നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

'നിര്‍മ്മാല്യ'ത്തിന് 50 വയസാകുമ്പോൾ ഉണ്ണി നമ്പൂതിരിയെ അവതരിപ്പിച്ച രവി മേനോനെ എങ്ങനെ മറക്കാനാകും? സിനിമാജീവിതത്തിന്റെ തുടക്കത്തിൽ ഭാഗ്യദേവത ആവോളം അനുഗ്രഹിച്ച നടൻതിരശീലയിൽനിന്ന് പിന്നീട് എങ്ങോട്ടുപോയി?

കുട്ടിക്കാലത്താണ് രവി മേനോനെ ആദ്യം കണ്ടത്; മിന്നായം പോലെ.

കണ്ടു എന്ന് പറഞ്ഞുകൂടാ. കണ്ടിരിക്കാം എന്നേ പറയാനാകൂ. കോട്ടക്കൽ അങ്ങാടിയിൽ ഏതോ കടയുടെ ഉദ്‌ഘാടനത്തിന് വന്നു മടങ്ങുകയായിരുന്ന നടനെ ചൂണ്ടിക്കാണിച്ചു തന്നത് കുട്ടിമ്മാമയെന്ന് ഞങ്ങൾ വിളിക്കുന്ന അമ്മയുടെ അനിയനാണ്. "ദാ പോണു നിര്‍മ്മാല്യത്തിലെ ഉണ്ണ്യമ്പൂരി," കുട്ടിമ്മാമ പറഞ്ഞു.

കാറിൽക്കയറി വാതിലടച്ചിരുന്ന് പുറത്തെ ജനക്കൂട്ടത്തോട് കൈവീശി യാത്ര പറയുകയാണ് രവി മേനോൻ. മുഖം കണ്ടില്ലെങ്കിലും സിനിമാതാരത്തിന്റെ കയ്യെങ്കിലും കാണാനായല്ലോ എന്ന നിർവൃതിയിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസുകാരൻ. പൊടിപറത്തി കുതിക്കുന്ന കാർ കാഴ്ചയിൽനിന്ന് മറയുവോളം നോക്കിനിന്നത് ഓർമയുണ്ട്; അന്തരീക്ഷത്തിൽ പടർന്ന ആരവങ്ങളും. അപൂർവമായി മാത്രമേ സിനിമാക്കാരെ പൊതുജനത്തിന് നേരിൽ കാണാൻ കിട്ടൂ അന്ന്. ആ കാഴ്ച ആഘോഷമാക്കുകയായിരുന്നു കോട്ടക്കൽക്കാർ.

നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

പിന്നീട് കണ്ടത് വർഷങ്ങൾക്കുശേഷമാണ്. ഒരിക്കലും മറക്കാനാവാത്ത കൂടിക്കാഴ്ച. പ്രതീക്ഷകളുയർത്തി കടന്നുവന്ന നടൻ സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് ഏറെ അകന്നുപോയിരുന്നു അപ്പോഴേക്കും. കോട്ടക്കലെ പഴയ സ്കൂൾ കുട്ടിയാകട്ടെ മാധ്യമപ്രവർത്തനം ഉപജീവനമാർഗമായി തിരഞ്ഞെടുത്തിരുന്നു താനും.

സിനിമയിൽ പഴയ പോലെ തിരക്കില്ല അന്ന് രവി മേനോന്. ഐ വി ശശിയുടെ ഏതോ പടത്തിൽ ചെറുറോളിൽ അഭിനയിക്കാൻ എത്തിയതാണ് അദ്ദേഹം. ഞാനാകട്ടെ കലാകൗമുദി ഫിലിം മാഗസിനുവേണ്ടി ഷൂട്ടിങ് കവർ ചെയ്യാനും.

