'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം

'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം

സിനിമയ്ക്ക് പാട്ടെഴുതിയില്ലെങ്കിലും സിനിമാഗാനങ്ങളോളം ജനപ്രീതി നേടിയ ഒരു ഭക്തിഗാനം മലയാളികള്‍ക്ക് സമ്മാനിച്ചു പി കുഞ്ഞിരാമന്‍ നായര്‍.

സിനിമയ്ക്ക് പാട്ടെഴുതാന്‍ മോഹിച്ചിട്ടുണ്ട് മഹാകവി പി കുഞ്ഞിരാമന്‍ നായര്‍. പി ഭാസ്‌കരന്റേയും വയലാറിന്റെയും ഒ എന്‍ വിയുടെയും ശ്രീകുമാരന്‍ തമ്പിയുടെയും ശ്രേണിയില്‍ പെടുത്താവുന്ന ഒന്നാന്തരമൊരു പാട്ടെഴുത്തുകാരന്‍ ഉണ്ടായിരുന്നു പിയുടെ ഉള്ളില്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു ഗായകനും സംഗീത സംവിധായകനുമായ കെ പി ഉദയഭാനു. മഹാകവിയുടെ ലളിതഗാനങ്ങള്‍ ആകാശവാണിക്കു വേണ്ടിയും അല്ലാതെയും ചിട്ടപ്പെടുത്തിയതിന്റെ ഓര്‍മയിലായിരുന്നു ആ വിലയിരുത്തല്‍.

സിനിമയ്ക്ക് പാട്ടെഴുതിയില്ലെങ്കിലും സിനിമാഗാനങ്ങളോളം ജനപ്രീതി നേടിയ ഒരു ഭക്തിഗാനം മലയാളികള്‍ക്ക് സമ്മാനിച്ചു പി കുഞ്ഞിരാമന്‍ നായര്‍. അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഈണത്തില്‍, ജയചന്ദ്രന്റെ ഭക്തിനിര്‍ഭരമായ ശബ്ദത്തില്‍ അനശ്വരതയാര്‍ജ്ജിച്ച ഗാനം.

'മണ്ഡലമാസ പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ

മഞ്ഞണി രാവ് നിലാവ് വിരിയ്ക്കും പൂങ്കാവനമുണ്ടേ..''

ആ ഗാനത്തിന്റെ പിറവിക്ക് നിമിത്തമാകാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദം ഉദയഭാനു ചേട്ടന്‍ പങ്കുവച്ചു കേട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന ജി പി മംഗലത്തുമഠത്തിന്റെ നിര്‍ദേശപ്രകാരം ബോര്‍ഡിന് വേണ്ടി ഒരു അയ്യപ്പഭക്തി ഗാന സമാഹാരം തയാറാക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു ഉദയഭാനു. "വ്യത്യസ്ത ഗാനരചയിതാക്കളെയും സംഗീത സംവിധായകരേയും ഗായകരെയും ആ ആല്‍ബത്തില്‍ ഒരുമിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പി ഭാസ്‌കരന്‍, കെ ജി സേതുനാഥ്, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, കൈപ്പള്ളി കൃഷ്ണപിള്ള തുടങ്ങിയ എഴുത്തുകാര്‍....എം ബി എസ്, എം എസ് വിശ്വനാഥന്‍, ജയവിജയ തുടങ്ങിയ സംഗീത സംവിധായകര്‍, യേശുദാസ്, ജയചന്ദ്രന്‍, ജാനകി, സുശീല, ജയവിജയ തുടങ്ങിയ ഗായകര്‍..'' ഇവര്‍ക്ക് പുറമെ ഉദയഭാനുവും ഉണ്ടായിരുന്നു സംഗീത സംവിധായകന്റെയും ഗായകന്റെയും ഇരട്ടറോളില്‍.

'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം
'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും

