അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരയുടെ 
കൊലപാതകത്തിനുമിടയിലെ
ദശാബ്ദം പരുവപ്പെടുത്തിയ ചലച്ചിത്രകാരന്‍

അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരയുടെ കൊലപാതകത്തിനുമിടയിലെ ദശാബ്ദം പരുവപ്പെടുത്തിയ ചലച്ചിത്രകാരന്‍

അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനകാലത്ത് ജോര്‍ജ്ജുമാരെ സൃഷ്ടിച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ തലപ്പത്ത് ഗജേന്ദ്ര ചൗഹാന്‍മാരും മാധവന്‍മാരും സുരേഷ് ഗോപിമാരും കടന്നുവരുന്നു

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ കുപ്രസിദ്ധമായ വര്‍ഷമാണ് 1975. ഇന്ദിരാഗാന്ധിയുടെ ഭരണകൂടം പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ സ്വതന്ത്ര ഇന്ത്യയുടെ നെഞ്ചിലേക്ക് കുത്തിയിറക്കിയ ആദ്യത്തെ കഠാര ആയിരുന്നു. ആ മുറിവില്‍ നിന്നൊഴുകിയ രക്തം നമ്മുടെ രാഷ്ട്രീയത്തെയും സാമൂഹ്യ ശാസ്ത്രത്തെയും സാഹിത്യത്തെയും സിനിമയെയും ഉള്‍പ്പെടെ സമൂഹവുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളെയും വ്യവഹാരങ്ങളെയും മാറ്റിമറിച്ചു. ഭരണകൂടം അതിമുട്ടാളനായ ക്രിമിനല്‍ ആയി വ്യാപരിച്ച സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ സ്വാഭാവികവത്ക്കരിക്കപ്പെട്ടു. ആ പ്രതിഭാസത്തിന്റെ മറ്റൊരു ഇരയായി ഇന്ദിരാ ഗാന്ധി ഒടുങ്ങി എന്നതാണ് ചരിത്രം നല്കിയ ഏറ്റവും വലിയ പാഠം. അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനും ഇടയിലുള്ള ഒരു ദശാബ്ദം പരുവപ്പെടുത്തിയ ചലച്ചിത്രകാരനാണ് കെ ജി ജോര്‍ജ്.

അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരയുടെ 
കൊലപാതകത്തിനുമിടയിലെ
ദശാബ്ദം പരുവപ്പെടുത്തിയ ചലച്ചിത്രകാരന്‍
കെ ജി ജോർജ്: സംവിധാനത്തിലെ പെർഫക്ഷനിസ്റ്റ്

1975 ആണ് മലയാള സിനിമയെ മാറ്റിമറിച്ച വര്‍ഷം എന്നാണ് ഞാന്‍ കരുതുന്നത്. ഓളവും തീരവും, സ്വയംവരവും നിര്‍മ്മാല്യവും ഉത്തരായനവും അതിനു മുന്നേ പിറന്നുവീണിരുന്നു എന്ന യാഥാര്‍ഥ്യം മറന്നുകൊണ്ടല്ല ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത്. മലയാളത്തിലെ രാഷ്ട്രീയ സിനിമയുടെ സഞ്ചാരപാത അടയാളപ്പെടുത്തപ്പെട്ട വര്‍ഷമെന്നതാണ് എന്റെ പ്രസ്താവനയുടെ ആധാരം. കെ ജി ജോര്‍ജ്ജിന്റെ സ്വപ്നാടനവും പി എ ബക്കര്‍-ടി വി ചന്ദ്രന്‍-പവിത്രന്‍ ടീമിന്റെ കബനീ നദി ചുവന്നപ്പോളും പുറത്തിറങ്ങുകയും സംസ്ഥാന സിനിമാ പുരസ്കാരം നേടുകയും ചെയയ്തത് 1975ലാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സ്വപ്നാടനമായിരുന്നു മികച്ച ചിത്രം. കബനീ നദി ചുവന്നപ്പോള്‍ രണ്ടാമത്തെ ചിത്രവും മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. ആകെ ആറ് പുരസ്കാരങ്ങളാണ് സ്വപ്നാടനത്തിന് കിട്ടിയത്.

അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരയുടെ 
കൊലപാതകത്തിനുമിടയിലെ
ദശാബ്ദം പരുവപ്പെടുത്തിയ ചലച്ചിത്രകാരന്‍
മനസ്സിന്റെ ഉള്ളറകളിലേക്ക് തുറന്നുവച്ച ക്യാമറ

അടിയായന്തിരാവസ്ഥ കാലത്ത് പ്രഖ്യാപിക്കപ്പെട്ട പുരസ്കാരത്തില്‍ നക്സലൈറ്റിന്റെ കഥ പറഞ്ഞ കബനീ നദി ചുവന്നപ്പോള്‍ ഇടം പിടിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. ഈ കാര്യം പത്രക്കാര്‍ അന്നത്തെ അഭ്യന്തര മന്ത്രി കെ കരുണാകരനോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു-നക്സലൈറ്റ് ആയാല്‍ വെടിവച്ചു കൊല്ലും എന്ന സന്ദേശം ഉള്ള ചിത്രമാണ് ബക്കറിന്‍റേത്. എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിലെ പ്രൊജക്ടര്‍ റൂമില്‍ വച്ചു പോലീസുകാര്‍ കത്രിക വച്ച സിനിമയായി കബനി നദി ചരിത്രത്തില്‍ ഇടം നേടി.

1976-ല്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദില്‍ നിന്നും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ബാപ്പു സ്വീകരിക്കുമ്പോള്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചിരുന്നില്ല

പ്രത്യക്ഷത്തില്‍ രാഷ്ട്രീയം സംസാരിക്കുന്നില്ലെങ്കിലും സ്വപ്നാടനത്തിനും ഉണ്ടായിരുന്നു അടിയന്തിരാവസ്ഥ ബന്ധം. നിര്‍മ്മാതാവ് പാര്‍സി മുഹമ്മദിന്റെ അധോലോകബന്ധം പ്രശ്നമാകുമോ എന്നായിരുന്നു കെ ജി ജോര്‍ജ്ജിന്റെ ഭയം. അധോലോക രാജാക്കന്‍മാരായ ഹാജി മസ്താനും വരദരാജ മുതലിയാരുമൊക്കെയായി മുഹമ്മദ് ബാപ്പുവിന് ബന്ധമുണ്ടായിരുന്നു. ഹാജി മസ്താനടക്കം പലരും ജയിലിലാണ്. "മുഹമ്മദ് ബാപ്പുവിനെ യാത്രയാക്കാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമര്‍ജന്‍സി പ്രഖ്യാപിച്ച വിവരം അറിയുന്നത്.

എയര്‍പോര്‍ട്ടിലെ ടെലിപ്രിന്‍ററിലൂടെ ആ വാര്‍ത്ത വന്നു: Emergency declared. മുഹമ്മദ് ബാപ്പു ബോംബെ അധോലോകത്തിന്റെ ഭാഗമായിരുന്നു. ഞാന്‍ ഈ വാര്‍ത്ത കണ്ടയുടനെ ബാപ്പുവിനോട് പറഞ്ഞു. You must be carefull." 1976-ല്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദില്‍ നിന്നും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ബാപ്പു സ്വീകരിക്കുമ്പോള്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചിരുന്നില്ല.

പി എ ബക്കര്‍ക്കും കെ ജി ജോര്‍ജ്ജിനും തമ്മിലുള്ള മറ്റൊരു സാമ്യം രണ്ടുപേരും രാമു കാര്യാട്ട് എന്ന മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ ഷോ മാന്‍റെ കളരിയില്‍ നിന്നും സിനിമാ സംവിധായകരായി ചുവടുവച്ചവരാണ് എന്നതാണ്. രാമു കാര്യാട്ടിന്റെ കൂടെ നിര്‍മ്മാണ കാര്യദര്‍ശിയായി നീലക്കുയിലിലും എഴുരാത്രികളിലും ഒക്കെ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഓളവും തീരവും എന്ന മലയാളത്തിലെ നാഴികക്കല്ല് സിനിമയുടെ നിര്‍മ്മാതാവായി ബക്കര്‍ എത്തുന്നത്. അതിനു ശേഷമാണ് കബനിയുടെ സംവിധാനം നിര്‍വഹിക്കുന്നതും.

