യോദ്ധയിൽനിന്ന് പുറത്തായിട്ടും  ജീവിച്ച പാട്ട്

യോദ്ധയിൽനിന്ന് പുറത്തായിട്ടും ജീവിച്ച പാട്ട്

ആടുജീവിതത്തിലൂടെ എ ആർ റഹ്‌മാൻ മലയാളത്തിൽ തിരിച്ചെത്തുമ്പോൾ 'യോദ്ധ'യിലെ ഗാനങ്ങളുടെ പിന്നണിക്കഥകളിലേക്ക് ഒരു മടക്കയാത്ര

യാത്രകൾക്കിടയിൽ വല്ലപ്പോഴുമൊക്കെ എ ആർ റഹ്‌മാനെ കണ്ടുമുട്ടാറുണ്ട് സംഗീത് ശിവൻ. നിഷ്കളങ്കമായ പുഞ്ചിരിയോടെ വന്ന് പരിചയം പുതുക്കും റഹ്‌മാൻ. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറയും, ''സംഗീത്ജി, യോദ്ധക്ക് ഒരു രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കിൽ എന്നെ അറിയിക്കാൻ മറക്കരുത്. സംഗീത സംവിധായകൻ ഞാനായിരിക്കും. എന്റെ ആഗ്രഹമാണ്.'' ആത്മാർത്ഥത തുളുമ്പുന്ന വാക്കുകൾ.

രാത്രിയുടെ അന്ത്യയാമങ്ങളിൽ കോടമ്പാക്കത്തെ പഞ്ചതൻ സ്റ്റഡിയോയുടെ കൺസോളിലിരുന്ന് താൻ സൃഷ്ടിച്ച ഈണങ്ങൾ കൊച്ചുകുട്ടിയുടെ കൗതുകത്തോടെ, ആവേശത്തോടെ കേൾപ്പിച്ചുതരുന്ന പഴയ റഹ്‌മാന്റെ ചിത്രമാണ് അപ്പോൾ ഓർമവരികയെന്ന് 'യോദ്ധ'യുടെ സംവിധായകൻ.

"ചിട്ടപ്പെടുത്തിയ ഈണങ്ങൾ സംഗീത സംവിധായകർ ഹാർമോണിയം വായിച്ചു പാടിത്തരുന്നതായിരുന്നു അതുവരെയുള്ള രീതി. ട്യൂണിന്റെ ഏതാണ്ടൊരു മാതൃകയേ ഉണ്ടാകൂ. പിന്നീട് ഓർക്കസ്ട്രേഷന്റെ അകമ്പടിയോടെ പാട്ട് റെക്കോർഡ് ചെയ്തു കേൾക്കുമ്പോൾ അത് മറ്റൊരു സൃഷ്ടിയായിത്തീർന്നിട്ടുണ്ടാകും. നമ്മൾ ആദ്യം കേട്ട ഈണവുമായി നേരിയ ബന്ധം പോലും ഉണ്ടാകണമെന്നില്ല അതിന്. പക്ഷേ റഹ്‌മാൻ അന്നെന്നെ കേൾപ്പിച്ചത് ഈണത്തിന്റെ വെറുമൊരു അസ്ഥികൂടമല്ല. പശ്ചാത്തല വാദ്യ വിന്യാസത്തോടെയുള്ള, മിക്കവാറും പൂർണ്ണമായ ഗാനമാണ്. അത് പാടിക്കേൾപ്പിക്കുന്ന പതിവുമില്ല അദ്ദേഹത്തിന്. ഗാനത്തിന്റെ മെലഡി ഏതെങ്കിലും ഉപകരണത്തിലാണ് നമ്മെ കേൾപ്പിക്കുക. എത്രയോ രാത്രികളിൽ ഉറക്കമിളച്ചിരുന്ന് തേച്ചുമിനുക്കിയെടുത്ത ഈണമായിരിക്കും അത്. അന്നതൊരു പുതുമയായിരുന്നു ഞങ്ങൾക്കെല്ലാം,'' സംഗീത് പറയുന്നു.

