മോഹന്‍ലാല്‍ എന്ന 'അഹങ്കാരിയായ' ഗായകന്‍

മോഹന്‍ലാല്‍ എന്ന 'അഹങ്കാരിയായ' ഗായകന്‍

നടന്മാര്‍ അവരുടെ സ്വന്തം സിനിമകള്‍ക്കുവേണ്ടി കൗതുകത്തിനെന്നോണം പിന്നണി പാടിയിട്ടുണ്ട്. പക്ഷേ മറ്റുളളവര്‍ക്കു വേണ്ടിക്കൂടി പിന്നണിപാടിയ സൂപ്പര്‍ താരമെന്ന പദവി മലയാളത്തില്‍ മോഹന്‍ലാലിനു മാത്രമാണ്

ഗായകര്‍ നായകന്മാരാവുന്നതിന് ഇന്ത്യന്‍ ഭാഷയില്‍ പല ഉദാഹരണങ്ങളുമുണ്ട്. കന്നടത്തില്‍ രാജ്‌കുമാര്‍, ഹിന്ദിയില്‍ കിഷോര്‍കുമാര്‍ തമിഴില്‍ ടി രാജേന്ദ്രന്‍, എസ് പി ബാലസുബ്രഹ്‌മണ്യം, കമല്‍ഹാസന്‍ അങ്ങനെയങ്ങനെ. അവരില്‍ ചിലര്‍ മികച്ച ഗായകരായിത്തന്നെ സ്ഥാനം നേടിയശേഷം അഭിനയത്തില്‍ മാറ്റുരച്ചവരാണ്, കിഷോര്‍ കുമാറിനെയും എസ് പി ബിയെയും പോലെ. പാട്ടായിരുന്നു അവരുടെ ജീവന്‍. നടനം അവര്‍ക്കൊരു കൗതുകവും. കമല്‍ഹാസനെപ്പോലെ തിരിച്ച് പരീക്ഷിച്ച് പ്രശസ്തരാവയരും കുറവല്ല. എന്നാല്‍ മലയാളത്തില്‍, കൗതുകത്തിനപ്പുറം അഭിനയവും സംഗീതവും ഒരുമിച്ചു കൈകാര്യം ചെയ്ത മുന്‍നിര നായകന്മാര്‍ വളരെ ചുരുക്കമാണ്. പേരിനൊരു കൃഷ്ണചന്ദ്രനുള്ളത് മറക്കാനാവില്ല. അടൂര്‍ ഭാസിയെപ്പോലുളള നടന്മാര്‍ ചില സിനിമകള്‍ക്കുവേണ്ടി തള്ളു തള്ളു പന്നാസുവണ്ടി, പാപ്പി അപ്പച്ചാ, പെട്ടീ പെട്ടി കിന്നാര പെട്ടീ തുടങ്ങിയ ചില തമാശപ്പാട്ടുകള്‍ പാടിയിട്ടുള്ളതും ഓര്‍ക്കാം.

മോഹന്‍ലാല്‍ എന്ന 'അഹങ്കാരിയായ' ഗായകന്‍
യോദ്ധയിൽനിന്ന് പുറത്തായിട്ടും ജീവിച്ച പാട്ട്

എന്നാല്‍ സിനിമയില്‍ പാടിയഭിനയിക്കുക വരെ ചെയ്തിട്ടുള്ള സാക്ഷാല്‍ യേശുദാസിനെയും ജയചന്ദ്രനെയും മുതല്‍ ഉണ്ണിമേനോനെ വരെയുള്ളവരെ പരാമര്‍ശിക്കുമ്പോള്‍ത്തന്നെ നടന്മാരായി വന്നശേഷം പ്രൊഫഷനലായി പാട്ടുപാടിയവരുടെ പട്ടികയെടുത്താല്‍ ചുരുങ്ങും. മമ്മൂട്ടിയും ദുല്‍ഖറുമടക്കമുള്ള നടന്മാര്‍ അവരുടെ സ്വന്തം സിനിമകള്‍ക്കുവേണ്ടി കൗതുകത്തിനെന്നോണം പിന്നണി പാടിയിട്ടുണ്ട്. പക്ഷേ മറ്റുളളവര്‍ക്കു വേണ്ടിക്കൂടി പിന്നണിപാടിയ സൂപ്പര്‍ താരമെന്ന പദവി മലയാളത്തില്‍ മോഹന്‍ലാലിനു മാത്രം സ്വന്തമായുളളതാണ്.

