മമ്മൂട്ടി എന്ന മഹാ സ്‌ക്വാഡ്

മമ്മൂട്ടി എന്ന മഹാ സ്‌ക്വാഡ്

പുതിയ ചിത്രത്തില്‍, കണ്ണൂര്‍ സ്‌ക്വാഡിന്റെ ലീഡര്‍ എങ്കിലും മമ്മൂട്ടി അദ്ദേഹത്തിന്റെ തന്നെ അനേകമനേകം പോലീസ് കഥാപാത്രങ്ങളുടെ മൊത്തം ലീഡറാകുന്നുണ്ട്

1951 സെപ്തംബര്‍ ഏഴിനാണ് പാണപ്പറമ്പില്‍ ഇസ്മയില്‍ മുഹമ്മദ് കുട്ടി എന്ന പി ഐ മുഹമ്മദ് കുട്ടി ജനിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ കുറ്റമറ്റ കുറ്റാന്വേഷണ ചിത്രമായ കെ ജി ജോര്‍ജിന്റെ 'യവനിക'യില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഈരാളിയായി അഭിനയിക്കുമ്പോള്‍ ആ ചെറുപ്പക്കാരന് പ്രായം വെറും 31. ഏറ്റവും ഒടുവില്‍, 'കണ്ണൂര്‍ സ്‌ക്വാഡി'ല്‍ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിനായി എത്തുമ്പോള്‍ പ്രായം 72.

ജേക്കബ് ഈരാളിക്കും ജോര്‍ജ് മാര്‍ട്ടിനും ഇടയില്‍, യവനികയ്ക്കും കണ്ണൂര്‍ സ്‌ക്വാഡിനും ഇടയില്‍ നീണ്ട 41 വര്‍ഷം. എന്നിട്ടും വല്ല കുലുക്കവുമുണ്ടോ ഈ ചങ്ങാതിക്ക്? ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഇടിക്കും ജോര്‍ജ് മാര്‍ട്ടിന്റെ ഇടിക്കും ഒരേ തൂക്കം. ഇയാളെന്താ ഇപ്പോഴും ഇങ്ങനെയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അയാളുടെ പേര് മമ്മൂട്ടി എന്നാണ്.

മമ്മൂട്ടി എന്ന മഹാ സ്‌ക്വാഡ്
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ തീയറ്ററിലെത്തി 'ഒറിജിനല്‍' സ്‌ക്വാഡ്‌
'യവനിക'യില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഈരാളിയായി മമ്മൂട്ടി
'യവനിക'യില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഈരാളിയായി മമ്മൂട്ടി

അഭിനയത്തോട് ഇത്ര ആര്‍ത്തിയും ആസക്തിയും കാട്ടുന്ന മനുഷ്യരുണ്ടോ? 41 വര്‍ഷത്തിനിടയില്‍ എത്രയെത്ര പോലീസ് വേഷങ്ങള്‍? ഒന്നല്ല മറ്റൊന്ന് എന്ന മട്ടില്‍ അത്രയും വൈവിധ്യം.

1982 ഏപ്രില്‍ 30നാണ് യവനികയുടെ റിലീസ്. നാല് വര്‍ഷത്തിനുശേഷം 1986 സെപ്റ്റംബര്‍ 12ന് മലയാള സിനിമയുടെ ചരിത്രം മാറുന്നു. അന്നാണ് 'ആവനാഴി'യിലൂടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം തീയേറ്ററുകളില്‍ ഇടിമുഴക്കമാകുന്നത്. മുമ്പും ശേഷവുമില്ല ഇതുപോലൊരു ഇടിവെട്ട് പോലീസ് ഓഫീസര്‍ എന്നവിധം ബല്‍റാം ആഘോഷമായി.

ഇൻസ്പെക്ടർ ബൽറാമിൽ മമ്മൂട്ടി
ഇൻസ്പെക്ടർ ബൽറാമിൽ മമ്മൂട്ടി

91ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ടൈറ്റിലില്‍ തന്നെ വീണ്ടും ഐ വി ശശി അടുത്ത മമ്മൂട്ടി പടമിറക്കി. പിന്നീട് 'ബല്‍റാം/താരാദാസ്'. എല്ലാത്തിനും തുടക്കം ആവനാഴി. എന്നാല്‍ വിട്ടുപോകാന്‍ പാടില്ലാത്ത മറ്റൊന്ന്, ആവനാഴിക്ക് തൊട്ടുമുമ്പ് അതേവര്‍ഷം പുറത്തിറങ്ങിയ മറ്റൊരു ചിത്രമുണ്ട്, പി ജി വിശ്വംഭരന്റെ 'നന്ദി വീണ്ടും വരിക'. അതില്‍ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രം കാക്കിയിടുന്ന ഒരു പേടിത്തൊണ്ടന്‍ പോലീസാണ് മമ്മൂട്ടി. അതില്‍നിന്നാണ് ബല്‍റാമിലേക്കുള്ള മാറ്റം എന്നോര്‍ക്കണം.

