വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്

വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്

കെ എസ് ചിത്രയെ വിമർശിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും തന്റെ നിലപാടിനെ കുറിച്ചും ദ ഫോർത്തിനോട് സൂരജ് സന്തോഷ് സംസാരിക്കുന്നു

അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് നടക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന കെ എസ് ചിത്രയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഗായകൻ സൂരജ് സന്തോഷും ചിത്രയുടെ നിലപാടിനെതിരെ രംഗത്ത് എത്തിയിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജ് സന്തോഷ് വിമർശിച്ചത്.

ചിത്രയുടെ നിലപാടിനെ വിമർശിച്ച് രംഗത്ത് എത്തിയതോടെ സൂരജിനെതിരെ വ്യാപക അധിക്ഷേപങ്ങളാണ് സൈബർ ഇടത്തിൽ ഉണ്ടായത്. എന്നാൽ ചിത്രയെ വിമർശിച്ചതിൽ താൻ ഉറച്ചുനിൽക്കുന്നതായി സൂരജ് സന്തോഷ് ദ ഫോർത്തിനോട് പറഞ്ഞു. കെ എസ് ചിത്രയെ വിമർശിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും തന്റെ നിലപാടിനെക്കുറിച്ചും ദ ഫോർത്തിനോട് സൂരജ് സന്തോഷ് സംസാരിക്കുന്നു.

വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്
'ഞാൻ അറിഞ്ഞ നസീർ'; പ്രിയ നായകനെക്കുറിച്ച് ഷീല

വിമർശിച്ചത് കെ എസ് ചിത്രയെ അല്ല അവരുടെ നിലപാടിനെ

1992 ഡിസംബർ ആറിന് ഇന്ത്യയുടെ ജനാധിപത്യവും രാഷ്ട്രീയ സാഹചര്യവും തന്നെ മാറ്റിക്കൊണ്ടാണ് ബാബരി മസ്ജിദ് പൊളിച്ചത്. ആ സംഭവത്തെ തുടർന്ന് ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെയാണ് മാറിയതെന്ന് നമുക്ക് അറിയാം. ആ സംഭവം ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ജീവിതത്തെ എങ്ങനെ തകിടം മറിച്ചുവെന്നും നമുക്ക് അറിയാവുന്നതാണ്. പള്ളി പൊളിച്ച് അമ്പലം പണിത സംഭവം എങ്ങനെയാണ് ഇന്ത്യയിലെ എല്ലാവരും ആഘോഷിക്കണമെന്ന് പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ചിത്രയെ പോലെ ഇത്രയും സോഷ്യൽ ക്യാപിറ്റൽ ഉള്ള ഒരു വ്യക്തിയെ പലപ്പോഴും വിമർശിക്കാൻ ആരും തയാറാവാറില്ല. പൊതുവെ കലാകാരൻമാർക്ക് രാഷ്ട്രീയം പാടില്ലെന്ന പൊതുബോധമുണ്ട്. പക്ഷേ കലാകാരന് നമ്മുടെ സാമൂഹിക ജീവിതത്തിൽ നിലപാടുകൾ വേണമെന്നും രാജ്യത്തെ സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും കരുതുന്ന ഒരാളാണ് ഞാൻ.

ചിത്രയല്ല മറ്റാരായാലും മാന്യമായ വിമർശനം അവരുടെ നിലപാടുകൾക്കെതിരെ നടത്താമെന്നാണ് എന്റെ വിശ്വാസം. ചിത്രയെന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ അല്ല ഞാൻ വിമർശിച്ചത്. അവർ എടുത്ത നിലപാടിനെയാണ്. ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ അധിക്ഷേപിക്കുകയോ ഞാൻ ചെയ്തിട്ടില്ല.

കെ എസ് ചിത്ര
കെ എസ് ചിത്ര

തുടരുന്ന സൈബർ അധിക്ഷേപവും തെറിവിളിയും വ്യാജപ്രചാരണവും

ശരിക്കും കെ എസ് ചിത്രയെ വിമർശിക്കുന്നതിനും മുമ്പ് 'ആലായാൽ തറ വേണോ ?' എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ രൂക്ഷമായ അധിക്ഷേപം എനിക്കും എന്റെ കുടുംബത്തിനുമെതിരെ ദിനം പ്രതിയെന്നോണം വന്നിട്ടുണ്ട്. എന്നെ തെരുവിൽ കണ്ടാൽ നഗ്നനാക്കി വിടുമെന്നും കൊല്ലുമെന്നുമെല്ലാം വന്നിരുന്നു. ആർഎസ്എസിന്റെയും തീവ്ര റൈറ്റ് വിങ് രാഷ്ട്രീയം പേറുന്നവരുമൊക്കെയായിരുന്നു ഇതിന് പിന്നിൽ.

