'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും

'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും

കെ ജെ ജോയ് വാക്കു പാലിച്ചു. വെള്ളിത്തിരയിൽ ജയന് പാടി അഭിനയിക്കാൻ ഊർജസ്വലതയാർന്ന പാട്ടുകൾ സൃഷ്ടിച്ചുനൽകി അദ്ദേഹം.

നടനാകാനായിരുന്നു കൊല്ലം തേവള്ളിക്കാരനായ മുൻ നേവി ഓഫീസർക്ക് മോഹം. തൃശൂർക്കാരനായ എക്കോഡിയൻ ആർട്ടിസ്റ്റിന് സംഗീത സംവിധായകനാകാനും. സ്വപ്നങ്ങൾ പങ്കുവെച്ച് ആഘോഷപൂർവം ഒത്തുകൂടിയ രാത്രികളിലൊന്നിൽ തൃശൂർക്കാരൻ കൊല്ലംകാരനോട് പറഞ്ഞു: "എന്നെങ്കിലും ഞാനൊരു സംഗീത സംവിധായകനാകും. നീ അറിയപ്പെടുന്ന നടനും. അന്ന് നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും ഞാൻ....''

ഏതാണ്ട് ഒരേ കാലത്തായിരുന്നു നടനായി ജയന്റേയും സ്വതന്ത്ര സംഗീത സംവിധായകനായി ജോയിയുടെയും അരങ്ങേറ്റം

കെ ജെ ജോയ് വാക്കു പാലിച്ചു. വെള്ളിത്തിരയിൽ ജയന് പാടി അഭിനയിക്കാൻ ഊർജസ്വലതയാർന്ന പാട്ടുകൾ സൃഷ്ടിച്ചുനൽകി അദ്ദേഹം. ജയൻ എന്ന പേരിനൊപ്പം, സൗമ്യമായ ആ പുഞ്ചിരിക്കൊപ്പം മലയാളിയുടെ മനസ്സിൽ വന്നുനിറയുന്ന പാട്ടുകൾ: കസ്തൂരിമാൻ മിഴി മലർശരമെയ്തു, അജന്താ ശില്പങ്ങളിൽ (മനുഷ്യമൃഗം), നീരാട്ട് എൻ മാനസറാണി, നവമീ ചന്ദ്രികയിൽ (അനുപല്ലവി), ഏഴാം മാളികമേലെ (സർപ്പം),....

'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും
പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ഏതാണ്ട് ഒരേ കാലത്തായിരുന്നു നടനായി ജയന്റേയും സ്വതന്ത്ര സംഗീത സംവിധായകനായി ജോയിയുടെയും അരങ്ങേറ്റം. ജയനെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് ജേസി സംവിധാനം ചെയ്ത "ശാപമോക്ഷ''ത്തിലെ (1974) സ്റ്റേജ് ഗായകന്റെ അതിഥി വേഷത്തിൽ. ജോയിയുടെ തുടക്കമാകട്ടെ, അടുത്ത വർഷം പുറത്തുവന്ന ലവ് ലെറ്ററിലും. അധികം വൈകാതെ ഇരുവർക്കും അവരവരുടെ മേഖലകളിൽ തിരക്കേറി. വെള്ളിത്തിരയിലെ ജയനും സ്റ്റുഡിയോയിലെ ജോയിക്കും പൊതു ഘടകങ്ങൾ പലതുണ്ടായിരുന്നു. ഇരുവരും ജീവിതത്തെ പ്രസാദാത്മകതയോടെ നോക്കിക്കണ്ടവർ. പുതുതലമുറയുടെ ആശയാഭിലാഷങ്ങൾ ഉൾക്കൊള്ളാൻ മടി കാണിക്കാത്തവർ. ചെയ്യുന്ന കാര്യങ്ങളിലെല്ലാം പുതുമ കൊണ്ടുവരാൻ ആഗ്രഹിച്ചവർ. കാറുകളോടും ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രധാരണ ശൈലിയോടും അഭിനിവേശം പുലർത്തിയവർ. സർവോപരി ജീവിതം ആഘോഷമാക്കിയവർ.

ജയന്റെ ആക്ഷൻ ഹീറോ ഇമേജിനോട് ചേർന്നുനിന്ന പാട്ടുകൾ മാത്രമല്ല, ജയനിലെ കരുത്തനായ കാമുകനെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിച്ച ഈണങ്ങളും സമ്മാനിച്ചു ജോയ്.

