ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ

ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ

ചില്ലറ ഇടപാടല്ല സിനിമയിലെ തീം മ്യൂസിക്. കഥാന്തരീക്ഷവും കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളും മാത്രമല്ല മാഞ്ഞുപോയ ഒരു കാലം തന്നെ അനായാസം പുനഃസൃഷ്ടിക്കാൻ കഴിയും നല്ലൊരു പ്രമേയ സംഗീതശകലത്തിന്

'ഭ്രമയുഗം' കണ്ടിറങ്ങിയപ്പോൾ കൂടെ പോന്നത് ഭ്രമാത്മക ദൃശ്യങ്ങൾ മാത്രമല്ല അവയെ ഭ്രമാത്മകമാക്കിയ പശ്ചാത്തല സംഗീതം കൂടിയാണ്. പ്രത്യേകിച്ച് കൊടുമൺ പോറ്റിയുടെ തീം മ്യൂസിക്.

യുവസംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറിന് നന്ദി. പല കാരണങ്ങളാലും ഇഴഞ്ഞുപോകുമായിരുന്ന കഥാഖ്യാനത്തെ ചടുലവും ഭീതിദവുമായ ദൃശ്യാനുഭവാക്കിയതിൽ സംഗീതത്തിനുള്ള പങ്ക് അത്രയും നിർണായകം.

ചില്ലറ ഇടപാടല്ല സിനിമയിലെ തീം മ്യൂസിക്. കഥാന്തരീക്ഷവും കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളും മാത്രമല്ല മാഞ്ഞുപോയ ഒരു കാലം തന്നെ അനായാസം പുനഃസൃഷ്ടിക്കാൻ കഴിയും നല്ലൊരു പ്രമേയ സംഗീതശകലത്തിന്. അരനൂറ്റാണ്ട് മുൻപ് ആദ്യം കേട്ട 'ഷോലെ'യിലെ കൊള്ളത്തലവൻ ഗബ്ബർ സിങ്ങിന്റെ തീം മ്യൂസിക്കിനൊപ്പം ഇന്നും മനസ്സിൽ തെളിയുക ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ച സ്കൂൾകാല സൗഹൃദങ്ങളാണ്. ഒപ്പം കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ വിനോദയാത്ര, അന്നുകണ്ട കാഴ്ചകൾ, കൗതുകങ്ങൾ...ആർ ഡി ബർമൻ എന്ന ഇതിഹാസതുല്യനായ സംഗീതകാരന് എങ്ങനെ നന്ദി പറയാതിരിക്കും.

ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച പാട്ട്

ക്രിസ്റ്റോയിലുമില്ലേ ഒരു ആർ ഡി അംശമെന്ന് തോന്നി 'ഭ്രമയുഗ'ത്തിലെ പോറ്റി തീമിനു പിന്നിലെ പരീക്ഷണങ്ങളെ കുറിച്ച് ഒരു ഓൺലൈൻ അഭിമുഖത്തിൽ അദ്ദേഹം വാചാലനായിക്കണ്ടപ്പോൾ: "പഴയ കാലഘട്ടം തോന്നിപ്പിക്കണമെന്ന് രാഹുലേട്ടൻ (സംവിധായകൻ) പറഞ്ഞിരുന്നു. ശബ്ദത്തിൽനിന്ന് പ്രേക്ഷകർക്ക് ആ കാലഘട്ടം അനുഭവിക്കാൻ കഴിയണം. എന്തൊക്കെ പുതിയത് കൊണ്ടുവരാമെന്നായിരുന്നു എന്റെ ചിന്ത. ഫിക്ഷണൽ സിനിമ ആയതുകൊണ്ട് ഫിക്ഷണൽ ശബ്ദങ്ങളും പരീക്ഷിക്കാം. വലിയൊരു പുള്ളോർക്കുടം നിർമിച്ചാലോ എന്ന ആശയം വന്നെങ്കിലും വലിയ ബജറ്റ് ആകുന്നതുകൊണ്ട് അതുപേക്ഷിച്ചു. ഹൊറർ പടങ്ങളിലെ സൗണ്ട് സ്കേപ്പ് ചെയ്യാനുപയോഗിക്കുന്ന വാട്ടർഫോൺ എന്നൊരുപകരണമുണ്ട്. അത് വാങ്ങണമെങ്കിൽ വലിയ തുക ചെലവാകും. അതുകൊണ്ട് ഞാനും എന്റെ സുഹൃത്ത് അഖിൽ ജോയിയും ചേർന്ന് ആ ഉപകരണം ഉണ്ടാക്കിയെടുത്തു. രണ്ടെണ്ണം അത്തരത്തിൽ നിർമിച്ചു. ഒരെണ്ണത്തിൽ നോട്ട്സ് കിട്ടും. മറ്റേതിൽ സൗണ്ട് സ്കേപ്പും. പിന്നെ പ്ലാസ്റ്റിക് ബക്കറ്റിന്റെ നടുവിൽ ഗിറ്റാറിന്റെ ഒരു സ്ട്രിങ് കൊടുത്ത് ഒരു സംവിധാനമുണ്ടാക്കി. അതിൽനിന്നുള്ള ശബ്ദമാണ് പോറ്റി തീം മ്യൂസിക്കിൽ പ്രേക്ഷകർ കേൾക്കുന്നത്. അതുപോലെ തകരകൊണ്ടുള്ള എണ്ണപ്പാട്ടയിലും സ്ട്രിങ് കൊടുത്ത് ശബ്ദമുണ്ടാക്കുന്ന സംവിധാനം ഉണ്ടാക്കിയെടുത്തു. അതുപോലെ ഡിഗർഡൂ എന്നൊരു ഉപകരണമുണ്ട്. സാധാരണ കാണുന്ന ഡിഗർഡൂവിനെ മോഡിഫൈ ചെയ്താണ് നമുക്കാവശ്യമായ ശബ്ദങ്ങൾ ഉണ്ടാക്കിയെടുത്തത്." (അഭിമുഖം മനോരമ ഓൺലൈനിൽ).

