'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'

'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'

നിര്‍മിച്ച പടങ്ങളിലെല്ലാം സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍. പി വി ഗംഗാധരനുമായുള്ള ആത്മബന്ധത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു രവി മേനോന്‍

ടെലിവിഷന്‍ സംഗീത പരിപാടിയില്‍ തമിഴ് സിനിമാക്കാരെ അതിഥികളായി കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ തെല്ലും നിനച്ചിരിക്കാതെ പി വി ജിയുടെ ചോദ്യം:

'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'

തമാശ പറയുകയാണെന്നാണ് കരുതിയത്. അങ്ങനെ ആര്‍ക്കും എളുപ്പം ബന്ധപ്പെടാവുന്ന ആളല്ലല്ലോ ഇസൈജ്ഞാനി. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നത് തന്നെ അപൂര്‍വം. അത്ര ഗാഢമായ സൗഹൃദമുള്ളവരോടേ മൊബൈലില്‍ സംസാരിക്കാറുള്ളൂവെന്നാണ് കേട്ടിട്ടുള്ളത്. എങ്കിലും പറഞ്ഞു: ''ആഗ്രഹമുണ്ട്. എന്തു ചെയ്യാം. നടക്കില്ലല്ലോ...''

'നടന്നാല്‍ ങ്ങള് ചെലവ് ചെയ്യുമോ' എന്ന് ഗൗരവത്തില്‍ പി വി ജിയുടെ മറുചോദ്യം. 'പിന്നെന്താ' എന്ന് ഞാന്‍.

തുടര്‍ന്ന് നടന്നതെല്ലാം സ്വപ്നതുല്യം. പി വി ജി മൊബൈല്‍ ഡയല്‍ ചെയ്യുന്നു. ആകാംക്ഷാഭരിതമായ കാത്തിരിപ്പിനൊടുവില്‍ ഫോണിന്റെ മറുതലയ്ക്കല്‍ തെന്നിന്ത്യക്ക് മുഴുവന്‍ സുപരിചിതമായ ആ ശബ്ദം: ''ഹലോ, ഗംഗന്‍ജി. സൗഖ്യം താനാ?''

'കൊച്ചു കൊച്ചു സന്തോഷങ്ങള്‍', 'അച്ചുവിന്റെ അമ്മ' എന്നീ സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന അനുഭവം ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച ശേഷം രാജാ സാര്‍ പറഞ്ഞു: ''ഗംഗന്‍ജി ഒരു രസികന്‍. പാട്ടിന്റെ ആരാധകന്‍. എന്റെ ഏറ്റവുമടുത്ത സുഹൃത്തും''

ചിരപരിതരെ പോലെ സംസാരിക്കുന്നതിനിടെ, പ്രിയ സുഹൃത്തും രാജസംഗീതത്തിന്റെ അടിയുറച്ച ആരാധകനുമായി പരിചയപ്പെടുത്തിയ ശേഷം ഫോണ്‍ എനിക്ക് കൈമാറുന്നു പി വി ജി. ഹൃദയമിടിപ്പ് ഇരട്ടിയായ നിമിഷം. ഏതാനും മിനിറ്റുകള്‍ മുന്‍പ് വരെ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത കാര്യമാണല്ലോ നടക്കാന്‍ പോകുന്നത്. സംഗീത ചക്രവര്‍ത്തിയുമായി ഒരു ടെലിഫോണിക് സംഭാഷണം.

'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'
പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യം

അന്ന് ഞങ്ങള്‍ സംസാരിച്ചതേറെയും പി വി ജിയെക്കുറിച്ച് തന്നെ. ഗൃഹലക്ഷ്മിയുടെ 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍', 'അച്ചുവിന്റെ അമ്മ' എന്നീ സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന അനുഭവം ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച ശേഷം രാജാ സാര്‍ പറഞ്ഞു: ''ഗംഗന്‍ജി ഒരു രസികന്‍. പാട്ടിന്റെ ആരാധകന്‍. എന്റെ ഏറ്റവുമടുത്ത സുഹൃത്തും.''