അഭിനയമോഹവുമായി നടന്ന കാലത്ത് നിത്യേനയെന്നോണം ജോയിയുടെ മുറിയിലെത്തും ജയൻ. ജോയി ജയന്റേയും. സംഗീത സാന്ദ്രമായിരിക്കും ആ ഒത്തുചേരലുകൾ. മലയാളത്തിലെയും ഹിന്ദിയിലെയും പ്രിയഗാനങ്ങൾ സ്വയം മറന്നു പാടുന്ന ജയന്റെ ചിത്രം ഇന്നുമുണ്ട് ജോയിയുടെ ഓർമ്മയിൽ-- പ്രണയസുരഭിലമായ പാട്ടുകൾ. മലയാളികളുടെ വരും തലമുറകൾ ഏറ്റുപാടാൻ പോകുന്ന ഹിറ്റുകൾ സ്വന്തം കൂട്ടായ്മയിൽ പിറക്കുമെന്ന് അന്ന് സങ്കല്‍പിച്ചിരിക്കുമോ ജയനും ജോയിയും?

ജയന്റെ ആക്ഷൻ ഹീറോ ഇമേജിനോട് ചേർന്നുനിന്ന പാട്ടുകൾ മാത്രമല്ല, ജയനിലെ കരുത്തനായ കാമുകനെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിച്ച ഈണങ്ങളും സമ്മാനിച്ചു ജോയ്. ഏറ്റവും പ്രശസ്തം "കസ്തൂരിമാൻ മിഴി'' തന്നെ. ബേബിയുടെ സംവിധാനത്തിൽ ജയനും സീമയും അഭിനയിച്ച "മനുഷ്യമൃഗ''ത്തിലെ ആ ഗാനം ജോയിയുടെ സംഗീത ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ ഈ ഗാനം റെക്കോർഡ്‌ ചെയ്തത് എ വി എം സി തിയറ്ററിലാണ് . ''അന്നത്തെ കാലത്തെ ഏറ്റവും വലിയ ഓർക്കസ്ട്ര ആയിരുന്നു പിന്നണിയിൽ. 50 വയലിൻ, കീബോർഡ്, ഡ്രംസ്, പിന്നെ തോമസിന്റെ ട്രംപെറ്റ് ... . ശരിക്കും ഒരു ആഘോഷമായിരുന്നു ആ റെക്കോഡിംഗ് . പുതിയ തലമുറ പോലും ആ പാട്ട് മൂളി നടക്കുന്നു എന്നറിയുമ്പോൾ വലിയ സന്തോഷവും സംതൃപ്തിയും തോന്നുന്നു .'' - ജോയിയുടെ വാക്കുകൾ. ജയന്റെ സ്‌ക്രീൻ സാന്നിധ്യമാണ് ആ ഗാനത്തിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന ഘടകങ്ങളിൽ ഒന്ന് എന്ന് സമ്മതിക്കാൻ മടിയില്ല ജോയിക്ക്. മനുഷ്യ മൃഗത്തിൽ ജോയി ചിട്ടപ്പെടുത്തി ജാനകിയും ജയചന്ദ്രനും പാടിയ "അജന്താ ശില്പങ്ങളിൽ സുരഭീ പുഷ്പങ്ങളിൽ'' മലയാളത്തിലെ എക്കാലത്തെയും മികച്ച ഖവാലികളിൽ ഒന്നായി നിലനിൽക്കുന്നു.

'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും
നെവിൽ ഡിസൂസ ഓസ്ട്രേലിയയെ നാണം കെടുത്തിയ ദിവസം

ജോയിയുടെ അടുത്ത സുഹൃത്തായിരുന്നു ജയൻ. "എന്റെ സംഗീതവും ജയന്റെ അഭിനയവും ഒന്നിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റായിട്ടുണ്ട്. അവസരം തേടി വന്ന സമയത്ത് പതിവായി എന്നോടൊപ്പം റെക്കോർഡിംഗുകൾക്ക് വരാറുണ്ടായിരുന്നു അദ്ദേഹം." സംഗീതത്തോടുള്ള ജയന്റെ സ്നേഹം കണ്ടായിരിക്കണം ജോസ് പ്രകാശിൻ്റെ ശുപാർശയിൽ ശാപമോക്ഷത്തിൽ ഒരു സ്റ്റേജ് ഗായകന്റെ റോൾ അദ്ദേഹത്തിന് നൽകാൻ ജേസി തീരുമാനിച്ചത്.

ബിച്ചു തിരുമലയും ജോയിയും ചേർന്നൊരുക്കിയ "ശക്തി''യിലെ ``എവിടെയോ കളഞ്ഞുപോയ കൗമാരം'' ആയിരുന്നു ജയന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്. ഗസൽ മാതൃകയിൽ ജോയി ചിട്ടപ്പെടുത്തിയ ഗാനം. രംഗത്ത് ജയൻ അഭിനയിച്ചിട്ടുണ്ടെങ്കിലും യേശുദാസ് പാടിയ പാട്ടിനൊത്ത് ചുണ്ടനക്കിയത് കൃഷ്ണചന്ദ്രൻ. "ഇന്ന് ആ ഗാനരംഗം കാണുമ്പോൾ ജയന്റേയും ശ്രീവിദ്യയുടെയും മാത്രമല്ല പോയി മറഞ്ഞ ഒരു കാലത്തിന്റെ മുഴുവൻ ഓർമ്മകൾ മനസ്സിൽ ഒഴുകിയെത്തും.'' കൃഷ്ണചന്ദ്രൻ പറയുന്നു.

