''ദൈവങ്ങളോട് അനാദരവ് കാണിച്ചു, രാജ്യത്തോട് മാപ്പ് പറയണം''; ആദി പുരുഷ് സിനിമയ്‌ക്കെതിരെ ശിവസേന എം പി

''ദൈവങ്ങളോട് അനാദരവ് കാണിച്ചു, രാജ്യത്തോട് മാപ്പ് പറയണം''; ആദി പുരുഷ് സിനിമയ്‌ക്കെതിരെ ശിവസേന എം പി

ചിത്രത്തില്‍ സംഭാഷണമെഴുതിയ മനോജ് മുണ്ടാഷിറും സംവിധായകന്‍ ഓം റൗട്ട് എന്നിവര്‍ സംഭാഷണത്തിലെ അപാകതകളില്‍ മാപ്പ് പറയണമെന്നാണ് ആവശ്യം

വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം ആദിപുരുഷിലെ സംഭാഷണങ്ങളെ വിമര്‍ശിച്ച് ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി. രാമായണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ചെന്നാണ് ആരോപണം.

പൊതു വ്യവഹാരത്തിൽ ഇല്ലാത്ത പദങ്ങളും സന്ദർഭോചിതമല്ലാത്ത സംഭാഷണങ്ങളും ഉൾപ്പെടുത്തിയാണ് സിനിമ ചിത്രീകരിച്ചതെന്നാണ് വിമർശനം. ചിത്രത്തില്‍ സംഭാഷണമെഴുതിയ മനോജ് മുണ്ടാഷിറും സംവിധായകന്‍ ഓം റൗട്ട് എന്നിവര്‍ സംഭാഷണത്തിലെ അപാകതകളില്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. ചിത്രത്തില്‍ ഹനുമാന്റെ സംഭാഷണങ്ങളെ ചൂണ്ടിക്കാണിച്ചാണ് പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നത്.

''ദൈവങ്ങളോട് അനാദരവ് കാണിച്ചു, രാജ്യത്തോട് മാപ്പ് പറയണം''; ആദി പുരുഷ് സിനിമയ്‌ക്കെതിരെ ശിവസേന എം പി
'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍

വിനോദത്തിന്റെ പേരില്‍ നമ്മുടെ ആരാധ്യരായ ദൈവങ്ങള്‍ക്ക് ഇത്തരം ഭാഷ നല്‍കുന്നത് ഓരോ ഇന്ത്യക്കാരനും വേദനയുണ്ടാക്കുന്നതാണ്. മര്യാദ പുരുഷോത്തമനായ രാമന്റെ പേരില്‍ ബോക്‌സ് ഓഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ഒരു ചിത്രം നിര്‍മിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നുമാണ് ചതുര്‍വേദിയുെട ട്വീറ്റ്.

തീയറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ട്രെയിലർ പുറത്തിറങ്ങിയത് മുതല്‍ സിനിമയ്ക്കെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. സിനിമ റിലീസ് ചെയ്ത ശേഷം രാമായണത്തെ പരിഹസിക്കുന്നതും ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് ഹിന്ദുസേന രംഗത്തെത്തിയിരുന്നു. കഥാപാത്രങ്ങളെ കൃത്യമല്ലാത്തതും അനുചിതവുമായ രീതിയില്‍ അവതരിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദുസേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു.

500 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വാർത്തകളിലിടം പിടിച്ചിരുന്നു. ഹനുമാനോടുള്ള ബഹുമനാര്‍ഥം ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്ന് സംവിധായകന്‍ ഓം റൗട്ട് പ്രഖ്യാപിച്ചതും വാർത്തകളില്‍ നിറഞ്ഞിരുന്നു.

പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലിഖാനുമാണെത്തിയത്.

logo
The Fourth
www.thefourthnews.in