സിനിമയ്ക്കുവേണ്ടി മോഹന്‍ലാലും പാട്ടുപാടുന്നത് കൗതുകപ്പുറത്തുതന്നെയാണ്. 1985ല്‍ സാജന്‍ സംവിധാനം ചെയ്ത 'കണ്ടുകണ്ടറിഞ്ഞു' എന്ന ചിത്രത്തിലെ ''നീയറിഞ്ഞോ മേലേമാനത്ത് ആയിരം ഷാപ്പുകള്‍ തുറന്നിട്ടുണ്ടേ'' എന്ന ഷാപ്പുഗാനമാണ് അദ്ദേഹം പാടിയത്. തബലിസ്റ്റ് കൂടിയായ മാള അരവിന്ദനാണ് ലാലിനൊപ്പം ആ പാട്ടുപാടി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്റെ 'ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍' (1985) എന്ന ചിത്രത്തില്‍ ആത്മസുഹൃത്ത് എം ജി ശ്രീകുമാറിനൊപ്പം ''സിന്ദൂര മേഘം'' എന്ന പാട്ടു പാടി. അന്നൊന്നും പിന്നണി പാടുകയെന്നത് ഗൗരവത്തിലേ എടുത്തിരുന്നില്ല ലാല്‍. പ്രധാനവേഷമഭിനയിക്കുന്ന സിനിമകളില്‍ ചങ്ങാതിമാരായ സംവിധായകരുടെ നിര്‍ബന്ധത്തിനുവഴങ്ങി ഓളത്തിനൊപ്പിച്ചൊരു പാട്ട്.

തന്റെ പിന്നണിപ്പാട്ടുകളെപ്പറ്റി ലാല്‍ പറഞ്ഞിട്ടുള്ളതിങ്ങനെ.''എന്റേതു സംഗീതമല്ല, അഹങ്കാര സംഗീതമാണ്. ഒരു അഹങ്കാരത്തിന് കേറിയങ്ങു പാടുന്നുവെന്നേയുള്ളൂ.'' മോഹിച്ച് ആഗ്രഹിച്ച് പാടുന്നയാളാണ് താനെന്ന് പിന്നീടൊരിക്കില്‍ ലാല്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ഓരോന്നും ഓരോ ആഗ്രഹങ്ങളാണ്. അടങ്ങാത്ത ആശകളാണ്. അത്തരത്തിലൊന്നാണ് തന്റെ പാട്ടുകളെന്നാണ് അദ്ദേഹമതിനെ വിശദീകരിച്ചത്. അതെന്തായാലും മലയാളത്തില്‍ താരതമ്യത്തിനര്‍ഹമില്ലാത്തവിധം എണ്ണത്തിലും ഗുണത്തിലും പാട്ടുകള്‍ പാടിയിട്ടുണ്ട് മോഹന്‍ലാല്‍. മറ്റൊരു നടനും അത്ര പെട്ടെന്ന് തകര്‍ക്കാന്‍ പറ്റാത്തൊരു റെക്കോര്‍ഡാണിതെന്ന് ഓര്‍ക്കുക.

