അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം

കഴിഞ്ഞ ദിവസം വിടപറഞ്ഞ വിഖ്യാത സാമൂഹ്യ വിമർശകനും സാമ്പത്തികകാര്യ വിദഗ്‌ധനും ചിന്തകനും അധ്യാപകനുമെല്ലാമായ ഡോ. എം കുഞ്ഞാമന്റെ പ്രിയപ്പെട്ട ഗാനം പിറന്ന വഴികളെക്കുറിച്ച്

ഉറക്കമുണരുമ്പോൾ മിക്ക ദിവസവും ഒരു പാട്ടിന്റെ ശീലുകളുണ്ടാകും ചുണ്ടിൽ, പാതിവഴിക്ക് മുറിഞ്ഞുപോയ ഏതോ സ്വപ്നത്തിന്റെ ബാക്കിപത്രം പോലെ. ഇന്നത് യൂസഫലി കേച്ചേരിയുടെ പാട്ടായിരുന്നു. "സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ..." കെ ബി മധു സംവിധാനം ചെയ്ത ദീപസ്തംഭം മഹാശ്ചര്യം (1999) എന്ന പടത്തിനുവേണ്ടി നേർത്ത വിഷാദസ്പർശം നൽകി മോഹൻ സിതാര മിനഞ്ഞെടുത്ത പാട്ട്. യേശുദാസും ചിത്രയും ഹൃദയം നൽകി പാടിയ പാട്ട്.

കാലത്ത് പത്രം വായിക്കുമ്പോഴും സിന്ദൂരസന്ധ്യയുടെ ശീലുകളുണ്ടായിരുന്നു ചുണ്ടിലും മനസ്സിലും. വായനക്കിടയിൽ അതേ വരികൾ അപ്രതീക്ഷിതമായി കണ്ണിൽ തടഞ്ഞപ്പോൾ, അതുകൊണ്ടുതന്നെ അത്ഭുതം തോന്നി, ഒരു വേള അവിശ്വസനീയതയും.

എന്തൊരു ആകസ്മികതയാണിത്? കാലത്ത് മുഴുവൻ മനസ്സ് മൂളിക്കൊണ്ടിരുന്ന പാട്ടിതാ മറ്റൊരാളുടെ ഹൃദയഗീതമായി മനോരമയുടെ താളിൽ; അതും ഏറെ ആദരവോടെ കാണുന്ന ഒരു വ്യക്തിയുടെ.

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം
ഡോ. എം കുഞ്ഞാമൻ: പ്രക്ഷോഭകാരിയായ അധ്യാപകൻ   

കഴിഞ്ഞ ദിവസം വിടപറഞ്ഞ വിഖ്യാത സാമൂഹ്യവിമർശകനും സാമ്പത്തികകാര്യ വിദഗ്‌ധനും ചിന്തകനും അധ്യാപകനുമെല്ലാമായ ഡോ. എം കുഞ്ഞാമന്റെ പ്രിയപ്പെട്ട ഗാനമായിരുന്നത്രേ 'സിന്ദൂരസന്ധ്യ.' അവസാന നാളുകളിൽ അദ്ദേഹം പതിവായി കേട്ടാസ്വദിച്ചിരുന്ന പാട്ട്. സ്വന്തം ജീവിതം തന്നെ വിവേചനങ്ങൾക്കും അനീതിക്കും അവഗണനകൾക്കുമെതിരായ ഒറ്റയാൾ പോരാട്ടമായി മാറ്റുകയും ഒടുവിൽ സ്വയം മരണത്തിലേക്ക് നടന്നടുക്കുകയും ചെയ്ത മഹാമനീഷിയെ സ്വാധീനിക്കാൻ പോന്ന എന്തായിരിക്കും ആ പാട്ടിൽ ഉണ്ടായിരുന്നിരിക്കുകയെന്ന് ജിജ്ഞാസ തോന്നിയത് സ്വാഭാവികം. യൂസഫലിയുടെ ലളിതസുന്ദരമായ രചനയോ, അതോ മോഹൻ സിതാരയുടെ വിഷാദ മധുരമായ സംഗീതമോ?