റഹ്‌മാന്റെ രണ്ടാമത്തെ ചിത്രമാണ് യോദ്ധ. ഐതിഹാസികമായ ആ സംഗീതയാത്രയിലെ ആദ്യ ചുവടുവെപ്പുകളിൽ ഒന്ന്. "റോജ'യിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി തീരും മുൻപേ യോദ്ധയിലെ ഗാനസൃഷ്ടിയുടെ ചുമതല ഏറ്റെടുത്തിരുന്നു റഹ്‌മാൻ. പ്രശസ്തിയുടെയും അമിത പ്രതീക്ഷയുടെയും ഭാരമില്ലാതെ, ഒഴിഞ്ഞ മനസ്സുമായി ഏകാന്തസുന്ദരമായ സ്വന്തം ലോകത്തിലേക്ക് ഉൾവലിഞ്ഞ് യോദ്ധയുടെ സംഗീതസൃഷ്ടിയിൽ മുഴുകിയ അന്തർമുഖനായ ആ ചെറുപ്പക്കാരനിൽനിന്ന് ലോകോത്തര സംഗീതകാരനിലേക്കുള്ള റഹ്‌മാന്റെ വളർച്ച ആഹ്ളാദത്തോടെ കണ്ടുനിന്നവരിൽ സംഗീത് ശിവനുമുണ്ടായിരുന്നു.

യോദ്ധയിൽനിന്ന് പുറത്തായിട്ടും  ജീവിച്ച പാട്ട്
ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ

'റോജ' പുറത്തിറങ്ങിയത് 1992 ലെ സ്വാതന്ത്ര്യദിനത്തലേന്നാണ്. മൂന്നാഴ്ച കഴിഞ്ഞായിരുന്നു 'യോദ്ധ'യുടെ റിലീസ്, സെപ്റ്റംബർ മൂന്നിന്. ചൈനീസ് വയലിൻ എന്നറിയപ്പെടുന്ന എർഹുവിന്റെയും ചൈനീസ് ബാംബൂ ഫ്ലൂട്ടായ ഡിസിയുടെയും ജാപ്പനീസ് തെയ്ക്കോ ഡ്രമ്മിന്റെയും വേറിട്ട ശബ്ദങ്ങൾ മലയാളി ആദ്യമായി കേട്ടത് യോദ്ധയുടെ പശ്ചാത്തല സംഗീതശകലങ്ങളിലായിരിക്കണം. കൗതുകമാർന്ന ആ ശബ്ദങ്ങളെ വടക്കുകിഴക്കൻ ഇന്ത്യയുടെ പൗരാണിക സംഗീത സംസ്കാരവുമായി വിളക്കിച്ചേർക്കുകയായിരുന്നു റഹ്‌മാൻ. ഇടക്കയും ചെണ്ടയും പോലുള്ള കേരളീയ താളവാദ്യങ്ങൾ കൂടി ചേർന്നപ്പോൾ തികച്ചും നവ്യമായ ഒരു ഫ്യൂഷൻ അനുഭവമായി മലയാളിക്ക് ആ സംഗീതവിരുന്ന്.

'റോജ'യിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി തീരും മുൻപേ യോദ്ധയിലെ ഗാനസൃഷ്ടിയുടെ ചുമതല ഏറ്റെടുത്തിരുന്നു റഹ്‌മാൻ

കഥാഗതിയുമായി അതെത്രത്തോളം ഇണങ്ങിനിന്നുവെന്ന് അറിയാൻ മാൽഗുഡി ശുഭ ശബ്ദം പകർന്ന യോദ്ധയുടെ പ്രമേയസംഗീതം കേട്ടുനോക്കിയാൽ മതി. ചൈനീസ് ഫ്ലൂട്ടിൻെറയും വയലിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി റഹ്‌മാൻ സൃഷ്ടിച്ച ആ ഈണത്തിൽ ശുഭയുടെ ഹമ്മിങ് കൂടി കലരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഭീതിദമായ അന്തരീക്ഷം എത്രയോ പിൽക്കാല ആക്ഷൻ ചിത്രങ്ങളിൽ ആവർത്തിക്കപ്പെടുന്നത് നാം കേട്ടു. വേറിട്ട ശബ്ദങ്ങളുടെ മാത്രമല്ല മൗനത്തിന്റെയും ഇന്ദ്രജാലം ഇത്ര തീവ്രമായി പ്രേക്ഷകനെ അനുഭവിപ്പിച്ച വാണിജ്യ സിനിമകൾ കുറവായിരുന്നു മലയാളത്തിൽ അതുവരെ.