ശ്യാമിന്റെ ഈണത്തില്‍ കണ്ടു കണ്ടറിഞ്ഞു(1985)വില്‍ മാള അരവിന്ദനുമായി ചേര്‍ന്നു 'നീയറിഞ്ഞോ മേലേമാനത്ത്...', പടയണി(1986)യിലെ 'ഹൃദയം ഒരു വല്ലകി...', കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ ചിത്ര(1988)ത്തിലെ 'കാടുമീ നാടുമെല്ലാം...', എയ് ഓട്ടോ(1991)യ്ക്കു വേണ്ടി രവീന്ദ്രന്‍ സംഗീതം പകര്‍ന്ന 'മൈ നെയിം ഈസ് സുധി...', ഗാന്ധര്‍വത്തിലെ 'വിമണ്‍ വിമണ്‍...', ഉസ്താദി (1993)നു വേണ്ടി വിദ്യാസാഗര്‍ ഈണം നല്‍കിയ 'തീര്‍ച്ചാ ഇല്ലാ ജനം...' കളിപ്പാട്ടം(1993) എന്ന സിനിമയ്ക്കു വേണ്ടി 'വഴിയോരം പെയ്തണയും...',എസ് പി വെങ്കിടേഷിന്റെ സംവിധാനത്തില്‍ സ്ഫടിക(1995) ത്തിലെ 'ഏഴിമല പൂഞ്ചോല...', ഒളിമ്പ്യന്‍ അന്തോണി ആദ(1999)ത്തിനു വേണ്ടി അരുന്ധതിറോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്സിലെ 'പെപ്പരെപ്പെ...' എന്ന നാടന്‍പാട്ട്, സുരേഷ് പീറ്റേഴ്‌സിന്റെ ഈണത്തില്‍ രാവണപ്രഭു(2001)വില്‍ എം ജി ശ്രീകുമാര്‍ സുജാത തുടങ്ങി ഒരു വന്‍ സംഘത്തിനൊപ്പം 'ആണ്ടാരെ ആണ്ടിമനസ്സെ...', ബാലേട്ട(2003)നു വേണ്ടി എം ജയചന്ദ്രന്‍ ചിട്ടപ്പെടുത്തിയ 'കറുകറെ കറുത്തൊരു പെണ്ണാണ്...', തന്മാത്ര(2005)യില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ 'ഇതളൂര്‍ന്നു വീണ...', മാടമ്പി(2008)യില്‍ 'ജീവിതം ഒരു...' ഭ്രമരത്തില്‍(2009) 'അണ്ണാറക്കണ്ണാ...', ഒരു നാള്‍ വരുമില്‍ (2010) 'നാത്തൂനെ നാത്തൂനെ...',റണ്‍ ബേബി റണ്ണില്‍(2012) 'ആറ്റുമണല്‍പ്പായയില്‍...', പുലിമുരുകനില്‍ (2016) മലയാറ്റൂര്‍ മലയും..., 2018ല്‍ നീരാളിയിലെ, അഴകേ അഴകെ... ഡ്രാമയിലെ പണ്ടാരാണ്ട്..., ഒടിയനിലെ ഏനൊരുവന്‍..., ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന(2019)യില്‍ കണ്ടോ കണ്ടോ... ബ്രോഡാഡി(2022)യിലെ വന്നു പോകും...തുടങ്ങി അമ്പതിലേറെ ഗാനങ്ങളാണു മോഹന്‍ലാല്‍ പാടിയത്. കമലിന്റെ വിഷ്ണുലോക(1991) ത്തിനുവേണ്ടി 'ആവാരാ ഹൂം...' എന്ന ഹിന്ദി ഗാനവും ലാല്‍ പാടി അഭിനയിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ പാടിയ കണ്‍ കണ്ടത് നിജം, റാക്ക് എന്നീ പാട്ടുകളാണ് ഏറ്റവും പുതിയവ.ഇതില്‍ പല വര്‍ഷവും രണ്ടും മൂന്നും പാട്ടുവരെ പാടിയ വര്‍ഷങ്ങളുണ്ട്.