പ്രണയനിരാസത്തിന്റെ നിഴൽ പതിഞ്ഞുകിടക്കുന്ന പാട്ട്. അവഗണയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ കൂടിയുണ്ടതിൽ. ഇതേ കഥാസന്ദർഭത്തിന് വേണ്ടി നൂറുകണക്കിന് ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടാകും മലയാളത്തിൽ. വയലാറിന്റെ "രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ നാം" എന്ന വരി (സന്യാസിനീ നിൻ പുണ്യാശ്രമത്തിലെ എന്ന പാട്ടിൽനിന്ന്) അക്കൂട്ടത്തിൽ ഇതിഹാസതുല്യ പരിവേഷം ചാർത്തി നമുക്ക് മുന്നിലുണ്ട്.

അതേ ആശയത്തിന് വ്യത്യസ്തമായ മാനം നൽകുകയാണ് യൂസഫലി ഈ പാട്ടിൽ: "സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ, നിൻ പൂങ്കവിളും നനഞ്ഞോ?"

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം
'ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ'; വ്യവസ്ഥിതിയാല്‍ നിസഹായനാക്കപ്പെട്ട ഒരു മനുഷ്യന്റെ ബൗദ്ധിക ജീവിതം

ഓട്ടൻതുള്ളൽ കലാകാരനായ നായകന്റെ ആത്മഗതം പോലെ സിനിമയിൽ 'അശരീരി'യായി വരുന്ന പാട്ട്:

"നിഴലേ ഞാൻ നിന്നെ പിന്തുടരുമ്പോൾ

നീങ്ങുകയാണോ നീ അകലേ

അഴലേ നിന്നിൽ നിന്നകലുമ്പോളെല്ലാം

അടുക്കുകയാണോ നീ എന്നിലേ-

ക്കടുക്കുകയാണോ നീ

മാനസം ചുംബിച്ച മന്ദാരവല്ലിയിൽ

മിഴിനീർ മുകുളങ്ങളോ അതോ

കവിയും കദനങ്ങളോ

ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തിൽ

നടനെന്നും ഒരു പാവയോ -വിധി

ചലിപ്പിക്കും വെറും പാവയോ...."

ഗുരുവായൂരിലെ ഒരു ഹോട്ടലിൽ ആ ഗാനം പിറന്നുവീണ നിമിഷങ്ങൾ ഇന്നുമുണ്ട് മോഹൻ സിതാരയുടെ ഓർമയിൽ. "ആദ്യമെഴുതി ട്യൂൺ ചെയ്ത പാട്ടാണ്. യൂസഫലി സാറുമൊത്ത് ഉണ്ടാക്കിയ മിക്ക പാട്ടുകളും അങ്ങനെ പിറന്നവയായിരുന്നു. ഈ പാട്ടിൽ വേണ്ടത് വിഷാദ ഭാവമാണ്. വിരഹദുഃഖം, ജീവിതത്തിന്റെ അനിശ്ചിതത്വം, നിരാശ... എല്ലാം കൊണ്ടുവരണം അതിൽ. യൂസഫലി സാർ ചുരുങ്ങിയ സമയത്തിൽ എഴുതിത്തീർത്ത പാട്ട് വായിച്ചുനോക്കിയപ്പോൾ അറിയാതെ ഒരു ഗദ്ഗദം വന്നു മനസ്സിൽ തടഞ്ഞ പോലെ. അത്രയും അർത്ഥപൂർണമാണ് രചന."

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം
കെ കെ കൊച്ചിന്റെയും എം കുഞ്ഞാമന്റെയും ജീവിതാനുഭവങ്ങളെ ഭയക്കുന്ന വ്യാജ മാര്‍ക്‌സിസ്റ്റുകളുടെ ചരിത്ര ബോധം

നഠഭൈരവി രാഗസ്പർശം നൽകി ആ വരികൾ ചിട്ടപ്പെടുത്തുന്നു മോഹൻ. "രാഗം മുൻകൂട്ടി നിശ്ചയിച്ചതല്ല; സ്വാഭാവികമായി വന്നുചേർന്നതാണ്." യേശുദാസും ചിത്രയും ഗാനത്തിന്റെ വൈകാരികഭാവം പൂർണമായി ഉൾക്കൊണ്ടു. കെ ബി മധു അത് ഹൃദയസ്പർശിയായി ചിത്രീകരിക്കുകയും ചെയ്തു. ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ ഏറ്റവും വികാരഭരിതമായ മുഹൂർത്തമായി മാറി ആ ഗാനരംഗം.

