻ നമ്പ്യാരുടെ സിനിമയുമായി മുന്നോട്ട് പോകാൻ ഹരിഹരൻ; തർക്കത്തിനില്ല, തിരക്കഥ പൂർത്തിയായെന്ന് കെ ജയകുമാർ

കുഞ്ചൻ നമ്പ്യാരുടെ സിനിമയുമായി മുന്നോട്ട് പോകാൻ ഹരിഹരൻ; തർക്കത്തിനില്ല, തിരക്കഥ പൂർത്തിയായെന്ന് കെ ജയകുമാർ

കുഞ്ചൻ നമ്പ്യാരുടെ കഥ ആർക്ക് വേണമെങ്കിലും സിനിമയാക്കാം , ഞങ്ങൾ കാണുന്ന നമ്പ്യാർ ആവില്ലല്ലോ അവർ കാണുന്നത്

മലയാളത്തിന്റെ കുഞ്ചന്‍ നമ്പ്യാരെ ആരാകും ആദ്യം തിരശ്ശീലയിലെത്തിക്കുക? രാജീവ് നാഥോ അതോ നാല് വർഷം മുന്‍പ് സിനിമ പ്രഖ്യാപിച്ച ഹരിഹരനോ?

ചരിത്രവും ഐതിഹ്യങ്ങളും അടിസ്ഥാനമാക്കി മികച്ച ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഹരിഹരന്‍ 2019 ലാണ് കെ ജയകുമാറിന്റെ തിരക്കഥയില്‍ കുഞ്ചന്‍ നമ്പ്യാരെ വെള്ളിത്തിരയിലെത്തിക്കുമെന്ന് പറഞ്ഞത്. ഇപ്പോള്‍ മറ്റൊരു സംവിധായകനും കുഞ്ചന്‍ നമ്പ്യാരുടെ സിനിമാവിഷ്കാരത്തിന് ഒരുങ്ങുകയാണ്, സംവിധായകന്‍ രാജീവ് നാഥ്. എന്നാല്‍ 2019 ൽ പ്രഖ്യാപിച്ച സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും കുഞ്ചന്‍ നമ്പ്യാരുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കുകയാണ് ഹരിഹരന് വേണ്ടി തിരക്കഥയൊരുക്കിയ കെ ജയകുമാർ. കുഞ്ചന്‍ നമ്പ്യാരുടെ അവകാശത്തിന് വേണ്ടി തര്‍ക്കത്തിനില്ലെന്നും അദ്ദേഹം ദ ഫോര്‍ത്തിനോട് പറഞ്ഞു.

കെ ജയകുമാറിന്റെ വാക്കുകൾ

ഞങ്ങൾ 2019 ൽ പ്രഖ്യാപിച്ച സിനിമയാണ് കുഞ്ചൻനമ്പ്യാർ. രാജീവ് നാഥ് കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്ത കണ്ടപ്പോൾ എനിക്കും ഹരിഹരനും ചെറിയ വിഷമം തോന്നി, പക്ഷെ ഞങ്ങൾ തർക്കത്തിനൊന്നുമില്ല. നമ്പ്യാരുടെ ജീവിതം ആർക്ക് വേണമെങ്കിലും സിനിമയാക്കാമല്ലോ! ഞങ്ങൾ കണ്ട നമ്പ്യാർ ആവണമെന്നില്ലല്ലോ അവർ കാണുന്നത്. അതിനാൽ തന്നെ ഞങ്ങൾ പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തിരക്കഥയുടെ രണ്ട് വേർഷൻസ് പൂർത്തിയായിട്ടുണ്ട്. ബിഗ് ബജറ്റ് സിനിമയാണ് ഹരിഹരന്റെ കുഞ്ചൻ നമ്പ്യാർ. ആദ്യം ഗോകുലം ഗോപാലൻ നിർമിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് അദ്ദേഹം പിൻമാറി. പുതിയ ഒരു നിർമാതാവിന്റെ കാര്യം ഏകദേശം ധാരണയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും

നിലവിലുള്ള നടൻമാരുടെ പ്രതിച്ഛായയിൽ ഒതുങ്ങുന്ന ആളല്ല നമ്പ്യാർ

ഞങ്ങൾ കാണുന്ന കുഞ്ചൻ നമ്പ്യാർ ...