"കഥാ പശ്ചാത്തലം ചർച്ച ചെയ്യുമ്പോൾ തന്നെ സംഗീതം പുതുമയാർന്നതാവണമെന്ന് തീരുമാനിച്ചിരുന്നു ഞങ്ങൾ. അതിനുവേണ്ടി നേപ്പാളിന്റെയും തിബത്തിൻെറയുമൊക്കെ സംഗീതസംസ്കാരം ആഴത്തിൽ മനസ്സിലാക്കി ആദ്യം. ഇന്നത്തെ പോലെ ഇന്റർനെറ്റ് അത്ര വ്യാപകമല്ലാത്ത കാലമാണ്. നേപ്പാളിൽ ചെന്നുതന്നെ വേണം അവരുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ. യോദ്ധയുടെ പശ്ചാത്തലസംഗീതത്തിൽ വടക്കുകിഴക്കൻ മേഖലയുടെ സംഗീതപാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് ഔചിത്യപൂർവം പ്രയോജനപ്പെടുത്തിയിട്ടുണ്ട് റഹ്‌മാൻ,'' സംഗീത് ശിവൻ പറയുന്നു.

യോദ്ധയിൽനിന്ന് പുറത്തായിട്ടും  ജീവിച്ച പാട്ട്
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച പാട്ട്

മൂന്നു പാട്ടുകളാണ് 'യോദ്ധ'ക്കുവേണ്ടി റഹ്‌മാൻ ഒരുക്കിയത് - "പടകാളി"ക്ക് പുറമെ യേശുദാസും സുജാതയും ചേർന്ന് പാടിയ കുനുകുനെ, മാമ്പൂവേ മഞ്ഞുതിരുന്നോ എന്നീ യുഗ്മഗാനങ്ങൾ. നിർഭാഗ്യവശാൽ മാമ്പൂവേ സിനിമയിൽ ഉപയോഗിച്ചില്ല.

"റഹ്‌മാൻ ആദ്യം കേൾപ്പിച്ചപ്പോഴേ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈണമാണത്. അശോകനെയും (മോഹൻലാൽ) അശ്വതിയേയും (മധുബാല) വെച്ച് അത് ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. പൂജയുടെ ചിത്രങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തിയ ശേഷം ഇരുവരും കാട്ടിൽനിന്ന് രക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ വരേണ്ട പാട്ടാണ്. പക്ഷേ സിനിമയുടെ ദൈർഘ്യം കൂടുമെന്ന ഭയത്താൽ അത് ഒഴിവാക്കേണ്ടിവന്നു. സമയപരിമിതിയുമുണ്ടായിരുന്നു,'' സംഗീത് ഓർക്കുന്നു.

റഹ്‌മാനും ഏറെ പ്രിയപ്പെട്ട ഈണമായിരുന്നു മാമ്പൂവേ. അതുകൊണ്ടാവണം രണ്ടു വർഷത്തിനുശേഷം പുറത്തുവന്ന 'പവിത്ര' എന്ന തമിഴ് സിനിമയിൽ ആ ഈണം പറയത്തക്ക ഭേദഗതികളൊന്നും കൂടാതെ അദ്ദേഹം പുനഃരവതരിപ്പിച്ചത്. സെവ്വാനം ചിന്നപ്പെൺ എന്ന് തുടങ്ങുന്ന ആ ഗാനം പാടിയത് എസ് പി ബാലസുബ്രഹ്മണ്യം, മനോ, പല്ലവി എന്നിവർ ചേർന്ന്. സിനിമയിൽ ചിത്രീകരിക്കാനായില്ലെങ്കിലും മാമ്പൂവേ എന്ന ഗാനത്തിന്റെ പല്ലവിയുടെ ഈണം യോദ്ധയിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട് റഹ്‌മാൻ, അശോകൻ - അശ്വതിമാരുടെ പ്രണയരംഗങ്ങളിൽ.

