കിങ് ഓഫ് കൊത്ത ഒരു കംപ്ലീറ്റ് പാക്കേജ്; മഞ്ജു പൊറിഞ്ചുവിലെ മറിയത്തെക്കാൾ പവർ ഫുൾ: നൈല ഉഷ അഭിമുഖം

കിങ് ഓഫ് കൊത്ത ഒരു കംപ്ലീറ്റ് പാക്കേജ്; മഞ്ജു പൊറിഞ്ചുവിലെ മറിയത്തെക്കാൾ പവർ ഫുൾ: നൈല ഉഷ അഭിമുഖം

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തേണ്ടതെല്ലാം കൊത്തയിലുണ്ട്

സമീപകാലത്ത് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്റെ കരിയർ ബെസ്റ്റ് ചിത്രം എന്നതിനപ്പുറം കൊത്തയിൽ എന്തൊക്കെയാണ് ഉണ്ടാവുക? വിശേഷങ്ങൾ പങ്കുവച്ച് നൈല ഉഷ

മഞ്ജു മറിയത്തെക്കാൾ പവർഫുൾ

പൊറിഞ്ചു മറിയം ജോസിലെ മറിയത്തേക്കാൾ പവർഫുള്ളായിട്ടുള്ള, വളരെ ചാലഞ്ചിങ്ങായിട്ടുള്ള കഥാപാത്രമാണ് കൊത്തയിലെ മഞ്ജു. മറിയത്തിന്റെ അത്രേയും സ്ക്രീൻ പ്രസൻസില്ല, വേറെ ഒരു ഗെറ്റപ്പിലാണ് വരുന്നത്. ഇതുവരെ കാണാത്ത, ഞാൻ ചെയ്യാത്ത ഒരു ഷേയ്ഡുള്ള ആളാണ് മഞ്ജു. കഥാപാത്രത്തെ കുറിച്ച് അധികമൊന്നും പറയാൻ പറ്റില്ല. ഇപ്പോൾ മനസിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രം എന്ന് പറയാം

കൊത്ത ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു സിനിമയാണ്. ഓരോ കഥാപാത്രത്തെവച്ചും വേറെ വേറെ സിനിമ എടുക്കാവുന്ന തരത്തിൽ കഥയും പശ്ഛാത്തലവും ഉള്ളവരാണ് ഇതിലെ ഓരോ കഥാപാത്രവും. അതിനാൽ സ്ക്രീൻ സ്പേസില്‍ അല്ല പെർഫോമൻസിലാണ് കാര്യം

കഥ കേട്ടപ്പോൾ തന്നെ എക്സൈറ്റഡ് ആയി

പൊറിഞ്ചു മറിയം പിന്നീട് പാപ്പൻ ഈ സമയത്തൊക്കെ എനിക്ക് അഭിയെ (സംവിധായകൻ അഭിലാഷ്) അറിയാം. ആ സമയത്ത് തന്നെ നമുക്ക് ഒരു സിനിമ ചെയ്യണം, ഒരു കഥ റെഡിയാകുന്നുണ്ടെന്നൊക്കെ അഭി പറയാറുണ്ടായിരുന്നു. അതിന് ശേഷം അഭി വിളിച്ചു കഥയുടെ വൺ ലൈൻ പറഞ്ഞു . പിന്നീട് കൊത്തയുടെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ വിളിച്ചു, (അദ്ദേഹം തന്നെയാണ് പൊറിഞ്ചുവിന്റേയും തിരക്കഥ ഒരുക്കിയത്.) അഭിലാഷ് ആണ് കഥ പൂർണമായും പറഞ്ഞ് തന്നത്. കഥ കേട്ടപ്പോൾ തന്നെ വളരെ എക്സൈറ്റഡ് ആയിരുന്നു.

