പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...

പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...

സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന 'പ്രേമലു' എന്ന സിനിമയില്‍ ഇടം നേടിയതോടെ ഒരിക്കല്‍ കൂടി ചര്‍ച്ചാവിഷയമാകുകയാണ് എം ഡി രാജേന്ദ്രനും എം എം കീരവാണിയും ചേര്‍ന്നൊരുക്കിയ യയയായാ യാദവാ

'യ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പാട്ടുകള്‍ നിരവധിയുണ്ട് മലയാളത്തില്‍; യവനസുന്ദരീ, യദുകുല രതിദേവനെവിടെ, യദുവംശ മോഹിനീ, യക്ഷിയമ്പലമടച്ചു എന്നിങ്ങനെ. എന്നാല്‍ അഞ്ചു 'യ' വെച്ചു തുടങ്ങുന്ന പാട്ട് ഒന്നു മാത്രം: 'ദേവരാഗ'ത്തിലെ ' യയയായാ യാദവാ എനിക്കറിയാം, യയയായ യദുമുഖഭാവങ്ങളറിയാം..'

ഭരതേട്ടന്റെ പഴയൊരു പ്രയോഗം കടമെടുത്താല്‍ 'യ'യുടെ അഖിലേന്ത്യാ സമ്മേളന മഹാമഹം.

സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന 'പ്രേമലു' എന്ന സിനിമയില്‍ ഇടം നേടിയതോടെ ഒരിക്കല്‍ കൂടി ചര്‍ച്ചാവിഷയമാകുകയാണ് എം ഡി രാജേന്ദ്രനും എം എം കീരവാണിയും ചേര്‍ന്നൊരുക്കിയ യയയായാ യാദവാ. 'പുതുതലമുറയിലെ കുട്ടികള്‍ ആ പാട്ട് ഏറ്റെടുക്കുന്നതില്‍ സന്തോഷം മാത്രം. ദേവരാഗത്തിന്റെ കമ്പോസിംഗ് സമയത്ത് സംവിധായകന്‍ ഭരതേട്ടന്‍ ഉള്‍പ്പെടെ പലര്‍ക്കും സംശയമായിരുന്നു; വ്യത്യസ്തമായ ആ തുടക്കം ജനം ഉള്‍ക്കൊള്ളുമോ എന്ന്. ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ആ ആശങ്ക അസ്ഥാനത്തായിരുന്നു എന്ന് തിരിച്ചറിയുന്നു ഞാന്‍.' -- എം ഡി രാജേന്ദ്രന്റെ വാക്കുകള്‍.

എം ഡി രാജേന്ദ്രന്‍
എം ഡി രാജേന്ദ്രന്‍
പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...
ഗുല്‍സാറിന്റെ വിരല്‍ത്തുമ്പില്‍ നഷ്ടപ്രണയം പോലും ഹൃദ്യകാവ്യം...

'പ്രേമലു'വില്‍ രാധാമാധവനൃത്ത രംഗത്താണ് യയയായാ യാദവായുടെ കടന്നുവരവ്. സിനിമയിലെ ഏറ്റവും രസകരമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നുകൂടിയാണ് ആ രംഗം. ദേവരാഗത്തില്‍ അരവിന്ദ് സ്വാമിയും ശ്രീദേവിയും പ്രണയലോലമായി പാടി അഭിനയിച്ച പാട്ട് പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത് ശ്യാം മോഹനും മമിത ബിജുവും.

ദേവരാഗം (1996) പുറത്തിറങ്ങുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് 'പ്രേമേ നീ പ്രണാം' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി കീരവാണി ഒരുക്കിയതാണ് ഈ ഈണം. എസ് പി ബിയും ചിത്രയൂം പാടിയ ആ പാട്ടിന്റെ തുടക്കവും 'യയയായാ'യില്‍ തന്നെ: 'യയയായാ ഈ പ്രേമ കലയാ കഥയാ..' വരുണ്‍ രാജൂം അമാനിയുമാണ് ഗാനരംഗത്ത്.