'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും
ജാഫറും വിംസിയും പിന്നെ ഞാനും; ഒരു 'സമനില'യുടെ ഓർമയ്ക്ക്

ജയന്റെ മരണം വ്യക്തിപരമായി വലിയൊരു നഷ്ടമായിരുന്നു ജോയിക്ക്. സിനിമാജീവിതം സമ്മാനിച്ച ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ. സൗഹൃദങ്ങൾക്ക് മറ്റെന്തിനേക്കാളും വിലകൽപിച്ച മനുഷ്യൻ

"അന്ന് ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുകയാണ് ഞാൻ. സിനിമാഭിനയം തൽക്കാലം നിർത്തിവെച്ചിരിക്കുന്നു. അപ്പോഴാണ് ശക്തിയിൽ ഒരു അന്ധഗായകന്റെ ഗസ്റ്റ് റോളിൽ അഭിനയിക്കാൻ നിർമാതാവ് രഘുവേട്ടൻ (രഘുകുമാർ) വിളിച്ചുപറയുന്നത്. അന്നേ ദിവസം പാലക്കാട്ട് മോയൻ ഗേൾസ് ഹൈസ്‌കൂളിൽ എനിക്കൊരു ഗാനമേളയുണ്ട്. നേരത്തെ ഏറ്റുപോയതാണ്. പിന്നെങ്ങനെ ചെന്നൈയിൽ ഷൂട്ടിംഗിന് എത്താൻ പറ്റും? നിസ്സഹായാവസ്ഥ ഞാൻ വിളിച്ചറിയിച്ചപ്പോൾ രഘുവേട്ടൻ പറഞ്ഞു: നീ പേടിക്കേണ്ട. ഷൂട്ടിംഗ് ഉച്ചക്ക് മുൻപ് തീരും. അതുകഴിഞ്ഞ ഉടൻ ഫ്‌ളൈറ്റിൽ നാട്ടിലേക്ക് അയക്കാം. പരിപാടിക്ക് മുൻപ് സുഖമായി പാലക്കാട്ടെത്താം..''

രഘുകുമാർ വാക്കു പാലിച്ചു. വിജയാ ഗാർഡൻസിൽ പാട്ട് ചിത്രീകരിച്ച ശേഷം കോയമ്പത്തൂരിലേക്കുള്ള ഫ്‌ളൈറ്റിൽ കൃഷ്ണചന്ദ്രനെ കയറ്റിവിട്ടു അദ്ദേഹം. ജീവിതത്തിലെ ആദ്യ വിമാനയാത്രയായിരുന്നു അതെന്നോർക്കുന്നു കൃഷ്ണചന്ദ്രൻ. കോയമ്പത്തൂരിൽ നിന്ന് ട്രെയിനിൽ നേരെ പാലക്കാട്ടേക്ക്. "ജയനുമൊത്ത് അതിനു മുൻപ് അലക്സ് സംവിധാനം ചെയ്ത രാത്രികൾ നിനക്കുവേണ്ടി എന്നൊരു പടത്തിൽ അഭിനയിച്ചിട്ടുണ്ട് ഞാൻ. എന്റെ മൂന്നാമത്തെ പടം. തുല്യപ്രാധാന്യമുള്ള റോളുകൾ ആയിരുന്നു. ഇന്നോർക്കുമ്പോൾ തമാശ തോന്നും. ക്ളൈമാക്സിൽ ജയനും ഇത്തിരിപ്പോന്ന ഞാനും ചേർന്ന് പ്രതാപചന്ദ്രന്റെ ഗുണ്ടാപ്പടയെ ഇടിച്ചു പത്തിരിയാക്കുകയാണ്. അങ്ങനെയും ഒരു കാലം.''

'അന്ന് ഞാന്‍ നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കും'; സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജയനും കെ ജെ ജോയിയും
അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം

ജയന്റെ മരണം വ്യക്തിപരമായി വലിയൊരു നഷ്ടമായിരുന്നു ജോയിക്ക്. സിനിമാജീവിതം സമ്മാനിച്ച ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ. സൗഹൃദങ്ങൾക്ക് മറ്റെന്തിനേക്കാളും വിലകൽപിച്ച മനുഷ്യൻ. ചെന്നൈയിലെ വസതിയിൽ പാതി തളർന്ന ശരീരത്തിന്റെ പരാധീനതകളുമായി കഴിയുമ്പോഴും ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണാൻ തന്നെ പ്രചോദിപ്പിക്കുന്നത് ജയനെ പോലുള്ള സുഹൃത്തുക്കളുടെ ഓർമ്മകളാണെന്ന് പറഞ്ഞിട്ടുണ്ട് ജോയ്.

logo
The Fourth
www.thefourthnews.in