ആരെയും പറ്റിച്ചിട്ടില്ല, അമ്മ പരാതി നല്‍കി; ജൂഡ് ആന്തണിയുടെ ആരോപണം തള്ളി ആന്റണി വര്‍ഗീസ്

സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ കുടുംബം കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ചാണ്. ആരോപണം തന്നെയും വീട്ടുകാരെയും വിഷമത്തിലാക്കിയെന്നും ആന്റണി വർഗീസ്

തനിക്കെതിരായ ജൂഡ് ആന്തണിയുടെ ആരോപങ്ങള്‍ തള്ളി ആന്റണി വര്‍ഗീസ്. ജൂഡ് സഹനിര്‍മാതാവായ ചിത്രത്തിന് ഡേറ്റ് ഇല്ലാത്ത എഗ്രിമെന്റാണ് ഒപ്പുവച്ചതെന്നും നിര്‍മാതാവിൽനിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം ചിത്രത്തിൽനിന്ന് പിന്മാറിയെന്നുമുള്ള ആരോപണം തെറ്റാണ്. ജൂഡിനെതിരെ തന്റെ അമ്മ വക്കീല്‍ വഴി പരാതി നല്‍കി. '2018' സിനിമയുടെ വിജയം `ജൂഡ് ദുരുപയോഗം ചെയ്യുകയാണെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആന്റണി വര്‍ഗീസ് അറിയിച്ചു.

10 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം പെപ്പെ അവസാന നിമിഷം ഒരു സിനിമയില്‍നിന്ന് പിന്‍മാറിയെന്നും അഡ്വാന്‍സ് തുക സഹോദരിയുടെ വിവാഹത്തിനായി ഉപയോഗിച്ചുമെന്നുമായിരുന്നു ജൂഡിന്റെ ആരോപണം. എന്നാൽ, തിരക്കഥയിലെ കണ്‍ഫ്യൂഷന്‍ പറഞ്ഞപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ തയാറാവാത്തതിലാണ് സിനിമയില്‍നിന്ന് പിന്‍മാറിയതെന്ന് ആന്റണി വർഗീസ് പറഞ്ഞു. ആ ചിത്രവുമായി ബന്ധപ്പെട്ട് ജൂഡ് ഫോൺ വഴി തന്നെ അസഭ്യം പറഞ്ഞതായും ആന്റണി ആരോപിച്ചു.

''ജൂഡിന്റെ ആരോപണങ്ങള്‍ തന്നെയും കുടുംബത്തെയും ഏറെ വിഷമത്തിലാക്കി. കുടുംബത്തെ തൊട്ടപ്പോള്‍ തനിക്ക് നൊന്തു. ജൂഡിന്റെ പൈസ വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയിട്ടില്ല. താനും അച്ഛനും അമ്മയും പെങ്ങളും ചേര്‍ന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയ്ക്കാണ് വിവാഹം നടത്തിയത്. അതിനുള്ള എല്ലാ തെളിവുകളുമുണ്ട്. അത് മുഴുവൻ ഇപ്പോള്‍ പുറത്തുവിടുന്നില്ല. അത് വരാനിരിക്കുന്ന ചിത്രങ്ങളെ ബാധിക്കരുതെന്നുള്ളതുകൊണ്ടാണ്,'' ആന്റണി പറഞ്ഞു.

ആരെയും പറ്റിച്ചിട്ടില്ല, അമ്മ പരാതി നല്‍കി; 
ജൂഡ് ആന്തണിയുടെ ആരോപണം തള്ളി ആന്റണി വര്‍ഗീസ്
പത്തുലക്ഷം അഡ്വാൻസ് വാങ്ങിയ ശേഷം പിൻമാറി; ചിത്രീകരിച്ച സിനിമ വേണ്ടെന്ന് വച്ചു; പെപ്പെയ്‌ക്കെതിരെ ജൂഡ് ആന്തണി

മൂന്ന് വര്‍ഷം മുമ്പ് നടന്ന കാര്യമാണ് ജൂഡ് കുത്തിപ്പൊക്കിയത്. തന്നെക്കുറിച്ച് പറയാനുളള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അനിയത്തിയുടെ കല്ല്യാണം ഒരാളെ പറ്റിച്ചാണ് നടത്തിയെന്ന് പറഞ്ഞാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. ജൂഡിന്റെ പൈസ മടക്കി നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് അനിയത്തിയ്ക്ക് കല്യാണ ആലോചന വന്നത്. നിര്‍മാതാവ് അരവിന്ദന് പൈസ തിരികെ നല്‍കിയതുമാണ്.

ജൂഡിന്റെ ആരോപണങ്ങള്‍ വീട്ടുകാര്‍ക്ക് ഏറെ വിഷമമുണ്ടാക്കി. പുറത്തിറങ്ങാനോ ആളുകളെ നോക്കാനോ അവര്‍ക്ക് സാധിക്കുന്നില്ല. എനിക്ക് യോഗ്യതയില്ലെന്ന് പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനാണ് സിനിമയില്‍ എത്തിയത്. നമ്മുടെ യോഗ്യത നിര്‍ണയിക്കാന്‍ ആര്‍ക്കുമാകില്ലെന്നും ആന്റണി പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ പറയുന്നതിന്റെ കാര്യം അറിയില്ല. അമ്മ സംഘടനയില്‍ പരാതി നല്‍കിയിട്ടില്ല. ഇടവേള ബാബുവിനോട് സംസാരിച്ചപ്പോള്‍ തന്റെ ഭാഗം വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. എന്റെ ഭാവിയെയാണ് ബാധിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ തെറ്റ് ചെയ്തുവെന്ന് ആളുകള്‍ വിചാരിക്കും. ജൂഡ് വ്യക്തിഹത്യ നടത്തുകയാണ്.

ഏതൊരു നടനും ഒരു നിര്‍മാതാവ് അവസരം കൊടുത്താണ് സിനിമയില്‍ വരികയെന്നും ജൂഡും അങ്ങനെ വന്നതാണെന്നുമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണി ഇല്ലെന്ന ജൂഡിന്റെ പരാമര്‍ശത്തിന് ആന്റണിയുടെ മറുപടി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in