മാഞ്ഞുപോയ മഞ്ഞൾ പ്രസാദം!

മാഞ്ഞുപോയ മഞ്ഞൾ പ്രസാദം!

മോനിഷ വിടപറഞ്ഞ് മുപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ഓർമ്മകൾ പങ്കുവച്ച് വിനീത്
മാഞ്ഞുപോയ മഞ്ഞൾ പ്രസാദം!
മോനിഷ ഉണ്ണി ; മലയാളികളെ വേദനിപ്പിച്ച ആ വേർപാടിന് ഇന്ന് 30 വർഷം

1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷ വിട പറഞ്ഞത്. മുപ്പത് വര്‍ഷം കഴിഞ്ഞെന്ന് സത്യത്തില്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സമയം എത്ര വേഗത്തിലാണ് കടന്നുപോകുന്നത്. മോനിഷയുടെ കൂടെ അഭിനയിച്ച കാലം, ഞങ്ങള്‍ നഖക്ഷതങ്ങളില്‍ ഒരുമിച്ച് തുടങ്ങിയതൊക്കെ നല്ല ഓര്‍മ്മയുണ്ട്. മോനിഷയുടെ കുടുംബവുമായൊക്കെ ഇപ്പോഴും നല്ല ബന്ധമാണ്.

ഹരിഹരന്‍ സാറാണ് 'കുട്ടികളായിരുന്ന ' ഞങ്ങളെ കൊണ്ട് പെര്‍ഫോം ചെയ്യിപ്പിച്ചത്

എന്‌റെ രണ്ടാമത്തെ സിനിമയും മോനിഷയുടെ ആദ്യ സിനിമയുമായിരുന്നു നഖക്ഷതങ്ങള്‍. മോനിഷയ്ക്ക് അന്ന് പതിമൂന്ന് വയസും എനിക്ക് പതിനാറ് വയസുമായിരുന്നു.   രണ്ടുപേര്‍ക്കും ഡാന്‍സ് അറിയാമെന്നല്ലാതെ അഭിനയിക്കുന്നതിനെ കുറിച്ചോ മോഡുലേഷനെ കുറിച്ചോ , അങ്ങനെ ഒന്നും അറിയില്ല. ഞാന്‍ അന്ന് ചെറുതായൊക്കെ മലയാളം വായിക്കാന്‍ തുടങ്ങിയ കാലമാണ്. എം ടി സാറിനെ ഒക്കെ അതുകൊണ്ട് അറിയാം, എത്ര വലിയ ആളാണെന്നൊക്കെ. പക്ഷെ അവര്‍ക്കൊപ്പം തുടക്കക്കാലത്ത് ഒരു സിനിമ ചെയ്യുന്നതിന്‌റെ വാല്യൂ പക്ഷെ ഇപ്പോഴത്തെ പോലെ തിരിച്ചറിഞ്ഞിരുന്നില്ല , അതിനുള്ള പ്രായം അന്ന് ഉണ്ടായിരുന്നില്ല

നഖക്ഷതങ്ങള്‍ എനിക്കും മോനിഷയ്ക്കും ഒരു ഫുള്‍ഫ്‌ളജഡ് ആക്ടിങ് കോഴ്‌സായിരുന്നു

ഹരിഹരന്‍ സാറാണ് 'കുട്ടികളായിരുന്ന ' ഞങ്ങളെ കൊണ്ട് പെര്‍ഫോം ചെയ്യിപ്പിച്ചത്. ആ കാലത്ത് ഹരിഹരന്‍ സാറിനെയും എം ടിയേയും പോലുള്ള മാസ്‌റ്റേഴ്‌സിന് മാത്രമേ അത് സാധിക്കുമായിരുന്നുള്ളു. തുടക്കക്കാരെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു . പിന്നെ ഭരതേട്ടന്‍  (ഭരതന്‍) പപ്പേട്ടന്‍ , (പത്മരാജന്‍ ) ഇവരൊക്കെയാണ് കുറേ പുതുമുഖങ്ങളെ ആ കാലത്ത് കൊണ്ട് വന്നത്. നഖക്ഷതങ്ങള്‍ എനിക്കും മോനിഷയ്ക്കും ഒരു ആക്ടിങ് കോഴ്‌സിന് ചേര്‍ന്ന പോലെയായിരുന്നു . അവിടുന്നാണ് ഞങ്ങള്‍ രണ്ടുപേരും അഭിനയത്തിന്‌റെ ബേസിക്‌സ് പഠിച്ചത്. എങ്ങനെ ക്യാമറയെ ഫേസ് ചെയ്യണം , മറ്റൊരു കഥാപാത്രത്തെ മറക്കാതെ എങ്ങനെ നില്‍ക്കാം , ലൈറ്റ് എങ്ങനെ റിഫ്‌ള്ക്ട് ചെയ്യും, അങ്ങനെ എല്ലാം ആ സെറ്റില്‍ നിന്നാണ് പഠിച്ചത് .

ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ ലോകം അറിയുന്ന അഭിനേത്രിയായേനെ, ഒപ്പം പ്രഗത്ഭയായ ഡാന്‍സറും

പക്ഷെ ഞങ്ങള്‍ക്ക് അതൊരു വിനോദയാത്ര പോലെയായിരുന്നു. റൊമാന്‌റിക് സീനിലൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര ചിരിയായിരുന്നു. കളിയും ചിരിയും തമാശയുമൊക്കെയായിട്ടാണ് പോയത്. ഹരിഹരന്‍ സാര്‍ പറഞ്ഞു കൊടുത്ത് അഭിനയിച്ചിട്ട് പോലും മോനിഷ ആ സിനിമയില്‍ ദേശീയ അവാര്‍ഡ് വാങ്ങി. ഗൗരി എന്ന കഥാപാത്രത്തെ അത്ര മനോഹരമായാണ് മോനിഷ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയം ജന്മസിദ്ധമായി തന്നെ മോനിഷയില്‍ ഉണ്ടായിരുന്നു. നാച്ചുറല്‍ ആക്ടിങ് , വെരി ലവബിള്‍,  വെരി ടാലന്‌റഡ് … ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ ലോകം അറിയുന്ന അഭിനേത്രിയായേനെ! ഒപ്പം പ്രഗത്ഭയായ ഡാന്‍സറും, ശോഭനയെ പോലെയൊക്കെ...

അപ്പോഴേക്കും പഴയ കുട്ടികളിയൊക്കെ വിട്ട് ഇരുത്തം വന്ന ഒരു കലാകാരിയായി മാറിയിരുന്നു മോനിഷ

ഞങ്ങള്‍ എപ്പോഴും സംസാരിച്ചിരുന്നത് ഡാന്‍സിനെ പറ്റിയായിരുന്നു. ഞാന്‍ അപ്പോള്‍ കോഴിക്കോട് വന്ന് ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. പക്ഷെ മോനിഷ ചെറിയ പ്രായത്തില്‍ തന്നെ അഡയാര്‍ ലക്ഷ്മണ്‍ സാറിനെ പോലൊരു മഹാപ്രതിഭയ്ക്ക് കീഴില്‍ ശാസ്ത്രീയ നൃത്തം, അഭ്യസിക്കേണ്ട രീതിയില്‍ ചിട്ടയോടെ പഠിച്ച് വന്നയാളാണ്. ആ പ്രായത്തിലേ കച്ചേരിയൊക്കെ നടത്തുന്ന ആളായിരുന്നു മോനിഷ. തലശേരിയില്‍ നടത്തിയൊരു കച്ചേരി കണ്ട് നമ്മളൊക്കെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

നഖക്ഷതങ്ങള്‍ കഴിഞ്ഞിട്ട് ഋതുഭേദമാണ് ഒരുമിച്ച് ചെയ്ത സിനിമ , പിന്നെ കനകാംബരങ്ങള്‍,  അതുകഴിഞ്ഞ്  ഡിഗ്രി ചെയ്യാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി . ചെറിയൊരു ഇടവേള എടുത്തു. ആ സമയത്ത് മോനിഷ സിനിമയില്‍ കൂടുതല്‍ സജീവമായി. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളൊക്കെ ചെയ്തു തുടങ്ങിയിരുന്നു. നഖക്ഷതങ്ങളുടെ തമിഴ് റീമേക്ക് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍. അങ്ങനെയിരിക്കുന്ന സമയത്താണ് ഞങ്ങള്‍ കമലദളത്തില്‍ വീണ്ടും ഒരുമിച്ച് വന്നത്. അപ്പോഴേക്കും പഴയ കുട്ടിക്കളിയൊക്കെ വിട്ട് ഇരുത്തം വന്ന ഒരു കലാകാരിയായി മാറിയിരുന്നു മോനിഷ . സര്‍ഗത്തിനൊക്കെ ശേഷം ഞാനും അഭിനയത്തെ വളരെ സീരിയസായ ഒരു പ്രൊഫഷനായി കാണാന്‍ തുടങ്ങിയിരുന്നു .

