പദ്‌മരാജൻ കഥ പറഞ്ഞു; നൊമ്പരത്തോടെ ഇളയരാജ കേട്ടിരുന്നു

പദ്‌മരാജൻ കഥ പറഞ്ഞു; നൊമ്പരത്തോടെ ഇളയരാജ കേട്ടിരുന്നു

രണ്ടു ഗാനങ്ങളുടെയും ദൃശ്യങ്ങൾ ഇളയരാജ കണ്ടത് കോടമ്പാക്കത്തെ എം എം സ്റ്റുഡിയോയിൽ ഇരുന്നാണ്. ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ ഗാനസൃഷ്ടിക്ക്. "റീ റെക്കോഡിംഗ് വേളയിൽ പലപ്പോഴും രാജാ സാർ വികാരഭരിതനായി

തമിഴിൽ ഇളയരാജ പറന്നു നടന്ന് പടം ചെയ്യുന്ന കാലം. ശ്വാസം മുട്ടിക്കുന്ന തിരക്കിനിടെ ഒരു കൊച്ചു മലയാള പടത്തിന് സംഗീതം ചെയ്യാൻ അദ്ദേഹം തയ്യാറാകുമോ എന്നായിരുന്നു പദ്‌മരാജന്റെയും ഗാന്ധിമതി ബാലന്റെയും സംശയം. പക്ഷേ കഥ പറഞ്ഞുകേട്ടപ്പോൾ തന്നെ വികാരാധീനനായി ഇശൈജ്ഞാനി. മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റ മനസ്സിനെ ആഴത്തിൽ സ്പർശിച്ചുവെന്നതിന്റെ തെളിവായിരുന്നു ആ മുഖത്തെ ഭാവപ്പകർച്ച. "രാജാ സാറിന്റെ വൻ പ്രതിഫലം ഞങ്ങൾക്ക് താങ്ങാനാകുമോ എന്നതായിരുന്നു അടുത്ത ആശങ്ക. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്നായി പപ്പേട്ടൻ.''- ഗാന്ധിമതി ബാലൻ ഓർക്കുന്നു. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇളയരാജ മൂന്നാം പക്കത്തിന് സംഗീതമൊരുക്കിയതും ആ പാട്ടുകൾ കാലത്തിനപ്പുറത്തേക്ക് പറന്നുയർന്നതും ഇന്ന് ചരിത്രം.

സംഗീത സംവിധായകനായി ഇളയരാജ തന്നെ വേണമെന്നത് സംവിധായകൻ പദ്‌മരാജന്റെ നിർബന്ധമായിരുന്നു. വൈകാരിക മുഹൂർത്തങ്ങൾ ധാരാളമുള്ള സിനിമയാണ്. "കഥയുടെ അവസാന ഘട്ടത്തിൽ പേരക്കുട്ടിയുടെ മരണാന്തരകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ബലിച്ചോറുമായി മുത്തച്ഛനായ തിലകൻ കടലിലേക്ക് നടന്നുനീങ്ങുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങളുടെ വികാരതീവ്രത പൂർണ്ണമായി ഉൾക്കൊള്ളാനും പ്രേക്ഷകരിലേക്ക് പകരാനും രാജ സാറിന്റെ സംഗീതത്തിന് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചു പപ്പേട്ടൻ.''- ബാലന്റെ വാക്കുകൾ.

പ്രസാദ് സ്റ്റുഡിയോയിൽ ഇളയരാജയെ ചെന്നു കണ്ടത് പദ്‌മരാജനും ബാലനും ചേർന്ന്. പശ്ചാത്തല സംഗീതത്തിന് പുറമെ രണ്ടു പാട്ടുകൾ കൂടി ചിട്ടപ്പെടുത്തേണ്ടി വരും എന്നറിഞ്ഞപ്പോൾ അതിനും രാജ തയ്യാർ. പക്ഷേ ഒരു പ്രശ്നമുണ്ട്. ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെ മൊണ്ടാഷിൻറെ പശ്ചാത്തലത്തിലാണ് പാട്ടുകൾ വരുക. ആ ദൃശ്യങ്ങൾ കണ്ടു വേണം ഈണം നിശ്ചയിക്കാൻ. സാധാരണഗതിയിൽ അതിനൊന്നും ഇരുന്നുതരാത്തയാളാണ് ഇളയരാജ. പക്ഷേ ഇത്തവണ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. പദ്‌മരാജൻ കേൾപ്പിച്ച കഥ അത്രകണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ തൊട്ടിരിക്കണം.

