സുബ്ബലക്ഷ്മി പാടുന്നു; 50 വർഷം മുൻപത്തെ ചിത്രത്തിൽ

സുബ്ബലക്ഷ്മി പാടുന്നു; 50 വർഷം മുൻപത്തെ ചിത്രത്തിൽ

അഭിനേത്രി എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ സുബ്ബലക്ഷ്മി മികച്ച ഒരു ഗായികയും നർത്തകിയും കൂടിയായിരുന്നു. അമ്പത് വർഷം മുമ്പത്തെ സുബ്ബലക്ഷ്മിയുടെ അപൂർവ ഫോട്ടോയും എക്കോഡിയനിസ്റ്റായ വേണുവിന്റെ ഓർമകളും

അര നൂറ്റാണ്ട് പഴക്കമുള്ള ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിൽനിന്ന് നമ്മെ നോക്കി പാടുന്ന യുവതിയുടെ പേര് ആർ സുബ്ബലക്ഷ്മി. എൺപത്തേഴാം വയസ്സിൽ കഴിഞ്ഞ ദിവസം വിടപറഞ്ഞ അതേ സുബ്ബലക്ഷ്മിതന്നെ.

തിരുവനന്തപുരം ജവഹർ ബാലഭവനിൽ 1973 ഫെബ്രുവരി 26ന് അരങ്ങേറിയ ഗാനമേളയിൽ മുഖ്യഗായികയായിരുന്നു ബാലഭവൻ സ്‌കൂളിലെ സംഗീതാധ്യാപിക കൂടിയായ സുബ്ബലക്ഷ്മി. ''അന്നത്തെ പരിപാടിയുടെ മങ്ങിയ ഓർമകളേ മനസ്സിലുള്ളൂ. എങ്കിലും മധുരോദാരമായ ആ ശബ്ദം ഇപ്പോഴുമുണ്ട് കാതിൽ,'' എക്കോഡിയനിൽ സുബ്ബലക്ഷ്മിയുടെ പാട്ടിന് അകമ്പടി സേവിച്ച വേണുഗോപാലൻ നായർ എന്ന വേണുവിന്റെ വാക്കുകൾ. സ്വന്തം ശേഖരത്തിൽനിന്ന് ഈ അപൂർവ ചിത്രം തേടിയെടുത്തു പങ്കുവച്ചതും വേണുതന്നെ.

 ജവഹർ ബാലഭവനിലെ ഗാനമേളയില്‍ സുബ്ബലക്ഷ്മി ഗാനം ആലപിക്കുന്നു. സമീപം എക്കോഡിയനിസ്റ്റ് വേണുഗോപാലന്‍ നായര്‍, വയലിനിസ്റ്റ് സത്യന്‍ എന്നിവര്‍
ജവഹർ ബാലഭവനിലെ ഗാനമേളയില്‍ സുബ്ബലക്ഷ്മി ഗാനം ആലപിക്കുന്നു. സമീപം എക്കോഡിയനിസ്റ്റ് വേണുഗോപാലന്‍ നായര്‍, വയലിനിസ്റ്റ് സത്യന്‍ എന്നിവര്‍

ബാലഭവനിൽ ടീച്ചറായി ചേർന്നിട്ട് ഒന്നോ രണ്ടോ വർഷമേ ആയിരുന്നുള്ളൂ സുബ്ബലക്ഷ്മി. ഗായികയെന്ന നിലയിൽ മാത്രമല്ല നർത്തകിയെന്ന നിലയിലും പ്രശസ്തയാണ് അന്നവർ. കലാമണ്ഡലം വിമലാ മേനോന്റെ നൃത്തപരിപാടികൾക്ക് അക്കാലത്ത് പതിവായി പാടിയിരുന്നു. കച്ചേരികളും ഗാനമേളകളും അതിനു പുറമെ. പൊതുവേദികളിൽ പാടുന്ന ഗായികമാർ എണ്ണത്തിൽ കുറവായിരുന്ന കാലം. ശാസ്ത്രീയ സംഗീതത്തിലും പരിശീലനം നേടിയിരുന്നതുകൊണ്ട് ഏതു തരത്തിലുള്ള പാട്ടും അനായാസം വഴങ്ങിയിരുന്നു സുബ്ബലക്ഷ്മിക്കെന്ന് വേണു.

എക്കോഡിയൻ കൈകാര്യം ചെയ്യുന്ന വേണുവിനൊപ്പം വയലിനിസ്റ്റ് സത്യൻ, കോംഗോ ഡ്രമ്മർ ശ്രീകണ്ഠൻ എന്നിവരെയും കാണാം ഫോട്ടോയിൽ. ''ബാലഭവന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഗാനമേളയാണെന്നാണ് ഓർമ. അന്ന് അത്തരം പരിപാടികളിൽ എക്കോഡിയൻ മുഖ്യ ആകർഷണമാണ്. ഗാനമേളയിൽ എക്കോഡിയനും ഉണ്ടായിരിക്കുന്നതാണെന്ന് നോട്ടീസിൽ പ്രത്യേകം രേഖപ്പെടുത്തുന്ന കാലം,'' കേരളത്തിലെ ആദ്യകാല എക്കോഡിയനിസ്റ്റുകളിൽ ഒരാളായ വേണുവിന്റെ ഓർമ.