ഓർമവന്നത് 'ഷോലെ'യിലെ (1975) ഗബ്ബർ തീമിന്റെ സൃഷ്ടിയിൽ ആർ ഡി നടത്തിയ പരീക്ഷണങ്ങളാണ്. ഗബ്ബർ സിങ്ങിന്റെ പരുക്കൻ മിലിട്ടറി ബൂട്ടുകൾ പാറക്കല്ലിൽ പതിക്കുന്ന ശബ്ദത്തിൽനിന്നാണ് ആ രംഗത്തിന്റെ തുടക്കം. നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് കാറ്റിന്റെ ചിറകിലേറി മരണത്തിന്റെ നേർത്ത ചൂളം വിളി പോലെ ചെല്ലോയുടെ നാദം ഒഴുകി വരുന്നു. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നുവെന്ന് നമ്മുടെ കാതിൽ ആവർത്തിച്ചു മന്ത്രിക്കുന്നു ആ ശബ്ദം. ബസു ചക്രവർത്തിയുടെ ചെല്ലോ സൃഷ്ടിക്കുന്ന ആ ഭീതിദമായ അന്തരീക്ഷത്തെ ഒഴിച്ചുനിർത്തി ഗബ്ബറിന്റെ പാത്രസൃഷ്ടിയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല നമുക്ക്. ഇടയ്‌ക്കെപ്പോഴോ കേഴ്‌സി ലോർഡിന്റെ ഓർഗൻ കൂടി ആ പ്രവാഹത്തിൽ ലയിച്ചുചേരുന്നതോടെ ക്രൂരതയുടെ പരിവേഷം പൂർണമാകുന്നു.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്‌ പ്രസിദ്ധീകരിച്ച 'ബിഹൈനൻഡ്‌ ദി കർട്ടൻ' എന്ന ഗവേഷണ ഗ്രന്ഥത്തിൽ, ഷോലെയുടെ ഗാനലേഖനത്തിന്റെ അണിയറക്കഥകൾ വിവരിച്ചശേഷം ചലച്ചിത്ര സംഗീത ചരിത്രകാരനായ ഗ്രിഗറി ബൂത്ത്‌ എഴുതുന്നതിങ്ങനെ: "ചെല്ലോയുടെ പ്രതലത്തിൽ കോണ്ടാക്റ്റ് മൈക്ക് ഘടിപ്പിച്ച് വിചിത്രമായ ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു ബസുദേവ് ചക്രവർത്തി. സാങ്കേതിക പരാധീനതകൾക്കുള്ളിൽനിന്നുകൊണ്ട് തന്നെ ഇത്തരം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരായിരുന്നു അന്നത്തെ മിക്ക സംഗീതജ്ഞരും സാങ്കേതിക വിദഗ്ദരും.'' സ്റ്റീരിയോഫോണിക് സൗണ്ട് വന്നതോടെ അവരുടെ ദൗത്യം കുറേക്കൂടി വെല്ലുവിളികൾ നിറഞ്ഞതായെന്ന് മാത്രം.

ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ
തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ

സിനിമാ പാട്ടുകളോട് പണ്ടേയുണ്ട് പറഞ്ഞറിയിക്കാനാവാത്ത പ്രണയം. പക്ഷേ പശ്ചാത്തല സംഗീതത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിരുന്നില്ല. ഷോലെയുടെ പശ്ചാത്തല സംഗീതം പോലും ശ്രദ്ധിച്ചത് വർഷങ്ങൾ കഴിഞ്ഞാണ്, വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റായിയുടെ ഒരു അഭിമുഖം വായിച്ച ശേഷം. ഹിന്ദി മുഖ്യധാരാ സിനിമയുടെ സൗണ്ട് സ്കേപ്പ് വിപ്ലവാത്മകമായി മാറ്റിമറിച്ച ചിത്രം എന്നാണ് ആ അഭിമുഖത്തിൽ റായ് ഷോലെയെ വിശേഷിപ്പിച്ചത്‌.

'ഷോലെ'യെ വ്യത്യസ്തമാക്കിയ രണ്ടേ രണ്ടു ഘടകങ്ങൾ അംജദ് ഖാന്റെ സാന്നിധ്യവും (ആ അഭിനയം കണ്ടാണ്‌ `ശത്രഞ്ജ് കേ ഖിലാഡി'യിൽ റായ് അംജദിനെ കാസ്റ്റ് ചെയ്യുന്നത്) ആർ ഡി ബർമ്മൻ എന്ന 'പഞ്ചംദാ'യുടെ റീ റെക്കോർഡിങ്ങുമാണെന്ന് വിശ്വസിച്ചു റായ്. പിന്നീട് ഷോലെ കണ്ടപ്പോഴെല്ലാം, മനസ്സിൽ തോന്നിയ ഒരു കാര്യമുണ്ട്: ബൽദേവ് സിങ് ഠാക്കൂർ, വീരു, ജയദേവ്, ഗബ്ബർ, ബസന്തി, രാധ എന്നിവരെ പോലെ ഷോലെയിൽ ഒരു നിർണായക കഥാപാത്രം തന്നെയാണ് അതിലെ പശ്ചാത്തല സംഗീതം. മറ്റെന്തെല്ലാം ഒഴിച്ചുനിർത്തിയാലും ആർ ഡി ബർമന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് കൂടാതെ ആ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല നമുക്ക്.

'ഷോലെ'യിൽ നിന്ന് 'ഭ്രമയുഗ'ത്തിലേക്ക് അഞ്ചു പതിറ്റാണ്ട് ദൂരം. ആർ ഡിയിൽനിന്ന് ക്രിസ്റ്റോ സേവ്യറിലേക്കും അത്രതന്നെ. ഈസ്റ്റ്മാൻ കളറിൽനിന്ന് തിരികെ ബ്ലാക്ക് ആൻഡ് വൈറ്റിലേക്കുള്ള ദൂരം കൂടിയായി മാറി അതെന്നത് വിധിനിയോഗം

ആദ്യരംഗം ഓർക്കുക. രാംഗഡ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പോലീസ് ഇൻസ്പക്റ്ററെ (വികാസ് ആനന്ദ്‌) ബൽദേവ് സിങ് ഠാക്കൂറിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് ഠാക്കൂറിന്റെ കാര്യസ്ഥനായ രാംലാൽ (സത്യൻ കപ്പു). കുതിരപ്പുറത്തുള്ള ആ യാത്രയുടെ പശ്ചാത്തലത്തിലാണ് ഷോലെയുടെ ശീർഷകങ്ങൾ ഇതൾ വിരിയുന്നതുതന്നെ. വരണ്ടുകിടക്കുന്ന വയലുകളും പാറക്കെട്ടുകളും പച്ചപ്പുകളും ഗ്രാമങ്ങളും ജലാശയങ്ങളും താണ്ടിയുള്ള യാത്രയിലുടനീളം നമ്മുടെ കാതിലേക്കൊഴുകുന്ന ആകർഷകമായ ഒരു ഈണമുണ്ട്. ശീർഷകസംഗീതത്തിലുപരി ഷോലെയുടെ തീം മ്യൂസിക് തന്നെയാണത്. വൈവിധ്യമാർന്ന ശബ്ദങ്ങളുടെ സമന്വയമാണ് ആ അവതരണ സംഗീതം.

ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച 'ആർ ഡി ബർമൻ - ദി മാൻ, ദി മ്യൂസിക്' എന്ന പുസ്തകത്തിൽ ഷോലെയുടെ ശീർഷകസംഗീതത്തിന്റെ പിറവിയെക്കുറിച്ചുള്ള കൗതുകമാർന്ന കഥകൾ വിവരിച്ചിട്ടുണ്ട് എഴുത്തുകാരായ അനിരുദ്ധ ഭട്ടാചാർജിയും ബാലാജി വിട്ടലും. ആർ ഡി ബർമന്റെ മ്യൂസിക് അസിസ്റ്റന്റ് കൂടിയായ മനോഹരി സിങ് കൈകാര്യം ചെയ്ത ഫ്രഞ്ച് ഹോണിനോപ്പം (ഹിന്ദി സിനിമയിലെ ഓർക്കസ്ട്ര കലാകാരന്മാർ 'ജിലേബി' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സംഗീതോപകരണമാണിത്) പ്രശസ്ത ഗായകൻ കൂടിയായ ഭുപീന്ദർ സിങ്ങിന്റെ ഹവായൻ ഗിറ്റാറും, ഭാനു ഗുപ്തയുടെ സ്പാനിഷ്‌ ഗിറ്റാറും ദക്ഷിണ്‍ മോഹൻ ടാഗോറിന്റെ ഷഹനായിയും പണ്ഡിറ്റ്‌ സമതാ പ്രസാദിന്റെ തബലയും കൂടി ചേരുമ്പോൾ അപൂർവമായ ഒരു സിംഫണിയായി മാറുന്നു അത്. ടൈറ്റിൽ കാർഡുകൾ അവസാന ഘട്ടത്തിൽ എത്തുമ്പോൾ നാം കേൾക്കുന്നത് മനോഹരി സിങ്ങിന്റെ ചൂളമടിശബ്ദമാണ്. 'ദി ഗുഡ് ദി ബാഡ് ആൻഡ്‌ ദി അഗ്ളി' എന്ന വിഖ്യാത വെസ്റ്റേണ്‍ ചിത്രമായിരിക്കണം പശ്ചാത്തലത്തിലെ ഈ ചൂളമടിക്ക് സംഗീത സംവിധായകന്റെ പ്രചോദനം.

ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ
പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...

ഷോലെയിലെ "മെഹബൂബ മെഹബൂബ" എന്ന വിശ്രുത നൃത്തഗാനത്തിലുമുണ്ട് കൗതുകമുണർത്തുന്ന ഒരു 'ആർഡിയൻ' സംഗീത പരീക്ഷണം. പാതി ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ചുണ്ടാക്കിയ ശബ്ദമാണ് ആർ ഡി ഈ ഗാനത്തിന്റെ ഇൻട്രോയിൽ ഉപയോഗിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു സുഹൃത്ത് കൂടിയായ നടൻ രണ്‍ധീർ കപൂർ. ഒരു ദിവസം യാദൃച്ഛികമായി ആർ ഡിയുടെ വീട്ടിലേക്കു കടന്നുചെന്ന രണ്‍ധീർ കണ്ടത് വിചിത്രമായ ദൃശ്യമാണ്. മൂന്നു നാല് മ്യൂസിക്കൽ അസിസ്റ്റന്റുമാർ വട്ടം കൂടിയിരുന്ന് ബിയർ കുപ്പികളിലേക്ക്‌ ശക്തമായി ഊതുന്നു. "പഞ്ചമിന് വട്ടായിപ്പോയോ എന്നായിരുന്നു എന്റെ സംശയം. പക്ഷേ തന്റെ പുതിയ ഗാനത്തിന്റെ മൂഡിനിണങ്ങുന്ന വ്യത്യസ്തമായ ഒരു ശബ്ദം രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പിന്നീട് അതേ ശബ്ദം മെഹബൂബ എന്ന ഗാനത്തിന്റെ തുടക്കത്തിൽ കേട്ടപ്പോഴാണ് എത്ര ഔചിത്യപൂർണമായിരുന്നു പഞ്ചമിന്റെ പരീക്ഷണം എന്ന് മനസ്സിലായത്.''

'ഷോലെ'യിൽനിന്ന് 'ഭ്രമയുഗ'ത്തിലേക്ക് അഞ്ച് പതിറ്റാണ്ട് ദൂരം. ആർ ഡിയിൽനിന്ന് ക്രിസ്റ്റോ സേവ്യറിലേക്കും അത്ര തന്നെ. ഈസ്റ്റ്മാൻ കളറിൽനിന്ന് തിരികെ ബ്ലാക്ക് ആൻഡ് വൈറ്റിലേക്കുള്ള ദൂരം കൂടിയായി മാറി അതെന്നത് വിധിനിയോഗം.

logo
The Fourth
www.thefourthnews.in