ലാല്‍ പാടിയതില്‍ ഉസ്താദിലെ തീര്‍ച്ചയില്ല ജനം, ബാലേട്ടനിലെ കറുകറെ കറുത്തൊരു, റണ്‍ ബേബി റണ്ണിലെ ആറ്റുമണല്‍പായയില്‍ ഒക്കെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്. താനഭിനയിക്കാത്ത ടി കെ രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ടി(1999)ല്‍ എം ജി രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തില്‍ 'കണ്ണെഴുതി പൊട്ടും തൊട്ട്...' എന്ന ശീര്‍ഷകഗാനവും 'കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍...' എന്ന യുഗ്മഗാനവും പാടി. ഒരുപക്ഷേ മലയാളത്തില്‍ ഒരു നടന്‍ താനഭിനയിക്കാത്തൊരു സിനിമയ്ക്കുവേണ്ടി പാട്ടുപാടിയത് ഈ ഒരു സിനിമ മാത്രമായിരിക്കാം. ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളിക്കഥയില്‍ ശ്രീവിദ്യയും വേണുനാഗവള്ളിയുമൊക്കെ പാടിയെങ്കിലും അവരാ സിനിമയുടെ ഭാഗമായിരുന്നു. പിന്നണിഗായകനെന്ന നിലയ്ക്കുമാത്രം ഒരു സൂപ്പര്‍ സ്റ്റാര്‍ ഒരു സിനിമയില്‍ സഹകരിക്കുന്നത് കണ്ണെഴുതിപ്പൊട്ടും തൊട്ടിലാവണം.

ചലച്ചിത്രേതര ഗാനങ്ങളിലും ലാല്‍ തന്റെ ശബ്ദമുദ്ര പതിപ്പിച്ചിട്ടുള്ളത് മറക്കാനാവില്ല. വിദ്യാധരന്റെ സംഗീതസംവിധാനത്തില്‍ എന്റെ കന്നിമല (ഗാനം 'ശബരിമലത്തിരുമുടിയില്‍..') എന്നൊരു അയ്യപ്പഭക്തിഗാന ആല്‍ബത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഓര്‍മയ്ക്കായ് (ഗാനം 'മാനത്തെ അമ്പിളി...') എം.ജി ശ്രീകുമാറിന്റെ അമ്പലപ്പുഴക്കണ്ണനു പ്രിയ നിവേദ്യം (അമ്പലപ്പുഴ ഉണ്ണിക്കണ്ണന്..), അയ്യപ്പത്തോം (അയ്യപ്പപ്പൊന്നണിക്കോവില്‍...) സി രാജാമണിയുടെ സംഗീതത്തില്‍ എന്റെ മുത്തപ്പദേവന്‍ (മുത്തപ്പദേവന്റെ...)എന്ന ആല്‍ബത്തിലും മോഹന്‍ലാല്‍ പാടി. ഭക്തിഗാനങ്ങള്‍ക്കുപരി, എം.ജി രാധാകൃഷ്ണന്റെ ഈണത്തില്‍ അദ്ദേഹത്തിനും ശ്രീകുമാറിനുമൊപ്പം ഓണത്തപ്പന്‍ എന്ന ആല്‍ബത്തില്‍ പാടിയ പൂക്കച്ചയടക്കമുള്ള മൂന്നു പാട്ടുകള്‍, മഞ്ജു വാര്യര്‍ക്കൊപ്പം ബേണി ഇഗ്നേഷ്യസിന്റെ ഈണത്തില്‍ ചിങ്ങപ്പൂവ് എന്ന ആല്‍ബത്തില്‍ പാടിയ പാലമരച്ചോട്ടില്‍..., അഭിരാമിക്കൊപ്പം വിജയകുമാറിന്റെ സംഗീതത്തില്‍ പാടിയ ഇഷ്ടമാണ് എന്ന ആല്‍ബത്തിലെ സ്‌നേഹം പൂക്കും..., സുജാതയ്‌ക്കൊപ്പം എം ജയചന്ദ്രന്റെ ഓര്‍മ്മയ്ക്കായ് ആല്‍ബത്തിനുവേണ്ടി പാടിയ മാനത്തെ അമ്പിളി...എന്നീ ഗാനങ്ങളൊക്കെ ശ്രദ്ധേയമാണ്.

