കെ ജി ജോർജ്: സംവിധാനത്തിലെ പെർഫക്ഷനിസ്റ്റ്

കെ ജി ജോർജ്: സംവിധാനത്തിലെ പെർഫക്ഷനിസ്റ്റ്

ലോകവ്യാപകമായി എക്കാലത്തും ചർച്ച ചെയ്യപ്പെടാൻ ശേഷിയുള്ള കഥകളാണ് കെ ജി ജോർജ് സിനിമകളുടെ പ്രത്യേകത

ഇന്നലെ വളരെ യാദൃശ്ചികമായി ഞാനൊരു മനുഷ്യനെ കണ്ടു. മോഹൻദാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം സ്വപ്നാടനത്തിലെ നായകനായിരുന്നു. ഞാനും പന്ന്യൻ രവീന്ദ്രനും പങ്കെടുത്ത ഒരു മീറ്റിങ്ങിന് ഇടയിലാണ് അദ്ദേഹത്തെ കാണുന്നത്. കെ ജി ജോർജ് സാറിന്റെ അവസ്ഥ വളരെ മോശമാണെന്ന് സംസാരത്തിനിടയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത കേൾക്കുമ്പോൾ, ഒരു വല്ലാത്ത ഞെട്ടലായിരുന്നു. അദ്ദേഹത്തിന് സുഖമില്ലായിരുന്നെന്ന് അറിയാമെങ്കിൽ പോലും, നമുക്ക് ഏറെ പ്രിയപ്പെട്ടവർ നമ്മുടെ ജീവിതത്തിൽ നിന്ന് പോകരുതേയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത വ്യത്യസ്തമായ കഥാപാത്രങ്ങളെ കണ്ടെത്തുന്നതായിരുന്നു

മലയാള സിനമയിൽ, അന്നുമിന്നും എന്നും ഞാൻ കണ്ടിട്ടുള്ള... സിനമയുടെ നെടുംതൂൺ കെ ജി ജോർജ് സാറായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അദ്ദേഹം കണ്ടെത്തിയ വിഷയങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ലോകവ്യാപകമായി എന്നും എക്കാലത്തും ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള... അതിനു ശേഷിയുള്ള കഥകൾ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പശ്ചാത്തലം. അതിന്റെ ഏറ്റവും നല്ല ഉദാഹരണം 'ഇരകൾ' സിനിമയാണ്. എൺപതുകളിൽ ഇരകൾ കണ്ടുകഴിഞ്ഞതിന് ശേഷം, 2004 ൽ അമേരിക്കയിൽ വച്ച് അമേരിക്കൻ ബ്രോഡ്കാസറ്റ് കോർപറേഷനിൽ വന്നുകൊണ്ടിരുന്ന ഒരു സിനിമ കണ്ടിരുന്നു... നിർഭാഗ്യവശാൽ, അതിന്റെ പേര് കണ്ടെത്താൻ പറ്റിയില്ല. സിനിമ തുടങ്ങി പത്തുമിനിറ്റിന് ശേഷമാണ് ഞാൻ അത് കണ്ടുതുടങ്ങിയത്.

ഒരു കൽക്കരി ഖനി കുടുംബസ്വത്തായി നടത്തുന്ന ഒരു വ്യക്തിയുടെ ജീവിതമാണ് കഥ. അദ്ദേഹത്തിന് മൂന്ന് മക്കൾ ഉണ്ട്. മൂന്നാമത്തെ മകൻ ലഹരിയുടെ അടിമയും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന വ്യക്തിയുമാണ്. അയാൾക്ക് താല്പര്യമില്ലാത്തവരെ ഒക്കെയും കൊന്നുകളയുന്ന ഈ കഥാപാത്രം ചിത്രത്തിന്റെ ക്ലൈമാക്സിൽ തന്റെ അച്ഛനെ തന്നെ കൊല്ലുന്നതായിരുന്നു കഥ. ഇരകൾ എന്ന സിനിമയുമായി വളരെ സാമ്യം തോന്നുന്ന ചിത്രമായിരുന്നു അത്. ജോർജ് സാർ കുറച്ചുകൂടി രാഷ്ട്രീയം ചേർത്താണ് ഇരകൾ ചെയ്തതെന്ന വ്യത്യാസം അപ്പോഴുമുണ്ട്. അന്ന് രാത്രി തന്നെ, ഞാൻ അദ്ദേഹത്തെ വിളിച്ചു. അന്നെന്നോട് അദ്ദേഹം പറഞ്ഞകാര്യം ഞാൻ ഒരിക്കലും മറക്കില്ല. "ലോകം മുഴുവൻ ഡിജിറ്റലാകുന്ന കാലത്ത്, ലോകം ഒരു വിരൽത്തുമ്പിലേക്ക് എത്തിയിട്ടുണ്ട്. ഓരോ മനുഷ്യനും മറ്റൊരാളെ സ്വാധീനിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. കുറേക്കാലം, നമ്മൾ അവരെ കണ്ട് പഠിച്ചു. ഇനി നമ്മുടെ ചിത്രങ്ങൾ അവരെയും സ്വാധീനിക്കട്ടെ."