ഫോണ്‍വച്ച ശേഷം പി വി ജി പറഞ്ഞ വാക്കുകള്‍ ഇന്നുമോര്‍ക്കുന്നു: ''ങ്ങളെ പോലെ പാട്ടിന്റെ ആളൊന്നും അല്ല നമ്മള്. എന്നാലും ഒരു പാട്ട് കേട്ടാല്‍ നല്ലതോ മോശമോ എന്ന് പറയാന്‍ പറ്റും. മോശായി തോന്ന്യാല്‍ അത് തുറന്നുപറയുകയും ചെയ്യും. ഗൃഹലക്ഷ്മിയുടെ പടങ്ങള്‍ ചെയ്ത സംവിധായകരൊക്കെ നല്ല സംഗീതത്തിന്റെ ആള്‍ക്കാര്‍. അതുകൊണ്ട് നമുക്ക് നല്ല കൊറേ പാട്ടുകള്‍ കേള്‍ക്കാന്‍ പറ്റി. മ്മടെ ഭാഗ്യം എന്നേ പറയാന്‍ പറ്റൂ...''

സിനിമാപ്രേമികളുടെയും എന്ന് കൂട്ടിച്ചേര്‍ക്കണം നാം. കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഗൃഹലക്ഷ്മിയുടെ ബാനറില്‍ പുറത്തുവന്ന 23 ചിത്രങ്ങളില്‍ മലയാളികള്‍ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങള്‍ എത്രയെത്ര. ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത (1977)യില്‍ തുടങ്ങുന്നു മെലഡിയുടെ ആ ഘോഷയാത്ര. നടപ്പുശൈലിയില്‍നിന്ന് വ്യത്യസ്തമായി ഒരു ഉത്തരേന്ത്യന്‍ സ്പര്‍ശം സുജാതയിലെ പാട്ടുകള്‍ക്ക് ഉണ്ടാകുമെങ്കില്‍ നന്നായിരിക്കുമെന്ന അഭിപ്രായം പങ്കുവച്ചവരായിരുന്നു ഹരിഹരനും പി വി ജിയും. ഇനിയുള്ള കഥ ഹരിഹരന്റെ വാക്കുകളില്‍:

''ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായതുകൊണ്ട് സ്ഥിരം ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പാട്ടുകള്‍ വേണമെന്ന് എനിക്കും പി വി ഗംഗാധരനും ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് യേശുദാസ് രവീന്ദ്ര ജെയ്നിന്റെ പേര് പറയുന്നത്. 'ചിത്‌ചോര്‍' ഒക്കെ ചെയ്തു ബോളിവുഡില്‍ അദ്ദേഹം തിളങ്ങി നില്ക്കുന്ന സമയം. ദാസിനെ വലിയ ഇഷ്ടവുമാണ് ജെയ്നിന്. മുംബൈയില്‍ ചെന്ന് രവീന്ദ്ര ജെയ്നിനെ കാണാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു. പി വി ജിക്കും മങ്കൊമ്പ് ഗോപാലകൃഷ്ണനും ഒപ്പം അവിടെ ചെന്നപ്പോഴാണ് അമ്പരപ്പിക്കുന്ന ഒരു സത്യം അറിയുന്നത്. പൂര്‍ണമായും അന്ധനാണ് ജെയ്ന്‍. എങ്കിലും അതൊന്നും ഗാനസൃഷ്ടിയില്‍ അദ്ദേഹത്തിനൊരു പരിമിതിയല്ല.''

'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'
വേണു പാടി: 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..?'