ഗായകനെന്ന നിലയ്ക്കു മാത്രമല്ല, തിരയിടത്തില്‍ പാടിയഭിനയിക്കുന്നതിലും പ്രേംനസീറിനുശേഷം അനനുകരണീയമായ മികവ് വച്ചുപുലര്‍ത്തി വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ ആദ്യമായി ഒരു മുഴുനീള ശാസ്ത്രീയഗാനം തനിയാവര്‍ത്തനമടക്കം പൂര്‍ണമായി ചിത്രീകരിച്ചത് ഒരുപക്ഷേ പ്രിയദര്‍ശന്റെ ചിത്രത്തിലാവും. എം ജി ശ്രീകുമാര്‍ ആലപിച്ച 'സ്വാമിനാഥ പരിപാലയാ...' അസാധാരണ കയ്യടക്കത്തോടെ, യഥാര്‍ഥപ്രതീതിയില്‍ പാടിയഭിനയിക്കാന്‍ മോഹന്‍ലാലിനു സാധിച്ചതോടെയാണ് ഈ സഖ്യം ഭാഗ്യജോഡിയായി അംഗീകരിക്കപ്പെടുന്നത്. മറ്റു ദൃശ്യചിത്രീകരണങ്ങളൊന്നും വന്നുപെടാതെ ഒരു സംഗീതക്കച്ചേരിയുടെ ചിട്ടവട്ടത്തില്‍ ഏകാഗ്രതയോടെ ചിത്രീകരിച്ചതാണീ രംഗം. സ്വരവിസ്താരരംഗങ്ങളിലെ അധരചലനങ്ങള്‍ സിനിമാറ്റിക്കായ കട്ടുകളുടെ സഹായം കൂടാതെ ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കിയ ലാലിന്റെ ചാതുരി അക്കാലത്തെ മാധ്യമങ്ങളും ആരാധകരും ഏറെ കൊണ്ടാടി. ശരിക്കുമൊരു ഗായകന്റെ ഭാവഹാവാദികള്‍, കരചലനങ്ങള്‍, മുഖഭാവങ്ങള്‍.... തുടര്‍ന്നു വന്ന ലാല്‍സിനിമകളൊക്കെയും മ്യൂസിക്കലായി മാറാന്‍ കാരണം ചിത്രത്തിലെ ഗാനരംഗങ്ങള്‍ നേടിയ ജനപ്രീതിയാണ്.

