ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?

ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?

'നട്ടുച്ചക്കിരുട്ട്' എന്ന സിനിമയിലൂടെ ജോണിയെ ആദ്യമായും അവസാനമായും നായകനാക്കിയ രവി ഗുപ്തന്റെ ഓര്‍മകളിലൂടെ

മുകേഷിനെ 'ബലൂണി'ലൂടെ ആദ്യം ഹീറോ ആക്കിയത് രവിഗുപ്തന്‍. ജോണിയെ 'നട്ടുച്ചക്കിരുട്ടി'ലൂടെ ഹീറോ ആക്കിയതും ഗുപ്തന്‍ തന്നെ. നായകനായും ഉപനായകനായും മുകേഷ് പില്‍ക്കാലത്ത് മലയാളസിനിമയുടെ മുഖ്യധാരയില്‍ നിറഞ്ഞപ്പോള്‍ ജോണി എന്നന്നേക്കുമായി വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയെന്നത് വിധിനിയോഗം.

തെല്ലൊരു വില്ലത്തരമുള്ള നായകനായി ജോണി അഭിനയിച്ച ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു രവിഗുപ്തന്‍ സംവിധാനം ചെയ്ത 'നട്ടുച്ചക്കിരുട്ട്' (1980). ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രം മുഖം കാണിച്ച പരിചയവുമായി വന്ന കുണ്ടറക്കാരന്‍ ജോണിയെ നായകനാക്കാനുള്ള ധൈര്യം എവിടെനിന്ന് കിട്ടിയെന്ന ചോദ്യത്തിന് രവിഗുപ്തന്റെ മറുപടി ഇങ്ങനെ: ''നേരത്തെ തന്നെ അറിയാം ജോണിയെ. മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. 'നട്ടുച്ചക്കിരുട്ട്' ഒരു ലോബജറ്റ് പരീക്ഷണ ചിത്രമായിരുന്നതുകൊണ്ട് താരതമ്യേന പുതുമുഖമായ ജോണിയെ നായകനാക്കിക്കൂടെ എന്ന നിര്‍ദേശം മുന്നോട്ടുവച്ചത് നിര്‍മ്മാതാവ് കൃഷ്ണസ്വാമി റെഡ്ഡ്യാര്‍ ആണ്. ജോണിയുടെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല ഞാന്‍.''

ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?
നടൻ കുണ്ടറ ജോണി അന്തരിച്ചു

വ്യത്യസ്തമായ സംരംഭമായിരുന്നു 'നട്ടുച്ചക്കിരുട്ട്.' തിരക്കഥയും സംഭാഷണവും എഴുതിയത് നടന്‍ കൂടിയായ പി കെ എബ്രഹാം. ജോണിക്കുപുറമെ ശങ്കര്‍ മോഹന്‍, ഷീല, മീനാ മേനോന്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

എട്ട് മണിക്കൂറിനിടെ ഒരു വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് കഥാതന്തു. ജയില്‍ ചാടിവരുന്ന മൂന്ന് പേര്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കുകയും ഒടുവില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന 'ദി ഡെസ്പരേറ്റ് അവേഴ്‌സ്' എന്ന ഹോളിവുഡ് സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രം. നേരത്തെ ഹിന്ദിയില്‍ '36 ഘണ്ടേ' എന്നൊരു സിനിമ വന്നിട്ടുണ്ട് ഇതേ ആശയവുമായി. സുനില്‍ ദത്തും വിജയ് അറോറയും ഡാനിയുമായിരുന്നു അതിലെ മുഖ്യ നടന്‍മാര്‍. 1970 ല്‍ പുറത്തുവന്ന 'ഭീകര നിമിഷങ്ങള്‍' എന്ന മലയാള സിനിമയുടെ ആശയവും ഏതാണ്ടിതു തന്നെ.

''ഒന്‍പതു ദിവസം കൊണ്ട് വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കിയ പടമാണ് 'നട്ടുച്ചക്കിരുട്ട്'. കൊല്ലത്തും പരിസരത്തുമായിരുന്നു ചിത്രീകരണം. തുടക്കക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെ ജോണി അഭിനയിച്ചു,''രവിഗുപ്തന്‍ ഓര്‍ക്കുന്നു. ചെറിയൊരു വില്ലത്തരവും നന്മയുമുള്ള നായക കഥാപത്രമായിരുന്നു 'നട്ടുച്ചക്കിരുട്ടി'ലേത്. നായകനായി തുടരാന്‍ ആഗ്രഹിച്ചിട്ടും അത്തരമൊരു വേഷം പിന്നീട് ജോണിയെ തേടിവന്നില്ലെന്നതാണ് കൗതുകം. തൊട്ടുപിന്നാലെ പുറത്തു വന്ന സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ക്ലിക്ക് ചെയ്തതു കൊണ്ടാവാം.

ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?
'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'

'നട്ടുച്ചക്കിരുട്ടി'നുശേഷം രവിഗുപ്തന്‍ സംവിധാനം ചെയ്ത 'ബലൂണി'ലൂടെയാണ് നായക വേഷത്തില്‍ മുകേഷിന്റെ അരങ്ങേറ്റം. മമ്മൂട്ടിയുമുണ്ടായിരുന്നു മറ്റൊരു പ്രധാന വേഷത്തില്‍ ആ ചിത്രത്തില്‍. 'ഈ വഴി മാത്രം', 'ഒന്നും ഒന്നും പതിനൊന്ന്' എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്ത ശേഷം സിനിമയോട് വിടപറഞ്ഞു ഡോക്യുമെന്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രവിഗുപ്തന്‍ ഇപ്പോള്‍ പാലക്കാട്ട് താമസിക്കുന്നു.

1974 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍നിന്ന് സ്വര്‍ണമെഡലോടെ പാസായ രവിഗുപ്തന്‍ പ്രമുഖ ഹിന്ദി സംവിധായകരായ ബസു ചാറ്റര്‍ജി, പ്രകാശ് മെഹ്റ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചശേഷമാണ് 'ഓര്‍മകളേ വിടതരൂ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്. പ്രതാപ് പോത്തനും ശ്രീവിദ്യയുമായിരുന്നു ഈ ചിത്രത്തിലെ മുഖ്യതാരങ്ങള്‍.

logo
The Fourth
www.thefourthnews.in