ആദ്യ സിനിമയെന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്ന ആശങ്കയുണ്ട് സംവിധായകന്

അഭിലാഷ് മിനി ജോഷി

ജോഷി സാറിന്റെ സെറ്റിൽ ചെല്ലുമ്പോൾ തന്നെ അറിയാം, അദ്ദേഹം ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ സിനിമ ചെയ്യുന്ന ഒരു ലെജന്ററി സംവിധായകനാണ്. എല്ലാ സിനിമയും ആദ്യ സിനിമ എന്ന പോലെ സമീപിക്കുന്ന ഒരാളാണ് ജോഷി സാർ. അതേ അച്ചടക്കവും പവറും അഭിക്കും ഉണ്ട്. പൊറിഞ്ചുവിന്റേയും പാപ്പന്റേയുമൊന്നും സെറ്റിൽ കണ്ട അഭിയായിരുന്നില്ല കൊത്തയിൽ കണ്ടപ്പോൾ, മറ്റൊരു 'അവതാർ' ആയിരുന്നു അഭി അവിടെ. ഏതാണ്ട് ഒരു മിനി ജോഷി സാർ എന്ന് നമുക്ക് അഭിയെ വിളിക്കാം

കിങ് ഓഫ് കൊത്ത ഒരു കംപ്ലീറ്റ് പാക്കേജ്; മഞ്ജു പൊറിഞ്ചുവിലെ മറിയത്തെക്കാൾ പവർ ഫുൾ: നൈല ഉഷ അഭിമുഖം
കിങ് ഓഫ് കൊത്തയിലേക്ക് വിളിച്ചത് ജോഷി സാർ; 'കൊത്ത രവി' ദുൽഖറിന്റെ അച്ഛൻ കഥാപാത്രം: ഷമ്മി തിലകൻ

മാത്രമല്ല , സിനിമയ്ക്ക് എന്തുവേണമെന്ന് കൃത്യമായ ധാരണയുള്ള സംവിധായകനാണ് അഭി. ആദ്യ ദിവസങ്ങളിലൊക്കെ ഞാൻ കുറച്ച് ഹോം വർക്ക് ഒക്കെ ചെയ്തിട്ടാണ് പോയത്. പക്ഷേ അവിടെ ചെന്നപ്പോൾ അതൊന്നുമല്ലാത്ത കാര്യങ്ങളാണ് അഭി ചെയ്യിക്കുന്നത്. അപ്പോൾ മുതൽ മനസിലായി അഭി പറയുന്നതെന്തോ അതുപോലെ ചെയ്യുന്നതാകും നല്ലതെന്ന്. ചെയ്തു കഴിഞ്ഞപ്പോൾ അതുതന്നെയാണ് നല്ലതെന്നും മനസിലായി. കാരണം ഞാൻ ഒരു ഡയറക്ടർ ആക്ടർ ആണ്.

കൊത്ത ഒരു ദുൽഖർ ചിത്രം

കിങ് ഓഫ് കൊത്ത ഒരു ദുൽഖർ സിനിമയാണ്. ഒരു വർഷമായി ദുൽഖർ ഈ ചിത്രത്തിന് വേണ്ടി കംപ്ലീറ്റ് ആയി ഡെഡിക്കേറ്റഡ് ആയി നിൽക്കുകയാണ്. അതിന്റെ റിസൾട്ടും ആ ചിത്രത്തിനുണ്ട്. ട്രെയിലറൊക്കെ കാണുമ്പോൾ അറിയാം, ഇതുവരെ കാണാത്ത ലുക്കിൽ, ഗെറ്റപ്പിലൊക്കെയാണ് കൊത്തയിൽ ദുൽഖർ എത്തുന്നത്. ഫൈറ്റും ഡാൻസും മാത്രമല്ല , പെർഫോമൻസിലും ദുൽഖറിനെ വേറെ ലെവലിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്റെ കരിയർ ബെസ്റ്റായിരിക്കും കൊത്ത എന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ദുൽഖർ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. ആ ലിഗീലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും കൊത്തയിലേതും

ഗോകുലും വളരെ നന്നായി ചെയ്തിട്ടുണ്ട്. ഗോകുൽ വെയിറ്റ് ലോസൊക്കെ വരുത്തിയാണ് കഥാപാത്രത്തിനായി തയാറെടുത്തത്.