ചരിത്രത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുക. നമ്പ്യാരുടെ നർമം പോലും ഗൗരവമുള്ളതായിരുന്നല്ലോ, കാലഘട്ടത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു നമ്പ്യാർ ഫലിതങ്ങൾ. അതുകൊണ്ട് തന്നെ ആ നിലയിലാണ് ഞങ്ങൾ നമ്പ്യാരെ കാണാൻ ശ്രമിച്ചിട്ടുള്ളത്. സാമൂഹിക -രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ, വിപ്ലവകരമായ നിലപാട് എടുത്തിട്ടുള്ള, മാറ്റങ്ങൾ വരുത്തിയിട്ടുള്ള കലാകാരൻ, അങ്ങനെ പൊളിറ്റിക്കൽ, സോഷ്യൽ ഹിസ്റ്ററിയുടെ ഭാഗമായുള്ള നമ്പ്യാരെയാണ് ഞങ്ങൾ അവതരിപ്പിക്കാൻ പോകുന്നത്. ചെമ്പകശേരി രാജ്യവുമായിട്ടും മാർത്താണ്ഡവർമ്മയായിട്ടുമൊക്കെ അടുത്ത ബന്ധം പുലർത്തിയ, സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെ തുള്ളലിലൂടെ പ്രതികരിച്ച നമ്പ്യാരാകും ഞങ്ങളുടേത്. ഒന്നു രണ്ട് വർഷമെടുത്ത് പൂർത്തിയാക്കിയ തിരക്കഥയാണ്. അതിന്റെ മെറിറ്റിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.

നമ്പ്യാർ സ്ത്രീ വിരോധിയായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നില്ല. വിവാഹം കഴിച്ച് ജീവിക്കാനോ, സ്ത്രീ സ്വാധീനം ജീവിതത്തിലേക്ക് കൊണ്ടുവരാനോ ശ്രമിച്ചില്ല എന്നതിന് അപ്പുറം അദ്ദേഹത്തിന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് തന്നെയാണ് മനസിലാക്കുന്നത്. എന്നാൽ ഏത് സ്ത്രീയെ കണ്ടാലും പിന്നാലെ പോകുന്ന വാസനാ വികൃതി ഞങ്ങൾ കുഞ്ചൻ നമ്പ്യാരിൽ ആരോപിക്കുന്നില്ല

കുഞ്ചൻ നമ്പ്യാരുടെ സിനിമയുമായി മുന്നോട്ട് പോകാൻ ഹരിഹരൻ; തർക്കത്തിനില്ല, തിരക്കഥ പൂർത്തിയായെന്ന് കെ ജയകുമാർ
'കുഞ്ചൻ നമ്പ്യാർ' വെള്ളിത്തിരയിലേക്ക്; ചിത്രം ഓട്ടോബയോഗ്രഫി ആയിരിക്കില്ലെന്ന് തിരക്കഥാകൃത്ത്

ആരായിരിക്കും ഹരിഹരന്റെ കുഞ്ചൻ നമ്പ്യാർ ...

ഞാൻ ഒരു അഭിനേതാവിനെയും മനസിൽ കണ്ടല്ല , നമ്പ്യാരെ മാത്രം മനസിൽ കണ്ടെഴുതിയ തിരക്കഥയാണ്. ഈ സിനിമ നീണ്ടുപോയതിന്റെ മറ്റൊരു പ്രധാന കാരണം ഇതാണ്. ആരാകും കുഞ്ചൻനമ്പ്യാർ എന്ന ചോദ്യം, നിലവിലുള്ളവരുടെ പിന്നാലെ പോയാൽ സമയത്തിന് നടക്കുമോ, ഒരു പുതിയ ആള് പോരെ എന്ന ആശയത്തിലാണ് ഇപ്പോഴും നിൽക്കുന്നത്. നിലവിലുള്ള നടൻമാരുടെ പ്രതിച്ഛായയിൽ ഒതുങ്ങുന്ന ആളല്ല നമ്പ്യാർ. അതുകൊണ്ട് തന്നെ ബാക്കിയുളള കഥാപാത്രങ്ങളിലേക്ക് വലിയ താരനിരയെ കൊണ്ട് വരാനും, പുതുമുഖത്തെ കണ്ടെത്തി പരിശീലനമൊക്കെ കൊടുത്ത് നമ്പ്യാരാക്കാനുമാണ് ശ്രമം.

പലരും കുഞ്ചൻനമ്പ്യാരെ വെള്ളിത്തിരയിലെത്തിക്കാൻ മുൻപും ശ്രമിച്ചിട്ടുണ്ടല്ലോ, ഭരതൻ ഉൾപ്പെടെ എന്ന ചോദ്യത്തിന് മുൻപ് പലരും വിളിച്ചെങ്കിലും നമ്പ്യാർ വഴങ്ങിയിട്ടില്ല (സിനിമയായിട്ടില്ല എന്ന അർത്ഥത്തിൽ ) എന്നാണ് കെ ജയകുമാറിന്റെ മറുപടി. നാടകം വരെയൊക്കെയെ നമ്പ്യാരുടെ കാര്യത്തിൽ സാധ്യമായിരുന്നുള്ളു. ( കുഞ്ചൻ നമ്പ്യാരെ കുറിച്ചുള്ള നാടകം). പക്ഷെ ഇക്കുറി നമ്പ്യാരെ വെള്ളിത്തിരയിലെത്തിക്കുമെന്നും കെ ജയകുമാർ പറയുന്നു

logo
The Fourth
www.thefourthnews.in