ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; കണ്‍കെട്ടുകളുടേയും ഭയത്തിന്റെയും 'ഭ്രമയുഗ'ലോകം കാത്ത് ആരാധകർ

ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; കണ്‍കെട്ടുകളുടേയും ഭയത്തിന്റെയും 'ഭ്രമയുഗ'ലോകം കാത്ത് ആരാധകർ

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ കരിയറില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. ഫെബ്രുവരി 15ന് ചിത്രം തീയേറ്ററുകളിലെത്തും

'ഇത് ഭ്രമയുഗാ.... കലിയുഗത്തിന്റെ ഒരഭ്രംശം', കഴിഞ്ഞ ദിവസം മലയാളക്കര ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത് അതിനുള്ളിലെ ഒരൊറ്റ രംഗമാണ്. രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ഭ്രമയുഗത്തിന്റെ ട്രെയിലർ സ്വപ്നം കണ്ട് പേടിച്ച് അലറുന്ന അർജുൻ അശോകനിൽ തുടങ്ങി ചുരുളിയുടെ മാതൃകയിൽ പുരോഗമിച്ച് ഭയപ്പെടുത്തും വിധം ആർത്ത് ചിരിക്കുന്ന മമ്മൂട്ടിയിലാണ്‌ അവസാനിക്കുന്നത്. ആ ചിരിയാണ് നിമിഷങ്ങൾക്കകം തരംഗമായത്.

ഭ്രമയുഗം ട്രെയ്ലറിൽ നിന്നുള്ള ദൃശ്യം
ഭ്രമയുഗം ട്രെയ്ലറിൽ നിന്നുള്ള ദൃശ്യം
ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; കണ്‍കെട്ടുകളുടേയും ഭയത്തിന്റെയും 'ഭ്രമയുഗ'ലോകം കാത്ത് ആരാധകർ
'ബ്ലാക്ക് ആന്‍ഡ് വൈറ്റ്,12 വെള്ള മുണ്ടുകളുടെ മാത്രം ചെലവ്'; ട്രോളുകള്‍ക്ക് പിന്നാലെ ഭ്രമയുഗം ബജറ്റ് പറഞ്ഞ് നിർമാതാവ്‌

സെക്കൻഡുകൾ കൊണ്ട് മാറിമറിഞ്ഞ് പോകുന്ന മനയ്ക്കലെ കാരണവരുടെ ആ രാക്ഷസച്ചിരി. 400ൽ അധികം സിനിമകളിൽ മമ്മൂട്ടി എന്ന നടൻ പകർന്നാടിയ ഒരു കഥാപാത്രത്തിലും ഇത്തരത്തിലൊരു രംഗം കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. വിധേയനിലും പാലേരിമാണിക്യത്തിലും മുന്നറിയിപ്പിലുമെല്ലാം മമ്മൂട്ടി അവിസ്മരണീയമാക്കിയ വില്ലൻ കഥാപാത്രങ്ങളുടെ ഓർമ മിന്നിമറഞ്ഞ് പോകുന്നുണ്ടെങ്കിലും ഇത് പോലൊരു മമ്മൂട്ടിയെയോ ആ ചിരിയോ കാണാൻ സാധിക്കില്ല.

ഏതൊരു സൂപ്പർതാരവും തന്റെ താരമൂല്യത്തെ ബാധിക്കുമെന്ന് ഭയന്ന് ചെയ്യാൻ മടിക്കുന്ന ഒട്ടനവധി വേഷങ്ങൾ മമ്മൂട്ടി വെള്ളിത്തിരയിൽ തകർത്താടിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതുമായിരുന്നു. അവിസ്മരണീയമായ പ്രതിനായക വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടന്നില്ലെന്ന് സിനിമാ ആസ്വാദകരെ കൊണ്ട് പറയിപ്പിക്കുന്നതിലാണ് മമ്മൂട്ടി എന്ന സൂപ്പർസ്റ്റാർ മറ്റ് സൂപ്പർതാരങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത്.

വിധേയനിലെ ഭാസ്‌കര പട്ടേലര്‍ എന്ന സ്വേച്ഛാധിപതിയുടെ ചിരി, പാലേരിമാണിക്യത്തിലെ അറയ്ക്കല്‍ അഹമ്മദ് ഹാജി, റൊഷാക്കിലെ ലൂക്ക് ആന്റണി, മുന്നറിയിപ്പിലെ രാഘവൻ ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി ചെയ്തു വെച്ച 'ചിരി' രംഗങ്ങളുണ്ട്, പ്രതികാരദാഹവും പുച്ഛവും ഭീതിയുണർത്തുന്നതുമായ വ്യത്യസ്ത ചീരികൾ. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഭ്രമയുഗത്തിലെ കാരണവരുടെ രാക്ഷസച്ചിരി. കണ്‍കെട്ടുകളുടേയും ഭയത്തിന്‍റെയും ഭ്രമയുഗലോകം വീക്ഷിക്കാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

ഒരു അഭിമുഖത്തിൽ മമ്മുട്ടി പറഞ്ഞ ഒരു വാചകമുണ്ട്. 'നടനായല്ല ഞാൻ ജനിച്ചത്, പരീക്ഷിച്ച് തെളിഞ്ഞാണ് ഞാൻ നടനായത്'. 53 വർഷത്തെ അദ്ദേഹത്തിന്റെ അഭിനയ ജീവിതം തെളിയിക്കുന്നതും ഇത് തന്നെയാണ്. വേഷങ്ങളെ ഭയപ്പെടാത്ത താരമാണ് അദ്ദേഹം. ഏത് വേഷവും ആ കൈകളിൽ ഭദ്രം. മമ്മൂട്ടിയുടെ ഫിലിമോഗ്രഫി തന്നെ അതിനുള്ള തെളിവുകളാണ്.

സമീപ കാലങ്ങളിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇപ്പോഴത്തെ മമ്മൂട്ടിയുടെ അഭിനയ വൈഭവത്തെ വെല്ലാൻ മലയാള സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ഒരു ആളില്ല എന്ന പറയേണ്ടി വരും.

ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; കണ്‍കെട്ടുകളുടേയും ഭയത്തിന്റെയും 'ഭ്രമയുഗ'ലോകം കാത്ത് ആരാധകർ
ഒരുപിടിയും തരാത്ത 'ഭ്രമയുഗം'; ഇത്തവണ അമാൽഡ ലിസ്, ഞെട്ടിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ കരിയറില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റിലാണ് ചിത്രമുടനീളം ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഫെബ്രുവരി 15ന് ചിത്രം തീയേറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in