രവീന്ദ്ര ജെയ്നിന്റെ ഈണങ്ങള്‍ക്കൊത്ത് മങ്കൊമ്പ് എഴുതിയതാണ് സുജാതയിലെ പാട്ടുകള്‍ എല്ലാം. കവി കൂടി ആയതുകൊണ്ട് വരികളുടെ അര്‍ത്ഥം ചോദിച്ചു മനസ്സിലാക്കിയ ശേഷമേ ജെയ്ന്‍ കമ്പോസ് ചെയ്യാന്‍ തുടങ്ങൂ. യേശുദാസ് പാടിയ കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ എന്നീ പാട്ടുകള്‍ ആണ് ആദ്യം റെക്കോര്‍ഡ് ചെയ്തത്. അത് കഴിഞ്ഞപ്പോള്‍ ഒരു ഗാനം ആശ ഭോസ്ലെയേ കൊണ്ട് പാടിച്ചാലോയെന്ന് പി വി ജിക്ക് ആഗ്രഹം. 'സ്വയംവര ശുഭദിന മംഗളങ്ങള്‍' ഉണ്ടാകുന്നത് അങ്ങനെയാണ്.

ഗാനസൃഷ്ടിയില്‍ മാത്രമല്ല സിനിമയുടെ തനിക്ക് അപരിചിതമായ സാങ്കേതിക മേഖലകളില്‍ ഒന്നും കൈകടത്താതിരിക്കാനുള്ള ഔചിത്യം കാണിച്ച നിര്‍മാതാവായിരുന്നു പി വി ജി എന്ന് പറയും കെ ജയകുമാര്‍

'സുജാത'യുടെ ബോക്‌സ് ഓഫീസ് വിജയത്തില്‍ പാട്ടുകള്‍ക്കും ഉണ്ടായിരുന്നു നിര്‍ണായക പങ്ക്. തുടര്‍ന്നുള്ള പടങ്ങളിലും കേട്ടു കാലാതിവര്‍ത്തിയായ ഗാനങ്ങള്‍. നിമിഷങ്ങള്‍ പോലും വാചാലമാകും, പ്രഭാതം പൂമരക്കൊമ്പില്‍ (മനസാ വാചാ കര്‍മണാ), പാവാട വേണം, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ (അങ്ങാടി), കാറ്റു താരാട്ടും (അഹിംസ), ഏഴു സ്വരങ്ങളും, സമയരഥങ്ങളില്‍ ഞങ്ങള്‍ (ചിരിയോ ചിരി), ഗോപികേ നിന്‍ വിരല്‍ (കാറ്റത്തെ കിളിക്കൂട്), പൊന്‍പുലരൊളി, ഓമനത്തിങ്കള്‍ കിടാവോ (ഇത്തിരിപ്പൂവേ ചുവന്നപൂവേ), സായന്തനം നിഴല്‍ വീശിയില്ല (ഒഴിവുകാലം), ഇന്നലെകള്‍ (വാര്‍ത്ത), ചന്ദനലേപസുഗന്ധം, ഇന്ദുലേഖ കണ്‍ തുറന്നു (ഒരു വടക്കന്‍ വീരഗാഥ), അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ, മഴവില്‍ കൊതുമ്പിലേറി വന്ന (അദ്വൈതം), നന്ദകിശോരാ ഹരേ (ഏകലവ്യന്‍), സിന്ദൂരം പെയ്തിറങ്ങി, ആദ്യമായ് കണ്ട നാള്‍ (തൂവല്‍ക്കൊട്ടാരം), ചെമ്പകപ്പൂ മൊട്ടിനുള്ളില്‍, പാര്‍വണ പാല്‍മഴ (എന്ന് സ്വന്തം ജാനകിക്കുട്ടി), പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു, വിശ്വം കാക്കുന്ന നാഥാ (വീണ്ടും ചില വീട്ടുകാര്യങ്ങള്‍), കോടമഞ്ഞിന്‍ താഴ്വരയില്‍, ഘനശ്യാമ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍), ആറ്റുനോറ്റുണ്ടായൊരുണ്ണി (ശാന്തം), എന്ത് പറഞ്ഞാലും, താമരക്കുരുവിക്ക് (അച്ചുവിന്റെ അമ്മ), ഹൃദയവും ഹൃദയവും (നോട്ട് ബുക്ക്)...