തെലുങ്കില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ആ ഈണം ദേവരാഗത്തിലെ പ്രണയരംഗത്ത് പുനരവതരിപ്പിക്കാന്‍ കീരവാണി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആദ്യം എതിര്‍ത്തു ഭരതന്‍. 'പാട്ട് ഒരു കോമഡിയായി മാറിപ്പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എനിക്കും അങ്ങനെ തോന്നായ്കയല്ല. പക്ഷേ കീരവാണിക്ക് നിര്‍ബന്ധം. പാട്ടിന്റെ തുടക്കം ശ്രദ്ധിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു അദ്ദേഹത്തിന്.'-- എം ഡി ആര്‍ ഓര്‍ക്കുന്നു. തെലുങ്കിലെ ഈണം മലയാളത്തിന് ഇണങ്ങും വിധം അല്‍പ്പം ടെംപോ കുറച്ചാണ് ദേവരാഗത്തില്‍ കീരവാണി പരീക്ഷിച്ചത്.

പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...
നടി മാത്രമല്ല, മല്ലികാ സുകുമാരൻ ഒരു പാട്ടുമാണ്

മറ്റൊരു കൗതുകം കൂടി പങ്കുവെച്ചു എം ഡി ആര്‍. 'തെലുങ്കിലെ ട്യൂണ്‍ കീരവാണി പാടിക്കേള്‍പ്പിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ പെട്ടെന്ന് വന്നത് ഞഞ്ഞഞ്ഞ എന്ന വാക്കാണ്. കാരണമുണ്ട്. ഒരു കളിയാക്കലിന്റെ ധ്വനി വേണം പാട്ടില്‍ എന്നായിരുന്നു ഭരതേട്ടന്‍ എനിക്ക് തന്ന നിര്‍ദ്ദേശം. കൊഞ്ഞനം കുത്തുന്ന പോലെ ആയാലോ എന്ന് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഒപ്പം ഞഞ്ഞഞ്ഞ എന്ന വാക്കു വെച്ച് ആ ട്യൂണ്‍ പാടുകയും ചെയ്തു. ചുമ്മാ ഒരു തമാശയ്ക്ക് ചെയ്തതാണ്. പക്ഷേ ആ നിമിഷം കീരവാണി പറയുന്നു, നമുക്കിത് യയയാ എന്നാണ് തുടങ്ങേണ്ടതെന്ന്.'

ഭരതേട്ടന് അപ്പോഴും തൃപ്തി പോരാ. അതേ സിനിമയിലെ 'ശിശിരകാല മേഘമിഥുന രതിപരാഗമോ' എന്ന മനോഹരമായ മെലഡി പിറന്നത് നിമിഷങ്ങള്‍ മാത്രം മുന്‍പാണ്. അത്രയും മാധുര്യമുള്ള ഒരു ഭാവഗീതം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിചിത്രമായ ഈ യയയായുടെ വരവ്. എന്തായാലും ട്യൂണ്‍ വെച്ച് വരികള്‍ എഴുതി നോക്കൂ എന്നായി കീരവാണി. കടലാസും പേനയുമെടുത്ത് തന്റെ ദൗത്യത്തിലേക്ക് കടക്കുന്നു എം ഡി ആര്‍. 'ഭാഗ്യവശാല്‍ അത്ര ആയാസപ്പെടേണ്ടിവന്നില്ല വാക്കുകളും വരികളും കണ്ടെത്താന്‍. രാധാകൃഷ്ണ പ്രണയമാണല്ലോ വിഷയം. 'യയയായാ യാദവാ എനിക്കറിയാം, യയയായാ യദുമുഖഭാവങ്ങളറിയാം, പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ സ്വയംവര മധുമയാ, മൃദുലഹൃദയാ കഥകളറിയാം..' വരികള്‍ നിമിഷങ്ങള്‍ക്കകം തയ്യാര്‍.