ഏറ്റവും വെല്ലുവിളി ഉയർത്തിയത് "പടകാളി" തന്നെ. കേരളീയമായ ഫോക് അന്തരീക്ഷമാണ് പാട്ടിൽ വേണ്ടത്. വടക്കൻ പാട്ടിന്റെയൊക്കെ ഒരു ഫീൽ വരണം. റഹ്‌മാന്‌ ഒട്ടും പരിചിതമല്ലാത്ത മേഖലയാണ്

റഹ്‌മാന്റെ വിചിത്രമായ സംഗീതസംവിധാന ശൈലിയുമായി പൊരുത്തപ്പെടാൻ ആദ്യം അൽപ്പം പ്രയാസപ്പെട്ടുവെന്ന സത്യം മറച്ചുവെക്കുന്നില്ല സംഗീത്. നിർമാതാവിനെ പറഞ്ഞുമനസ്സിലാക്കുകയായിരുന്നു ഏറ്റവും ദുഷ്കരം. ഒരു സിനിമയുമായി സഹകരിക്കാൻ തീരുമാനിച്ചാൽ ആഴത്തിൽ അതിൽ മുഴുകുന്നതാണ് റഹ്‌മാന്റെ പതിവ്. കഥ മുഴുവൻ ശ്രദ്ധിച്ചുകേൾക്കും ആദ്യം. ഗാനസന്ദർഭങ്ങൾ ചോദിച്ചു മനസ്സിലാക്കും. അത് കഴിഞ്ഞാൽ നമ്മുടെ കൺവെട്ടത്തുനിന്ന് പൊടുന്നനെ റഹ്‌മാൻ അപ്രത്യക്ഷമാകുകയായി. ചുരുങ്ങിയത് പത്തുദിവസമെങ്കിലും നീളുന്ന കാത്തിരിപ്പാണ് പിന്നെ. അക്ഷമമായ ആ കാത്തിരിപ്പിനൊടുവിൽ, ഈണങ്ങൾ കേൾക്കാൻ സ്റ്റുഡിയോയിൽ എത്തിച്ചേരാനുള്ള ക്ഷണം വരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലായിരിക്കും ആ കൂടിക്കാഴ്ച. ഓരോ സിറ്റുവേഷനും ഇണങ്ങുന്ന മൂന്ന് ഈണങ്ങളെങ്കിലും കേൾപ്പിക്കും അദ്ദേഹം. അതിൽനിന്ന് ഇഷ്ടപ്പെട്ടത് സംവിധായകന് തിരഞ്ഞെടുക്കാം. ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെയും പത്തു ദിവസത്തെ കാത്തിരിപ്പാണ്. പുതിയ ഈണങ്ങളുമായി റഹ്‌മാൻ തിരിച്ചെത്തും വരെ നീളും ആ ഇടവേള.

യോദ്ധയിൽനിന്ന് പുറത്തായിട്ടും  ജീവിച്ച പാട്ട്
തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ

സാധാരണ സിനിമാക്കാർക്ക് ഈ ശൈലിയുമായി ഒത്തുപോകാൻ കഴിയണമെന്നില്ല. എല്ലാം പെട്ടെന്ന് തീർത്തു സിനിമ എങ്ങനെയും തിയേറ്ററിൽ എത്തിക്കാനുള്ള തത്രപ്പാടിലാണല്ലോ അവർ. മാത്രമല്ല സംഗീതം സ്വന്തം സിനിമകളിൽ ഒരു നിർണായകഘടകമാണെന്ന ബോധവുമില്ല ഇവരിൽ ഏറെ പേർക്കും. അത്തരക്കാർക്കുള്ളതല്ല തന്റെ സംഗീതമെന്ന് നേരത്തെ തന്നെ വ്യക്തമാക്കാറുണ്ട് റഹ്‌മാൻ.

