വിമതനായ, പോരാളിയായ എന്റെ പ്രൊഫസർ

വിമതനായ, പോരാളിയായ എന്റെ പ്രൊഫസർ

അസമത്വത്തിന്റെ ആഴങ്ങളെപ്പറ്റിയുള്ള ഡോ. കുഞ്ഞാമന്റെ പ്രഭാഷണങ്ങൾ വിദ്യാർത്ഥികൾക്ക് അമൂല്യമായ പഠനപ്രക്രിയയായിരുന്നു. ശുദ്ധവായുവിന്റെ ഗന്ധമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾക്ക്

രാഷ്ട്രീയ പ്രക്രിയയിലും പൊതു നയ രൂപീകരണത്തിലും ആരെയും തഴയരുത് (Leave No One Behind)  എന്ന വലിയ പാഠം ഞങ്ങളെ പഠിപ്പിച്ച എന്റെ പ്രൊഫസർ ഡോ. എം കുഞ്ഞാമൻ ഇനി നമ്മോടൊപ്പം ഇല്ല എന്ന വാർത്ത നൽകിയ ആഘാതത്തിൽ നിന്ന് ഞാൻ ഇനിയും കര കയറിയിട്ടില്ല. ഇന്നലെ ഇങ്ങു ദൂരെയിരുന്ന് അദ്ദേഹത്തിന്റെ ശവസംസ്കാര വാർത്ത കേൾക്കുമ്പോൾ ഒരു ‘എതിർ വസ്തുത’ യാണ് (counter factual) എന്റെ മനസിനെ വേട്ടയാടിക്കൊണ്ടിരുന്നത് - രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും സ്വാധീനവും പക്ഷപാതിത്വവും ഇല്ലാത്ത, യുക്തിഭദ്രമായ ചിന്തയാൽ നയിക്കപ്പെടുന്ന ഒരു ലോകത്താണ് ഡോ. കുഞ്ഞാമൻ ജീവിച്ചിരുന്നതെങ്കിൽ, അദ്ദേഹം ഇനിയുമേറെ വർഷങ്ങൾ നമുക്കൊപ്പം ഉണ്ടായിരുന്നേനെ.

വിമതനായ, പോരാളിയായ എന്റെ പ്രൊഫസർ
'ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ'; വ്യവസ്ഥിതിയാല്‍ നിസഹായനാക്കപ്പെട്ട ഒരു മനുഷ്യന്റെ ബൗദ്ധിക ജീവിതം

74 വയസ് തികയുന്ന ദിവസം ഒരു പ്രതിഭാധനനായ സാമ്പത്തിക ശാസ്ത്രജ്ഞൻ തിരിച്ചുവരാനാകാത്ത വിധം തളർന്നുപോയി, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നൊരു കുറിപ്പ് എഴുതിവച്ച്, ജീവിതത്തിൽ നിന്ന് വിടവാങ്ങുമ്പോൾ ലോകത്ത് പലയിടത്തും എഴുപതുകളുടെ ചെറുപ്പം ട്രെൻഡ് ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. എഴുപതുകളിലാണ് പണ്ഡിതർ പലരും രാഷ്ട്ര പുനർനിർമാണ ദൗത്യവുമായി സർക്കാരുകളെ സഹായിക്കാനായി നിയോഗിക്കപ്പെടുന്നത്. ഒരു സമീപകാല ഉദാഹരണം പറഞ്ഞാൽ പതിനാലാം ഫിനാൻസ് കമ്മിഷൻ ചെയർമാനായി ഡോക്ടർ വൈ വി റെഡ്‌ഡിയെ രാഷ്‌ട്രപതി നിയമിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രായം 71 കഴിഞ്ഞിരുന്നു. 

ഡോ. കുഞ്ഞാമന്റെ മരണം നമുക്ക് അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒന്നല്ല. ജീവിതകാലം മുഴുവൻ അദ്ദേഹത്തെ ഒറ്റപ്പെടുത്തി തളർത്തിയ വ്യവസ്ഥിതികളെയും ചട്ടങ്ങളെയും പുനഃപരിശോധിക്കാനുള്ള ഒരു കാഹളധ്വനിയാണ്  ഈ അസ്വാഭാവിക മരണം. അദ്ദേഹം ഒരു വിജയിയായിരുന്നു, അസാമാന്യ കരുത്തുള്ള പോരാളിയായിരുന്നു. അതിദാരിദ്യം നിറഞ്ഞ ബാല്യകാലത്ത് നിന്ന് അദ്ദേഹം പൊരുതിനേടിയ വിജയങ്ങളുടെ കഥ ഒരുപക്ഷെ പലർക്കും മനസിലാക്കാൻ പോലും കഴിയുന്ന ഒന്നല്ല. മുറിവേറ്റ ആ ബാല്യം അദ്ദേഹത്തെ നിഴൽ പോലെ അനുഗമിച്ചിരുന്നു. പിൽക്കാലത്ത് വലിയ നേട്ടങ്ങളും പദവികളും കൈപ്പിടിയിൽ ഒതുക്കുമ്പോഴും ഇരുണ്ട ഭൂതകാലം അദ്ദേഹത്തിന്റെ വിജയപ്രവാഹത്തിനു തടയിടുന്നതായി തോന്നിയിട്ടുണ്ട്. എം എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടി. കെ ആർ നാരായണന് ശേഷം ആ നേട്ടം കൈവരിക്കുന്ന ആദ്യ ദളിത് വിദ്യാർത്ഥി എന്ന അപൂർവ ബഹുമതി കുഞ്ഞാമൻ സാർ സ്വന്തമാക്കിയിട്ടുണ്ട്. 

