മലൈക്കോട്ടൈ വാലിബൻ: കാഴ്ചാശീലങ്ങൾക്കപ്പുറം സൃഷ്ടിച്ച വിസ്മയം

മലൈക്കോട്ടൈ വാലിബൻ: കാഴ്ചാശീലങ്ങൾക്കപ്പുറം സൃഷ്ടിച്ച വിസ്മയം

അമര്‍ച്ചിത്ര കഥകളുടെ പേജുകള്‍ മറിച്ച് ഓരോ കഥയും വായിക്കുന്ന ലാഘവത്തോടെ, വളരെ ഈസിയായി ഇരുന്ന് കാണാവുന്ന, സംവിധായകന്‍ ലിജോ വിശേഷിപ്പിച്ചത് പോലെ പല രാത്രികളിലായി കേട്ടുറങ്ങാവുന്ന ഒരു മുത്തശിക്കഥ

കാഴ്ചാ ശീലങ്ങള്‍ക്ക് അപ്പുറം സൃഷ്ടിച്ച ഒരു വിസ്മയം.. ഒന്നില്‍ നിന്ന് തുടങ്ങി അതില്‍ തന്നെ കഥ വികസിപ്പിച്ച് പിരിമുറുക്കങ്ങളും സന്തോഷങ്ങളുമുണ്ടാക്കി ക്ലൈമാക്‌സിലൂടെ അവസാനിപ്പിച്ച് അവതരിപ്പിക്കുന്ന സിനിമകള്‍. അതിന് അപ്പുറം നിന്ന് ഒന്ന് പറയാനാവില്ലേ? ആവും എന്ന് പല തവണ തെളിയിച്ചയാളാണ് ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്‍. അയാളുടെ കയ്യില്‍ നിന്ന് മലയാളികളെ വിസ്മയിപ്പിക്കാന്‍ പോന്ന ഒരു മാജിക് കൂടി. അതാണ് മലൈക്കോട്ടെ വാലിബന്‍. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചത്. അതിഗംഭീരമെന്നോ, അത്യുഗ്രമെന്നോ എന്ത് വിശേഷിപ്പിച്ചാലും അത് ആ സിനിമയ്ക്ക് ചേര്‍ന്ന വിശേഷണമാവുമോ എന്നതാണ് സംശയം. അസാധ്യമായതെന്തോ സാധ്യമാക്കിയ ഒരു സിനിമ.

സ്ഥിരം കഥ, തിരക്കഥ സങ്കല്‍പ്പങ്ങളുമായി നിങ്ങള്‍ ഈ സിനിമ കാണാന്‍ പോവരുത്. കാരണം ഈ സിനിമ അതല്ല. അമര്‍ച്ചിത്ര കഥകളുടെ പേജുകള്‍ മറിച്ച് ഓരോ കഥയും വായിക്കുന്ന ലാഘവത്തോടെ, വളരെ ഈസിയായി ഇരുന്ന് കാണാവുന്ന, സംവിധായകന്‍ ലിജോ വിശേഷിപ്പിച്ചത് പോലെ പല രാത്രികളിലായി കേട്ടുറങ്ങാവുന്ന ഒരു മുത്തശിക്കഥ. ആ കഥയിലെ വീരനായ മല്ലന്‍. വടക്കന്‍പാട്ടുകളിലെ ചന്തുവിന്റെയും ഒതേനന്റേയും വീര കഥകള്‍ ഓരോ ഏടുകളായാണല്ലോ പാടാറ്. അവര്‍ ചെന്ന് എത്തുന്ന ദേശം, അവരുടെ യാത്രകള്‍, പടപ്പുറപ്പാട്, പന്തയം വച്ചുള്ള പോരുകള്‍.. അങ്ങനെ, അതുപോലുള്ള ഒരു ടെയില്‍ ആണ് മലൈക്കോട്ടെ വാലിബന്‍. ഒരു മല്ലന്റെ വീരചരിതം... അയാളുടെ യാത്രകള്‍, കണ്ടുമുട്ടുന്ന മനുഷ്യര്‍, പന്തയം വച്ചും പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നതുമായ പോരുകള്‍.. അയാളുടെ ജീവിതം..

മലൈക്കോട്ടൈ വാലിബൻ: കാഴ്ചാശീലങ്ങൾക്കപ്പുറം സൃഷ്ടിച്ച വിസ്മയം
'ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം, അത്രയേ കരുതിയുള്ളൂ': മലൈക്കോട്ടയിലെ ചിന്നപ്പയ്യന്‍, മനോജ് അഭിമുഖം

സംഗീതവും, നാടകവും, സാഹിത്യവും, ചതിയും എല്ലാം ഒഴുകിച്ചേര്‍ന്ന സ്‌ക്രിപ്റ്റ്. അതും ഒരു പരീക്ഷണമാണ്. ഇന്നേവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു ചേര്‍ത്ത് വയ്പ്പ്. അടിവാരത്തൂരിലെ വരണ്ട മണ്ണിലേക്ക് കാളകളുമായി വന്ന് മുഴുവന്‍ മഞ്ഞയില്‍ കുളിച്ച മുഖംമൂടി മനുഷ്യര്‍ നിരക്കുന്ന സ്ഥലത്ത് വച്ച് ഇനിയും പോരിന് കാണാമെന്ന ഉറപ്പില്‍ വാലിബന്‍ അവസാനിക്കുന്നു. അടിവാരത്തൂരിലെ കേളുമല്ലനെ തോല്‍പ്പിച്ച് മാതംഗിയുടെ മാങ്കൊമ്പൊടിഞ്ഞൂരിലേക്ക്. അവിടെ നിന്ന് ഓരോ ദേശങ്ങളിലൂടെ തുടരുന്ന യാത്രകള്‍. ഓരോ ദേശവും വീരകഥയിലെ ഒരേട്. കാലദേശങ്ങളില്ലാത്ത കലർപ്പുള്ള ഭാഷ സംസാരിക്കുന്ന സിനിമ.

