'ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം, അത്രയേ  കരുതിയുള്ളൂ': മലൈക്കോട്ടയിലെ ചിന്നപ്പയ്യന്‍, മനോജ് അഭിമുഖം

'ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം, അത്രയേ കരുതിയുള്ളൂ': മലൈക്കോട്ടയിലെ ചിന്നപ്പയ്യന്‍, മനോജ് അഭിമുഖം

അഭിനയത്തില്‍ എന്ത് സംശയം വന്നാലും ഞാന്‍ ലിജോ സാറിനോടാണ് ചോദിക്കുക. ആദ്യ സീനിന് ശേഷം ചിന്നപ്പയ്യന്‍ എന്തു ചെയ്യണം എങ്ങനെ പെരുമാറണം എന്നൊക്കെ ലിജോ സാര്‍ തന്നെയാണ് പറഞ്ഞ് തന്നത്.

മലൈക്കോട്ടൈ വാലിബന്‍ കണ്ടവരാരും ചിന്നപയ്യനെ മറക്കാനിടയില്ല. സ്വന്തം അണ്ണനെ ജയിക്കാന്‍ ഭൂമി മലയാളത്തില്‍ ആരുമില്ലെന്ന ഗര്‍വോടെ ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചിന്നപയ്യനാണ് ചിത്രത്തിന്‌റെ കഥാഗതിയെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ചിന്നപയ്യനായി വേഷമിട്ട മനോജിന്‌റെ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. തൻ്റെ സിനിമാനുഭവങ്ങള്‍ ദ ഫോർത്തുമായി പങ്കുവെക്കുകയാണ് മനോജ്

മലൈക്കോട്ടൈ വാലിബനില്‍ എത്തിയത് ഓഡിഷനിലൂടെ

മൂണ്‍വാക്ക് എന്നൊരു സിനിമ ചെയ്തിരുന്നു, റിലീസ് ആയിട്ടില്ല, പക്ഷേ ആ ചിത്രം ലിജോ (ലിജോ ജോസ് പെല്ലിശ്ശേരി) സാര്‍ കണ്ടിട്ടുണ്ട്. സാര്‍ പറഞ്ഞിട്ട് ആദ്യ സിനിമയുടെ സംവിധായന്‍ എ കെ വിനോദാണ് എന്നെ വിളിക്കുന്നത്. ലിജോ സാറിന്‌റെ പുതിയ ചിത്രത്തില്‍ ഒരു കഥാപാത്രമുണ്ട്, താല്‍പര്യമുണ്ടെങ്കില്‍ ഓഡിഷന് പോകാന്‍ പറഞ്ഞു. ലിജോ സാറിന്‌റെ എല്ലാ സിനിമയും കണ്ടിട്ടുണ്ട്, സാറിനെ അടുത്ത് കാണാലോ, പരിചയപ്പെടാലോ എന്ന് വിചാരിച്ചാണ് പോയത്. അവിടെ പക്ഷേ സാര്‍ ഉണ്ടായിരുന്നില്ല, സുനില്‍ എന്നൊരു ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. ഇന്‍ട്രോയിലെ തെക്കും വടക്കുമെന്ന ഡയലോഗ് പറഞ്ഞു തന്നു... അത് ചെയ്തു, അറിയിക്കാമെന്ന് സുനില്‍ ചേട്ടന്‍ പറഞ്ഞു. ഞാന്‍ ബാഗും എടുത്ത് പുറത്തെത്തും മുന്‍പ് ഫോണ്‍വിളിച്ചു. നീ ഓക്കെയാണ് എന്ന് പറഞ്ഞു... പക്ഷേ അപ്പോഴും മോഹന്‍ലാല്‍ സിനിമയാണെന്ന് എനിക്ക് അറിയില്ല. ഇത്രയും വലിയ കഥാപാത്രമാണെന്നും അറിയില്ലായിരുന്നു. ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം അത്രയേ ഞാന്‍ കരുതിയുള്ളൂ.

മോഹൻലാലിനൊപ്പം മനോജ്
മോഹൻലാലിനൊപ്പം മനോജ്
ആശാനും (ഹരീഷ് പേരടി) അണ്ണനും (മോഹന്‍ലാല്‍) ഒപ്പമുള്ള വരവ് ആഘോഷമാക്കണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. രണ്ടാമത്തെ ടേക്കില്‍ ഓക്കെയായി. പിന്നെ പതിയെ പതിയെ ചിന്നപ്പയ്യനായി മാറി

കഥ പറഞ്ഞതും പഠിപ്പിച്ചതും കുക്കു പരമേശ്വരന്‍

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുക്കു പരമേശ്വരന്‌റെ ആക്ടിങ് വര്‍ക് ഷോപ്പ് ഉണ്ടായിരുന്നു. കഥ, ഡാനിഷ് , സൊണാലി പിന്നെ ഞാന്‍... അവിടെ വച്ചാണ് കഥ മുഴുവന്‍ കേട്ടത്. സത്യത്തില്‍ ഞെട്ടിപ്പോയി. ആദ്യം പേടിയാണ് തോന്നിയത്. ഇത്രയും വലിയൊരു കഥാപാത്രം ചെയ്യാന്‍ എന്നെ കൊണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. ആക്ടിങ് വര്‍ക് ഷോപ്പ് കഴിഞ്ഞപ്പോള്‍ കുറച്ച് ആത്മവിശ്വാസമായി.