''പലപ്പോഴും പൂർത്തിയായ ഗാനമല്ല ഷൂട്ടിങ്ങിനായി റഹ്‌മാൻ തരിക. ഷൂട്ട് മിക്സ് എന്ന പേരിലുള്ള ഒരു താൽക്കാലിക സൃഷ്ടിയാണ്. അതുകഴിഞ്ഞു പൂർണമായ രൂപത്തിൽ ആ പാട്ട് നമ്മളെ കേൾപ്പിക്കുമ്പോഴേക്കും അതിൽ കാര്യമായ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ടാകും അദ്ദേഹം. പശ്ചാത്തലത്തിൽ കൂടുതൽ ഉപകരണങ്ങളുടെ ശബ്ദങ്ങൾ കേൾക്കാം ചിലപ്പോൾ. ചില ശബ്ദങ്ങൾക്ക് പഴയതിലും പ്രാമുഖ്യം വന്നിട്ടുണ്ടാകാം. പക്ഷേ ബേസിക് മെലഡിക്ക് മാറ്റമുണ്ടാവില്ല. ഫൈനൽ മിക്സ്, ഷൂട്ടിങ് സമയത്ത് തന്നിരുന്നെങ്കിൽ പാട്ടുകളുടെ ചിത്രീകരണം കുറേക്കൂടി ഗംഭീരമാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്,'' സംഗീത് പറയുന്നു. എങ്കിലും 'യോദ്ധ'യിലെ പാട്ടുകൾ ഡിജിറ്റൽ തികവോടെ കേട്ടപ്പോൾ കാത്തിരിപ്പ് വെറുതെയായില്ല എന്ന് മനസ്സിലായി സംഗീതിന്. "ഓരോ തവണ കേൾക്കുമ്പോഴും എന്തൊക്കെയോ പുതിയ അനുഭൂതികൾ പകർന്നു തരുന്നുണ്ടായിരുന്നു അവ.''

യോദ്ധയിലെ മൂന്നു പാട്ടിലുമുണ്ട് യേശുദാസിന്റെ സ്വര സാന്നിധ്യം. അന്ന് തരംഗിണി സ്റ്റുഡിയോയിലേ യേശുദാസ് പാടി റെക്കോർഡ് ചെയ്യൂ. റഹ്‌മാനാണെങ്കിൽ അക്കാലത്തേ സ്വന്തം സ്റ്റുഡിയോയ്ക്ക് പുറത്തുപോയി ജോലി ചെയ്യുന്ന പതിവില്ല താനും

ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയത് "പടകാളി" തന്നെ. കേരളീയമായ ഫോക് അന്തരീക്ഷമാണ് പാട്ടിൽ വേണ്ടത്. വടക്കൻ പാട്ടിന്റെയൊക്കെ ഒരു ഫീൽ വരണം. റഹ്‌മാന്‌ ഒട്ടും പരിചിതമല്ലാത്ത മേഖലയാണ്. "ഗാനരചയിതാവായ ബിച്ചു തിരുമലയാണ് ആ ഘട്ടത്തിൽ ഞങ്ങളുടെ രക്ഷക്കെത്തിയത്. വടക്കൻ പാട്ടിനെക്കുറിച്ചും കേരളത്തിലെ ഗ്രാമീണമായ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും പരമ്പരാഗത വാദ്യങ്ങളെക്കുറിച്ചുമൊക്കെ ബിച്ചുവിനോട് വിശദമായി ചോദിച്ചു മനസ്സിലാക്കി റഹ്‌മാൻ. ബിച്ചു ചൊല്ലിക്കൊടുത്ത നാടൻ പാട്ടുകളിൽനിന്നാണ് സത്യത്തിൽ ഗാനത്തിന്റെ ഘടനയെക്കുറിച്ച് റഹ്‌മാന് ഏകദേശ ധാരണ ലഭിച്ചത്. ബിച്ചുവിന്റെ പങ്കാളിത്തം കൂടിയുണ്ട് ആ ഗാനത്തിന്റെ സ്വീകാര്യതയ്ക്കു പിന്നിലെന്നത് അവഗണിക്കാനാവാത്ത സത്യം. ഒരാഴ്ച കഴിഞ്ഞ് താൻ ചിട്ടപ്പെടുത്തിയ ഈണം റഹ്‌മാൻ ഞങ്ങളെ പാടിക്കേൾപ്പിച്ചപ്പോൾ അത്ഭുതം തോന്നി. തികച്ചും കേരളീയമായ ഒരു ഗ്രാമ്യാന്തരീക്ഷം ഉണ്ടായിരുന്നു അതിൽ,''സംഗീത് പറയുന്നു.

