IFFK2023 | ലിസ കലാന്‍, മഹ്നാസ് മുഹമ്മദി, വനൂരി കഹിയു; സിനിമയെ സമരായുധമാക്കിയ പ്രതിഭകള്‍

IFFK2023 | ലിസ കലാന്‍, മഹ്നാസ് മുഹമ്മദി, വനൂരി കഹിയു; സിനിമയെ സമരായുധമാക്കിയ പ്രതിഭകള്‍

26-ാമത് ചലച്ചിത്ര മേളയിലാണ് ആദ്യമായി സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം പ്രഖ്യാപിച്ചത്

28-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (ഐഎഫ്എഫ്‍കെ) സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയു ഏറ്റുവാങ്ങിയിരിക്കുന്നു. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടിയാണ് 2022-ല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 26-ാമത് ചലച്ചിത്ര മേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ കലാനായിരുന്നു ആദ്യമായി പുരസ്കാരത്തിന് അർഹയായത്. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

2015-ല്‍ തുര്‍ക്കിയിലെ ഭീകരവാദി ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടമായിട്ടും സിനിമയെ ആയുധമാക്കി പോരാടിയ സംവിധായികയാണ് ലിസ കലാന്‍. 'എന്റെ ശരീരത്തെ മാത്രമേ അവര്‍ക്ക് പരിക്കേല്‍പ്പിക്കാനായുള്ളൂ, എന്റെ ആശയത്തെ തോല്‍പ്പിക്കാനായിട്ടില്ല' എന്നാണ് പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലിസ കലാന്‍ പറഞ്ഞത്.

കുര്‍ദുകളും തുര്‍ക്കി ഭരണകൂടവും പ്രശ്നങ്ങള്‍ രൂക്ഷമായിരുന്ന ദിയാര്‍ബാക്കിറിലാണ് ലിസ ജനിച്ചത്. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ മാതൃഭാഷയ്ക്ക് പകരം ടര്‍ക്കിഷ് ഭാഷയില്‍ വിദ്യാഭ്യാസം തുടരാന്‍ നിര്‍ബന്ധിതയായപ്പോള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച ലിസയുടെ സ്വപ്‌നം മുഴുവന്‍ സിനിമയായിരുന്നു.

IFFK2023 | ലിസ കലാന്‍, മഹ്നാസ് മുഹമ്മദി, വനൂരി കഹിയു; സിനിമയെ സമരായുധമാക്കിയ പ്രതിഭകള്‍
IFFK 2023|കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പോരാടിയ വനൂരി കഹിയു; സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ സംവിധായിക

തുര്‍ക്കിയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്ത് കുര്‍ദുകളുടെ നിര്‍ബന്ധിത കുടിയിറക്കത്തെക്കുറിച്ച് ഡോക്യുമെന്ററികള്‍ ചെയ്ത ലിസ കുര്‍ദുകളുടെ ജീവിതത്തെ സിനിമയിലൂടെ ലോകത്തെ അറിയിച്ചു. 2015 ജൂണ്‍ അഞ്ചിനാണ് ദിയാര്‍ബക്കീറില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയെ ലക്ഷ്യമിട്ട് ഐഎസ് നടത്തിയ ബോംബാക്രമണത്തില്‍ ലിസയുടെ രണ്ട് കാലുകളും ഇല്ലാതാകുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകള്‍ക്ക് താല്‍ക്കാലികമായ ഇടവേളയെടുത്തെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ലിസ സിനിമാ മേഖലയിലേക്ക് തിരികെയെത്തുകയായിരുന്നു.

അവകാശപ്പോരാട്ടത്തിന്റെ പേരില്‍ ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയാവുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിയാണ് 27-ാമത് ഐഎഫ്എഫ്‌കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കരസ്ഥമാക്കിയത്. ഇറാനിയന്‍ ചലച്ചിത്ര നിര്‍മാതാവും, സ്ത്രീകള്‍ക്ക് വേണ്ടി ധീരമായ പോരാട്ടങ്ങള്‍ നടത്തിവരുകയും ചെയ്യുന്ന മഹ്നാസ്, ഹിജാബ് ധരിക്കാത്തതിന് അറസ്റ്റിലായി മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ നീതിക്കായി പോരാടിയിരുന്നു.

ഈ കാരണത്താലാണ് മഹ്നാസ് അവസാനമായി അറസ്റ്റിലാകുന്നത്. ഇതിനെ തുടര്‍ന്ന് യാത്രകളില്‍ നിന്നും ചലച്ചിത്ര മേളകളില്‍ നിന്നും മഹ്നാസിനെ വിലക്കിയിരുന്നു. മഹ്നാസിന്റെ കരിയറിലെ ആദ്യ ചിത്രമായ 'വിമന്‍ വിതൗട്ട് ഷാഡോസ്' സര്‍ക്കാര്‍ നടത്തുന്ന അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന ഭവനരഹിതരായ, അനാഥരായ സ്ത്രീകളുടെ ജീവിതത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിക്കപ്പെട്ട ഈ ചിത്രം പുരസ്കാരങ്ങളും നേടിയിരുന്നു.

IFFK2023 | ലിസ കലാന്‍, മഹ്നാസ് മുഹമ്മദി, വനൂരി കഹിയു; സിനിമയെ സമരായുധമാക്കിയ പ്രതിഭകള്‍
IFFK 2023|ഫോർ ഡോട്ടേഴ്സ്: അഞ്ച് സ്ത്രീകളുടെ സ്വാതന്ത്ര്യ നിർവചനങ്ങൾ

കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളാണ് വനൂരി കഹിയുവെന്ന 43 കാരിയെ ഈ വർഷത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കഹിയു സംവിധാനം ചെയ്ത 'ഫ്രം എ വിസ്പര്‍' എന്ന ചിത്രത്തിന് 2009-ല്‍ ആഫ്രിക്ക മൂവി അക്കാദമിയുടെ മികച്ച സംവിധായിക, മികച്ച തിരക്കഥ, മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ആഫ്രിക്കന്‍ കലയെ പിന്തുണയ്ക്കുന്ന അഫ്രോബബ്ലെഗം എന്ന മീഡിയ കൂട്ടായ്മയുടെ സഹസ്ഥാപക കൂടിയാണ് വനൂരി കഹിയു.

ആഫ്രിക്കയോടുള്ള മനോഭാവം മാറുന്നതിനും രാജ്യത്തെക്കുറിച്ചുള്ള ഒരു പുതിയ മനോഭാവം സൃഷ്ടിക്കാനുമുള്ള ഒരു കലാപരമായ പ്രസ്ഥാനമായ ആഫ്രോ ബബിള്‍ ഗമ്മിന് പിന്നിലും കഹിയുവിന്റെ കൈകളുണ്ടായിരുന്നു. ആഫ്രിക്കയിലെ പുതിയ തലമുറ സംവിധായകരില്‍പ്പെട്ട കഹിയുവിന്റെ സിനിമകള്‍ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in