നടപ്പിലും എടുപ്പിലും നാടോടി യുവാവിലേക്ക്

ആക്ടിങ് വര്‍ക് ഷോപ്പിന് ശേഷം സ്വന്തമായി കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തി. നാടോടി യുവാവ് എങ്ങനെയാണ് നടക്കുക, പുതിയ ഒരു സ്ഥലത്ത് അയാള്‍ എങ്ങനെ പെരുമാറും, മാത്രമല്ല ആശാനും അണ്ണനും കൂടെയുള്ളതിന്‌റെ ഒരു ജാഡയും ഗമയുമൊക്കെ അയാള്‍ക്ക് എപ്പോഴുമുണ്ടല്ലോ... അതൊക്കെ മനസില്‍ വച്ചാണ് ചിന്നപ്പയ്യനാകാനുള്ള ശ്രമം നടത്തിയത്. പിന്നെ ലുക്കിനായി താടിയും മുടിയും നീട്ടി വളര്‍ത്തി. മാത്രമല്ല ആ താളബോധം കിട്ടാന്‍ എന്‌റെ ഡാന്‍സ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സത്യത്തില്‍ ചിന്നപ്പയ്യനാകാനുള്ള യാത്ര എളുപ്പമാക്കിയത് പോലും ഡാന്‍സ് ആണെന്ന് പറയാം.

'ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം, അത്രയേ  കരുതിയുള്ളൂ': മലൈക്കോട്ടയിലെ ചിന്നപ്പയ്യന്‍, മനോജ് അഭിമുഖം
സിനിമ സ്വപ്നമായിരുന്നില്ല, വാലിബനിൽ എത്തിയത് അപ്രതീക്ഷിതമായി:സഞ്ജന ചന്ദ്രന്‍ - അഭിമുഖം
മലൈക്കോട്ടൈ വാലിബനില്‍ നിന്നും
മലൈക്കോട്ടൈ വാലിബനില്‍ നിന്നും

ലിജോ സാറും ലാലേട്ടനും

ആദ്യ സീനില്‍ ലിജോ സാര്‍ എന്നെ സ്വതന്ത്രനായി വിട്ടു. തെക്കും വടക്കും എന്നുള്ള ആ വലിയ ഡയലോഗ്, ലോങ് ഷോട്ടില്‍ നിന്ന് ഓടിവരണം, ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ സാര്‍ നല്ല ധൈര്യം തന്നു. ആശാനും (ഹരീഷ് പേരടി) അണ്ണനും (മോഹന്‍ലാല്‍) ഒപ്പമുള്ള വരവ് ആഘോഷമാക്കണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. രണ്ടാമത്തെ ടേക്കില്‍ ഓക്കെയായി. പിന്നെ പതിയെ പതിയെ ചിന്നപ്പയ്യനായി മാറി.

ഒരു സൂപ്പര്‍സ്റ്റാറിനെ ഒരു തുടക്കകാരന്‍ എങ്ങനെ കാണുമോ അങ്ങനെയാണ് ഞാന്‍ ആദ്യം ലാലേട്ടനെ കണ്ടത്. പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെ ആയി. അതിന് കാരണം ലാലേട്ടന്‍ തന്നെയാണ്. സെറ്റില്‍ കൂടുതല്‍ സമയവും ഞാന്‍ ലാലേട്ടനൊപ്പമായിരുന്നു. ലാലേട്ടന്‍ എപ്പോഴും കൂള്‍ ആയി 'മനോജ് വാ ഇരിക്ക്' എന്നൊക്കെ പറയുമ്പോള്‍ നമ്മുക്ക് തന്നെ അത്ഭുതം തോന്നും. ലാലേട്ടന് എന്‌റെ ഡാന്‍സ് വീഡിയോ ഒക്കെ കാണിച്ചു കൊടുത്തു. ലാലേട്ടന്‌റെ പഴയ സിനിമാ ക്ലിപ്പ് ഒക്കെ ഒരുമിച്ചിരുന്ന് കണ്ടു. ലാലേട്ടനെ അണ്ണാ എന്ന് തന്നെയാണ് വിളിക്കുന്നത്. അങ്ങനെ നല്ല രസമായി പോയി.