മമ്മൂട്ടി 'നന്ദി വീണ്ടും വരിക' എന്ന ചിത്രത്തിൽ
മമ്മൂട്ടി 'നന്ദി വീണ്ടും വരിക' എന്ന ചിത്രത്തിൽ

വെറൈറ്റിയാണ് മെയിന്‍ അന്നുമിന്നും

പോലീസില്‍ തന്നെ പതിവ് ഗെറ്റപ്പിനെ ഗെറ്റൗട്ടടിച്ച് അയാള്‍ കാരിക്കാമുറി ഷണ്മുഖനും രാജന്‍ സഖറിയയും ആകും. ഡിവൈ എസ് പി പെരുമാള്‍ അല്ല സേതുരാമയ്യര്‍. 'രാക്ഷസരാജാവി'ലെ രാമനാഥനല്ല 'ഉണ്ട'യിലെ മണികണ്ഠന്‍. ജാതിമഹിമയില്‍ ഊറ്റം കൊള്ളുന്ന, കീഴാളനെ വെറുപ്പോടെ മാത്രം കാണുന്ന വൃത്തികെട്ട കുട്ടനായി 'പുഴു'വില്‍.

'ഉണ്ട' എന്ന ചിത്രത്തിൽ മമ്മൂട്ടി
'ഉണ്ട' എന്ന ചിത്രത്തിൽ മമ്മൂട്ടി

ഒടുവിലിതാ ഒരു സാധാരണ പോലീസുകാരന്റെ മുഴുവന്‍ നിസഹായതയോടെ, അതേസമയം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ അതേ ഉശിരോടെ എഴുപത്തിരണ്ടാം വയസില്‍ അയാള്‍ വീണ്ടും യുപിയില്‍ അര്‍ധരാത്രിയില്‍ ഒരു ഗ്രാമത്തെയാകെ വിറപ്പിച്ച് പാഞ്ഞടുത്ത ക്രിമിനല്‍ക്കൂട്ടത്തെ ഇടിച്ച് നിലംപരിശാക്കി സംഘത്തലവനെയും തൂക്കിയെടുത്ത് ടാറ്റാ സുമോയില്‍ കുതിയ്ക്കുന്നു. അതാണ് മമ്മൂട്ടി, മലയാളത്തിന്റെ ഇക്ക. നമുക്കും സിനിമയ്ക്കും പ്രായമാകുമ്പോഴും അയാള്‍ക്ക് മാത്രം ചെറുപ്പം.

'കണ്ണൂര്‍ സ്‌ക്വാഡി'ലെ ഒരു രംഗം
'കണ്ണൂര്‍ സ്‌ക്വാഡി'ലെ ഒരു രംഗം

മലയാള സിനിമയിലെ ഏറ്റവും മികച്ച പോലീസാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തല്‍ ഈ കുറിപ്പിന്റെ ഉദ്ദേശ്യമേയല്ല. കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസിനൊപ്പം ആ തര്‍ക്കം സമാന്തരമായി നടക്കുന്നുണ്ടല്ലോ. അത് തുടരേണ്ടവര്‍ തുടരുക. എന്നാല്‍ ഒരു കാര്യം ഉറപ്പ്. പോലീസ് വേഷങ്ങളിലെ വൈവിധ്യം, അത് മമ്മൂട്ടിക്ക് സ്വന്തം.

പഞ്ച് ഡയലോഗുകളില്‍ മാത്രം അഭിരമിക്കുന്ന ഒരാളല്ല പല മമ്മൂട്ടി കഥാപാത്രങ്ങളും. രോഗിയായ മകളുടെ വേദനയ്ക്ക് കൂട്ടിരിക്കുന്ന 'പേരന്‍പി'ലെ അങ്ങേയറ്റം നിസഹായനാകുന്ന അച്ഛനെ പോലെ, അത്രയൊന്നുമല്ലെങ്കിലും 'വല്ല്യേട്ടനി'ലെ അറയ്ക്കല്‍ മാധവനുണ്ണിയേയും 'വാത്സല്യ'ത്തിലെ മേലേടത്ത് രാഘവനെയും പോലെ ഒപ്പമുള്ളവരുടെ ദൈന്യതയ്ക്കും അയാള്‍ സാക്ഷിയും കാവലാളുമാകുന്നുണ്ട്.

