വേണു പാടി: 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..?'

വേണു പാടി: 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..?'

നെടുമുടി വേണു ഓര്‍മയായിട്ട് രണ്ടു വര്‍ഷം

ബി വേണുഗോപാലന്‍ നായര്‍ എന്ന വേണുച്ചേട്ടന്‍ മറന്നിട്ടില്ല ഒന്നും; പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും.

മൈക്കിലേക്ക് ഹൃദയം തുറന്ന് പാടുകയാണ് രണ്ടു യുവ വേണുമാരും സ്വാമിയും. നെടുമുടി വേണു, വേണു നാഗവള്ളി, പിന്നെ ഗിറ്റാറിസ്റ്റ് എസ് എ സ്വാമി. പാടുന്നതാകട്ടെ, ആക്ഷേപഹാസ്യം നിറഞ്ഞുതുളുമ്പുന്ന അയ്യപ്പപ്പണിക്കരുടെ ജനകീയ കവിത: ''വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ താന്‍ കള്ളനെന്നു വിളിച്ചില്ലേ?''

അന്ന് എക്കോഡിയനില്‍ കവിതയ്ക്ക് അകമ്പടി സേവിച്ച വേണുച്ചേട്ടന് ആ ദിവസം പോലും ഓര്‍മയുണ്ട്: 1977 ഫെബ്രുവരി 16. ''സിനിമാപ്പാട്ടുകള്‍ക്കൊക്കെ എക്കോഡിയന്‍ വായിച്ചിട്ടുണ്ടെങ്കിലും ഒരു കവിതക്ക് വേദിയില്‍ അകമ്പടി സേവിക്കുന്നത് ആദ്യമായിട്ടായിരുന്നു. നിറഞ്ഞ സദസ്സാണ് പരിപാടി കാണാനും കേള്‍ക്കാനും എത്തിയത്. അതും ഒരു അപൂര്‍വത.''

പിന്നീട് കേരളമെങ്ങും പ്രചരിച്ച 'ചൊല്‍ക്കാഴ്ച' എന്ന കവിതാവതരണത്തിന്റെ തുടക്കം ഈ പരിപാടിയില്‍ നിന്നാണ്. നെടുമുടിയും നാഗവള്ളിയും സിനിമയില്‍ സജീവമായിട്ടില്ല അന്ന്. നെടുമുടി നായകനായ 'ആരവം' പുറത്തിറങ്ങിയത് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ്. എങ്കിലും ആ പടത്തിന് വേണ്ടി കാവാലം -എം ജി രാധാകൃഷ്ണന്‍ സഖ്യം ഒരുക്കിയ 'മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ' എന്ന പാട്ട് മനോധര്‍മപ്രകടനത്തോടെ നെടുമുടി വേദിയില്‍ പാടുന്നത് വേണുച്ചേട്ടന്റെ ഓര്‍മയിലുണ്ട്.

തിരുവനന്തപുരം തൈക്കാട് അമ്മന്‍ കോവിലിനു സമീപം ഇപ്പോള്‍ ഭാരത് ഭവന്‍ നില്‍ക്കുന്ന സ്ഥലത്ത് പ്രത്യേകമായി കെട്ടിയുയര്‍ത്തിയ സ്റ്റേജിലാണ് ചൊല്‍ക്കാഴ്ച അരങ്ങേറിയത്. കവിതാലാപനത്തിന് അകമ്പടി സേവിച്ചത് മണി (തബല), ശ്രീകണ്ഠന്‍ (കോംഗോ ഡ്രം), ശ്യാം (ഗിറ്റാര്‍), ജോസ് (ഓര്‍ഗന്‍) എന്നിവര്‍. '' ആകാശവാണിയില്‍ വെച്ച് എം ജി രാധാകൃഷ്ണന്‍ കവിത ചിട്ടപ്പെടുത്തുമ്പോള്‍ ഞാനും എസ് എ സ്വാമിയും കൂടെയുണ്ട്. എം ജി ആറിന്റെ വീട്ടില്‍ വച്ചായിരുന്നു റിഹേഴ്സല്‍. പിന്നീട് ഓണക്കാലത്ത് അതേ കവിത ആകാശവാണി പ്രക്ഷേപണം ചെയ്തതായാണ് ഓര്‍മ,'' വേണു.

റേഡിയോയില്‍ വന്നതോടെ കവിത കാമ്പസുകള്‍ ഏറ്റെടുത്തു. ചൊല്‍ക്കാഴ്ചയ്ക്ക് ധാരാളം ആരാധകരുണ്ടായി. നിരവധി വേദികളില്‍ പില്‍ക്കാലത്ത് നെടുമുടി വേണു ഈ കവിത ആലപിച്ചുകേട്ടിട്ടുണ്ട്.