പാട്ട് പാടിയഭിനയിക്കുന്ന ശൈലി തന്നെ ഇല്ലാതായ കാലത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയുടെ വരവ്. മലയാളി വേരുള്ള ഒരു ഹിന്ദുസ്ഥാനി ഗായകന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍, ജീവിക്കാന്‍വേണ്ടി വാടകക്കൊലയാളിയുടെ വേഷമണിയുന്ന കഥയായതിനാല്‍ യഥേഷ്ടം പാടിയഭിനയിക്കാനുള്ള സാധ്യതകളുമുണ്ടായി. കച്ചേരി മുതല്‍ ജുഗല്‍ബന്ദി വരെയായി രവീന്ദ്രസംഗീതം യേശുദാസിന്റെ നാദനിര്‍ഝിരിയില്‍ മോഹന്‍ലാലിന്റെ തിരവ്യക്തിത്വത്തിലൂടെ അനശ്വരങ്ങളായി. 'ദേവസഭാതലം രാഗിലമാക്കുവാന്‍...', 'പ്രമദവനം വീണ്ടും...', 'ഗോപികാവസന്തം തേടി വനമാലി...' തുടങ്ങിയ ഗാനങ്ങള്‍ മലയാള ചലച്ചിത്രസംഗീതത്തിലെ വഴിത്തിരിവുകളായി. മോഹന്‍ലാല്‍ മുഴുനീള ഗായകവേഷമണിയുന്ന ആദ്യചിത്രവും ഇതുതന്നെ. കര്‍ണാടസംഗീതക്കച്ചേരിയും ഹിന്ദുസ്ഥാനി അവതരണവും ഒരുപോലെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ചിത്രം മോഹന്‍ലാലിന് അവസരമൊരുക്കി. മോഹന്‍ലാലിന്റെ തന്നെ പ്രണവം ആര്‍ട്‌സ് നിര്‍മിച്ച ഹിസ് ഹൈനസ് അബ്ദുള്ളയെത്തുടര്‍ന്ന് ഇത്തരം കുറെയധികം മ്യൂസിക്കല്‍സ് പുറത്തുവന്നു

അബ്ദുള്ള ടീമിന്റെ തന്നെ ഭരതം (1991), കമലദളം (1991) എന്നിവ യാണവയില്‍ പ്രധാനം. ലാലിനു മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തിച്ച ഭരതത്തില്‍ ശാസ്ത്രീയസംഗീതജ്ഞനായ കൊല്ലൂര്‍ രാമനാഥന്റെ അനുജനും ഗായകനുമായ ഗോപിനാഥനെയാണു ലാല്‍ അവതരിപ്പിച്ചത്. കര്‍ണാടകസംഗീതത്തിന് ഏറെ പ്രാമുഖ്യമുണ്ടായിരുന്ന സിനിമ. പെരുന്തച്ചന്‍ കോംപ്ലക്‌സുണ്ടാവുന്ന ജ്യേഷ്ഠന്റെ അഭിമാനം കപ്പല്‍കയറുന്ന വേദിയില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കച്ചേരി സ്വയം പാടിത്തീര്‍ക്കുന്ന ഗോപിനാഥന്‍. അതുപക്ഷേ തന്നെ മറികടക്കാനുള്ള അനുജന്റെ കുറുക്കുവഴിയായാണു ജ്യേഷ്ഠന്‍ വ്യാഖ്യാനിക്കുന്നത്. ഒന്നിലേറെ കച്ചേരിരംഗങ്ങളുള്ള ചിത്രത്തില്‍ 'രാമകഥാ ഗാനലയം...' എന്ന ഗാനരംഗത്തിലും മറ്റും തികഞ്ഞ സംഗീതവിദ്വാന്റെ ഭാവഹാവാദികളാണു ലാല്‍ പ്രകടിപ്പിച്ചത്. എം ജി ശ്രീകുമാറിനു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'നാദരൂപിണി ശങ്കരി പാഹിമാം', 'ഗോപാംഗനേ ആത്മാവിലെന്‍...', 'രഘുവംശപദേ...', 'രാമകഥാഗാനലയം...' തുടങ്ങിയ ഗാനങ്ങളാണു ഭരതത്തിലൂടെ അനശ്വരങ്ങളായത്. പിന്നീട് വേണുനാഗവള്ളിയുടെ കിഴക്കുണരും പക്ഷി, രഞ്ജിത്തിന്റെ റോക്ക് ആന്‍ഡ് റോള്‍, സിബി മലയിലിന്റെ ദേവദൂതന്‍ തുടങ്ങി എത്രയോ സിനിമകളില്‍ ലാല്‍ സംഗീതജ്ഞനായും ഗായകനായുമൊക്കെ അഭിനയിച്ചു. ശരീരഭാഷകൊണ്ടും താളബോധം കൊണ്ടും ശരിക്കും സംഗീതവിദൂഷിയെന്നു തോന്നിപ്പിക്കുന്ന പ്രകടനങ്ങളായിരുന്നു അവയെല്ലാം. ദേവദൂതനിലെ എന്തരോ മഹാനുഭാവുലു എന്ന ഫ്യൂഷന്‍ സംഗീതം അവതരിപ്പിക്കുന്ന മഹാസംഗീതജ്ഞനായുള്ള അഭിനയം ഇതില്‍ വേറിട്ടതാണ്.