അഭിനയത്തില്‍ എന്ത് സംശയം വന്നാലും ഞാന്‍ ലിജോ സാറിനോടാണ് ചോദിക്കുക. ആദ്യ സീനിന് ശേഷം ചിന്നപ്പയ്യന്‍ എന്തു ചെയ്യണം എങ്ങനെ പെരുമാറണം എന്നൊക്കെ ലിജോ സാര്‍ തന്നെയാണ് പറഞ്ഞ് തന്നത്. പക്ഷേ എന്‌റെ അഭിനയത്തെ ലാലേട്ടന്‍ എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ നേരിട്ട് ചോദിച്ചു, വളരെ നന്നായിട്ടല്ലേ മോനെ നീ ചെയ്യുന്നേ, ഈസി ആയിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അതില്‍ കൂടുതല്‍ എന്തുവേണം

സത്യത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നമ്മളെയൊക്കെ ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമോ എന്ന തോന്നലുണ്ടായിരുന്നു. മാത്രമല്ല അഭിനയിക്കാന്‍ പറ്റുമോയെന്ന ആശങ്കയും

മലൈക്കോട്ടൈ വാലിബനില്‍ നിന്നും
മലൈക്കോട്ടൈ വാലിബനില്‍ നിന്നും

അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ...

ഡാന്‍സ് ആയിരുന്നു എന്‌റെ മേഖല. സത്യത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നമ്മളെയൊക്കെ ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമോ എന്ന തോന്നലുണ്ടായിരുന്നു. മാത്രമല്ല അഭിനയിക്കാന്‍ പറ്റുമോയെന്ന ആശങ്കയും. ഇതൊക്കെ കൊണ്ടുതന്നെ സിനിമയില്‍ ശ്രമിച്ചിരുന്നില്ല. പക്ഷേ ഒരിക്കല്‍ ഫോട്ടോസ് ഒക്കെ കണ്ടിട്ട് ബാംഗ്ലൂരില്‍ നിന്ന് ഓഡിഷന് വിളിച്ചു. ഡാന്‍സിന്‌റെ തിരക്കില്‍ ആദ്യം പോകണ്ടെന്ന് തീരുമാനിച്ചതാണ്. ജോണ്‍ ജേക്കബ് (നടന്‍, മോഡല്‍, ഡാന്‍സര്‍) പറഞ്ഞിട്ടാണ് പോയത്. ആ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ സിനിമയാണ് മൂണ്‍വാക്ക്. ആ സിനിമ ഉടന്‍ റിലീസാകുമായിരിക്കും. ആ ചിത്രം കണ്ടിട്ടാണ് വാലിബനില്‍ അവസരം വന്നത്. ഇപ്പോള്‍ സത്യത്തില്‍ നല്ല ആത്മവിശ്വാസമായി. എനിക്കും സിനിമയില്‍ അഭിനയിക്കാന്‍ പറ്റും എന്ന തോന്നലുണ്ട്.

'ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം, അത്രയേ  കരുതിയുള്ളൂ': മലൈക്കോട്ടയിലെ ചിന്നപ്പയ്യന്‍, മനോജ് അഭിമുഖം
മാസല്ല, ക്ലാസും; പതിഞ്ഞ താളത്തില്‍ വിറപ്പിക്കാതെ വാലിബന്‍

നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹം

വാലിബനില്‍ ഒരു സീനില്‍ മാത്രമാണ് നമ്മള്‍ അതുവരെ കണ്ട ചിന്നപ്പയ്യന്‍ അല്ലാത്തൊരു ഭാവത്തില്‍ വന്നത്. ആ കഥാപാത്രത്തെ കണ്ടതല്ലേ, കുളക്കരയിലെ സീനില്‍. അതു നന്നായി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദേഷ്യവും നിരാശയും നിസഹായതയുമൊക്കെ ചേര്‍ന്നൊരു ഭാവം. അതു നന്നായി ചെയ്യാന്‍ പറ്റിയെന്നാണ് തോന്നുന്നത്. അതുകൊണ്ടാവും ഇപ്പോള്‍ നെഗറ്റീവ് വേഷം ചെയ്താല്‍ കൊള്ളാമെന്നൊരു ആഗ്രഹമുണ്ട്. നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ഒന്നുരണ്ട് സിനിമകളുടെ കാര്യം സംസാരിക്കുന്നുണ്ട്. ഒന്നും പറയാറായിട്ടില്ല

വിവാദങ്ങളില്‍ പ്രതികരിക്കാനില്ല

എന്‌റെ ആദ്യ സിനിമയാണ്. ലിജോ സാര്‍ ഇന്‌റര്‍നാഷണല്‍ ലെവലില്‍ എടുത്ത ചിത്രമാണ്. നന്നായി വന്നിട്ടുണ്ടെന്നാണ് എന്‌റെ വിശ്വാസം. അതിനും അപ്പുറം വിവാദങ്ങളില്‍ എന്തെങ്കിലും പ്രതികരിക്കാനുള്ള യോഗ്യത എനിക്കുണ്ടെന്ന് കരുതുന്നില്ല. പിന്നെ നല്ലതും മോശവും പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അപ്പോഴും മലയാള സിനിമയെ വളര്‍ത്തേണ്ടത് നമ്മള്‍ തന്നെയാണെന്നുള്ള ബോധം എല്ലാവര്‍ക്കും ഉണ്ടാവേണ്ടതാണ്.

logo
The Fourth
www.thefourthnews.in