ആ പട്ടികയില്‍ മഹാകവി പി ഇടം നേടിയത് തികച്ചും യാദൃച്ഛികമായാണ്. "ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് കൂടെക്കൂടെ എന്നെ കാണാന്‍ വരും അദ്ദേഹം.,''-- ഉദയഭാനുവിന്റെ ഓര്‍മ. "തെല്ലും നിനച്ചിരിക്കാതെ അന്തരീക്ഷത്തില്‍ നിന്ന് പൊട്ടിവീഴുകയാണ് ചെയ്യുക. ചുളിഞ്ഞ കുപ്പായവും കുപ്പായക്കീശയില്‍ നാരങ്ങാമിട്ടായിയും കക്ഷത്തിലൊരു ബാഗുമായി അവധൂതനെ പോലെ ആകാശവാണിയുടെ പടികടന്ന് വരുന്ന കവിയുടെ ചിത്രം മറക്കാനാവില്ല. വന്നിരുന്നാല്‍ ആദ്യം ചെയ്യുക എന്നെക്കൊണ്ട് പാടിക്കുകയാണ്. ഏറെയും ഹിന്ദി പാട്ടുകള്‍. മുകേഷിന്റെ പാട്ടുകളാണ് ഞാന്‍ പാടുക. ആ ഇരിപ്പില്‍തന്നെ എന്റെ കയ്യില്‍ നിന്ന് കടലാസ് വാങ്ങി അതില്‍ ലളിതഗാനങ്ങള്‍ എഴുതിത്തരും. വായിച്ചുനോക്കുമ്പോഴേ നമ്മുടെ കാതിലും മനസിലും ഈണം നിറയ്ക്കുന്ന പാട്ടുകള്‍. സ്വരപ്പെടുത്താന്‍ വേണ്ടിയൊന്നുമല്ല. വെറുതെ ഒരു രസത്തിന് എഴുതിയെന്നേ പറയൂ. സിനിമയ്ക്ക് പാട്ടെഴുതാന്‍ വലിയ മോഹമായിരുന്നു. എന്ത് ചെയ്യാം. അവസരമൊന്നും ഒത്തുവന്നില്ല. പരിചയസമ്പന്നരായ ഗാനകവികള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സമയമല്ലേ? എങ്കിലും ഉള്ളില്‍ സംഗീതം ഉണ്ടായിരുന്നതു കൊണ്ട് പിയ്ക്ക് സിനിമാഗാനരംഗത്തും ശോഭിക്കാന്‍ കഴിഞ്ഞേനെ എന്നാണ് എന്റെ വിശ്വാസം..''

അത്തരമൊരു ആകാശവാണി സന്ദര്‍ശന വേളയിലാണ് അയ്യപ്പ ഗാനസമാഹാരത്തിന്റെ കാര്യം ഉദയഭാനു പിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മേശപ്പുറത്തു കിടന്ന ഏതോ നോട്ടീസിന്റെ പിന്നാമ്പുറത്ത് അപ്പോള്‍തന്നെ പാട്ട് കുറിച്ചുകൊടുത്തു മഹാകവി. തികച്ചും മൗലികമായ രചന. വെട്ടും തിരുത്തുമില്ല. ക്ലീന്‍ കോപ്പി.

'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം
റഹ്‌മാൻ ആദ്യം മീട്ടിയത് ബഷീർ സമ്മാനിച്ച ഗിറ്റാർ

വരികള്‍ വായിച്ചപ്പോള്‍ അന്തം വിട്ടുപോയെന്ന് ഉദയഭാനു. അയ്യപ്പഗാന രചയിതാക്കള്‍ പൊതുവെ പിന്തുടരാത്ത വഴിയിലൂടെയായിരുന്നു പിയുടെ യാത്ര. പദങ്ങളുടെ തിരഞ്ഞെടുപ്പില്‍ പോലുമുണ്ട് വേറിട്ട സമീപനം. "ജടമുടി മൂടിയ കരിമല കാട്ടില്‍ തപസ്സിരിക്കുന്നു, വെളുത്ത മുത്തുക്കന്നിമുകിലുകള്‍ മുദ്ര നിറയ്ക്കുന്നു, കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികള്‍, കണിക്കൊരുക്കും മണിനാഗങ്ങള്‍ തിരുനട കാക്കുന്നു..'' അടുത്ത ചരണം അതിലും കേമം: ഭഭപൊന്നമ്പല മണിപീഠം തെളിയും തിരുനട കണികണ്ടു, ചിന്മുദ്രാങ്കിത യോഗസമാധി പൊരുളൊളി കണികണ്ടു, അര്‍ക്ക താരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു, പ്രപഞ്ചമൂലം മണികണ്ഠന്‍ തിരുനാമം കണികണ്ടു...'' വരികളില്‍ ഉറങ്ങിക്കിടന്ന ഈണത്തെ ഒന്നു മൃദുവായി തട്ടിയുണര്‍ത്തേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക്.

സിനിമയ്ക്ക് പാട്ടെഴുതാനുള്ള ആഗ്രഹം സഫലീകരിക്കാനായില്ലെങ്കിലും പിയുടെ കവിതകള്‍ പലതും അദ്ദേഹത്തിന്റെ വിയോഗശേഷം സിനിമയില്‍ ഇടം നേടിയെന്നത് വിധിവൈചിത്ര്യമാകാം. ബിജിബാലും ശരത്തും ജെയ്സണ്‍ ജെ നായരുമൊക്കെ അവയ്ക്ക് സംഗീതം പകര്‍ന്നു..

1978 മെയ് 27 നായിരുന്നു മഹാകവിയുടെ വേര്‍പാട്...

logo
The Fourth
www.thefourthnews.in