യേശുദാസ് മുതല്‍ പുത്തന്‍ തലമുറയിലെ ഗായകർ വരെയുള്ളവരുടെ ശബ്ദത്തിനൊത്തു വായനക്കിയും അല്ലാതെയും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹന്‍ലാലിന് ഏറ്റവുമിണങ്ങുന്ന ശബ്ദമായി ആരാധകര്‍ വിധിച്ചത് എം ജി ശ്രീകുമാറിനെയും ജി വേണുഗോപാലിനെയുമാണ്. അതേസമയം തൊണ്ണൂറുകള്‍ മുതല്‍ യേശുദാസിന്റെ ഏറ്റവും മികച്ച ഗാനങ്ങള്‍ക്കു ചുണ്ടനക്കാന്‍ അവസരം കിട്ടിയതില്‍ എക്കാലത്തും കൃതാര്‍ത്ഥനായിരുന്നു ലാല്‍. അതിനുവേണ്ടിക്കൂടിയാണ് താന്‍ പല സിനിമകളും നിര്‍മിച്ചതെന്നു കൂടി അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്.

ഗായകനെന്ന നിലയില്‍ മോഹന്‍ലാലിനെ അടയാളപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്തായിരിക്കും? സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഒരാള്‍, മലയാളത്തിലെ എല്ലാ മുന്‍നിര സംഗീതജ്ഞര്‍ക്കൊപ്പവും പാടിയെന്നത് ലാലിനു മാത്രം കൈവന്ന നിയോഗമാണ്. യേശുദാസ്, എം ജി ശ്രീകുമാര്‍, രവീന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കെ എസ് ചിത്ര, സുജാത, ശ്രേയ ഘോഷാല്‍, റിമി ടോമി, വസുന്ധര ദാസ് തുടങ്ങിയവര്‍ക്കെല്ലാമൊപ്പമാണ് ലാല്‍ പാടിയിട്ടുള്ളത്. നിനച്ചിരിക്കാതെ അഭിനയജീവിതത്തിലേക്കെത്തി പിന്തിരിഞ്ഞു നോക്കാനിടവന്നിട്ടില്ലാത്ത തന്റെ ജീവിതത്തില്‍ സംഭവിച്ച വിസ്മയങ്ങളുടെ മാലപ്പടക്കങ്ങളില്‍ ഒന്നായിട്ടാണ് പാട്ടുജീവിതത്തെയും ലാല്‍ വിലയിരുത്തിയിട്ടുള്ളത്. മഹാ ആചാര്യന്മാര്‍ക്കൊപ്പം കഥകളി പഠിക്കാതെ സിനിമയ്ക്കായി കളിയാടിയതും സംസ്‌കൃതമറിയാതെ രണ്ടരമണിക്കൂര്‍ ഒറ്റയ്ക്ക് സ്‌റ്റേജില്‍നിന്ന് സംസ്‌കൃതനാടകമവതരിപ്പിച്ചതും പോലുള്ള വിസ്മയം. അത് ശ്രോതാക്കള്‍ക്കും വിസ്മയമായതുകൊണ്ടാണ് ലാല്‍ എന്ന താരം ഗായകനെന്ന നിലയ്ക്കും മലയാള സിനിമാ പിന്നണി ഗാനരംഗത്ത് അടയാളപ്പെടുത്തപ്പെടുന്നത്.

logo
The Fourth
www.thefourthnews.in