ഭരതന്‍
ഭരതന്‍

പാട്ട് വായിച്ചുകേട്ടപ്പോഴാണ് ഭരതേട്ടന്റെ അതൃപ്തിക്ക് തെല്ലൊരു ശമനമുണ്ടായതെന്ന് എം ഡി ആര്‍. ഒരു പരീക്ഷണം നടത്തിനോക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയിരിക്കണം അദ്ദേഹത്തിന്. ആര് പാടണമെന്നതായിരുന്നു അടുത്ത വിഷയം. 'കാതല'നിലെ 'എന്നവളേ അടി എന്നവളേ' എന്ന പാട്ട് പാടിയ ഗായകനെ ചിത്രയുടെ സഹഗായകനായി പരീക്ഷിക്കാം എന്ന് നിര്‍ദേശിച്ചത് ഭരതന്‍ തന്നെ. 'അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. മലയാളത്തില്‍ അതിനു മുന്‍പ് അപൂര്‍വം പാട്ടുകളേ പാടിയിട്ടുള്ളു ഉണ്ണികൃഷ്ണന്‍..' ചെന്നൈ എ വി എം തീയറ്ററില്‍ വച്ചായിരുന്നു ദേവരാഗത്തിലെ പാട്ടുകളുടെ കമ്പോസിംഗ്. ശബ്ദലേഖനം മൗണ്ട് റോഡിലെ വി ജി പി സ്റ്റുഡിയോയില്‍ വച്ചും.

പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...
തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ഇന്നും പ്രണയസുഗന്ധം ചൊരിയുന്ന 'മലർകൾ'

തെലുങ്കിലേയും മലയാളത്തിലേയും പാട്ടുകളിലെ 'യയയാ' കേള്‍വിയില്‍ ഒരുപോലെ തോന്നുമെങ്കിലും സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ രണ്ടിന്റേയും ഭാവം ഒന്നല്ല. ചിത്രയുടെ വാക്കുകള്‍ കേള്‍ക്കുക: 'തെലുങ്ക് പാട്ടില്‍ യാ എന്നത് യെസ് എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സമ്മതത്തിന്റെ ഫീല്‍ ആണ് ആ പാട്ടില്‍ കൊണ്ടുവന്നത്. എന്നാല്‍ ദേവരാഗത്തിലെ പാട്ടില്‍ വേണ്ടത് ഒരല്‍പം കുസൃതിയാണ്; പരിഭവവും. ആ ഭാവം കൊടുത്തു പാടാനായിരുന്നു ശ്രമം.'

ദേവരാഗം ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും പാട്ടുകള്‍ ഹിറ്റായി: ശിശിരകാല മേഘമിഥുന രതിപരാഗം (ജയചന്ദ്രന്‍, ചിത്ര), ശശികല ചാര്‍ത്തിയ (ചിത്ര, കീരവാണി), കരിവരി വണ്ടുകള്‍ (ജയചന്ദ്രന്‍), താഴമ്പൂ മുടി മുടിച്ച് (ചിത്ര, സിന്ധു)... ഇറങ്ങിയ കാലത്ത് അധികം ശ്രദ്ധിക്കപ്പെടാതെ പോയ യയയായാ യാദവാ എന്ന പാട്ട് പതുക്കെയാണ് ഹിറ്റ് പട്ടികയില്‍ കയറിപ്പറ്റിയതെന്ന് എം ഡി ആര്‍. ഇന്നും അത് ജനഹൃദയങ്ങളില്‍ ജീവിക്കുന്നു എന്ന അറിവ് ആഹ്‌ളാദപ്രദം. ദേവരാഗത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ ഇതേ ഗാനത്തിന് ശബ്ദം പകര്‍ന്നത് ചിത്രയും എസ് പി ബിയുമാണ്.

ഓരോ പാട്ടിനും ഓരോ തലക്കുറിയുണ്ട്. പ്രതീക്ഷയോടെ ചെയ്യുന്ന പാട്ടുകള്‍ വിചാരിച്ചത്ര സ്വീകരിക്കപ്പെടണമെന്നില്ല. അല്ലാത്തവ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്യും. പതിറ്റാണ്ടുകള്‍ക്ക് ശേഷം 'യയയായാ യാദവാ' വീണ്ടും ആഘോഷിക്കപ്പെടുമ്പോള്‍ ഭരതേട്ടനെ ഓര്‍ക്കുന്നു എം ഡി ആര്‍. വരികളും ഈണവും ആലാപനവും മാത്രമല്ല, കാവ്യഭംഗിയാര്‍ന്ന ചിത്രീകരണം കൂടിയാണല്ലോ ആ പാട്ടിനെ കാലത്തിനപ്പുറത്തേക്ക് വളര്‍ത്തിയത്.

logo
The Fourth
www.thefourthnews.in