സേതുരാമയ്യർ വീണ്ടും വരുന്നു; ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ കെ മധു

സേതുരാമയ്യർ വീണ്ടും വരുന്നു; ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ കെ മധു

ആറാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നായ സേതുരാമയ്യര്‍ വീണ്ടും വരുന്നു. സംവിധായകന്‍ കെ. മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിബിഐ സീരിസിലെ ആറാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കെ.മധു പറഞ്ഞു.

മസ്‌ക്കറ്റിലെ 'ഹരിപ്പാട് കൂട്ടായ്മ'യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചിത്രത്തിന് ആറാം ഭാഗം എത്തുന്നതായി കെ. മധു വെളിപ്പെടുത്തിയത്. നേരത്തെ ചിത്രത്തിന്റെ അഞ്ചാം ഭാഗം റിലീസ് ചെയ്തിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.

സേതുരാമയ്യർ വീണ്ടും വരുന്നു; ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ കെ മധു
മമ്മൂട്ടി എന്ന മഹാ സ്‌ക്വാഡ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിത്തിരയില്‍ എത്തിയ കഥാപാത്രമാണ് സേതുരാമയ്യര്‍. ഇതിന് പുറമെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിത്തിരയില്‍ എത്തി എന്ന അപൂര്‍വ്വ നേട്ടം കൂടി സി ബി ഐ സീരിസിന് ഉണ്ട്.

1988 ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ 'ഒരു സി ബി ഐ ഡയറിക്കുറിപ്പ്' റിലീസ് ചെയ്തത്. കെ. മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് എന്‍ സ്വാമിയായിരുന്നു. ആദ്യ ഭാഗം കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വന്‍ ഹിറ്റായി ഇതിന് പിന്നാലെ 1989 ല്‍ 'ജാഗ്രത' എന്ന പേരില്‍ ചിത്രത്തിന് രണ്ടാം ഭാഗം റിലീസായി.

15 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന് മൂന്നാംഭാഗമുണ്ടായത് 'സേതുരാമയ്യര്‍ സി ബി ഐ' എന്ന് പേരിട്ട ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം ആദ്യഭാഗങ്ങളില്‍ ഉണ്ടായിരുന്ന മുകേഷ്, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ധനന്‍ എന്നിവരും ഉണ്ടായിരുന്നു. പിന്നീട് ചിത്രത്തിന്റെ നാലാം ഭാഗമായ 'നേരറിയാന്‍ സി ബി ഐ' എന്ന ചിത്രവും റിലീസ് ചെയ്തു. പിന്നീട് 2022 ലാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം 'സിബിഐ ദ ബ്രെയിന്‍' റിലീസ് ചെയ്യുന്നത്.

ചിത്രത്തിലെ ശ്യാമിന്റെ ബി ജി എം എക്കാലത്തെയും ഹിറ്റായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആയിരുന്നു സംഗീത സംവിധായകന്‍. അപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാര്‍ തിരികെയെത്തിയ ചിത്രം കൂടിയായിരുന്നു സി ബി ഐ അഞ്ചാം ഭാഗം.

logo
The Fourth
www.thefourthnews.in