വിഖ്യാത സംവിധായകന്‍ കുമാർ സാഹ്നി അന്തരിച്ചു

വിഖ്യാത സംവിധായകന്‍ കുമാർ സാഹ്നി അന്തരിച്ചു

മായ ദർപ്പണ്‍ (1972), താരംഗ് (1984), ഖായല്‍ ഗത (1989), കസ്‌ബ (1990) എന്നിവയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിലെ പ്രമുഖ ചിത്രങ്ങള്‍

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായ ദർപ്പണ്‍ (1972), തരംഗ് (1984), ഖയാല്‍ ഗാഥ (1989), കസ്‌ബ (1990) എന്നിവയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിലെ പ്രമുഖ ചിത്രങ്ങള്‍. 1940 ഡിസംബർ ഏഴിന് അവിഭക്ത ഇന്ത്യയിലെ സിന്ധിലാണ് ജനനം. വിഭജനത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.

പസോളിനി, ടാർക്കൊവ്സ്ക്കി തുടങ്ങിയ സംവിധായകരുടെ സ്വാധീനവും കഥപറച്ചിലുമായിരുന്നു മറ്റുള്ളവരില്‍ നിന്ന് സാഹ്നിയെ വ്യത്യസ്തനാക്കിയിരുന്നത്. സംവിധായകനെന്ന നിലയില്‍ മാത്രമല്ല അധ്യാപകനായും എഴുത്തുകാരനായും ശ്രദ്ധ നേടിയ വ്യക്തിയാണ് സാഹ്നി. ദ ഷോക്ക് ഓഫ് ഡിസയർ ആന്‍ഡ് അദർ എസെയ്‌സ് (The Shock of Desire and Other Essays) അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്.

വിഖ്യാത സംവിധായകന്‍ കുമാർ സാഹ്നി അന്തരിച്ചു
'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?

ബോംബെ സർവകലാശാലയില്‍ നിന്ന് പോളിറ്റിക്കല്‍ സയന്‍സിലും ചരിത്രത്തിലും ബിരുദം നേടിയതിന് ശേഷമാണ് സാഹ്നി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥ രചനയും സംവിധാനവും പഠിക്കാനൊരുങ്ങുന്നത്. ഈ കാലയളവിലാണ് വിഖ്യാത സംവിധായകരിലൊരാളായ റിത്വിക്ക് ഘട്ടക്കിനെ കണ്ടുമുട്ടുന്നത്. പിന്നീട് റിത്വിക്കിന്റെ ഏറ്റവും മികച്ച ശിഷ്യന്മാരിലൊരാളായി സാഹ്നി. റിത്വിക്കിന്റെ സ്വാധീനം സാഹ്നിയുടെ സൃഷ്ടികളില്‍ പ്രതിഫലിച്ചിരുന്നു.

സാഹ്നിയുടെ ആദ്യ ചിത്രമായ മായ ദർപ്പണ്‍ നിർമ്മല്‍ വർമയുടെ കഥയുടെ അഡാപ്റ്റേഷനായിരുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു രണ്ടാമത്തെ ചിത്രം തരംഗ് പ്രേഷകരിലേക്ക് എത്തിയത്. ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മുതലാളി-തൊഴിലാളി വർഗ സംഘർഷമായിരുന്നു തരംഗ് പറഞ്ഞത്. ഖായല്‍ ഗാഥയും കസ്‌ബയും ഫിലിം ഫെയർ പുരസ്കാരങ്ങള്‍ നേടി. 1997ല്‍ പുറത്തിറങ്ങിയ ചാർ അദ്ധ്യായ് ടാഗോറിന്റെ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു.

logo
The Fourth
www.thefourthnews.in