കാഴ്ചയിലും പെരുമാറ്റത്തിലും ഗൗരവക്കാരനായ, അത്യാവശ്യത്തിനു മാത്രം ചിരിക്കുന്ന ഒരു മനുഷ്യന് എങ്ങനെ ഇത്രയും നർമഭാവമുള്ള ഈണം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് ഓർക്കുകയായിരുന്നു ബിച്ചു.

'യോദ്ധ'യിലെ മൂന്നു പാട്ടിലുമുണ്ട് യേശുദാസിന്റെ സ്വര സാന്നിധ്യം. അന്ന് തരംഗിണി സ്റ്റുഡിയോയിലേ യേശുദാസ് പാടി റെക്കോർഡ് ചെയ്യൂ. റഹ്‌മാനാണെങ്കിൽ അക്കാലത്തേ സ്വന്തം സ്റ്റുഡിയോയ്ക്ക് പുറത്തുപോയി ജോലി ചെയ്യുന്ന പതിവില്ല താനും. ഭാഗ്യവശാൽ റഹ്‌മാന്റെ സ്റ്റുഡിയോയിൽ വന്ന് പാടാൻ യേശുദാസ് തയ്യാറായി. പടകാളി എന്ന ഗാനത്തിന്റെ റെക്കോർഡിങ് മറക്കാനാവാത്ത അനുഭവമായിരുന്നു ബിച്ചുവിന്.

"ശ്രീകുമാർ ആദ്യം വന്നു പാട്ടു മുഴുവനായി പാടി റെക്കോർഡ് ചെയ്തു. പിന്നീടാണ് യേശു വന്നു തന്റെ ഭാഗം പാടുന്നത്. പാട്ടുമത്സരമാണെന്നറിഞ്ഞപ്പോൾ രസിച്ചുതന്നെ അദ്ദേഹം പാടി. ഇടയ്ക്ക് ഏതോ ഒരു വരിയുടെ ഈണം ചെറുതായൊന്നു മാറിപ്പോയപ്പോൾ ആ ഭാഗം ഒന്നുകൂടി പാടിയാലോ എന്നൊരു നിർദേശമുണ്ടായി. പക്ഷേ യേശുവിന്റെ മറുപടി രസകരമായിരുന്നു: ഇതൊരു മത്സരപ്പാട്ടാണ്. പകരത്തിനു പകരമാകുമ്പോൾ പാടുന്നതെല്ലാം കൃത്യമാവണമെന്നില്ല. അപ്പപ്പോൾ തോന്നുന്ന മട്ടിലാണ് രണ്ടുപേരും പാടുക. അതുകൊണ്ട് ഇതിനി വ്യാകരണശുദ്ധമാക്കാൻ മിനക്കെടേണ്ടയെന്നാണ് എന്റെ അഭിപ്രായം,'' ബിച്ചുവിന്റെ വാക്കുകൾ.

യോദ്ധയിൽനിന്ന് പുറത്തായിട്ടും  ജീവിച്ച പാട്ട്
പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...

ഗാനസൃഷ്ടിയേക്കാൾ റഹ്‌മാൻ ശ്രദ്ധ ചെലുത്തിയത് പടത്തിന്റെ പശ്ചാത്തല സംഗീത സംവിധാനത്തിലായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു സംഗീത്. സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീർക്കാവുന്ന ദൗത്യം പരിപൂർണതയിലെത്തിക്കാൻ രണ്ടാഴ്ചയോളമെടുത്തു റഹ്‌മാൻ. ഇത്രയും ദിവസം വേണോ റീറെക്കോർഡിങ്ങിനെന്ന് അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ട് പലരും. തിയേറ്ററിൽ ചെന്ന് സിനിമ കാണുമ്പോഴേ ആ ചോദ്യത്തിനുത്തരം ലഭിക്കൂ. ദൃശ്യങ്ങളും സംഗീതവും അത്രയും പരസ്പരപൂരകങ്ങളായി നിൽക്കുന്നു യോദ്ധയിൽ. ഇന്നത്തെ പോലുള്ള സാങ്കേതികസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലമാണ് എന്നോർക്കണം. ജമ്പ് കട്ട് പോലും അപൂർവം. ഒരു ദൃശ്യത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള സംക്രമണം (ട്രാൻസിഷൻ ) ഇത്ര തന്മയത്വത്തോടെ, കണ്ണിനേയും കാതിനേയും ഒട്ടും അലോസരപ്പെടുത്താതെ നിർവഹിക്കപ്പെട്ടിട്ടുള്ള ആക്‌ഷൻ ചിത്രങ്ങൾ കുറവായിരിക്കും മലയാളത്തിൽ. റഹ്‌മാനൊപ്പം എഡിറ്റർ ശ്രീകർ പ്രസാദിനു കൂടി അവകാശപ്പെട്ടതാണ് അതിന്റെ ക്രെഡിറ്റെന്നു പറയുന്നു സംഗീത്. പരസ്യ ചിത്രങ്ങളിൽ പ്രവർത്തിച്ച പരിചയം തന്നെയാണ് ഈ ദൗത്യത്തിൽ റഹ്‌മാന് തുണയായത്‌.