സിനിമയെ അറിയുന്ന ഒരു വ്യക്തിക്ക് സിനിമയുണ്ടാക്കാനുള്ള പശ്ചാത്തലങ്ങൾക്കായി ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതിയെന്ന് തെളിയിച്ച സംവിധായകനാണ് കെ ജി ജോർജ്

എൺപതുകളിൽ പുറത്തിങ്ങിയ ഒരു ചിത്രം, 2004 ലും മനുഷ്യരിൽ സ്വാധീനം ചെലുത്തുന്നു എന്നത് നിസാരകാര്യമല്ല. ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക് ആയാലും, പഞ്ചവടി പാലമായാലും ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ എടുത്ത് ചെയ്ത കോലങ്ങൾ എന്ന ചിത്രവും ഒക്കെ ഇന്നും വ്യത്യസ്തമായി നിൽക്കുന്നു. അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത വ്യത്യസ്തമായ കഥാപാത്രങ്ങളെ കണ്ടെത്തുന്നതായിരുന്നു. പഞ്ചവടി പാലത്തിലായാലും, ഇരകളിൽ ആയാലും, കഥയ്ക്ക് പിന്നിൽ ആയാലും സ്വപ്നാടനത്തിലായാലും മേളയിൽ ആയാലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം ആവിഷ്കരിച്ചിട്ടുള്ളത്.

സിനിമയെ അറിയുന്ന ഒരു വ്യക്തിക്ക് സിനിമയുണ്ടാക്കാനുള്ള പശ്ചാത്തലങ്ങൾക്കായി ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതിയെന്ന് തെളിയിച്ച സംവിധായകനാണ് കെ ജി ജോർജ്. പറയുന്ന കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു പെർഫെക്ഷണിസ്റ്റ് ആണ് അദ്ദേഹമെന്നതിൽ സംശയമില്ല. ഒരു ഫ്രെയിം ഉണ്ടാക്കുമ്പോൾ, അതിനു പൂർണതയുണ്ടാകാൻ അതിൽ എന്തൊക്കെ വേണം എന്ന വിശാലമായ ചിന്ത ഒരു ചെറിയ കാര്യമല്ല. അതുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത്.

കെ ജി ജോർജ്: സംവിധാനത്തിലെ പെർഫക്ഷനിസ്റ്റ്
പുരുഷനിർമിതിയുടെ ചട്ടക്കൂടിനെ വെല്ലുവിളിച്ച കെജിയുടെ സ്ത്രീകൾ

മലയാള സിനിമയിൽ, യവനിക പോലൊരു ക്രൈം ത്രില്ലർ സിനിമ പിന്നീടുണ്ടായിട്ടില്ല എന്നത് ഇതിനുദാഹരണമാണ്. അങ്ങനെ ഒരു സ്ക്രീൻപ്ലേ ഉണ്ടാക്കുക എന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. നാടകത്തെ നാടകമായും സിനിമയെ സിനിമയാണ് ആവിഷ്‌ക്കരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിന്റെ ക്ലോസ് ഷോട്ടുകളിലേക്കോ മിഡ് ഷോട്ടുകളിലേക്കോ പോകാതെ, നാടകമായാണ് അത് കാണുന്നത്. അതിലേക്ക് വളരെ രസകരമായാണ് സിനിമ കൂട്ടിച്ചേർത്തിട്ടുള്ളത്. അന്വേഷണത്തിന്റെ വഴിയിൽ സിനിമയും മറ്റുള്ളവ നാടകമായും ചെയ്തിരിക്കുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ചിത്രം നൽകുന്നത്. ദൃശ്യമാധ്യമം ഉള്ളിടത്തോളം കാലം നിലനിൽക്കാൻ സാധ്യതയുള്ള ചിത്രങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

കെ ജി ജോർജ്: സംവിധാനത്തിലെ പെർഫക്ഷനിസ്റ്റ്
കാഴ്ചയുടെ സൂക്ഷ്മപാഠങ്ങള്‍

ഒരു ടെലിഫിലിമിലും ഒരു ടെലിവിഷൻ സീരിയലിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദൂരെ ഒരിടത്തേക്ക് പോകുമ്പോൾ, അവിടെ എത്താനുള്ള വഴിയും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മാർഗങ്ങളും വളരെ കൃത്യമായി അദ്ദേഹം കാട്ടിത്തരുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ വർക്ക് ഓഫ് ആർട്ടിൽ പൂർണതയുണ്ടാകാൻ ചുറ്റുപാടും നിരീക്ഷിക്കുക മാത്രമാണ് മാർഗം. അത് നമ്മുടേതാക്കി മാറ്റാൻ സാധിക്കണം. അപ്പോൾ മാത്രമാണ് നമ്മുടേതായ ഒരു വ്യക്തിത്വം അതിലുണ്ടാകുന്നത്. ആ വ്യക്തിത്വമാണ് എന്റെ സിനിമ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ ഐഡന്റിറ്റി ഉണ്ടാക്കുകയാണ് ഓരോ കലാകാരനും ചെയ്യേണ്ടതെന്ന് എനിക്ക് തോന്നുന്നു. ജീവിതത്തേക്കാൾ അദ്ദേഹത്തിന്റെ കലയ്ക്ക് വേണ്ടി ജീവിച്ചയാളാണ് കെ ജി ജോർജ് എന്നതിൽ എനിക്ക് സംശയമില്ല.

logo
The Fourth
www.thefourthnews.in