മോനിഷ അത്രമേല്‍ ആസ്വദിച്ച വേറെ ഒരു ഷോ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു


മോനിഷയുടെ അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ടാകും. കനകാംബരങ്ങളിലെ ഒരു പാട്ടിന്‌റെ ചിത്രീകരണം ഭാരതപ്പുഴയിലായിരുന്നു. അന്നുരാത്രി പെട്ടെന്ന് മോനിഷയുടെ അച്ഛന് ഹൃദയാഘാതമുണ്ടായി. നമ്മളെല്ലാവരും കൂടിയാണ് അന്ന് ആശുപത്രിയിലെത്തിച്ചതൊക്കെ. അന്ന് സത്യത്തില്‍ പേടിച്ചുപോയി. അതുകൊണ്ട് ആ സംഭവങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല. നല്ലൊരു സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു, പരസ്പര ബഹുമാനമുള്ള ഒരു ബന്ധമായിരുന്നു അത്.

 1992 ജൂണിലോ - ജൂലൈയിലോ മറ്റോ  ലാലേട്ടന്‌റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ദുബായില്‍, മോഹന്‍ലാല്‍ ഷോ . വലിയ വിജയമായ ഒരു ഷോ ആയിരുന്നു അത് . ഞങ്ങളെല്ലാം വളരെയധികം ആസ്വദിച്ച ഒരു യാത്രയും ഷോയുമായിരുന്നു അത്.  അന്ന് മോനിഷയുടെ സഹോദരന്‍ കുടുംബത്തോടൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. സഹോദരന്‌റെ കുഞ്ഞിന് അന്ന് ഒരു വയസാണ്. അവരോടൊപ്പമായിരുന്നു മോനിഷ താമസിച്ചിരുന്നത്. വളരെ സന്തോഷമുള്ള കുറേ ദിവസങ്ങളായിരുന്നു അത്. ഞങ്ങളെ കൂടാതെ രേവതി, (രേവതിക്ക് മോനിഷയോട് വളരെ അടുപ്പമുണ്ടായിരുന്നു )  ഇന്നസെന്‌റേട്ടന്‍, വേണു ചേട്ടന്‍, സുകുമാരി ആന്‌റി അങ്ങനെ എല്ലാവരും ചേര്‍ന്നുള്ള ഒരുമാസത്തെ പരിപാടിയായിരുന്നു. മോനിഷ അത്രമേല്‍ ആസ്വദിച്ച വേറെ ഒരു ഷോ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. അവിടുന്ന് വന്ന ഉടനെ കമലദളത്തിന്‌റെ വിജയാഘോഷങ്ങളിലേക്കാണ് ഞങ്ങള്‍ പോയത്. നൂറോ നൂറ്റി ഇരുപത്തിയഞ്ചോ ദിവസത്തിന്‌റെ വലിയ ആഘോഷ പരിപാടികളൊക്കെ ഉണ്ടായിരുന്നു, ചെന്നൈയില്‍ വച്ച് . ഞാന്‍ അപ്പോള്‍ തമിഴ് സിനിമയൊക്കെ ചെയ്ത് തുടങ്ങിയിരുന്നു. ലാലേട്ടനോടൊപ്പം മോനിഷയുടെ പുതിയ സിനിമയും ആ സമയത്ത് തീരുമാനമായിരുന്നു. സുരേഷ് ബാലാജി ആയിരുന്നു നിര്‍മ്മാതാവ് . ആ സമയത്താണ് ഈ അപകടമുണ്ടായതും മോനിഷ നമ്മളെ വിട്ട് പിരിഞ്ഞതും

