'സൈബര്‍ ആക്രമണത്തില്‍ ഒപ്പം നിന്നില്ല'; ഗായകരുടെ സംഘടന സമത്തില്‍നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

'സൈബര്‍ ആക്രമണത്തില്‍ ഒപ്പം നിന്നില്ല'; ഗായകരുടെ സംഘടന സമത്തില്‍നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ സംഘടന ഒപ്പം നിന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂരജിന്റെ രാജി

ഗായകരുടെ സംഘടനയായ സമത്തില്‍നിന്ന് ഗായകന്‍ സൂരജ് സന്തോഷ് രാജിവെച്ചു. കെ എസ് ചിത്രയ്ക്കെതിരായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സൂരജിന്റെ രാജി. തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ സംഘടന ഒപ്പം നിന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂരജിന്റെ രാജി.

രാഷ്ട്രീയവിഷയമായതിനാല്‍ ആരെയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ വേണ്ടെന്നാണ് സംഘടനയുടെ തീരുമാനമെന്ന് സമത്തിന്റെ പ്രസിഡന്റും ഗായകനുമായ സുദീപ് ദ ഫോര്‍ത്തിനോട് പറഞ്ഞു. സംഘടനയുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടായില്ലെന്ന് കാണിച്ച് സൂരജ് സന്തോഷ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ രാജി പ്രഖ്യാപിക്കുകയും ലെഫ്റ്റ് ചെയ്യുകയും ചെയ്തായും സുദീപ് സ്ഥിരീകരിച്ചു.

''ചിത്രച്ചേച്ചി സംഘടനയുടെ വൈസ് പ്രസിഡന്റാണ്. അതിനാലാണ് സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ ഗായകര്‍ പ്രതികരിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ വിഷയമാണ്. അതുകൊണ്ട് ഇതില്‍ യോജിപ്പോ വിയോജിപ്പോ എടുക്കേണ്ടെന്നാണ് സംഘടന തീരുമാനിച്ചത്. സമം ചാരിറ്റിബിള്‍ സംഘടനയാണ്,'' സുദീപ് പറഞ്ഞു.


'സൈബര്‍ ആക്രമണത്തില്‍ ഒപ്പം നിന്നില്ല'; ഗായകരുടെ സംഘടന സമത്തില്‍നിന്ന് രാജിവച്ച് സൂരജ് സന്തോഷ്
വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്

സൂരജ് സന്തോഷിന്റെ രാജി അടുത്ത എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം മാത്രമേ പൂര്‍ണമായി തീരുമാനമാവുകയുള്ളൂ. 24ന് തിരുവനന്തപുരത്ത് സംഘടന നടത്തുന്ന പരിപാടിയുണ്ട്. ഇതിനുശേഷം മാത്രമേ എക്‌സിക്യൂട്ടീവ് യോഗം നടത്താന്‍ സാധിക്കുകയുള്ളൂ. യോഗത്തില്‍ സൂരജിനോട് നിലപാട് ആരായുമെന്നും സുദീപ് പറഞ്ഞു.

തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൂരജ് സന്തോഷ് കഴിഞ്ഞദിവസം ദ ഫോര്‍ത്തിനോട് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in