പടം പുറത്തിറങ്ങിയപ്പോൾ ആദ്യം ഹിറ്റായത് മറ്റു രണ്ടു പാട്ടുകളാണ്: 'എന്റെ ഉള്ളുടുക്കും കൊട്ടി', 'നിന്റെ കണ്ണിൽ വിരുന്നുവന്നു'. വിഷാദഗാനമായതുകൊണ്ടാവാം സിന്ദൂരസന്ധ്യ ഹിറ്റ് ചാർട്ടിൽ കയറിപ്പറ്റാൻ കുറച്ചുവൈകി. പക്ഷേ ഇന്ന് കേൾക്കുമ്പോൾ ആ ചിത്രത്തിലെ ഏറ്റവും മികച്ച ഗാനാനുഭവം ഇതായിരുന്നില്ലേയെന്ന് തോന്നിപ്പോകുന്നത് സ്വാഭാവികം.

'ദീപസ്തംഭം മഹാശ്ചര്യ'ത്തിന് പാട്ടുകളുണ്ടാക്കാൻ ഗുരുവായൂരിൽ ചെന്നപ്പോഴാണ് യൂസഫലിയെ മോഹൻ ആദ്യം കാണുന്നത്. ആ പ്രഥമ സമാഗമത്തിന് പിന്നിലുമുണ്ട് യാദൃച്ഛികതയുടെ ഇടപെടൽ. സംഗീത സംവിധായകനായി നിർമാതാവും സംവിധായകനും ആദ്യം നിശ്‌ചയിച്ചിരുന്നത് ബോംബെ രവിയെ. സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി രവി തിളങ്ങിനിൽക്കുന്ന സമയം. മോഹൻ സിതാരയുടെ ഗുരു കൂടിയായ മാപ്പിളപ്പാട്ട് ഗായകൻ കെ ജി സത്താറിന്റെ മകൻ സലീമാണ് പടത്തിന്റെ പ്രൊഡ്യൂസർ. പ്രതിഭാശാലിയായ ശിഷ്യനെ സംഗീത സംവിധായകനായി പരീക്ഷിക്കാൻ മകനോട് നിർദേശിച്ചത് സത്താർ തന്നെ. ബോംബെ രവിയുടെ സ്ഥാനത്ത് മോഹൻ സിത്താര കടന്നുവന്നത് അങ്ങനെയാണ്.

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം
വിമതനായ, പോരാളിയായ എന്റെ പ്രൊഫസർ

കാൽ നൂറ്റാണ്ടോളമായി 'സിന്ദൂരസന്ധ്യ' കേട്ടുതുടങ്ങിയിട്ട്. ഇന്നും ഹൃദയത്തെ തൊടുന്നു ആ വരികളും ഈണവും. ഇനിയുണ്ടാകുമോ അത്തരം പാട്ടുകൾ?

മോഹൻ സിതാര ചിരിക്കുന്നു: "സംശയമാണ്. സിനിമാഗാനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളേ മാറിയില്ലേ? പശ്ചാത്തലത്തിൽ വന്നുപോകുന്ന സംഗീതശകലങ്ങളേ ഇപ്പോഴുള്ളൂ. മുഴുനീള ഗാനം തന്നെ അപൂർവമായി. വരികൾക്ക് ആഴമുള്ള അർത്ഥതലങ്ങൾ വേണം എന്ന് നിർബന്ധം പിടിക്കുന്നവരും കുറഞ്ഞു...."

എങ്കിലും എന്നെങ്കിലുമൊരിക്കൽ അത്തരമൊരു പാട്ട് സൃഷ്ടിക്കാൻ കാലം അവസരമൊരുക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു മോഹൻ സിതാര. അനന്തമായ കാത്തിരിപ്പിലുമുണ്ടല്ലോ ഒരു ത്രിൽ.

logo
The Fourth
www.thefourthnews.in