സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറരലക്ഷം കൈക്കൂലി; നടൻ വിശാലിന്റെ ആരോപണത്തിൽ അടിയന്തര നടപടിയുമായി കേന്ദ്രം

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറരലക്ഷം കൈക്കൂലി; നടൻ വിശാലിന്റെ ആരോപണത്തിൽ അടിയന്തര നടപടിയുമായി കേന്ദ്രം

നടൻ വിശാലിനുണ്ടായ അനുഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു

സെൻസർ ബോർഡിലെ അഴിമതി ചൂണ്ടിക്കാട്ടിയ നടൻ വിശാലിന്റെ ആരോപണങ്ങളിൽ അടിയന്തര നടപടിയുമായി കേന്ദ്രം. വാർത്ത വിനിമയ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ സംഭവത്തിൽ ഇന്ന് തന്നെ അന്വേഷണം നടത്താൻ മുംബൈയിലേക്കയച്ചു. വിഷയത്തിൽ എക്‌സിലൂടെ ഒരു ഔദ്യോഗിക പ്രസ്താവനയും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

തന്റെ ഏറ്റവും പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നാണ് നടൻ വിശാലിന്റെ ആരോപണം. പണം കൈമാറിയതിന്റെ തെളിവുകളും വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനും യു -എ സർട്ടിഫിക്കറ്റ് ലഭിക്കാനുമാണ് ഉദ്യോഗസ്ഥർ പണം വാങ്ങിയതെന്നും വിശാൽ പറയുന്നു. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ നിന്നാണ് വിശാലിന് ഈ ദുരനുഭവമുണ്ടായത്.

നടൻ വിശാലിനുണ്ടായ അനുഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു. " നടൻ വിശാൽ ഉന്നയിച്ച സിബിഎഫ്‌സിയിലെ അഴിമതി വിഷയം അത്യന്തം നിർഭാഗ്യകരമാണ്. അഴിമതി ഈ സർക്കാർ അനുവദിക്കില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്നവർക്കതിരെ കർശന നടപടി എടുക്കുന്നതാണ്.സംഭവത്തിൽ ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്.

jsfilms.inb@nic.in എന്ന വിലാസത്തിൽ സിബിഎഫ്‌സി നടത്തുന്ന മറ്റേതെങ്കിലും സമാന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി മന്ത്രാലയവുമായി സഹകരിക്കാൻ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു." പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി വിശാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കിട്ട ഒരു വിഡിയോയിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. വിഷയത്തിലേക്ക് പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയും ശ്രദ്ധ ചെലുത്തണമെന്ന് വിഡിയോയിൽ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പോസ്റ്റിൽ അദ്ദേഹം സെൻസർ ബോർഡിൽ നിന്നുള്ള രണ്ട് വ്യക്തികളുടെ പേര് രേഖപ്പെടുത്തുകയും ഓൺലൈൻ ബാങ്ക് ട്രാൻസ്ഫറുകളുടെ വിശദാംശങ്ങൾ പങ്കിടുകയും ചെയ്തിരുന്നു.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറരലക്ഷം കൈക്കൂലി; നടൻ വിശാലിന്റെ ആരോപണത്തിൽ അടിയന്തര നടപടിയുമായി കേന്ദ്രം
മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി; തെളിവ് പുറത്തുവിട്ട് നടൻ വിശാൽ

എം രാജന്റെ തമിഴ്‌നാട് ബാങ്ക് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപയും ജീജ രാംദാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 3.5 ലക്ഷം രൂപയും അയച്ചതായി വിശാൽ വെളിപ്പെടുത്തി. മാർക്ക് ആന്റണിയുടെ അണിയറ പ്രവർത്തകർ പണം അടക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സെൻസർ ബോർഡ് ഉദ്യോഗസ്ഥരുമായി നടത്തുന്ന ശബ്ദരേഖകളും കയ്യിലുണ്ടെന്ന് വിശാൽ പറഞ്ഞിട്ടുണ്ട്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അഴിമതിക്കായി പോകുന്നത് സഹിക്കാനാകുന്നില്ല. സത്യം ജയിക്കുമെന്നാണ് പ്രതീക്ഷ. അധികൃതർ നടപടി സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് വിശാൽ വീഡിയോ അവസാനിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in