സ്വയം തിരുത്താൻ കഴിയുന്ന പ്രക്രിയയാണ് ജനാധിപത്യം എന്ന് ഒരിക്കൽ നമ്മൾ കരുതിയിരുന്നു. ആവർത്തന പ്രക്രിയകളിലൂടെ ചീത്ത ജനാധിപത്യത്തെ നല്ല ജനാധിപത്യം നിഷ്കാസനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനൊക്കെ പുറമെ, ഏകാധിപത്യത്തെ ചെറുക്കാൻ ശേഷിയുള്ള കോട്ടയായും ജനാധിപത്യത്തെ നാം കണ്ടു. ആ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണ്

പ്രൊഫ. എം കുഞ്ഞാമൻ

എം ഫിലും പി എച്ച് ഡിയും നേടിയ ശേഷം കേരള സർവകലാശാലയിലും പിന്നീട് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലും അധ്യാപകൻ ആയി പ്രവർത്തിച്ച കുഞ്ഞാമൻ അസമത്വവും സാമൂഹിക ഉൾക്കൊള്ളലും പ്രമേയമാക്കി നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പുസ്തകരചനയിലെ അദ്ദേഹത്തിന്റെ ചാതുര്യം, ‘നിങ്ങളുടെ ഹൃദയം വിൽക്കൂ, അതാണ് ഏറ്റവും നല്ല എഴുത്ത്’ (Sell your heart; that’s good writing) എന്ന് നമ്മെ ഓർമ്മിപ്പിക്കും. 

അസമത്വത്തിന്റെ ആഴങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വിദ്യാർത്ഥികൾക്ക് അമൂല്യമായ പഠനപ്രക്രിയയായിരുന്നു; പലർക്കും പഠിച്ചത് മറന്നു പുതിയ പാഠങ്ങൾ പഠിക്കാനുള്ള പ്രക്രിയയും. ശുദ്ധവായുവിന്റെ ഗന്ധമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾക്ക്. ഇത്രയും തെളിമയുള്ള ചിന്താധാര വിരളമാണ്. 

വിമതനായ, പോരാളിയായ എന്റെ പ്രൊഫസർ
ഡോ. എം കുഞ്ഞാമൻ: പ്രക്ഷോഭകാരിയായ അധ്യാപകൻ   

ജനാധിപത്യവും സ്വാതന്ത്ര്യവും എത്രമാത്രം അപകടത്തിലാണെന്ന നിരീക്ഷണം അദ്ദേഹത്തിന്റെ അവസാന നാളുകളിലെ ഫേസ്ബുക് കുറിപ്പുകളിൽ നിഴലിക്കുന്നുണ്ട്. നവംബർ ഏഴിന് അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി, “സ്വയം തിരുത്താൻ കഴിയുന്ന പ്രക്രിയയാണ് ജനാധിപത്യം എന്ന് ഒരിക്കൽ നമ്മൾ കരുതിയിരുന്നു. ആവർത്തന പ്രക്രിയകളിലൂടെ ചീത്ത ജനാധിപത്യത്തെ നല്ല ജനാധിപത്യം നിഷ്കാസനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനൊക്കെ പുറമെ, ഏകാധിപത്യത്തെ ചെറുക്കാൻ ശേഷിയുള്ള കോട്ടയായും ജനാധിപത്യത്തെ നാം കണ്ടു. ആ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണ്”. 

