'ഹൗ സ്വീറ്റ്', യേശുദാസിനെ അത്ഭുതപ്പെടുത്തിയ പരത്തുള്ളി; 'ദേവീക്ഷേത്ര നട'യിലേക്കു ഗുരുപൂജ പുരസ്‌കാരം

'ഹൗ സ്വീറ്റ്', യേശുദാസിനെ അത്ഭുതപ്പെടുത്തിയ പരത്തുള്ളി; 'ദേവീക്ഷേത്ര നട'യിലേക്കു ഗുരുപൂജ പുരസ്‌കാരം

നൂറുകണക്കിന് ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും മലയാളികൾ ഇന്നും രവിയേട്ടനെ ( പരത്തുള്ളി രവീന്ദ്രന്‍) തിരിച്ചറിയുക "ദേവീക്ഷേത്രനടയിൽ" എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ രചയിതാവായിത്തന്നെ

പാട്ടുപാടി റെക്കോർഡ് ചെയ്യാൻ ഭരണി സ്റ്റുഡിയോയ്ക്കു മുന്നില്‍ വന്നിറങ്ങിയ ഗാനഗന്ധർവനെ വിസ്മയത്തോടെ നോക്കിനിന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു പരത്തുള്ളി രവീന്ദ്രന്‍; നാൽപ്പത്തിയേഴ് വർഷത്തിനിപ്പുറവും.

"വന്നയുടൻ പാട്ടിന്റെ വരികള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തു അദ്ദേഹം. ആ വിരലുകളുടെ ചലനം ശ്രദ്ധിച്ച് തൊട്ടുപിന്നില്‍ ഭവ്യതയോടെ ഞാന്‍. ഹൃദയം പടപടാ മിടിക്കുന്നത്‌ എനിക്കു കേള്‍ക്കാം. എങ്ങനെ മിടിക്കാതിരിക്കും? ഒരിക്കലെങ്കിലും കാണാന്‍ മോഹിച്ച ഗായകന്‍ ഇതാ കയ്യെത്തും ദൂരത്ത്. അതും ഞാന്‍ എഴുതിയ പാട്ട് പാടാന്‍...'' പാട്ടിന്റെ വരികളിലൂടെ കണ്ണോടിച്ചശേഷം യേശുദാസ് പറഞ്ഞു: "ഹൗ സ്വീറ്റ്. ഇത്രയും ലളിതവും മധുരവുമായ ഒരു ഗാനം പാടിയിട്ട് കാലം കുറേ ആയി. എഴുതിയ ആളെ ഒന്ന് കാണട്ടെ...''

Summary

"ദേവീക്ഷേത്രനടയില്‍ എന്ന പാട്ട് മൂളിനടന്ന ചെറുപ്പത്തെക്കുറിച്ച് മമ്മൂട്ടിയും ഗിരീഷ്‌ പുത്തഞ്ചേരിയും അയവിറക്കി കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ ഗ്രാമത്തിലെ ദേവീക്ഷേത്രം ഓര്‍മയില്‍ നിറയും; പ്രാരബ്ധങ്ങളില്‍ മുങ്ങിയ കൗമാരകാലവും. ആ കാലത്തിന്റെ ഓർമ കൂടിയാണ് ആ പാട്ട്"

തെല്ല് സങ്കോചത്തോടെ പിന്നില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്ന ഗാനരചയിതാവിനെ ആരോ മുന്നിലേക്കു പിടിച്ചുനിര്‍ത്തുന്നു. പാട്ടുകള്‍ മാത്രമല്ല പടത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും രചിച്ചത് നാട്ടിൻപുറത്തുകാരനായ ഈ ചെറുപ്പക്കാരനാണെന്ന് ആരോ വിശദീകരിച്ചപ്പോള്‍ ഗായകന് അത്ഭുതം. "യേശുദാസിന്റെ ആ അഭിനന്ദന വചസ്സുകളാണ് എന്റെ കലാജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ്‌,'' പരത്തുള്ളി പറയുന്നു.