വെറുമൊരു മോഷ്ടാവായോരെന്നെ

കള്ളനെന്നു വിളിച്ചില്ലേ,താന്‍

കള്ളനെന്നു വിളിച്ചില്ലേ?

തുണി മോഷ്ടിച്ചതു കാണുന്നവരുടെ

നാണം കാക്കാനായിരുന്നല്ലോ-അവരുടെ

നാണം കാക്കാനായിരുന്നല്ലോ.

കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്

പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു

പൊരിച്ചു തിന്നാനായിരുന്നല്ലോ.

പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു

പാലു കുടിക്കാനായിരുന്നല്ലോ-പശുവിന്‍

പാലു കുടിക്കാനായിരുന്നല്ലോ.

കോഴിയിറച്ചീം പശുവിന്‍ പാലും

വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ-എന്റെ

വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ.

നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ

കള്ളനാക്കും നിങ്ങടെ ചട്ടം

മാറ്റുക മാറ്റുക ചട്ടങ്ങളെയവ

മാറ്റും നിങ്ങളെയല്ലെങ്കില്‍.

''ഇന്ന് ഈ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ ദുഃഖം തോന്നും,''വേണുച്ചേട്ടന്‍ പറയുന്നു. 'ഇതിലുള്ള മിക്കവരും ഓര്‍മയാണ്. സകലകലാവല്ലഭനായ നെടുമുടി ഉള്‍പ്പെടെ. അപൂര്‍വ പ്രതിഭാശാലികളായിരുന്നു അവരൊക്കെ.''

യേശുദാസ്, കമുകറ പുരുഷോത്തമന്‍, കോഴിക്കോട് അബ്ദുള്‍ഖാദര്‍, ഉദയഭാനു, എസ് ജാനകി, സുശീല, ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, നെടുമുടി വേണു, വേണു നാഗവള്ളി, മാധുരി, കമല കൈലാസനാഥന്‍ , ലത കൈലാസ്, ചിത്ര, സുജാത, അരുന്ധതി.... സുദീര്‍ഘമായ സംഗീതജീവിതത്തില്‍ വേണുഗോപാലന്‍ നായരുടെ എക്കോഡിയന്‍ അകമ്പടി സേവിച്ച ഗായകശബ്ദങ്ങളുടെ നിര തലമുറകളില്‍നിന്ന് തലമുറകളിലേക്ക് നീളുന്നു.

വേണു പാടി: 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..?'
ഇങ്ങനേയും ഒരു മഞ്ജരി

തിരുവനന്തപുരം മേട്ടുക്കടയില്‍ 1965ല്‍ നടന്ന മുഹമ്മദ് റഫിയുടെ ഗാനമേളയില്‍ നിന്ന് തുടങ്ങിയതാണ് എക്കോഡിയനുമായുള്ള സുദീര്‍ഘമായ ആത്മബന്ധം. ''എസ് എം എം എ ഖാദര്‍ എന്ന പ്രമാണിയുടെ മകളുടെ കല്യാണത്തിന് പാടാന്‍ എത്തിയതായിരുന്നു റഫി. നഗരം മുഴുവന്‍ ഒരൊറ്റ മനസ്സോടെ മേട്ടുക്കടയിലേക്ക് ഒഴുകിയെത്തിയ സായാഹ്നം. ശ്വാസംമുട്ടിക്കുന്ന തിരക്കിനിടയിലൂടെ ഊളിയിട്ട് സ്റ്റേജിനു മുന്നിലെത്തിയപ്പോള്‍ അന്തം വിട്ടുപോയി. അവിടെ വാദ്യോപകരണങ്ങളുടെ പൂരം. അത്രയും വലിയ ഓര്‍ക്കസ്ട്ര ആദ്യം കാണുകയായിരുന്നു. വയലിന്‍, തബല, ഫ്‌ളൂട്ട്, കോംഗോസ്, ബോംഗോസ്, സിതാര്‍, ട്രംപെറ്റ്, സാക്‌സഫോണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍. പക്ഷേ കാഴ്ചയില്‍ 'രാജാവ്' എക്കോഡിയന്‍ തന്നെ. അന്ന് മനസ്സില്‍ ഉദിച്ചതാണ് ഈ ഉപകരണം പഠിച്ചെടുത്ത് എന്നെങ്കിലും സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന മോഹം.''