Summary

സംഗീത സംവിധായകനായി ഇളയരാജ തന്നെ വേണമെന്നത് സംവിധായകൻ പദ്‌മരാജന്റെ നിർബന്ധമായിരുന്നു. വൈകാരിക മുഹൂർത്തങ്ങൾ ധാരാളമുള്ള സിനിമയാണ്.

രണ്ടു പാട്ടുകളുണ്ട് ചിത്രത്തിൽ. രണ്ടും എഴുതുന്നത് ശ്രീകുമാരൻ തമ്പി. അവയിലൊന്ന് യുവവാഗ്ദാനമായ ജി വേണുഗോപാലിന് നൽകണം എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു പദ്‌മരാജന്. രണ്ടാമത്തെ ഗാനം എം ജി ശ്രീകുമാറിനെ കൊണ്ട് പാടിക്കണമെന്ന് ഗാന്ധിമതി ബാലനും. "എത്രയോ കാലമായി ശ്രീക്കുട്ടനുമായി അടുപ്പമുണ്ട്. ഞാൻ വിതരണത്തിനെടുത്ത പടങ്ങളിൽ പലതിലും അദ്ദേഹം ഹിറ്റ് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും എന്റെ സ്വന്തം പടത്തിൽ അതുവരെ ഒരു അവസരം കൊടുക്കാൻ സാധിച്ചിട്ടില്ല. ഭാഗ്യവശാൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല രാജാ സാർ.'' താമരക്കിളി പാടുന്നു തെയ് തെയ് തക തോം എന്ന പാട്ട് ചിത്രയോടൊപ്പം ശ്രീകുമാർ പാടുന്നത് അങ്ങനെയാണ്. ഇളയരാജയുടെ ശബ്ദസാന്നിധ്യവുമുണ്ട് ഇതേ ഗാനത്തിൽ; ഒരു വായ്ത്താരിയുടെ രൂപത്തിൽ.

"ഉണരുമീ ഗാനം'' എന്ന പാട്ട് വേണുഗോപാലിന് ആ വർഷത്തെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. രണ്ടു ഗാനങ്ങളുടെയും ദൃശ്യങ്ങൾ ഇളയരാജ കണ്ടത് കോടമ്പാക്കത്തെ എം എം സ്റ്റുഡിയോയിൽ ഇരുന്നാണ് . ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ ഗാനസൃഷ്ടിക്ക്. "റീ റെക്കോഡിംഗ് വേളയിൽ പലപ്പോഴും രാജാ സാർ വികാരഭരിതനായി. അതീവ സൂക്ഷ്മതയോടെയാണ് ഓരോ സീനിനും ആവശ്യമായ സംഗീതം അദ്ദേഹം രൂപപ്പെടുത്തിയത്. സംഗീതം കൊണ്ട് ദൃശ്യങ്ങളെ നിഷ്പ്രഭമാക്കാനല്ല, അവയെ കൂടുതൽ ദീപ്തമാക്കാനാണ് രാജ സാർ ശ്രമിച്ചത്. മിതത്വമായിരുന്നു ആ ശൈലിയുടെ മുഖമുദ്ര. നിശബ്ദത വേണ്ടിടത്ത് നിശബ്ദത മാത്രം. ആ സിനിമയുടെ വിജയത്തിൽ പശ്ചാത്തല സംഗീതത്തിന് നല്ലൊരു പങ്കുണ്ട് എന്നു പറയാതിരിക്കാൻ വയ്യ.''

