ഗുല്‍സാറിന്റെ വിരല്‍ത്തുമ്പില്‍ നഷ്ടപ്രണയം പോലും ഹൃദ്യകാവ്യം...

ഗുല്‍സാറിന്റെ വിരല്‍ത്തുമ്പില്‍ നഷ്ടപ്രണയം പോലും ഹൃദ്യകാവ്യം...

സിനിമാചരിത്രത്തോളം തന്നെ പഴക്കമുള്ള ത്രികോണപ്രണയം എന്ന ആശയം (ഭാര്യ, ഭർത്താവ്, കാമുകി) സ്വന്തം ശൈലിയിൽ പുതുമയോടെ അവതരിപ്പിക്കുകയായിരുന്നു "ഇജാസത്തി"ൽ (1987) സംവിധായകൻ ഗുൽസാർ

നഷ്ടപ്രണയത്തെ കുറിച്ച് പറയാതെ പറയുന്ന ഗുൽസാറിന്റെ വരികൾ. ഒരുമിച്ചു പങ്കിട്ട അനർഘ നിമിഷങ്ങൾ തിരിച്ചുകിട്ടാനായി വേദനയോടെ കൈനീട്ടുകയാണ് മായയിലെ പ്രണയിനി; ഒരിക്കലൂം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഇന്നും ആ വരികൾ വെറുതെ വായിച്ചുനോക്കുമ്പോൾ പോലും കണ്ണു നിറയാറുണ്ടെന്ന് അവ പാടി അനശ്വരമാക്കിയ ആശാ ഭോസ്ലെ പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല നമുക്ക്. ജീവിത പങ്കാളിയായ സംഗീത സംവിധായകൻ രാഹുൽ ദേവ് ബർമ്മന്റെ ഓർമ്മകൾ കൂടി പതിഞ്ഞുകിടക്കുന്നുണ്ടല്ലോ അവയിൽ.

"മേരാ കുച്ഛ് സാമാൻ തുംഹാരേ പാസ് പഢാ ഹേ സാവൻ കേ കുച്ഛ് ഭീഗേ ഭീഗേ ദിൻ രഖേ ഹേ, ഔർ മേരെ ഏക് ഖത് മേ ലിപ്ട്ടീ രാത് പഡീ ഹേ, വോ രാത് ബുജാ ദോ, മേരാ വോ സാമാൻ ലൗട്ടാ ദോ..." തിരിച്ചുകിട്ടേണ്ടത് ഉരുപ്പടികളല്ല; മറ്റു പലതുമാണ്. മഴയിൽ കുതിർന്ന കുറെ വർഷകാല ദിനങ്ങൾ, ഏതോ പ്രണയലേഖനത്തിനകത്ത് രഹസ്യമായി പൊതിഞ്ഞുവെച്ച രാത്രി.... ഓർമ്മകൾ മുഴുവൻ ഊതിക്കെടുത്തി ആ രാത്രി തിരിച്ചുതരാനാവുമോ നിങ്ങൾക്ക് ?

ഗുല്‍സാറിന്റെ വിരല്‍ത്തുമ്പില്‍ നഷ്ടപ്രണയം പോലും ഹൃദ്യകാവ്യം...
ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യക്കും ജ്ഞാനപീഠം

സിനിമാചരിത്രത്തോളം തന്നെ പഴക്കമുള്ള ത്രികോണപ്രണയം എന്ന ആശയം (ഭാര്യ, ഭർത്താവ്, കാമുകി) സ്വന്തം ശൈലിയിൽ പുതുമയോടെ അവതരിപ്പിക്കുകയായിരുന്നു "ഇജാസത്തി"ൽ (1987) സംവിധായകൻ ഗുൽസാർ. ഇവിടെ ഭാര്യയുടെ റോളിൽ രേഖയാണ്. പൂർവ്വകാമുകി മായയുടെ റോളിൽ അനുരാധ പട്ടേലും. ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധ ഘട്ടത്തിൽ തന്നെ കൈവിട്ട് മനസ്സില്ലാമനസ്സോടെ സുധയെ (രേഖ) വേൾക്കുന്ന മഹേന്ദറിന് ( നസിറുദ്ദീൻ ഷാ) അനുരാധയുടെ മായ അയക്കുന്ന സന്ദേശമായാണ് "മേരാ കുച്ഛ് സാമാൻ" പടത്തിൽ കടന്നുവരുന്നത്. ഒരു സാധാരണ കഥാ മുഹൂർത്തമായി ഒതുങ്ങിപ്പോയേക്കാവുന്ന രംഗത്തെ സീമാതീതമായ ഭാവനയാൽ ദീപ്തമാക്കുന്നു ഗുൽസാറിലെ അനുഗൃഹീത കവിയും ചലച്ചിത്രകാരനും.