രവി മേനോൻ
രവി മേനോൻ

സിനിമാക്കാരുടെ താവളമായ കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽവച്ച് ഒപ്പമുള്ള സുഹൃത്ത് ഗിരീഷ് പുത്തഞ്ചേരി (അന്ന് സിനിമയുടെ അവിഭാജ്യ ഘടകമായിട്ടില്ല) പേര് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയപ്പോൾ ചെറിയൊരമ്പരപ്പോടെ തല ചെരിച്ച് നോക്കി നടൻ രവി മേനോൻ. പിന്നെ പൊട്ടിച്ചിരിച്ചു. "ഓഹോ... ഇഷ്ടം പോലെ രവി മേനോൻമാരായി ഇപ്പൊ നാട്ടിൽ അല്ലേ? നമ്മളൊക്കെ ഔട്ടായി..."

സിനിമാജീവിതത്തിന്റെ ആരംഭദശയിൽ അതേ ഭാഗ്യദേവതയുടെ കടാക്ഷം ആവോളം ലഭിച്ചിരുന്നു രവി മേനോന്. മണികൗളിനെ പോലൊരു പ്രഗൽഭ ചലച്ചിത്രകാരന്റെ സിനിമയിൽ നായക വേഷമണിഞ്ഞുകൊണ്ട് അഭിനയത്തിൽ ഹരിശ്രീ കുറിക്കാൻ മറ്റേത് മലയാളിക്കാണ് ഭാഗ്യം ലഭിച്ചിട്ടുണ്ടാകുക?

തമാശയായിട്ടാണ് പറഞ്ഞതെങ്കിലും നേർത്ത വിഷാദധ്വനിയുണ്ടായിരുന്നില്ലേ ആ വാക്കുകളിൽ? "അയ്യോ...ഒരിക്കലുമില്ല. ദേർ ഈസ് ഒൺലി വൺ രവി മേനോൻ.. ദി വൺ ആൻഡ് ഒൺലി,'' ഞാൻ പറഞ്ഞു. "മറക്കാൻ പറ്റില്ല താങ്കളുടെ പല റോളുകളും. നിര്‍മ്മാല്യത്തിലെ ആ ഉണ്ണി നമ്പൂരി, പിന്നെ വാടകവീടിലെയും രാധ എന്ന പെൺകുട്ടിയിലെയും ശാലിനി എന്റെ കൂട്ടുകാരിയിലെയും കഥാപാത്രങ്ങൾ. അതൊക്കെ പോട്ടെ. മണി കൗളിന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായില്ലേ.. മറ്റെന്തു വേണം..?'' ഉള്ളിന്റെയുള്ളിൽനിന്ന് വന്ന വാക്കുകൾ.

ഒരു നിമിഷം മൗനിയായി രവി മേനോൻ; പിന്നെ, പുറത്തെ പൊള്ളുന്ന വെയിലേക്കും ഞങ്ങളുടെ മുഖങ്ങളിലേക്കും മാറിമാറി നോക്കി: "സുഹൃത്തേ, അതൊക്കെ പ്രെറ്റി ഓൾഡ് സ്റ്റോറീസ്. പഴങ്കഥകൾ. പക്ഷേ കേൾക്കാൻ സുഖംണ്ട്. അതേ രവി മേനോൻ ഇതാ ശശിയുടെ പടത്തിൽ ബിറ്റ് റോൾ ചെയ്യാൻ മേക്കപ്പിട്ട് കാത്തിരിക്കുന്നു. വെറുതെ വന്നുപോകുന്ന ഒരു റോൾ. നോ വണ്ടർ. ഇതൊക്കെയാണ് സിനിമയുടെ ലോകം. ലക്ക് മേക്ക്‌സ് ഓൾ ദി ഡിഫറൻസ് ഹിയർ.... എല്ലാം ഭാഗ്യദേവതയുടെ കളി.''

നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ
കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?