ഗാനസൃഷ്ടിയില്‍ മാത്രമല്ല സിനിമയുടെ തനിക്ക് അപരിചിതമായ സാങ്കേതിക മേഖലകളില്‍ ഒന്നും കൈകടത്താതിരിക്കാനുള്ള ഔചിത്യം കാണിച്ച നിര്‍മാതാവായിരുന്നു പി വി ജി എന്ന് പറയും കെ ജയകുമാര്‍. മറ്റു പല നിര്‍മാതാക്കളെയും പോലെ അനവസരത്തില്‍, അനാവശ്യമായി വിദഗ്ധാഭിപ്രായം തട്ടിമൂളിക്കുന്ന ഏര്‍പ്പാടും അദ്ദേഹത്തിന് ഇല്ലായിരുന്നു. ''എന്റെ സിനിമാ പ്രവേശത്തില്‍ പി വി ജിക്ക് നിര്‍ണായക പങ്കുണ്ട്. പാട്ടെഴുതാനുള്ള അവസരം ഞാന്‍ അദ്ദേഹത്തില്‍നിന്ന് ചോദിച്ചു വാങ്ങുകയായിരുന്നു. അടുത്ത പടത്തില്‍ ആവട്ടെ എന്നായിരുന്നു മറുപടി. ഒഴിവുകാലത്തില്‍ എഴുതാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: എന്ത് ധൈര്യത്തിലാണ് എന്നെക്കൊണ്ട് പാട്ടെഴുതിക്കുന്നത്. ഈ വിദ്യ എനിക്ക് വഴങ്ങുമെന്ന് അങ്ങേക്ക് വിശ്വാസമുണ്ടോ?''

'ങ്ങക്ക് ഇളയരാജയുമായി സംസാരിക്കണോ?'
കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

ചിരിച്ചുകൊണ്ട് പി വി ജിയുടെ മറുപടി: ''അറിയുമെന്ന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണല്ലോ നിങ്ങള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത്. പിന്നെ എന്തിന് സംശയിക്കണം?'' ജയകുമാറിന്റെ മാസ്റ്റര്‍പീസ് ഗാനമായ 'ചന്ദനലേപ സുഗന്ധം' പിറന്നതും പി വി ജിയുടെ സിനിമയില്‍ തന്നെ: ഒരു വടക്കന്‍ വീരഗാഥ.

''ഇത്രയും മ്യൂസിക്കല്‍ ഹിറ്റുകള്‍ ചെയ്ത ആളല്ലേ? സ്വന്തം പടങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഏതാണെന്ന് ചോദിച്ചാല്‍....? ഒരിക്കല്‍ ആരാഞ്ഞിട്ടുണ്ട് പി വി ജിയോട്. ഏതെന്ന് പറഞ്ഞില്ല അദ്ദേഹം. പകരം സ്വന്തം ഫോണിലേക്ക് വിളിക്കാനായിരുന്നു നിര്‍ദേശം. ഡയല്‍ ചെയ്തപ്പോള്‍ മറുപുറത്ത് പ്രണയാര്‍ദ്രമായ ആ ഹലോ ട്യൂണ്‍: 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെ ഓതിവന്നുവോ...' പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'അദ്വൈത'ത്തില്‍ കൈതപ്രം -എം ജി രാധാകൃഷ്ണന്‍ ടീമിനുവേണ്ടി എം ജി ശ്രീകുമാറും ചിത്രയൂം പാടിയ ഗാനം. എന്നും അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്ന പാട്ട്.

ഓര്‍മയില്‍ പി വി ജിയുടെ അവസാനത്തെ ഫോണ്‍ കോളുണ്ട്. ''നാല് കൊല്ലം കൂടി കഴിഞ്ഞാല്‍ മ്മടെ സിനിമാ ജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആയി. അതൊന്ന് ഉഷാറാക്കണം...''

ആ സുവര്‍ണ ജൂബിലി ഇനിയൊരു സുന്ദര സ്വപ്നം. അകലെയെങ്ങോ ഇരുന്ന്, മൊബൈലില്‍ നോക്കിക്കൊണ്ട് ആ സ്വപ്നം ആസ്വദിക്കുന്ന പി വി ജി എന്ന പ്രിയപ്പെട്ട ഗംഗേട്ടനെ മനസ്സില്‍ കാണുന്നു ഞാന്‍.

logo
The Fourth
www.thefourthnews.in