കാൽ നൂറ്റാണ്ടിനിപ്പുറവും ഒരു സാധാരണ പ്രേക്ഷകനായി 'യോദ്ധ' കണ്ടു വിലയിരുത്താറുണ്ട് സംഗീത് ശിവൻ. അത്ഭുതമെന്നു പറയാം, ഒരിക്കലും വിരസത തോന്നിയിട്ടില്ല

"റിംപോചെയുടെ മൊട്ടത്തല കഴുകുന്ന ഷോട്ടിൽനിന്ന് നാം നേരെ ചെല്ലുന്നത് അടുപ്പത്ത് തിളച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയപ്പത്തിന്റെ ദൃശ്യത്തിലേക്കാണ്. അഗ്നിജ്വാലയുടെ ഷോട്ട് നേരെ കട്ട് ചെയ്യുന്നത് പുനീത് ഇസ്സാറിന്റെ തീക്ഷ്ണമായ കണ്ണുകളിലേക്കും. അത്തരത്തിലുള്ള ഷോട്ടുകൾ സുലഭമായി ഉപയോഗിച്ചിട്ടുണ്ട് യോദ്ധയിൽ. സംഗീതത്തിന്റെ ഔചിത്യപൂർണമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അത്തരം പരീക്ഷണങ്ങൾ പാളിപ്പോയേനേ. കുങ്ഫുവിലും വാൾപ്പയറ്റിലും മറ്റും ഉപയോഗിച്ച ശബ്ദങ്ങളും എടുത്തുപറയണം. ആക്‌ഷൻ സിനിമകളിൽ അതുവരെ നമ്മൾ കേട്ടുശീലിച്ച ശബ്ദങ്ങളായിരുന്നില്ല അവ. മൗനത്തിന്റെ കരുത്തും ആഴവും അദ്ദേഹം സിനിമയിൽ ഉപയോഗിച്ച രീതിയും എടുത്തുപറയണം. കാടിന്റെ ദൃശ്യങ്ങളിൽ ഈ നിശബ്ദതക്ക് നിഗൂഢമായ ഒരു താളം കൈവരുന്നുണ്ട്.''

കാൽ നൂറ്റാണ്ടിനിപ്പുറവും ഒരു സാധാരണ പ്രേക്ഷകനായി 'യോദ്ധ' കണ്ടു വിലയിരുത്താറുണ്ട് സംഗീത് ശിവൻ. അത്ഭുതമെന്നു പറയാം, ഒരിക്കലും വിരസത തോന്നിയിട്ടില്ല. പുതിയ കാലത്തിന്റെ സാങ്കേതികത്തികവ് കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ ഇതിലും മികച്ചതായേനെ എന്നൊരു തോന്നൽ മാത്രം. എങ്കിലും നിരാശയില്ല. ഇറങ്ങിയ കാലത്ത് സ്വപ്നജീവികളായ കുറേ ചെറുപ്പക്കാരുടെ അതിസാഹസം മാത്രമായി പലരും എഴുതിത്തള്ളിയ ചിത്രത്തെ കാലം ഒരു `കൾട്ട് ഫിലിം' ആക്കി മാറ്റിയില്ലേ? ഒരു സംവിധായകനെ സംബന്ധിച്ച് ആഹ്ളാദിക്കാൻ ഇതിൽപ്പരം എന്തു വേണം?

logo
The Fourth
www.thefourthnews.in