സിനിമാജീവിതത്തിന്റെ ആരംഭദശയിൽ അതേ ഭാഗ്യദേവതയുടെ കടാക്ഷം ആവോളം ലഭിച്ചിരുന്നു രവി മേനോന്. മണികൗളിനെ പോലൊരു പ്രഗൽഭ ചലച്ചിത്രകാരന്റെ സിനിമയിൽ നായകവേഷമണിഞ്ഞുകൊണ്ട് അഭിനയത്തിൽ ഹരിശ്രീ കുറിക്കാൻ മറ്റേത് മലയാളിക്കാണ് ഭാഗ്യം ലഭിച്ചിട്ടുണ്ടാകുക? മികച്ച സംവിധായകനുള്ള 1973 ലെ ദേശീയ അവാർഡ് കൗളിന് നേടിക്കൊടുത്ത "ദുവിധ''യിൽ രവി മേനോൻ എത്തിപ്പെടുന്നത് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ചിത്രമായ മാനിഷാദ (സംവിധാനം കബീർ റാവുത്തർ) യിലെ മികച്ച അഭിനയത്തിന്റെ പിൻബലത്തിലാണ്. കരിമ്പുഴക്കാരൻ ചാലപ്പുറത്ത് രവീന്ദ്രനാഥ മേനോനെ രവി മേനോനായി ജ്ഞാനസ്നാനം ചെയ്യിച്ചിരുന്നു അതിനകം സാക്ഷാൽ മൃണാൾ സെൻ. മേനോന്റെ സിനിമാജീവിതത്തിന്റെ തുടക്കം അവിടെ നിന്നാണ്.

ദുവിധ സിനിമയുടെ പോസ്റ്റർ
ദുവിധ സിനിമയുടെ പോസ്റ്റർ
'നിര്‍മ്മാല്യം' പരക്കെ അംഗീകരിക്കപ്പെട്ടെങ്കിലും അഭിനയപ്രധാനമായ വേഷങ്ങൾ അപൂർവമായേ പിന്നീട് മേനോനെ തേടിയെത്തിയുള്ളൂ. ഭ്രഷ്ട്, ഏകാകിനി, സ്വന്തം ശാരിക, രാധ എന്ന പെൺകുട്ടി, വാടകവീട്.... വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങൾ. പതുക്കെ സിനിമയുടെ മുഖ്യധാരയിൽനിന്ന് മാഞ്ഞുപോകുകയായിരുന്നു അദ്ദേഹം

"ഒ ഹെൻറി എഴുതിയ ഒരു ചെറുകഥയുടെ സ്വതന്ത്ര ആവിഷ്കാരമായിരുന്നു എന്റെ ഡിപ്ലോമ ചിത്രം," കബീർ റാവുത്തരുടെ ഓർമ. "ആ സിനിമയിലെ രവിയുടെ അഭിനയം കണ്ട് ആകൃഷ്ടനായാണ് എം ടി അദ്ദേഹത്തെ നിര്‍മ്മാല്യത്തിൽ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ എത്ര നിർബന്ധിച്ചിട്ടും മലയാള സിനിമയിൽ അഭിനയിക്കാൻ തയ്യാറല്ല രവി. ഹിന്ദി സിനിമയാണ് അയാളുടെ മനസ്സ് നിറയെ. അതിനകം ചില ബോളിവുഡ് ചിത്രങ്ങളിൽ ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു രവി. എം ടിയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് വലിയ കാര്യമാണെന്നൊക്കെ പറഞ്ഞുനോക്കിയിട്ടും ഫലമില്ല. ഒടുവിൽ ഞാൻ അയാളെ കയ്യോടെ പിടികൂടി റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി കേരളത്തിലേക്ക് വണ്ടികയറ്റി വിടുകയായിരുന്നു."

നിര്‍മ്മാല്യത്തിലെ ഒരു രംഗം
നിര്‍മ്മാല്യത്തിലെ ഒരു രംഗം

'നിര്‍മ്മാല്യം' പരക്കെ അംഗീകരിക്കപ്പെട്ടെങ്കിലും അഭിനയപ്രധാനമായ വേഷങ്ങൾ അപൂർവമായേ പിന്നീട് മേനോനെ തേടിയെത്തിയുള്ളൂ. ഭ്രഷ്ട്, ഏകാകിനി, സ്വന്തം ശാരിക, രാധ എന്ന പെൺകുട്ടി, വാടകവീട്.... വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങൾ. പതുക്കെ സിനിമയുടെ മുഖ്യധാരയിൽനിന്ന് മാഞ്ഞുപോകുകയായിരുന്നു അദ്ദേഹം. ഇടയ്‌ക്കൊരിക്കൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ വരെ ഇറങ്ങിപ്പുറപ്പെട്ടതാണ്. പക്ഷേ സമയം അനുകൂലമായിരുന്നില്ല. ജീവിക്കാൻ വേണ്ടി വെള്ളിത്തിരയിൽ പിൽക്കാലത്ത് രവി മേനോൻ കെട്ടിയാടിയ "തുണ്ട്'' വേഷങ്ങൾ എത്രയെത്ര- പെട്ടിക്കടക്കാരൻ മുതൽ കൂട്ടിക്കൊടുപ്പുകാരൻ വരെ.

നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ
ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?

"മടുത്തു. നാട്ടിലേക്ക് തിരിച്ചുപോയി കൃഷി ചെയ്തു ജീവിച്ചാലോ എന്ന് ആലോചിക്കുകയാണ്...'' രവി മേനോൻ പിറുപിറുക്കുന്നു.

"സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ" എന്ന മനോഹരഗാനം വേദിയിൽ പാടുന്ന 'ശാലിനി എന്റെ കൂട്ടുകാരി'യിലെ റോയിയായിരുന്നു ഓർമയിൽ. വിടരും മുൻപേ കൊഴിഞ്ഞുപോയ ശോഭ എന്ന അനുഗൃഹീത അഭിനേത്രിയുടെയും ഓർമയുണർത്തുന്ന പാട്ട്. 'ഒരു കൊച്ചു സ്വപ്നത്തിലെ ഉദ്യാനദേവി തൻ ഉത്സവമായ്, 'ചോറ്റാനിക്കര അമ്മ'യിലെ മനസ്സു മനസ്സിന്റെ കാതിൽ, 'പതിനാലാം രാവി'ലെ പനിനീര് പെയ്യുന്നു പതിനാലാം രാവിൽ പനിമതി.... രവി മേനോന്റെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധേയമായ ഈ ഗാനരംഗങ്ങളൊക്കെ എങ്ങനെ മറക്കാൻ?

യാത്രയാക്കുമ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്നുകൂടി പറഞ്ഞു മേനോൻ: "പിന്നേയ്... നിങ്ങക്ക് വേണെങ്കിൽ നിങ്ങടെ പേര് മാറ്റാം ട്ടോ. ഭാഗ്യമില്ലാത്ത പേരാ.'' പിന്നെ ആത്മഗതം പോലെ ഇത്ര കൂടി: "അല്ലെങ്കി വേണ്ട. എല്ലാ രവി മേനോൻമാരും എന്നെപ്പോലെ ആവണമെന്നില്ലല്ലോ.'' പൊട്ടിച്ചിരിക്കുന്നു, മധുവിന്റെ പിൻഗാമി എന്ന് ഒരിക്കൽ സിനിമാവാരികകൾ വിശേഷിപ്പിച്ചിരുന്ന രവി മേനോൻ.

നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ
അനശ്വരഗാനങ്ങൾ നാം കേട്ടത് ജോർജ് ചിത്രങ്ങളിൽ

ഗിരീഷും ഞാനും മുഖത്തോടു മുഖം നോക്കി. ഒന്നും പറയാനുണ്ടായിരുന്നില്ല ഞങ്ങൾക്ക്. മഹാറാണിയുടെ ലോബിയിൽനിന്ന് പുറത്തെ ചൂടിലേക്ക് ഇറങ്ങി നടക്കവേ, ഗിരീഷ് പതുക്കെ പറഞ്ഞു: "നമ്മളൊക്കെ സിനിമാനടന്മാരാകാത്തത് ഭാഗ്യം...''

'നിര്‍മ്മാല്യ'ത്തിന് അൻപതു വർഷം തികയുമ്പോൾ പി ജെ ആന്റണിക്കും സുകുമാരനും സുമിത്രയ്ക്കുമൊപ്പം രവി മേനോനും ഓർമ്മയിൽ വന്നു നിറയുന്നു. ഒരുപാട് സ്വപ്നങ്ങൾ ഭൂമിയിൽ അവശേഷിപ്പിച്ച് യാത്രയായ ആ ഉണ്ണിനമ്പൂതിരിയില്ലാതെ എം ടിയുടെ 'നിര്‍മ്മാല്യ'മുണ്ടോ?

logo
The Fourth
www.thefourthnews.in