ഗുല്‍സാറിന്റെ വിരല്‍ത്തുമ്പില്‍ നഷ്ടപ്രണയം പോലും ഹൃദ്യകാവ്യം...
നടി മാത്രമല്ല, മല്ലികാ സുകുമാരൻ ഒരു പാട്ടുമാണ്

"ഇജാസത്ത്"എന്ന സിനിമയുടെ ആന്തരികശോഭ മുഴുവനുണ്ട് ഗുൽസാർ -- ആർ ഡി ബർമ്മൻ സഖ്യത്തിന്റെ ക്ലാസിക് സൃഷ്ടിയിൽ. വരികളിലെ നിഗൂഢകല്പനകൾക്കൊപ്പം മനസ്സിൽ വിടരുന്ന ദൃശ്യങ്ങൾ എത്ര സുന്ദരം, പ്രണയാർദ്രം: നിലാവിൽ നീരാടിയ അസംഖ്യം രാവുകൾ, നിന്റെ ചുമലിലെ ആ കൊച്ചു കാക്കപ്പുള്ളി, നനഞ്ഞ മൈലാഞ്ചിയുടെ മോഹിപ്പിക്കുന്ന ഗന്ധം, പിന്നെ കുറച്ചു വാഗ്‌ദാന ലംഘനങ്ങളും... അവയെക്കുറിച്ചെല്ലാം ഇനി ഞാൻ നിന്നെ ഓർമ്മിപ്പിക്കണമോ? എല്ലാം തിരിച്ചയച്ചേക്കൂ, എന്റേതായ എല്ലാം. (ഗുൽസാറിന്റെ വരികളുടെ സൗന്ദര്യവും സൗരഭ്യവും ഏത് പരിഭാഷക്കാണ് പൂർണ്ണമായി ഉൾക്കൊള്ളാനാകുക: ഏക് സൗ സോലഹ് ചാന്ദ് കി രാതേം, ഏക് തുംഹാരേ കാന്ധേ കാ തിൽ , ഗീലി മെഹന്ദി കി ഖുശ്‌ബു, ജൂട്ട് മൂട്ട് കേ ശിഖ് വേ കുച്ഛ് ജൂട്ട് മൂട്ട് കേ വാദേ സബ് യാദ് കരാ ദൂം, സബ് ഭിജ്‌വാ ദോ മേരാ വോ സാമാൻ ലൗട്ടാ ദോ...)

"മേരാ കുച്ഛ് സാമാൻ" എന്ന പാട്ടിനോളം തന്നെ പ്രശസ്തമാണ് അത് പിറന്ന കഥയും. "ഹൺഡ്രഡ് ലിറിക്സ്" എന്ന ഗാനസമാഹാരത്തിൽ ഗുൽസാർ അക്കഥ രസകരമായി ഓർത്തെടുത്തിട്ടുണ്ട്: "എഴുതിയ വരികൾ വായിച്ചുകേൾപ്പിച്ചപ്പോൾ പഞ്ചം (ആർ ഡി ബർമ്മൻ) കരുതി സിനിമയിലെ കഥാസന്ദർഭം വിവരിക്കുകയാണ് ഞാനെന്ന്. അങ്ങനെയല്ല, ഇതൊരു പാട്ടാണെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു: ഇക്കണക്കിന് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലെ ഒരു കോളമെടുത്ത് ചിട്ടപ്പെടുത്താൻ പറഞ്ഞുകളയുമല്ലോ താങ്കൾ..."

ഗുല്‍സാറിന്റെ വിരല്‍ത്തുമ്പില്‍ നഷ്ടപ്രണയം പോലും ഹൃദ്യകാവ്യം...
ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?

"ഗദ്യകവിത" കംപോസ് ചെയ്യാനുള്ള മൂഡിലായിരുന്നില്ല ആർ ഡി ബർമ്മൻ. പാട്ടെഴുതിയ കടലാസ് ദൂരേക്ക് മാറ്റിവെച്ച് മറ്റു പ്രവൃത്തികളിൽ വ്യാപൃതനാകുന്നു അദ്ദേഹം. മുറിയിലെ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ആശാ ഭോസ്ലെയുടെ ശബ്ദം ഒരു മൂളിപ്പാട്ടായി ഒഴുകിയെത്തിയത് അപ്പോഴാണ്. ആ നിമിഷം മനസിൽ തോന്നിയ ഈണത്തിൽ ഗാനത്തിന്റെ പല്ലവിയിലെ ലൗട്ടാ ദോ എന്ന രണ്ടേ രണ്ടു വാക്കുകൾ വെറുതെ ഒന്ന് മൂളിനോക്കിയതാണ് ആശാജി. "കേൾക്കേണ്ട താമസം പാട്ടെഴുതിയ കടലാസെടുത്ത് ഹാർമോണിയത്തിനു മുകളിൽ വെച്ച് ആ വരി പാടി മുഴുമിപ്പിക്കുന്നു പഞ്ചം. മേരാ വോ സാമാൻ മുജേ ലൗട്ടാ ദോ...." -- ഗുൽസാറിന്റെ ഓർമ്മ.

തുടക്കം അതായിരുന്നു. പതിനഞ്ചു മിനിറ്റിനകം ആർ ഡിയുടെ ഹാർമോണിയത്തിൽ പാട്ടിന്റെ ഈണം റെഡി. ആശാ ഭോസ്ലെ അത് ഹൃദയം നൽകി പാടിയതും ആ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയതും ഇന്ന് ചരിത്രം. ഗുൽസാറിന് ഗാനരചനക്കുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു "മേരാ കുച്ഛ് സാമാൻ."

logo
The Fourth
www.thefourthnews.in