70-കളുടെ ആദ്യപകുതിയില്‍ രാമുകാര്യാട്ടിന്റെ മുഖ്യസഹായിയായിരുന്നു കെ ജി ജോര്‍ജ്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി രാമു കാര്യാട്ടിന്റെ ക്ഷണപ്രകാരം മദ്രാസില്‍ എത്തിയതാണ് ജോര്‍ജ്. കെ സുരേന്ദ്രന്റെ മായ, പി വത്സലയുടെ നെല്ല് എന്നീ നോവലുകളെ അടിസ്ഥാനമാക്കി കാര്യാട്ട് സംവിധാനം ചെയ്ത സിനിമകളില്‍ അസിസ്റ്റന്‍റ് ആയിരുന്നു കെ ജി ജോര്‍ജ്. കാര്യാട്ടിന്റെ വമ്പിച്ച സുഹൃദ്‌വലയത്തില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞതും ഇന്‍സ്റ്റിറ്റ്യൂട്ട് സിനിമക്കാരെക്കുറിച്ച് മദ്രാസിലെ സിനിമാക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന പുച്ഛത്തിനും പരിഹാസത്തിനും വെളിയില്‍ കടക്കാന്‍ കഴിഞ്ഞതുമാണ് ഈ സിനിമാക്കാലം ജോര്‍ജ്ജിന് നൽകിയ സൗഭാഗ്യങ്ങള്‍.

അടിയന്തിരാവസ്ഥയെ കുറിച്ച് ഇന്ത്യൻ സിനിമകളില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ചലച്ചിത്രമാണ് ഇരകള്‍. എല്ലാ മൂല്യങ്ങളും തകര്‍ന്ന് ഹിംസയുടെ വിളനിലമായി മാറിക്കഴിഞ്ഞ അടിയന്തിരാവസ്ഥാനന്തര കാല ഇന്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള അന്യാപദേശ കഥയാണ് 1986ല്‍ പുറത്തുവന്ന ഇരകള്‍. സ്വപ്നാടനത്തിനും ഇരകള്‍ക്കും ഇടയിലെ പത്തുവര്‍ഷങ്ങളെ കുറിച്ച് ജോര്‍ജ് പറയുന്നത് ഇങ്ങനെയാണ്. "സ്വപ്നാടനത്തില്‍ നിന്നും ഇരകളിലേക്കുള്ള ഒരു പതിറ്റാണ്ടുകാലത്തിനിടെ എന്‍റെ സ്വപ്നഭൂമികകളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു."

ഇന്ദിരാഗാന്ധിയുടെ ശവസംസ്കാര രംഗങ്ങള്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഇരകളുടെ ആശയം പിറക്കുന്നത്. പാലക്കുന്നേല്‍ ബേബി ശരിക്കും സഞ്ജയ് ഗാന്ധി തന്നെയാണ്. സഞ്ജയ് ഗാന്ധിയുടെ ഭ്രാന്തിന്റെ ഒരംശം ബേബിയിലുണ്ട്. രാഷ്ട്രത്തിന്റെ അനുഭവത്തെ ഒരു മധ്യതിരുവിതാംകൂര്‍ ധനിക ക്രിസ്ത്യന്‍ കുടുംബത്തിലേക്ക് ആവാഹിച്ചുകൊണ്ടുവരികയായിരുന്നു കെ ജി ജോര്‍ജ് ഇരകളില്‍. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ സിനിമയാണ് ഇരകള്‍. ആ രീതിയില്‍ ഏറെയൊന്നും വായിക്കപ്പെട്ടിട്ടില്ലെങ്കിലും.