ഇപ്പോൾ കെ എസ് ചിത്രയുടെ നിലപാടിനെതിരെ പറഞ്ഞത് കൊണ്ട് പുതിയ കഥകളും പുതിയ ഭീഷണികളുമായി ഇതേആളുകൾ എത്തിയിട്ടുണ്ട്. ഭീഷണി മെസേജുകൾക്ക് പുറമെ ഞാൻ പി എഫ് ഐ ചാരൻ ആണെന്നും, കൊലപാതക കേസിലെ പ്രതിയെ ഒളിപ്പിച്ചുവെന്നും ജനം ടിവിയിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും പിന്നീട് അവർ തന്നെ പരിപാടി ക്യാൻസൽ ചെയ്തെന്നുമെല്ലാം പ്രചരിപ്പിക്കുന്നുണ്ട്, ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, അത്തരമൊരു പ്രോഗ്രാമിൽ ഇനി പങ്കെടുക്കുകയും ഇല്ല, ഇത്തരത്തിൽ വ്യാജ വാർത്തകൾ എനിക്കെതിരെ പ്രചരിപ്പിക്കുന്നുണ്ട്. എന്റെ വീട്ടുകാരെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നുണ്ട്. ഞാൻ ഒന്നുകൂടി പറയുകയാണ് ഞാൻ വിമർശിച്ചത് കെ എസ് ചിത്രയുടെ സംഗീതത്തെയോ ആ വ്യക്തിയെയോ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്.

വ്യക്തിപരമായ നേട്ടം മുൻനിർത്തി നിലപാട് അടിയറവ് വെക്കാൻ ഞാൻ തയ്യാറല്ല. നമ്മുടെ നാട്ടിൽ നടക്കുന്ന അനീതിയെ സൗകര്യപൂർവം നമ്മുടെ കംഫർട് സോണിൽ ഇരുന്നുകൊണ്ട് പലരും മറക്കുകയാണ്. നമ്മൾ അറ്റാക്ക് ചെയ്യപ്പെടുമ്പോൾ മാത്രമാണ് നമ്മൾ അനീതിയെ കുറിച്ച് ചിന്തിക്കുക.

വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്
'ഒരു വട്ടം ക്ഷമിച്ചുകൂടെ'; വിവാദങ്ങൾ ചിത്രയ്ക്ക് സങ്കടമുണ്ടാക്കിയെന്ന് ജി വേണുഗോപാൽ

സോഷ്യൽ മീഡിയയിലെ പിന്തുണയും വിമർശനങ്ങളും

നീതിയുക്തമായി ചിന്തിക്കുന്നവരും മനുഷ്യത്വപരമായി നമ്മുടെ സഹജീവികളെ കുറിച്ച് ചിന്തിക്കുന്നവരും പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ്. പിന്തുണയ്ക്ക് വേണ്ടിയല്ല ഞാൻ ഒരിക്കലും ചിത്രയെ വിമർശിച്ചത്. കോടതിയുടെ നിരീക്ഷണത്തിൽ പോലും പള്ളി പൊളിച്ചത് തെറ്റാണെന്ന് പറയുന്നുണ്ട്. ചിത്ര അടക്കമുള്ളവരുടെ വിശ്വാസത്തെയോ ഭക്തിയെയോ ഇവിടെ ആരും കുറ്റം പറഞ്ഞിട്ടില്ല. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയിൽ താൽപ്പര്യമുള്ളവർ വിളക്ക് കത്തിക്കാനും നാമം ജപിക്കാനും പറയുന്നതിൽ പ്രശ്‌നമില്ല. പക്ഷെ എല്ലാവരും അത് ചെയ്യണമെന്ന് പറയുമ്പോളാണ് പ്രശ്‌നം.