ആത്മകഥ 'എതിര്'
ആത്മകഥ 'എതിര്'

അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത് സാമ്പത്തിക അസമത്വത്തെ പറ്റിയായിരുന്നു. ഒരു സമൂഹം സാമ്പത്തിക പുരോഗതി നേടുമ്പോഴും ഒരുകൂട്ടം ആൾക്കാർ മാത്രം അതിന്റെ ഗുണഫലങ്ങൾ ആസ്വദിക്കാൻ കഴിയാതെ പിന്തള്ളപ്പെടുന്നതിനെ പറ്റി അദ്ദേഹം നിരന്തരം സംസാരിച്ചു. ഈ അസമത്വങ്ങൾ ക്രമേണ സാമൂഹിക, ലിംഗ അസമത്വങ്ങളിലേക്ക് വളരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ ഇക്കാലമത്രയും പൊരുതിക്കൊണ്ടിരുന്ന വലിയ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു അവസാന ദിവസങ്ങളിലും അദ്ദേഹത്തിന്റെ ആശയ സമരമെന്ന് അവസാന ആഴ്ചകളിലെ കുറിപ്പുകൾ തെളിയിക്കുന്നു. അദ്ദേഹം അവസാനമായി ഫേസ്ബുക്കിൽ കുറിച്ചത് ഇതാണ്- സാമ്പത്തിക സമത്വവും ലിംഗ സമത്വവും ഒരുമിച്ചു മുന്നേറേണ്ടവയാണ്. ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇത് രണ്ടിലും വിശ്വസിക്കുന്നില്ല. ശക്തിയുപയോഗിച്ച് എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്ന തൽസ്ഥിതിവാദികളാണ് അവർ. 

കരുത്തനായ പോരാളിയായിരുന്നു പ്രൊഫ. കുഞ്ഞാമൻ. വലിയ നേട്ടങ്ങളുടെ മുഹൂർത്തങ്ങളിൽ ഒറ്റപ്പെടലിന്റെ ഭൂതകാല വേദനകൾ അദ്ദേഹത്തെ കൂടുതൽ കരുത്തനായ വിമതനാക്കി മാറ്റിയിരിക്കാം.

അനലിറ്റിക്കൽ എക്കണോമിക്സ് പഠിക്കാനായി 21ാം വയസിൽ കാര്യവട്ടം കാമ്പസിൽ ചേരുമ്പോൾ ‘സബ് ആൾട്ടൺ’ (sub altern) എന്ന പദം പോലും എനിക്ക് അറിയില്ലായിരുന്നു. പ്രണയത്തോടും വിപ്ലവത്തോടും അറിവിനോടും ലഹരി തോന്നുന്ന പ്രായമാണല്ലോ അന്നത്തെ ഇരുപതുകൾ. ഡോ. കുഞ്ഞാമൻ എനിക്ക് ക്യാമ്പസിലെ ഹീറോ ആയിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാല ദുരിതങ്ങൾ സീനിയർ വിദ്യാർഥികൾ പറയുന്നത് കേട്ട് തരിച്ചിരുന്നിട്ടുണ്ട് ഞങ്ങൾ. 

കുഞ്ഞാമനെ മനസിലാക്കണമെങ്കിൽ സാമാന്യ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റി ആഴത്തിൽ പഠിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച ആ ഗവേഷകന്റെ മനസ് ആദ്യം അറിയണം. നമ്മുടെ സംവിധാനങ്ങൾ അദ്ദേഹത്തോടും കൂടെയുള്ളവരോടും ചെയ്ത കോടിക്കണക്കിന് വൈകാരിക കുറ്റകൃത്യങ്ങളെ (emotional crimes) പറ്റി നാം അറിയണം. ആ അദൃശ്യ കുറ്റകൃത്യങ്ങളുടെ ഏക സാക്ഷിയായി ജീവിച്ച ഒരു പണ്ഡിതനാണ് ഈ ഗവേഷണങ്ങൾ നടത്തുന്നതെന്ന് അറിയണം. ആ പശ്ചാത്തലത്തിൽ നിന്ന് ആത്മാഭിമാനത്തോടെ വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ കഥയാണ് അദ്ദേഹം നമ്മൾ വിദ്യാർത്ഥികൾക്കായി അവശേഷിപ്പിച്ചു പോകുന്നത്. തന്റേതല്ലാത്ത പിഴവുകൾക്ക് സംവിധാനങ്ങൾ അദ്ദേഹത്തെ വൈകാരിക കുറ്റകൃത്യങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ പീഡിപ്പിച്ചുകൊണ്ടേ ഇരുന്നു. ആ കുറ്റങ്ങളുടെ ഏക സാക്ഷി ഇര മാത്രം ആകുന്ന സാഹചര്യത്തിൽ നിലവിലെ നിയമത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും അതിന് പരിഹാരം നിർദേശിക്കാൻ വലിയ പരിമിതികളുണ്ടെന്നതാണ് യാഥാർഥ്യം. 