'പല്ലവി' (1977) എന്ന ചിത്രത്തിനുവേണ്ടി കണ്ണൂര്‍ രാജന്റെ ഈണത്തില്‍ അന്ന് യേശുദാസ് പാടി റെക്കോര്‍ഡ്‌ ചെയ്ത പരത്തുള്ളിയുടെ ഗാനം ഇന്നുമുണ്ട് മലയാളിയുടെ ചുണ്ടില്‍: ‍"ദേവീക്ഷേത്രനടയില്‍ ദീപാരാധനവേളയില്‍ ദീപസ്തംഭം തെളിയിച്ചുനില്‍ക്കും ദേവികേ നീയൊരു കവിത, ത്രിസന്ധ്യയെഴുതിയ കവിത..."

വര്‍ഷങ്ങള്‍ക്കു മുന്‍പേ പരത്തുള്ളി രവീന്ദ്രൻ മനസ്സില്‍ കുറിച്ചിട്ടതാണ് ആ പല്ലവി. "ചങ്ങരംകുളത്തിനടുത്തു ഞാന്‍ ജനിച്ചുവളര്‍ന്ന കാലടിത്തറ എന്ന ഗ്രാമത്തില്‍ ഒരു ദേവീക്ഷേത്രമുണ്ട്. സാന്ധ്യശോഭയില്‍ കുളിച്ചുനില്‍ക്കുന്ന ആ അമ്പലമായിരുന്നു പാട്ടെഴുതുമ്പോള്‍ എന്റെ മനസ്സില്‍... ആ വരികളില്‍നിന്നുതന്നെയാണ് സത്യത്തില്‍ 'പല്ലവി' എന്ന പടത്തിന്റെ കഥയും പിറക്കുന്നത്‌,'' കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്തു ചേലേമ്പ്രയില്‍ വിശ്രമജീവിതം നയിക്കുന്ന പരത്തുള്ളിയുടെ ഓർമ. "ദേവീക്ഷേത്രനടയില്‍ എന്ന പാട്ട് മൂളിനടന്ന ചെറുപ്പത്തെക്കുറിച്ച് മമ്മൂട്ടിയും ഗിരീഷ്‌ പുത്തഞ്ചേരിയും അയവിറക്കി കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ ഗ്രാമത്തിലെ ദേവീക്ഷേത്രം ഓര്‍മയില്‍ നിറയും; പ്രാരബ്ധങ്ങളില്‍ മുങ്ങിയ കൗമാരകാലവും. ആ കാലത്തിന്റെ ഓർമകൂടിയാണ് എനിക്ക് ആ പാട്ട്."

'ഹൗ സ്വീറ്റ്', യേശുദാസിനെ അത്ഭുതപ്പെടുത്തിയ പരത്തുള്ളി; 'ദേവീക്ഷേത്ര നട'യിലേക്കു ഗുരുപൂജ പുരസ്‌കാരം
'ദാസേട്ടൻ പറഞ്ഞു, നമുക്ക് ആ പാട്ട് ഒന്നുകൂടി എടുക്കാം'

ബി കെ (ബാലകൃഷ്ണന്‍) പൊറ്റെക്കാട് ആയിരുന്നു പല്ലവിയുടെ സംവിധായകന്‍. നിര്‍മാതാവ് ടി പി ഹരിദാസ്‌. വിൻസന്റ് , ജയഭാരതി, സോമന്‍ തുടങ്ങിയവര്‍ അഭിനയിച്ച 'പല്ലവി'യില്‍ ആകെ നാല് പാട്ടുകളാണുണ്ടായിരുന്നത്: ദേവീക്ഷേത്രനടയില്‍, കിനാവിന്റെ കടവില്‍ (യേശുദാസ്), കിളിക്കൊത്ത കവിളുള്ള (മാധുരിയും സംഘവും) എന്നീ പാട്ടുകള്‍ പരത്തുള്ളിയും കണ്ണാലെ പാര് (ജയചന്ദ്രന്‍) എന്ന തമാശപ്പാട്ട് പി ഭാസ്കരനും എഴുതി. "ഇന്നത്തെ തലമുറയ്ക്ക് അത്ഭുതം തോന്നാം. രണ്ടു മാസത്തോളമാണ് ഞാനും കണ്ണൂര്‍ രാജനും ഗാനസൃഷ്ടിക്കായി ചെലവിട്ടത്. ‌മദ്രാസ് നഗരത്തിലെ തിരക്കിലും ബഹളത്തിലും ഒഴുകിനീങ്ങവേ മനസ്സില്‍ തോന്നിയ വരികള്‍ ഞാന്‍ മൂളും. രാജന്‍ അവ ചിട്ടപ്പെടുത്തും. ഈണവും വരികളും ചിലപ്പോള്‍ മാറിമാറി വരും...''

