IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം

IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം

കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ദേശീയ പുരസ്‌കാര ജേതാവ് നാനാ പടേക്കർ മുഖ്യാതിഥിയാവും. കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും.

ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28-ാമത് ഐഎഫ്എഫ്‌കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി സംസാരിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ തുടങ്ങിയവർ പങ്കെടുക്കും.

IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം
28ാമത് ഐഎഫ്എഫ്‌കെ: ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

ഫെസ്റ്റിവൽ കാറ്റലോഗ് വി കെ പ്രശാന്ത് എംഎൽഎ, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാലിന് നൽകിയും ഡെയ്‌ലി ബുള്ളറ്റിൻ കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ നൽകിയും പ്രകാശനം ചെയ്യും. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നൽകി പ്രകാശനം ചെയ്യും.

തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിക്കും. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. മുപ്പതിലധികം അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെയും കഥ പറയുന്നു.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ച് മണി മുതൽ ആറു മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവും കർണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാൽ നയിക്കുന്ന സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണം' എന്ന സംഗീതപരിപാടി നടക്കും. ഘടം, വയലിൻ, മൃദംഗം, മുഖർശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകൾ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്.

IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം
IFFK 2023|ഐഎഫ്എഫ്കെ: ലോകസിനിമാ വിഭാഗത്തിൽ 26 ഓസ്കാർ എൻട്രികൾ, 'റീസ്റ്റോർഡ് ക്‌ളാസിക്‌സ്' വിഭാഗത്തിൽ നാല് ചിത്രങ്ങൾ

എട്ടു മുതൽ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 62 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ 26 സിനിമകൾ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങൾ തെരഞ്ഞെടുത്ത ഔദ്യോഗിക എൻട്രികളാണ്.

12,000 ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. നൂറിൽപ്പരം ചലച്ചിത്രപ്രവർത്തകരും മേളയിൽ അതിഥികളായി എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മേളയുടെ സമാപനച്ചടങ്ങിൽ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായിരിക്കും.

IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം
ഐഎഫ്എഫ്കെയ്ക്ക് ഇത്തവണ ആർട്ടിസ്റ്റിക് ഡയറക്ടറില്ല, പകരം സ്പെഷ്യൽ ക്യുറേറ്റര്‍; കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമ

കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്യൂബൻ സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാർഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ മാസ്റ്റർ മൈൻഡ്സ്, നവലാറ്റിനമേരിക്കൻ സിനിമകൾ ഉൾപ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയിൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്പെക്റ്റീവ്, മൃണാൾസെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെൻ റെട്രോസ്പെക്റ്റീവ്, 'ദ ഫിമേൽ ഗേയ്സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകൾ.

ഹൊറർ ജനുസ്സിൽപ്പെട്ട രണ്ടു ചിത്രങ്ങൾ നിശാഗന്ധിയിൽ അർധരാത്രിയിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റൽ റെസ്റ്ററേഷൻ നടത്തിയ നാലു ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയർപേഴ്സണും ലാറ്റിനമേരിക്കൻ സംവിധായകൻ പാബ്ളോ സെസാർ, ന്യൂയോർക്കിലെ ചലച്ചിത്രപണ്ഡിതനായ ബൗകരി സവാദോഗോ, ചലച്ചിത്രനിരൂപകയും ക്യുറേറ്ററുമായ കികി ഫുങ്, ഓസ്‌കർ അവാർഡുകൾ നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സിലെ സംവിധായകശാഖയിലെ അംഗമായ ചലച്ചിത്രകാരൻ പാൻ നളിൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നത്.

IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം
IFFK 2023| അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ഫാമിലിയും തടവുമുൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ

പാരീസിലെ ചലച്ചിത്രചരിത്രാധ്യാപകൻ പിയറി സിമോൺ ഗുട്ട്മാൻ ചെയർമാനും ഇസ്താംബുൾ യൂണിവേഴ്സിറ്റിയിലെ ചലച്ചിത്ര വിഭാഗം അധ്യാപിക മെലിസ് ബെഹ്ലിൽ, ആസാമിലെ വനിതാ സർവകലാശാലയിലെ സാംസ്‌കാരിക പഠനവിഭാഗം അധ്യാപിക ഡോ.മീനാക്ഷി ദത്ത എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഫിപ്രസ്‌കി അവാർഡുകൾ നിർണയിക്കുന്നത്.

ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെ ചെയർമാനും ദക്ഷിണേഷ്യൻ ഗവേഷക മാരാ മറ്റ, ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയിരുന്ന വിദ്യാശങ്കർ എൻ എന്നിവർ അംഗങ്ങളുമായ ജൂറി നെറ്റ്പാക് അവാർഡുകൾ നിർണയിക്കും. സംവിധായകൻ ടി വി ചന്ദ്രൻ ചെയർമാനും സംവിധായിക വിധു വിൻസെന്റ്, ഫിലിം സൊസൈറ്റി പ്രവർത്തകൻ അമിതവ ഘോഷ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കെ ആർ മോഹനൻ അവാർഡ് നിർണയിക്കുക.

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി പത്തിന് വൈകിട്ട് 5.30ന് നിള തിയേറ്ററിൽ സംഘടിപ്പിക്കും. കെ ജി ജോർജ്, കെ പി ശശി, ജനറൽ പിക്ചേഴ്സ് രവി, മാമുക്കോയ, ഇന്നസെന്റ്, സിദ്ദിഖ്, പി വി ഗംഗാധരൻ, നിരൂപകൻ ഡെറിക് മാൽക്കം എന്നിവർക്ക് ചടങ്ങിൽ സ്മരണാഞ്ജലിയർപ്പിക്കും.

ടിവി ചന്ദ്രൻ, കമൽ, സിബി മലയിൽ, മുകേഷ്, ഫാ ബെന്നി ബെനിഡിക്റ്റ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ മൂന്ന് എക്സിബിഷനുകളും സംഘടിപ്പിക്കുന്നുണ്ട്. ബംഗാളി നവതരംഗ സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതവും സിനിമകളും അവതരിപ്പിക്കുന്ന എക്സിബിഷൻ, എം.ടി വാസുദേവൻ നായർ, നടൻ മധു എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനുകൾ എന്നീ മൂന്നു പ്രദർശനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും.

മാനവീയം വീഥിയിൽ നിശാജീവിതം ആസ്വദിക്കാനത്തെുന്ന ഡെലിഗേറ്റുകൾക്കും പൊതുജനങ്ങൾക്കുമായി കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അഭയ ഹിരൺമയി അൺപ്ളഗ്ഡ്, ഫൈ്ളയിംഗ് എലഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീൻ ക്ളബ്, ഇഷ്‌ക് സൂഫിയാന എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. അറുപതും അതിന് മുകളിലുമുള്ള മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് കാണിക്കുന്നവർക്കായിരിക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുക.

ഡെലിഗേറ്റുകൾക്കായി കെഎസ്ആർടിസിയുടെ രണ്ട് ഇ-ബസുകൾ പ്രദർശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സർവീസ് നടത്തുന്നതാണ്.മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവൽ വെഹിക്കിൾ പാസ് ഉള്ള വാഹനങ്ങൾക്ക് മാത്രമേ ടാഗോറിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ.

logo
The Fourth
www.thefourthnews.in