വർഷങ്ങളായി കെ എസ് ചിത്ര ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ട്, അതിനെ ആരും കുറ്റം പറയാറില്ലല്ലോ അത് ആസ്വദിക്കാറുമുണ്ട്. ചിത്രയുടെ ആത്മീയതയയും ആരും വിമർശിക്കാറില്ല. പക്ഷേ വർഷങ്ങളായി സംഘപരിവാർ ഇവിടുത്തെ ഹിന്ദുക്കൾ അപകടത്തിലാണെന്ന നരേറ്റീവ് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹത്തിൽ വർഗീയ വിഭജനം നടത്തുന്ന സംഘപരിവാറിന് നേട്ടം ഉണ്ടാക്കുന്ന തരത്തിൽ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ കെ എസ് ചിത്ര സ്വീകരിച്ചിരിക്കുന്നത്. സംഘപരിവാർ വർഗീയ വിഭജനം നടത്തുകയും പള്ളിപൊളിച്ച് അമ്പലം പണിയുകയും ചെയ്ത സ്ഥലത്ത് പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നതിനെ പിന്തുണയ്ക്കുകയും അതിനെ ആഘോഷിക്കാനും പറയുമ്പോളാണ് വിമർശനം ഉണ്ടായത്. ക്ഷേത്രം തുറക്കുന്നതിനെ കുറിച്ച് അല്ലെ ചിത്ര പറഞ്ഞത് എന്ന് നിഷകളങ്കമായി ചോദിക്കുന്നവരോട് ഒന്നും പറയാനില്ല.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിക്കുന്നതെന്നും അതിനെ വിമർശിക്കുന്നത് എന്തിനാണെന്നുമാണ് സംഘപരിവാർ ചോദിക്കുന്നത്. മുമ്പും പലവിഷയങ്ങളിലും സുപ്രീം കോടതിയുടെ വിധികൾ ഉണ്ടാവുകയും അതിനെയെല്ലാം എത്രത്തോളം അസഹിഷ്ണുതയോടെയാണ് ഇവർ കണ്ടതെന്നും നമ്മൾ എല്ലാവരും കണ്ടതാണ്.

'ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെ' ജി വേണുഗോപാലിന്റെ 'അഭ്യർത്ഥന'യും മറുപടിയും

അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. പക്ഷെ അവർ വളരെ നിഷ്‌കളങ്കമായിട്ടാണ് ഇത് പറഞ്ഞതെന്ന് പറയുന്നതിനോട് യോജിക്കാൻ ആവില്ല. ആരുടെയും മനസ് അളക്കാനുള്ള യന്ത്രമൊന്നുമില്ലല്ലോ. മാത്രവുമല്ല ചിത്രയോട് ഒരുപ്രാവശ്യം ക്ഷമിച്ചുകൂടെ എന്ന് പറയുന്നതും സംഗീതമല്ലാതെ മറ്റൊന്നും ഇത്രയും നാളായി കലാരംഗത്ത് ഉള്ള കെ എസ് ചിത്രയ്ക്ക് അറിയില്ലെന്നും അവർക്ക് സാമൂഹ്യബോധം ഇല്ലെന്നും പറയുന്നതല്ലെ യഥാർത്ഥത്തിൽ കെ എസ് ചിത്രയെ അധിക്ഷേപിക്കുന്നത്.

നമ്മുടെ നാട്ടിൽ പലയാളുകൾ സൈബർ അറ്റാക്കിന് ഇരയായിട്ടുണ്ട്. പക്ഷെ കെ എസ് ചിത്രയെ പോലുള്ള സോഷ്യൽ ക്യാപിറ്റൽ ധാരാളമായുള്ള ആളുകൾ ഇത്തരം പരാമർശം നടത്തുമ്പോൾ മാത്രം വരുന്ന വൈറ്റ് വാഷിങ് സാധാരണക്കാരായ ഒരാൾ അല്ലെങ്കിൽ അത്രയും സോഷ്യൽ ക്യാപിറ്റൽ ഇല്ലാത്ത ഒരാൾക്ക് നേരെ വിമർശനങ്ങളോ സൈബർ അറ്റാക്കോ നടക്കുമ്പോൾ ഉണ്ടാവാറില്ല.

സുപ്രീം കോടതി വിധിയിൽ പണിത രാമക്ഷേത്രത്തിൽ പോയാലോ പ്രാർത്ഥിച്ചാലോ കെ എസ് ചിത്രയെ ആരും വിമർശിക്കില്ല, ആക്രമിക്കുകയുമില്ല. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറും.