കെ ജി ജോർജ് ആ യുവതയുടെ പ്രതീകമായിരുന്നു. സിനിമയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും അയാള്‍ പഠിച്ചത് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്

പ്രതീക്ഷയുടെയും നിഷ്കളങ്കതയുടെയുമായിരുന്നു എന്‍റെ തലമുറയുടെ യുവത്വം എന്നു കെ ബി വേണുവിന് നൽകിയ ഒരു അഭിമുഖത്തില്‍ കെ ജി ജോര്‍ജ് പറയുന്നുണ്ട്. നെഹ്റൂവിയന്‍ സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണത്തിന്റെ അനവധി മുളകളില്‍ ഒന്നാണ് കെ ജി ജോര്‍ജ്ജും. ഇന്ത്യന്‍ സിനിമാ വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും വളര്‍ച്ചയുടെ ഘട്ടത്തിലൂടെ കടന്നുപോയ നാളുകളായിരുന്നു 1950കളും 1960കളും. ഫിലിം എൻക്വയറി കമീഷനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും ഫിലിം ഫിനാൻസ് കോർപ്പറേഷനും ഒക്കെ തുടങ്ങിയതും ലോക സിനിമയുടെ ഭാവുകത്വ പരിണാമങ്ങളും രാഷ്ട്രീയ ഉള്ളടക്കവും ഇന്ത്യൻ യുവാക്കളെ ആവേശം കൊള്ളിച്ചതും ഈ കാലത്താണ്.

കെ ജി ജോർജ് ആ യുവതയുടെ പ്രതീകമായിരുന്നു. സിനിമയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും അയാള്‍ പഠിച്ചത് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. അതില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജ്ജവും രാഷ്ട്രീയ കാഴ്ചപ്പാടുകളുമാണ് സിനിമയില്‍ പുതിയ പാത വെട്ടിത്തുറക്കാന്‍ അയാളെ പ്രാപ്തനാക്കിയത്. നെഹ്റുവിന്റെ ഇന്ത്യയില്‍ നിന്നുള്ള വിച്ഛേദമായിരുന്നു അടിയന്തിരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് വാഴ്ച ഉണ്ടാക്കിയ പ്രതിഫലനങ്ങള്‍ ഇരകളായി കെ ജി ജോര്‍ജ്ജില്‍ രൂപാന്തരപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനകാലത്ത് ജോര്‍ജ്ജുമാരെ സൃഷ്ടിച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ തലപ്പത്ത് ഗജേന്ദ്ര ചൗഹാന്‍മാരും മാധവന്‍മാരും സുരേഷ് ഗോപിമാരും കടന്നുവരുന്നു. കാശ്മീര്‍ ഫയല്‍സ് പോലുള്ള ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമകള്‍ മികച്ച ചലച്ചിത്രങ്ങളായി വാഴ്ത്തപ്പെടുന്നു. നെഹ്റുവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട അഭിമാന സ്തംഭങ്ങളായ ചലച്ചിത്ര സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടപ്പെടുന്നു. പി കെ നായര്‍ എന്ന മലയാളി ഒരു സിനിമാ താപസനെ പോലെ വളര്‍ത്തിവലുതാക്കിയ ഫിലിം ആര്‍ക്കൈവ് അപ്രസക്തമാവുന്നു. ചരിത്രം മായ്ച്ചുകളയപ്പെടുന്നു. സിനിമകള്‍ ബാഹുബലിമാരുടെ വിഹാര കേളീ രംഗങ്ങളായി മാറിയിരിക്കുന്നു.

കെ ജി ജോര്‍ജ്ജിന്റെ അത്രയൊന്നും പ്രശസ്തമല്ലാത്ത അവസാന ചിത്രമായ ഇലവങ്കോട് ദേശത്തില്‍ ഉറക്കം നഷ്ടമാകുന്ന സ്വേച്ഛാധിപതികളെ കുറിച്ച് പറയുന്നുണ്ട്. ജോര്‍ജ്ജുമാര്‍ ഇനിയും പിറക്കുമെന്ന് ഭയപ്പെടുന്ന സ്വേച്ഛാധിപതികള്‍ക്ക് എല്ലാം അടച്ചുപൂടുകയല്ലാതെ മറ്റെന്ത് നിവൃത്തി? (കെ ജി ജോര്‍ജ്ജ് തന്റെ അവസാന സിനിമയായ ഇലവങ്കോട് ദേശം പുറത്തിറക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്നത് എബി വാജ്പേയിയുടെ നേതൃതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റായിരുന്നു എന്നത് ചരിത്രത്തിന്റെ യാദൃശ്ചികത മാത്രമല്ല.)

logo
The Fourth
www.thefourthnews.in