മനോഹരമായ ഒരു ക്ലൈമാക്സ് കൂടിയുണ്ട് ഈ കഥക്ക്

എന്നാൽ ഗാന്ധിമതി ബാലൻ പ്രതീക്ഷിച്ചതല്ല നടന്നത്. മുന്നിലെ പണപ്പൊതിയിലേക്കും നിർമ്മാതാവിന്റെ മുഖത്തേക്കും മാറിമാറി നോക്കി ഇളയരാജ. പിന്നെ അതിൽ നിന്ന് ഒരു ലക്ഷം രൂപയുടെ കെട്ടെടുത്ത് ബാലന് നേരെ തിരികെ നീട്ടി, നേർത്തൊരു ചിരിയോടെ അദ്ദേഹം പറഞ്ഞു: "ഈ തുക താങ്കളുടെ കയ്യിൽ തന്നെയിരിക്കട്ടെ. ഇത്രയും മനോഹരമായ ഒരു സിനിമക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം എനിക്ക് ധാരാളം. സംഗീതസംവിധായകനായി എന്നെ നിശ്‌ചയിച്ചപ്പോൾ തന്നെ എനിക്കുള്ള പ്രതിഫലം നിങ്ങൾ തന്നു കഴിഞ്ഞു. ഇനി പടം വിജയിക്കാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം.'' നിനച്ചിരിക്കാതെ വന്ന ആ പ്രതികരണം തന്നെ സ്തബ്ധനാക്കിയെന്ന് ബാലൻ. സിനിമാലോകത്ത് അത്തരം പ്രവൃത്തികൾ അന്നും ഇന്നും സർവസാധാരണമല്ലല്ലോ. നല്ല സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു തികഞ്ഞ കലാകാരനെയാണ് അന്ന് ഇളയരാജയിൽ കണ്ടതെന്ന് ബാലൻ.

മനോഹരമായ ഒരു ക്ലൈമാക്സ് കൂടിയുണ്ട് ഈ കഥക്ക്. ഇന്നും ഗാന്ധിമതി ബാലന്റെ കണ്ണുകൾ ഈറനാക്കുന്ന ഓർമ്മ. സ്വന്തം സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചതിനുള്ള പ്രതിഫലം ഒരു പൊതിയിലാക്കി പ്രസാദ് സ്റ്റുഡിയോയിലെ മുറിയിൽ ഇശൈജ്ഞാനിക്ക് മുന്നിൽ കൊണ്ടുചെന്നു വെക്കുമ്പോൾ ബാലൻ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചത് സ്വാഭാവികം. ഒരൊറ്റ സിനിമക്ക് പതിനഞ്ച് ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നയാൾക്ക് താൻ നൽകുന്ന ഈ മൂന്ന് ലക്ഷം രൂപ അപമാനകരമായി തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ചെറിയ പ്രോജക്റ്റ്, ചുരുങ്ങിയ ചെലവിൽ നിർമ്മിക്കുന്ന പടം, സാമ്പത്തികപരിമിതി തുടങ്ങി ഒഴികഴിവുകൾ പലതുമുണ്ട് നിരത്താൻ. പക്ഷേ രാജാസാറിനെ പോലെ നിമിഷങ്ങൾക്ക് പോലും പൊന്നുവിലയുള്ള ഒരു പ്രൊഫഷണൽ കലാകാരന്റെ പ്രതിഫലം അഞ്ചിലൊന്നാക്കി ചുരുക്കാനുള്ള ന്യായങ്ങളാവില്ലല്ലോ അവയൊന്നും.

പദ്‌മരാജൻ കഥ പറഞ്ഞു; നൊമ്പരത്തോടെ ഇളയരാജ കേട്ടിരുന്നു
ഭൂമിയില്‍ കാലുറപ്പിച്ച് പൗര്‍ണമി ചന്ദ്രികയെ തൊട്ടു വിളിച്ചയാള്‍

"സിനിമയിൽ നിന്നുള്ള ഏറ്റവും വലിയ സമ്പാദ്യം പണമോ പദവിയോ ഒന്നുമല്ല. അമൂല്യമായ കുറെ സൗഹൃദങ്ങളാണ് എന്ന് തിരിച്ചറിയുന്നു ഞാൻ. പദ്‌മരാജനേയും എം ബി ശ്രീനിവാസനെയും ഇളയരാജയെയും പോലെ നമുക്കൊന്നും കയ്യെത്തിപ്പിടിക്കാൻ പോലും പറ്റാത്ത ഉയരങ്ങളിൽ നിൽക്കുന്ന എത്രയോ പ്രതിഭാശാലികളെ പരിചയപ്പെടാൻ പറ്റി. അവരുടെ സൗഹൃദ നിമിഷങ്ങളുടെ ഭാഗമാകാനും. ഈശ്വരന് നന്ദി..''-- ഗാന്ധിമതി ബാലന്റെ വാക്കുകളിൽ മാഞ്ഞുപോയൊരു കാലത്തിന്റെ സ്നേഹസുരഭിലമായ ഓർമ്മകൾ വന്നു നിറയുന്നു.

logo
The Fourth
www.thefourthnews.in