പുതിയൊരു എക്കോഡിയന്‍ സ്വന്തമാക്കുക എളുപ്പമല്ല അക്കാലത്ത്. വിലയാണെങ്കില്‍ സാധാരണക്കാരന് താങ്ങാനാവാത്തതും. ഗാന്ധിനഗറില്‍ താമസിച്ചിരുന്ന ഒരു ക്രിസ്ത്യന്‍ പാതിരിയില്‍നിന്നാണ് ഒടുവില്‍ വേണുഗോപാലന്‍ നായര്‍ മൂവായിരം രൂപ മുടക്കി തന്റെ ആദ്യ എക്കോഡിയന്‍ സംഘടിപ്പിച്ചത്. ഇറ്റലിയില്‍ നിര്‍മിച്ച ആ എക്കോഡിയന്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ മറ്റൊരു പ്രശ്‌നം: ഇനി ഇതെങ്ങനെ പഠിച്ചെടുക്കും? കേരളത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലാത്ത ഉപകരണമായിരുന്നതിനാല്‍ വിദഗ്ധനായ ഗുരുവിനെ കണ്ടെത്തുക തീര്‍ത്തും ദുഷ്‌കരം. ഒടുവില്‍, ജോണ്‍സണ്‍ ലോബോ വേണുഗോപാലന്റെ രക്ഷയ്‌ക്കെത്തുന്നു. പേട്ടയില്‍ സംഗീതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കട നടത്തിയിരുന്ന ലോബോയില്‍നിന്നാണ് എക്കോഡിയന്റെ അടിസ്ഥാന തത്വങ്ങള്‍ വേണു ഹൃദിസ്ഥമാക്കിയത്. ബാക്കിയുള്ള പരിശീലനം സ്വന്തം വക. ശാസ്ത്രീയമായ പഠനത്തെക്കാള്‍ പ്രായോഗിക ജ്ഞാനത്തിന് എന്നും മുന്‍തൂക്കം നല്‍കിയിരുന്ന വേണുവിന് അതത്ര പ്രയാസമുള്ള ദൗത്യമായി തോന്നിയില്ല എന്നതാണ് സത്യം.

വേണു പാടി: 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..?'
സ്നേഹഗീതം പോലെ ഒരു ഫോട്ടോ; വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിയെ തേടിയെത്തുമ്പോൾ ഈ അനർഘനിമിഷത്തിന് മൂല്യമേറുന്നു

ലൂമിയര്‍ അവാര്‍ഡ് ദാനത്തിന്റെ ഭാഗമായി 1972ല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗാനമേളയില്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിന് അകമ്പടി സേവിക്കാന്‍ എത്തുമ്പോഴേക്കും എക്കോഡിയന്റെ ബാസ്, മെലഡി ബട്ടനുകളെ വരുതിക്ക് നിര്‍ത്താന്‍ പഠിച്ചുകഴിഞ്ഞിരുന്നു വേണു. തിരുവനന്തപുരത്തെ അന്നത്തെ അറിയപ്പെടുന്ന എക്കോഡിയന്‍ ആര്‍ട്ടിസ്റ്റായിരുന്ന ജോസിനെ പിന്തുടര്‍ന്ന് വേണുഗോപാലന്‍ നായരും പൊതുപരിപാടികളില്‍ സജീവ സാന്നിധ്യമായി മാറിത്തുടങ്ങുന്നത് ആ ഗാനമേളയോടെയാണ്.

''എത്രയോ ഗായകരുടെ ഉദയവും അസ്തമയവും അടുത്തുനിന്നു കണ്ടു. ഗാനമേളകളുടെ രൂപഭാവങ്ങളില്‍ വന്ന വിപ്ലവാത്മകമായ മാറ്റങ്ങളില്‍ പങ്കാളിയായി. സദസ്സിന്റെ അഭിരുചികള്‍ കാലത്തിനൊപ്പം മാറി മറിയുന്നതെങ്ങനെയെന്ന് മനസ്സിലാക്കി. ഒപ്പംനിന്ന് പാടിത്തുടങ്ങി പിന്നീട് പ്രശസ്തിയിലേക്ക് പറന്നുയര്‍ന്ന ചിലരെങ്കിലും ഇന്ന് കാണുമ്പോഴും തിരിച്ചറിയുന്നുവെന്നതാണ് എക്കോഡിയന്‍ എനിക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ ഒന്ന്,'' പ്രശസ്തമായ തണ്ടര്‍ ബേര്‍ഡ്‌സ് ഓര്‍ക്കസ്ട്രയുടെ ഭാഗമായി കേരളത്തിലുടനീളം ഗാനമേളകളില്‍ പങ്കെടുത്തിട്ടുള്ള വേണുഗോപാലന്‍ നായരുടെ വാക്കുകള്‍.

logo
The Fourth
www.thefourthnews.in