ഏടുകളുടെ തുടര്‍ച്ചക്കിടയില്‍ സ്ത്രീകള്‍ തമ്മിലുണ്ടാവുന്ന ശത്രുത, അത് വന്നതിന്റെ വേഗതയും വളര്‍ച്ചയും / അതുപോലെ വാലിബന്റെ യഥാര്‍ത്ഥ കഥ അവസാനം ഒരു തീക്കൂനയ്ക്കരികിലിരുത്തി ഒന്നിച്ച് പറയിപ്പിച്ചതിലെ വേഗതയും ശ്രദ്ധക്കുറവും അങ്ങനെ കുറച്ച് ശ്രദ്ധക്കുറവുകള്‍ തിരക്കഥയില്‍ പറയാനായേക്കും. കുറേക്കൂടി ശ്രദ്ധയോടെ അതും അപ്രോച്ച് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി മനോഹരമായേനെ സിനിമ എന്ന് ഇടയ്‌ക്കെങ്കിലും തോന്നും. കഥകളെ തുന്നിച്ചേര്‍ക്കുന്നതിനിടെ ഒന്നുകൂടി സൂക്ഷ്മമായി ഒരിടപെടല്‍ നടത്തിയിരുന്നെങ്കില്‍, ആകെ സിനിമയില്‍ നിന്ന് ഒരു 15 മിനിറ്റ് പലയിടങ്ങളില്‍ നിന്നായി വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ നന്നാവാമായിരുന്നുവെന്നും തോന്നും. ചിലയിടങ്ങളില്‍ നന്നായി ഇറുകിയും മുറുകിയും മുന്നോട്ട് പോവുന്ന സിനിമയില്‍ ചിലയിടങ്ങളില്‍ അത് നഷ്ടപ്പെട്ടത് പോലെ. എന്നാല്‍ ഇതൊന്നും ആ സിനിമ ഏതെങ്കിലും തരത്തില്‍ നല്ലതല്ല എന്ന് പറയുന്നതിന് കാരണമാവുന്നുമില്ല.

മലൈക്കോട്ടൈ വാലിബൻ: കാഴ്ചാശീലങ്ങൾക്കപ്പുറം സൃഷ്ടിച്ച വിസ്മയം
സിനിമ സ്വപ്നമായിരുന്നില്ല, വാലിബനിൽ എത്തിയത് അപ്രതീക്ഷിതമായി:സഞ്ജന ചന്ദ്രന്‍ - അഭിമുഖം

പോര്‍ട്രെയ്റ്റുകള്‍ പോലെയുള്ള മനോഹരമായ ഫ്രെയിമുകള്‍, ലിജോയുടെ ചിന്തകള്‍ക്കും മുകളില്‍ അറിഞ്ഞ് ആറാടുകയാണ് മധു നീലകണ്ഠന്‍. മൂഡി ടോണില്‍, നിറങ്ങള്‍ കൊണ്ടുള്ള ആഘോഷം. ആ നിറങ്ങള്‍, കണ്ണെടുക്കാന്‍ തോന്നാത്ത വിഷ്വലുകള്‍, ഫ്രെയിമുകള്‍, ഓരോന്നും മികച്ചതാണ്.

ഒരു താരത്തിന്റെ ഭാരം ഉപേക്ഷിച്ച് മലൈക്കോട്ടെ വാലിബന്‍ ആയി മാറിയ മോഹന്‍ലാന്‍ എന്ന നടന്‍. എത്രകാലം കഴിച്ചാണ് ഈ നടനെ ഇങ്ങനെ കാണുന്നത്, ഓരോ കാഴ്ചയും അത്ഭുതമാണ്. മോഹന്‍ലാല്‍ എന്ന നടനെ മറന്ന് പോയി പൂര്‍ണമായും, വിരിഞ്ഞ് നില്‍ക്കുന്ന ഒരു മല്ലനെ കാണുന്ന പ്രേക്ഷകന്‍. അയാളോടൊപ്പം അണിനിരക്കുന്ന മറ്റ് അഭിനേതാക്കള്‍. എല്ലാം മനസ്സില്‍ ഉറപ്പിക്കുന്ന സിനിമയിലെ സംഗീതം. ഗോകുല്‍ദാസിന്റെ ആര്‍ട്ട്.. ഒടുവില്‍ എല്ലാം കഴിഞ്ഞ്, ഇനിയും വരും എന്ന് ഉറപ്പ് നല്‍കി ഒന്നാം അധ്യായം അവസാനിക്കുമ്പോള്‍, ഇനി അടുത്തത് എന്നാണ് ഒന്ന് വരിക, എത്രനാള്‍ കാത്തിരിക്കണം എന്ന തോന്നല്‍. ചിത്രകഥാ പുസ്തകങ്ങളില്‍ ഉദ്വേഗത്തോടെ അവസാനിക്കുന്ന കഥകളുടെ തുടര്‍ച്ച വായിക്കാന്‍ അടുത്ത ആഴ്ചയ്ക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സായിരിക്കും പ്രേക്ഷകന് ബാക്കിയാവുക.

logo
The Fourth
www.thefourthnews.in