നാദവ് ലാപിഡ്
നാദവ് ലാപിഡ്

'കശ്മീർ ഫയല്‍സ് ഐഎഫ്എഫ്ഐയില്‍ എത്തിയത് രാഷ്ട്രീയ സമ്മര്‍ദം മൂലം'; വിയോജിപ്പ് തുറന്നു പറഞ്ഞത് കടമയെന്ന് നാദവ് ലാപിഡ്

വിവാദമായ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് ഇസ്രായേലി പത്രമായ 'ഹാരെറ്റ്സിന്' നല്‍കിയ അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിവേക് അഗ്നിഹോത്രി ചിത്രം 'കശ്മീര്‍ ഫയല്‍സ്' ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് ജൂറി ചെയര്‍മാനും ഇസ്രായേല്‍ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ്. ചിത്രത്തെ പരസ്യമായി വിമർശിച്ചതിൽ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് പുതിയ പരാമർശം. 'രാഷ്ട്രീയ സമ്മർദം' മൂലമാണ് കശ്മീർ ഫയല്‍സ് മേളയിലെ മത്സര നിരയിൽ ഉൾപ്പെടുത്തിയതെന്ന് താൻ കണ്ടെത്തിയെന്നും അതിനെതിരെ സംസാരിക്കുന്നത് തന്റെ കടമ ആണെന്നും ഇസ്രായേലി പത്രമായ 'ഹാരെറ്റ്സിന്' നല്‍കിയ അഭിമുഖത്തില്‍ ലാപിഡ് അവകാശപ്പെട്ടു. ഇന്ത്യയിലേക്ക് എത്തിയ ഒരു വിദേശി എന്ന നിലയിൽ, രാജ്യത്തുള്ളവർക്ക് പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറയാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പരാമർശത്തോട് യോജിക്കുന്ന ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് നൂറുകണക്കിന് സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ലാപിഡ് വ്യക്തമാക്കി

ഒരു ചിത്രത്തിന് പിന്നിലെ അജണ്ട എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവ് തനിക്കുണ്ടെന്നും സിനിമയെന്ന വ്യാജേന നടത്തുന്ന പ്രചാരണം താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ലാപിഡ് വ്യക്തമാക്കി. തന്റെ നിലപാടിനോട് സഹ ജൂറി അംഗങ്ങളും യോജിക്കുന്നുണ്ടെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. തന്നോട് യോജിക്കുന്ന ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് നൂറുകണക്കിന് സന്ദേശങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

നാദവ് ലാപിഡ്
കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല; പരസ്യ വിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍

അതിനിടെ വിവാദം കത്തിനില്‍ക്കുന്നതിനിടെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്തെത്തി. ''നിങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളിൽ അസന്തുഷ്ടരായ ആളുകളാണ് നിങ്ങളെ വേദനിപ്പിക്കാനായി മനപ്പൂർവം മുൻപോട്ട് വരുന്നത് . നിങ്ങളെ വേദനിപ്പിക്കാന്‍ അത്തരം ആളുകളെ അനുവദിക്കുന്നത് ഭീരുത്വം മാത്രമല്ല, സ്വയം നാശവുമാണ് '' - വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

53-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് നാദവ് ലാപിഡ് കശ്മീർ ഫയല്‍സിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ജൂറിയെ ഞെട്ടിച്ചുവെന്നും ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നുമായിരുന്നു ലാപിഡിന്റെ പരാമർശം. അശ്ലീല നിർമിതിയായ ഇത്തരം ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തുന്നത് പരിഹാസ്യമാണ്. ഗോവ ചലച്ചിത്ര മേള പോലെയുള്ള അഭിമാനകരമായ മേളയിലെ കലാപരവും മത്സരപരവുമായ ഒരു വിഭാഗത്തിന് അനുചിതമായ, ഒരു പ്രൊപ്പഗൻഡ സിനിമയായി കശ്മീർ ഫയല്‍സ് അനുഭവപ്പെട്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

നാദവ് ലാപിഡ്
''ആശങ്കയുണ്ടായിരുന്നു, ആരെങ്കിലും തുറന്ന് പറയണമെന്ന് തോന്നി''; കശ്മീർ ഫയല്‍സ് വിവാദത്തില്‍ നാദവ് ലാപിഡ്

ഇതോടെ നാദവ് ലാപിഡിന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. എന്നാൽ അന്താരാഷ്ട്ര ജൂറിയുടെ തലവൻ എന്ന നിലയിൽ തന്റെ അഭിപ്രായം പറയേണ്ടത് തന്റെ കടമയാണെന്നായിരുന്നു ലാപിഡിന്റെ മറുപടി. അഭിപ്രായങ്ങള്‍ തുറന്നുപറയാൻ ശേഷി നഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആരെങ്കിലുമൊക്കെ സത്യം തുറന്നു പറയേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരണം നൽകി. ഈ സിനിമ കണ്ടപ്പോൾ, അതിന്റെ ഇസ്രായേലി സാമ്യത തനിക്ക് സങ്കൽപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ ഇസ്രായേല്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in