സുബ്ബലക്ഷ്മി പാടുന്നു; 50 വർഷം മുൻപത്തെ ചിത്രത്തിൽ
നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

സുബ്ബലക്ഷ്മിയുമായുള്ള അവസാന കൂടിക്കാഴ്ച പത്തു വർഷം മുൻപ് ജനഹൃദയ എന്ന സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു എന്നോർക്കുന്നു വേണു. നഗരത്തിലെ പഴയ തലമുറയിൽപ്പെട്ട സംഗീതപ്രതിഭകളെ ആദരിക്കാൻ വേണ്ടിയായിരുന്നു ആ ചടങ്ങ്. ഗാനമേളയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളുടെ ഒരു പ്രദർശനവും അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.

തിരുനൽവേലിയിൽ ജനിച്ച സുബ്ബലക്ഷ്മി, അമ്മയുടെ അകാലവിയോഗത്തിന് പിന്നാലെ 1948 ലാണ് സഹോദരങ്ങൾക്കൊപ്പം തിരുവനന്തപുരത്ത് വഴുതക്കാട്ടേക്ക് താമസം മാറ്റുന്നത്. സംഗീതത്തിലും നൃത്തത്തിലും കുട്ടിക്കാലം മുതലേയുണ്ട് കമ്പം. ശാസ്ത്രീയസംഗീതം അഭ്യസിച്ചത് ശെമ്മാങ്കുടി ശ്രീനിവാസയ്യർ, കേദാരനാഥൻ, ചേർത്തല ഗോപാലൻ നായർ എന്നിവർക്ക് കീഴിൽ. ഗുരു ഗോപിനാഥും തങ്കമണിയുമായിരുന്നു നൃത്തഗുരുക്കന്മാർ. സംഗീത അക്കാദമിയിൽനിന്ന് റാങ്കോടെ പാസായ ശേഷം 1951 മുതൽ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി.

വേണുഗോപാലൻ നായർ
വേണുഗോപാലൻ നായർ
ഗാനമേളകളുടെ ആ സുവർണകാലത്തുനിന്ന് അവശേഷിക്കുന്ന അപൂർവം കണ്ണികളിൽ ഒരാളായിരുന്നു സുബ്ബലക്ഷ്മി. ഇനിയധികം പേരില്ല ഒപ്പമെന്നത് വേദനിപ്പിക്കുന്ന സത്യം
വേണുഗോപാലൻ നായർ

സംഗീതജീവിതത്തിൽ തനിക്ക് ഏറ്റവും കടപ്പാടുള്ളത് തിരുവനന്തപുരത്തെ തണ്ടർബേർഡ്സ് ഓർക്കസ്ട്രയോടും അതിന്റെ മുഖ്യശില്പിയായ ബാബുവിനോടുമാണെന്നു പറയും വേണു. ''1972 ജനുവരിയിലെ ഒരു വൈകുന്നേരം തണ്ടർബേർഡ്സിനുവേണ്ടി എക്കോഡിയൻ വായിക്കാനുള്ള ക്ഷണവുമായി ബാബു മാഞ്ഞാലിക്കുളത്തെ വീട്ടിൽ കയറി വന്നതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്.''

പിന്നീട് ഒരു ദശകത്തോളം തണ്ടർബേർഡ്സിന്റെ അവിഭാജ്യഘടകമായിരുന്നു വേണുവിന്റെ എക്കോഡിയൻ. രാവും പകലുമെന്നില്ലാതെ ഗാനമേളകൾ. നിരവധി പ്രശസ്ത ഗായകർക്കൊപ്പം വേദി പങ്കിടാനുള്ള അസുലഭാവസരം. കരമന മണി, എസ് എ സ്വാമി, ശ്രീകണ്ഠൻ, ജോൺസൺ, മോഹൻ സിതാര, മരക്കാർ ബാബു, മണി പീറ്റർ, തൈക്കാട് മണി തുടങ്ങിയ അനുഗ്രഹീത കലാകാരന്മാർ അണിനിരന്ന അന്നത്തെ തണ്ടർ ബേർഡ്സ് ഓർക്കസ്ട്രയ്ക്ക് പേരും പെരുമയും ദിശാബോധവും നൽകിയത് ബാബുവിന്റെ മികച്ച നേതൃത്വമാണെന്നു വിശ്വസിക്കുന്നു വേണുഗോപാലൻ. ''ഗാനമേളകളുടെ ആ സുവർണകാലത്തുനിന്ന് അവശേഷിക്കുന്ന അപൂർവം കണ്ണികളിൽ ഒരാളായിരുന്നു സുബ്ബലക്ഷ്മി. ഇനിയധികം പേരില്ല ഒപ്പമെന്നത് വേദനിപ്പിക്കുന്ന സത്യം,''വേണു പറയുന്നു.

സുബ്ബലക്ഷ്മി പാടുന്നു; 50 വർഷം മുൻപത്തെ ചിത്രത്തിൽ
മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം
logo
The Fourth
www.thefourthnews.in