ആ ട്രാജഡി, ടെറിബിള്‍ എപ്പിസോഡ് ഇപ്പോഴും വിശ്വസിക്കാനാകാത്തതാണ്. തലേദിവസം വരെ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു . ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമാ സെറ്റില്‍,  മോനിഷ ജി എസ് വിജയന്‌റെ സിനിമയിലും . പക്ഷെ ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. മോനിഷയും ശ്രീദേവി ആന്‌റിയും വിദ്യാമ്മയും (ശ്രീവിദ്യ) എല്ലാം. സത്യത്തില്‍ അങ്ങോട്ടുള്ള യാത്രപോലും ഒരുമിച്ചായിരുന്നു. ഞാനും വിദ്യാമ്മയും മദ്രാസില്‍ നിന്നും അവര്‍ ബാംഗ്ലൂരില്‍ നിന്നും ഒരുമിച്ചാണ് വന്നത്. (ബാംഗ്ലൂരില്‍ നിന്ന് ട്രാന്‍സിറ്റ് ആണ് അന്ന് ) ചമ്പക്കുളം തച്ചന്‍ ഹിറ്റായി ഓടുന്ന സമയമാണ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് തീയേറ്ററില്‍ പോയി സിനിമ കണ്ടത്. ദുപ്പട്ട വച്ച് മുഖം മറച്ചൊക്കെയാണ് മോനിഷ തീയേറ്ററില്‍ വന്നത്. സിനിമയ്ക്ക് ശേഷം ഇറങ്ങി ഒരു കോഫി ഷോപ്പില്‍ പോയി ദോശയൊക്കെ കഴിച്ചു. ഇടയ്ക്ക് പ്രോഗ്രാമിന് ബാംഗ്ലൂര്‍ പോകും എന്ന് മോനിഷ പറഞ്ഞു. പിന്നെ രണ്ടുദിവസം ഷൂട്ടിംഗ് ആയിരുന്നു... രാത്രിയും പകലും... അവരും ഷൂട്ടിംഗ് തിരക്കിലായി. കാണാന്‍ പറ്റിയിരുന്നില്ല. മോനിഷയ്ക്ക് ഗുരുവായൂരിലും ഒരു പരിപാടി ഉണ്ട്  , അതിനുള്ള ഡാന്‍സ് റിഹേഴ്‌സലിന് പോകും എന്ന ശ്രീദേവി ആന്‌റി ഇടയ്ക്ക് പറഞ്ഞിരുന്നു.

അതുകഴിഞ്ഞ് പിറ്റേദിവസം രാവിലെ ഞാന്‍ തലശേരിക്ക് പോന്നു. ആ സമയത്ത് കാണാന്‍ പറ്റാത്തതിനാല്‍ ബാംഗ്ലൂരിലെ ഷോയ്ക്ക് ഓള്‍ ദ ബെസ്റ്റ് ഒക്കെ പറഞ്ഞ് റിസപ്ഷനില്‍ ഒരു കുറിപ്പ് എഴുതി കൊടുത്തു . തലശേരിയില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ അമ്മയൊക്കെ പുറത്തുണ്ടായിരുന്നു. അമ്മയാണ് പറയുന്നത് അറിഞ്ഞില്ലേ മോനിഷയ്ക്ക് ഇങ്ങനെ സംഭവിച്ചുവെന്ന്... അതിന് ശേഷമാണ് എല്ലാം അറിയുന്നത് ചേര്‍ത്തലയിലാണ് , വണ്ടി അപടകടത്തില്‍പ്പെട്ടു എന്നൊക്കെ. പെട്ടെന്ന് തന്നെ കൊച്ചിക്ക് വന്നു. പിന്നെ ബാംഗ്ലൂര്‍ക്ക് പോയി . അവിടെയായിരുന്നു സംസ്‌കാരമൊക്കെ ...

സന്തോഷമുള്ള ഓര്‍മ്മകളാണ് മോനിഷയ്‌ക്കൊപ്പമുള്ളത് … മോനിഷയോട് വളരെ വാത്സല്യമായിരുന്നു പ്രേക്ഷകര്‍ക്കും. മോനിഷയുടെ ശാലീന സൗന്ദര്യം , നാച്ചുറല്‍ ആക്ടിങ് ഇതിനൊക്കെ പുറമെ ഒരു വൃക്തി എന്ന നിലയിലും, അവരെ അടുത്ത് അറിയുന്ന എല്ലാവരോടും വളരെ സ്‌നേഹമുള്ള ആളായിരുന്നു മോനിഷ. പ്രേക്ഷകര്‍ക്കും അറിയുന്നതായിരുന്നു ഇതൊക്കെ. അതുകൊണ്ടാണ് മോനിഷ നമ്മളെ വിട്ടുപോയി ഇത്രകാലം കഴിഞ്ഞിട്ടും ഈ സ്‌നേഹം നിലനില്‍ക്കുന്നത്.

logo
The Fourth
www.thefourthnews.in