ചിത്രയ്‌ക്കെതിരായ വിമർശനം കരിയറിനെ ബാധിക്കുമോ ?

എന്റെ കരിയറിനെ ഈ വിമർശനം ബാധിക്കുമോയെന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഇത്തരമൊരു വിമർശനം നടത്തിയത് കരിയറിനെ ബാധിക്കുകയാണെങ്കിൽ ബാധിക്കട്ടെയെന്ന് തന്നെയാണ് പറയാനുള്ളത്. സഹമനുഷ്യർക്കെതിരായ ചിന്തകളോ ആശയങ്ങളോ പലപ്പോഴും നമ്മുടെ നാട്ടിലെ കലാകാരന്മാർ പറയാറുണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി ഭക്തിയുടെയും വിശ്വാസത്തിന്റെയും മറപറ്റി വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കാൻ പലരും തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. അത് എതിർക്കപ്പെടേണ്ടതാണ്.

എനിക്ക് രാഷ്ട്രീയമില്ലെന്ന് പലരും പറയാറുണ്ട്. പക്ഷേ കക്ഷി രാഷ്ട്രീയത്തിന് അപ്പുറമായി നമ്മൂടെ നിലപാടുകളും അഭിപ്രായങ്ങളുമാണ് നമ്മുടെ രാഷ്ട്രീയം. അപ്പോൾ അതിൽ എതിർക്കേണ്ട രാഷ്ട്രീയം ഉണ്ടെങ്കിൽ എതിർക്കപ്പെടുക തന്നെ വേണം.

'ആലായാൽ തറവേണോ എന്ന് തിരുത്തി പാടിയത്' എന്തുകൊണ്ട് ?

തീർച്ചയായും സ്വയം നവീകരിക്കാനുള്ള ചിന്തകളിൽ നിന്നാണ് അത്തരമൊരു തിരുത്തൽ ഉണ്ടായത്. 'ആലായാൽ തറവേണം' എന്ന ഗാനം ഞാനും ഒരു പ്രശ്‌നവുമില്ലാതെ മുമ്പ് പാടിയതാണ്. പിന്നീട് പൗരത്വ സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒരു പ്രതിഷേധത്തിന് ഇടയിലാണ് ഈ പാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് ചർച്ചയുണ്ടാവുന്നത്. സംഗീതവും ലിറ്ററേച്ചറും പരസ്പരം ബന്ധമുണ്ട്. ഇത്തരമൊരു ചർച്ചയിലാണ് ഇതിലെ ഓരോ വരികളെ കുറിച്ച് കൂടുതൽ ചിന്തിക്കാനും ഇത് ആര് എഴുതിയതാണെന്നുമെല്ലാമുള്ള കാര്യങ്ങൾ പഠിക്കുന്നതും. അങ്ങനെയാണ് ഈ ഗാനത്തിന്റെ വരികൾ തിരുത്തി 'ആലായാൽ തറവേണോ' എന്ന് പാടിയത്.

സ്വയം നവീകരിക്കാൻ ഉള്ള തിരിച്ചറിവുകൾ ഉണ്ടാവുമ്പോഴാണ് തിരുത്തലുകൾ ഉണ്ടാവുന്നത്. വായനയും, നമ്മുടെ കൂട്ടുകെട്ടുകളും ബോധ്യങ്ങളുമെല്ലാമാണ് നമ്മളെ സ്വയം തിരുത്താൻ സഹായിക്കുന്നത്. സ്വയം നവീകരിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നതിനോടൊപ്പം ചില കാര്യങ്ങൾ അൺലേൺ ചെയ്യുകയും വേണം.

സൈബര് അധിക്ഷേപവും ഭീഷണിയും, നിയമനടപടി സ്വീകരിക്കുമോ ?

ഞാൻ ഒരു യാത്രയിലായിരുന്നു. ഇന്നാണ് തിരികെ നാട്ടിൽ എത്തിയത്. ഒരു നിയമവിദഗ്ധനുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാൻ ആണ് ചിന്തിക്കുന്നത്. കാരണം ഇത്തരം അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും നിന്ന് കൊടുക്കേണ്ട കാര്യമില്ലല്ലോ.

logo
The Fourth
www.thefourthnews.in