"ദേവീക്ഷേത്രനടയില്‍ എന്ന പാട്ടിന് ഈണമിടാന്‍ ഇരിക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായി. അതിലൊരു തുളസിക്കതിര്‍ ഞാന്‍ നിന്റെ മുടിയില്‍ അറിയാതെ ഞാനൊന്നണിയിക്കട്ടെ എന്നൊരു വരിയുണ്ട് ചരണത്തില്‍. അണിയിക്കാം എന്നാക്കിയാല്‍ നന്നാകുമെന്ന് രാജന്‍. പറ്റില്ലെന്ന് ഞാന്‍. അതൊരു തർക്കമായി വളര്‍ന്നപ്പോള്‍ സംവിധായകന് ഇടപെടേണ്ടി വന്നു. എന്റെ വാശി തന്നെ ഒടുവില്‍ ജയിച്ചെങ്കിലും അതുകൊണ്ട് ഒരു ദോഷമുണ്ടായി. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പാട്ടെഴുത്തുകാരന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടി. സിനിമയില്‍ എന്റെ പുരോഗതിക്കു വിഘാതമായതും അത് തന്നെയാവാം...'' പരത്തുള്ളി ചിരിക്കുന്നു. പിന്നീട് ഒരു പടത്തിന് കൂടിയേ പരത്തുള്ളി പാട്ടെഴുതിയുള്ളൂ- 'ചുണക്കുട്ടികള്‍'. കെ പി ഉദയഭാനു ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പുറത്തുവന്നെങ്കിലും, പടം വെളിച്ചം കണ്ടില്ല.

മുല്ലശ്ശേരി രാജഗോപാലിന്റെ (ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന വിശ്രുത കഥാപാത്രത്തിനു പ്രചോദനമായ സംഗീതാസ്വാദകൻ) സംഗീത ദർബാറിന്റെ ഭാഗമായിരുന്നു പരത്തുള്ളി ഒരിക്കൽ. എന്റെ ജീവിതത്തിലേക്ക് അദ്ദേഹം കടന്നുവന്നതും അവിടെനിന്നു തന്നെ. രാജുവേട്ടന്റെ സുഹൃത്തും സംഗീതസംവിധായകനുമായ ടി സി കോയയുടെ ഈണത്തിൽ രണ്ടു അയ്യപ്പഭക്തിഗാന ആൽബങ്ങൾക്കു പാട്ടെഴുതാനെത്തിയതാണ് പരത്തുള്ളി രവിയേട്ടൻ. സതീഷ് ബാബുവായിരുന്നു ഗായകൻ. ഗീതാ സൗണ്ട്സിൽനിന്ന് കടം വാങ്ങിയ റെക്കോർഡിങ് സംവിധാനത്തിന്റെ സഹായത്തോടെ മുല്ലശ്ശേരിയുടെ അകത്തളം നല്ലൊരു റെക്കോർഡിങ് സ്റ്റുഡിയോ ആക്കി മാറ്റിയെടുക്കുകയായിരുന്നു കോയയും കൂട്ടരും.

'ഹൗ സ്വീറ്റ്', യേശുദാസിനെ അത്ഭുതപ്പെടുത്തിയ പരത്തുള്ളി; 'ദേവീക്ഷേത്ര നട'യിലേക്കു ഗുരുപൂജ പുരസ്‌കാരം
'സുനോ സുനോ ഏ ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം

നൂറുകണക്കിനു ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും മലയാളികൾ ഇന്നും രവിയേട്ടനെ തിരിച്ചറിയുക "ദേവീക്ഷേത്രനട"യുടെ രചയിതാവായിത്തന്നെ. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം പരത്തുള്ളി രവീന്ദ്രന്റെ കാവ്യസപര്യക്ക് അർഹിക്കുന്ന അംഗീകാരമാകുന്നു; അൽപ്പം വൈകിയാണെങ്കിലും.

logo
The Fourth
www.thefourthnews.in