ഉറ്റബന്ധങ്ങളുടെ കടലിരമ്പം ഉള്ളില്‍ പേറുന്ന ഒരു അച്ചൂട്ടിയെ 'അമര'ത്തില്‍ മാത്രമല്ല, അയാള്‍ താന്‍ വഹിക്കുന്ന ഓരോ കഥാപാത്രത്തിനകത്തും നിശ്ശബ്ദം പേറുന്നുണ്ട്. വിഷയം മമ്മൂട്ടിയിലെ പോലീസ് മാത്രമാകയാല്‍ അതൊക്കെ നമുക്ക് വിടാം. എങ്കിലും ഏത് ടൈപ്പ് പോലീസിലും ഉത്തമ മാതൃക ആ മനുഷ്യന്‍ തന്നെ. അതിനാലാണ് ഭരത് ചന്ദ്രന്‍ ഐപിഎസില്‍ പോലും ഒരു ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഉണ്ടെന്ന് ചിലരെങ്കിലും പറയുമ്പോള്‍ എതിര്‍ക്കാനാകാത്തത്.

പുതിയ ചിത്രത്തില്‍, കണ്ണൂര്‍ സ്‌ക്വാഡിന്റെ ലീഡര്‍ എങ്കിലും മമ്മൂട്ടി അദ്ദേഹത്തിന്റെ തന്നെ അനേകമനേകം പോലീസ് കഥാപാത്രങ്ങളുടെ മൊത്തം ലീഡറാകുന്നുണ്ട് ഇതില്‍. ഒരു കൊലപാതകത്തിന് പിന്നിൽ ആര് എന്നത് അന്വേഷിച്ച് അന്വേഷിച്ചുചെല്ലുമ്പോള്‍ അത് ചിലപ്പോള്‍ എത്തിച്ചേരുക പ്രതിയിലേക്കല്ല, കുറ്റവാളിയിലെ കുറ്റം ചെയ്യേണ്ടി വരുന്ന പാവം മനുഷ്യനിലേക്കാണ് എന്ന ക്രൂരസത്യത്തെ ജോര്‍ജ് മാര്‍ട്ടിന്‍ അഭിമുഖീകരിക്കുന്നുണ്ട് ആദ്യ അരമണിക്കൂറില്‍. എന്നിട്ടും കുറ്റവാളിയായ സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ടിവരുന്നതിന് അയാള്‍ പറയുന്ന ന്യായീകരണം ''ഞങ്ങള്‍ മനുഷ്യര്‍ മാത്രമല്ലല്ലോ, പോലീസുകാര്‍ കൂടിയാണല്ലോ,'' എന്നാണ്. കണ്ണുകള്‍ നിറയിക്കുന്നുണ്ട്, ഈ നിസഹായത. പക്ഷേ അയാള്‍ അത് പക്വതയോടെ നേരിടുന്നു.

'കണ്ണൂര്‍ സ്‌ക്വാഡി'ൽ മമ്മൂട്ടി
'കണ്ണൂര്‍ സ്‌ക്വാഡി'ൽ മമ്മൂട്ടി

മുംബൈയില്‍, യുപിയില്‍ കൊലപാതകികള്‍ക്ക് പിന്നാലെ ഓടിയോടി തളരുന്ന, എന്നാല്‍ ഒളിച്ചോടാന്‍ ഒരുക്കമല്ലാത്ത അതിമാനുഷനല്ലാത്ത പോലീസുകാരന്റെ കുതിപ്പും കിതപ്പും ജോര്‍ജ് മാര്‍ട്ടിനില്‍ കാണാം. ഏത് ഡയറക്ടറും ആയിരം വട്ടം കാണിച്ചുകൊടുത്താലും മുഖത്തുവരുത്താന്‍ എളുപ്പമല്ലാത്ത ആ റിയലിസ്റ്റിക് പോലീസുകാരനെ മമ്മൂട്ടി എളുപ്പം പകരുന്നത് ആ മനുഷ്യന്റെ ആത്മസമര്‍പ്പണം കൊണ്ടും അഭിനയത്തോടുള്ള ഒടുങ്ങാത്ത ആസക്തികൊണ്ടും മാത്രം. ആയതിനാല്‍ അയാള്‍ അയാളുടെ തന്നെ കഥാപാത്രങ്ങളുടെ, ഭാവവിഭിന്നതകളുടെ സ്‌ക്വാഡ് ലീഡര്‍ കൂടിയാണ്.

'പുഴു' എന്ന ചിത്രത്തിൽനിന്ന്
'പുഴു' എന്ന ചിത്രത്തിൽനിന്ന്

ജേക്കബ് ഈരാളിയും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഡിവൈ എസ് പി പെരുമാളും കാരിക്കാമുറി ഷണ്‍മുഖനും രാജന്‍ സഖറിയയും മണികണ്ഠനും കുട്ടനും ഒടുവില്‍ ജോര്‍ജ് മാര്‍ട്ടിനും ഉള്‍പ്പെട്ട വൈവിധ്യമാര്‍ന്ന അസംഖ്യം പോലീസ് വേഷങ്ങളുടെ സ്‌ക്വാഡ്, മമ്മൂട്ടി എന്ന മഹാ സ്‌ക്വാഡ്.

logo
The Fourth
www.thefourthnews.in