നമ്മുടെ ജീവിതത്തിൽ നിരവധി വൈകാരിക കുറ്റകൃത്യങ്ങൾക്ക് നാം സാക്ഷിയാകാറുണ്ട്. പലതും സാമൂഹിക ശീലങ്ങളാൽ പരുവപ്പെടുത്തിയ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും ഉള്ളവ. അത്തരം ഒരു കുറ്റകൃത്യത്തിന്റെ ഏക ദൃക്‌സാക്ഷി നിങ്ങൾ മാത്രമാകുമ്പോൾ കുറ്റവാളിക്കെതിരെ നീങ്ങാൻ നിങ്ങൾക്ക് ധൈര്യം ഉണ്ടാവാറുണ്ടോ? ആത്മാഭിമാനത്തെ ഉയർത്തിപ്പിടിച്ച് എതിരാളിയെ നേർക്ക് നേർ നേരിടാൻ നിങ്ങൾക്ക് ആ സാഹചര്യങ്ങളിൽ കഴിയാറുണ്ടോ? കരുത്തനായ പോരാളിയായിരുന്നു പ്രൊഫ. കുഞ്ഞാമൻ. വലിയ നേട്ടങ്ങളുടെ മുഹൂർത്തങ്ങളിൽ ഒറ്റപ്പെടലിന്റെ ഭൂതകാല വേദനകൾ അദ്ദേഹത്തെ കൂടുതൽ കരുത്തനായ വിമതനാക്കി മാറ്റിയിരിക്കാം. തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താനായി അത്തരം സന്ദർഭങ്ങളിൽ വിമതനാവുകയാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ആത്മകഥയ്ക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡ് മടക്കി നൽകിയതും സമാനമായ മറ്റ് നിരാസങ്ങളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താൻ ഏറ്റെടുത്തിരിക്കുന്ന വലിയ പോരാട്ടത്തിലേക്കുള്ള ചുവടുകൾ മാത്രമായിരുന്നിരിക്കാം. 

ഒരു ചോദ്യം എന്നെ വിടാതെ പിന്തുടരുന്നു. എന്തുകൊണ്ടാവും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയത്. കുഞ്ഞാമൻ സാറിന്റെ ശിഷ്യർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആശയങ്ങളെ നമുക്ക് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും? ആദിവാസി ഗ്രാമങ്ങൾക്ക് വേണ്ട സാമൂഹിക, ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയെന്നത് അത്യാവശ്യം ചെയ്യേണ്ടുന്ന ഒരു നടപടിയാണ്. എന്നാൽ അതുമാത്രം മതിയാവില്ല. ആദിവാസി വികസനത്തിനായി അനുവദിക്കപ്പെടുന്ന ഓരോ രൂപയും കൃത്യമായി ചെലവഴിച്ചുവെന്നത് ഉറപ്പാക്കേണ്ടതുണ്ട്. പണത്തിന്റെ ഒഴുക്കിനെ കൃത്യമായി പിന്തുടർന്നാൽ, ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് എങ്ങനെ ചോർന്നു പോകുന്നുവെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ പറയുന്നത്ര എളുപ്പമല്ല കാര്യങ്ങൾ.

എത്രയെത്ര യുവ മനസുകളെയാണ് കുഞ്ഞാമൻ സാർ ഇങ്ങനെ കടഞ്ഞെടുത്തത്? അദ്ദേഹത്തിന്റെ മഹത്വം ഇനി അവരിലൂടെ ലോകം അറിയുമെന്ന് പ്രതീക്ഷിക്കാം

ഒരു ആദിവാസി മേഖലയ്ക്ക് ബജറ്റിൽ അനുവദിക്കുന്ന തുകയും നടപ്പാക്കിയ പദ്ധതികളും തമ്മിൽ താരതമ്യം ചെയ്തു പഠിക്കാൻ തുടങ്ങിയ എന്നെ അടുത്ത സുഹൃത്ത് വിലക്കിയത്, “ലേഖാ, നീ കൊല്ലപ്പെടും” എന്ന മുന്നറിയിപ്പ് നൽകിയാണ്. അത്തരം മാഫിയകൾ ലോകത്ത് എല്ലായിടത്തുമുണ്ട്. പക്ഷെ എനിക്കുറപ്പുണ്ട്, ഞാൻ ആ ചോദ്യങ്ങൾ ചോദിക്കേണ്ടതാണെന്നും ഉത്തരങ്ങൾ കണ്ടെത്തേണ്ടതാണെന്നും. അത് ചെയ്തതുകൊണ്ട് ഞാൻ കൊല്ലപ്പെടില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. 

എത്രയെത്ര യുവ മനസുകളെയാണ് കുഞ്ഞാമൻ സാർ ഇങ്ങനെ കടഞ്ഞെടുത്തത്? അദ്ദേഹത്തിന്റെ മഹത്വം ഇനി അവരിലൂടെ ലോകം അറിയുമെന്ന് പ്രതീക്ഷിക്കാം.  അതാവും അദ്ദേഹത്തിന് നല്കാൻ കഴിയുന്ന ഏറ്റവും ഉചിതമായ അന്ത്യാഞ്ജലി. 

logo
The Fourth
www.thefourthnews.in