അഭിലാഷിന്റെ ആശങ്ക

കൊത്ത ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെങ്കിലും ആദ്യ ചിത്രമെന്ന പരിഗണന ആരും നൽകുന്നില്ലെന്ന ഒരു ആശങ്കയുണ്ട് അഭിലാഷിന്. ഏതോ വലിയ സംവിധായകന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നത് പോലെയാണ് പ്രേക്ഷകരെ കൊത്തയെ നോക്കി കാണുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതിൽ ആശങ്കയുണ്ടെന്ന് അഭി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള ശ്രമവുമുണ്ട്

സിനിമയിലെ സെക്കൻഡ് ജനറേഷൻ

എന്റെ ആദ്യ സിനിമ മമ്മൂക്കയ്ക്കൊപ്പമായിരുന്നു, കരിയർ ബ്രേക്ക് തന്നത് ജോഷി സാർ , സുരേഷേട്ടനെ ( സുരേഷ് ഗോപി) വളരെ നേരത്തെ മുതൽ അറിയാം. ഇവരുടെ ഒക്കെ ഒരു സെക്കൻഡ് ജനറേഷൻ എന്ന നിലയിൽ അഭി, ദുൽഖർ, ഗോകുൽ എന്നിവരുടെ കൂടെ സിനിമ ചെയ്യാനാകുന്നതിൽ അഭിമാനമുണ്ട്. അവരെല്ലാം അവരുടെ അച്ഛൻമാർക്ക് അഭിമാനിക്കാവുന്ന തരത്തിൽ സിനിമയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല

ആരും കാണാത്ത നാടും അവിടുത്തെ ജനങ്ങളും

ഇതുവരെ ആരും കാണാത്ത ഒരു നാടും അവിടുത്തെ ജനങ്ങളുടെ കഥയുമാണ് കൊത്ത പറയുന്നത്. അതിനാൽ തന്നെ ലൊക്കേഷനിൽ പോലും സാമ്യം തോന്നാതിരിക്കാനാണ് കേരളത്തിന് പുറത്ത് സെറ്റിട്ടതും ഷൂട്ട് ചെയ്തതും. ആദ്യ ദിവസം സെറ്റിൽ ചെല്ലുമ്പോൾ തന്നെ അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ട്. എങ്ങനെ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ സത്യത്തിൽ നല്ല ആശങ്കയുണ്ടായിരുന്നു, കാരണം ആദ്യമായിട്ടാണ് ഞാൻ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗാമാകുന്നത് . പക്ഷേ അതൊക്കെ വളരെ നന്നായി വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത് .

കൊത്ത ഒരു കംപ്ലീറ്റ് പാക്കേജ്

കൊത്ത ഒരു മാസ് എന്റർടെയ്നർ മാത്രമല്ല, അതൊരു കംപ്ലീറ്റ് പാക്കേജ് ആണ്. ഗ്യാങ്സ്റ്റർ ഡ്രാമ എന്നതിലുപരി, എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പ്രണയം, ചതി , പ്രതികാരം , കുടുംബബന്ധങ്ങൾ തുടങ്ങിയ എലമെന്റ്സുകളുമുള്ള, കൈയടിക്കാനും കൈപിടിക്കാനും സാധിക്കുന്ന, കണ്ണുനനയിപ്പിക്കുന്നവരുമാകും കൊത്തയിലെ കഥാപാത്രങ്ങൾ. തീയേറ്ററിൽ ഓണം ആഘോഷിക്കാനെത്തുന്ന ഒരാളെയും ചിത്രം നിരാശപ്പെടുത്തില്ല... എല്ലാവരും സിനിമ തീയേറ്ററിൽ കാണുമെന്നാണ് പ്രതീക്ഷ...

logo
The Fourth
www.thefourthnews.in