'അമീർ അണ്ണാ എന്നേ വിളിച്ചിട്ടുള്ളു, വാക്കുകൾ മനസ് വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു'; പരുത്തിവീരൻ വിവാദത്തിൽ  ജ്ഞാനവേൽരാജ

'അമീർ അണ്ണാ എന്നേ വിളിച്ചിട്ടുള്ളു, വാക്കുകൾ മനസ് വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു'; പരുത്തിവീരൻ വിവാദത്തിൽ ജ്ഞാനവേൽരാജ

സംവിധായകൻ ഭാരതിരാജയുള്‍പ്പെടെയുള്ളവർ രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് ജ്ഞാനവേൽ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്

പരുത്തിവീരൻ വിവാദത്തില്‍ തന്റെ പരാമർശങ്ങളിൽ സംവിധായകൻ അമീറിനോട് ഖേദം പ്രകടിപ്പിച്ച് ഗ്രീൻ സ്റ്റുഡിയോ ഉടമയും നിർമാതാവുമായ ജ്ഞാനവേൽരാജ. അമീറിന്റെ ആരോപണങ്ങൾക്കെതിരെയുള്ള മറുപടിയിൽ താന്‍ ഉപയോഗിച്ച ചില വാക്കുകൾ മനസിനെ വ്രണപ്പെടുത്തിയെങ്കിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്ന് ജ്ഞാനവേൽ രാജ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

'പരുത്തി വീരൻ' പ്രശ്‌നം കഴിഞ്ഞ 17 വർഷമായി തുടരുകയാണ്. ഇതുവരെ ഞാൻ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. 'അമീര്‍ അണ്ണാ' എന്നാണ് ഞാൻ അവനെ എപ്പോഴും വിളിക്കുക. അദ്ദേഹത്തിന്റെ കുടുംബവുമായി തുടക്കം മുതലേ അടുപ്പമുണ്ടെന്നും ജ്ഞാനവേൽ പറഞ്ഞു.

'അമീർ അണ്ണാ എന്നേ വിളിച്ചിട്ടുള്ളു, വാക്കുകൾ മനസ് വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു'; പരുത്തിവീരൻ വിവാദത്തിൽ  ജ്ഞാനവേൽരാജ
പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?

അടുത്തിടെ നടത്തിയ അഭിമുഖങ്ങളിൽ തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും തുടർന്ന് താൻ നൽകിയ മറുപടിയിൽ പറഞ്ഞ ചില വാക്കുകൾ മനസ്സിനെ വ്രണപ്പെടുത്തിയെങ്കിൽ ആത്മാർഥമായി ഖേദിക്കുന്നെന്നും ജ്ഞാനവേൽ കുറിപ്പിൽ പറയുന്നു.

സിനിമ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു, അതിനോടും അതിൽ പ്രവൃത്തിക്കുന്ന എല്ലാവരോടും വലിയ ബഹുമാനമുണ്ടെന്നും ജ്ഞാനവേൽ പറഞ്ഞു. പരുത്തിവീരൻ തർക്കത്തിൽ ജ്ഞാനവേലിന്റെ പരാമർശങ്ങൾക്കെതിരെ സംവിധായകൻ ഭാരതിരാജയുള്‍പ്പെടെയുള്ളവർ രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് ജ്ഞാനവേൽ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.

അമീറിനെതിരെ ജ്ഞാനവേലിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ജ്ഞാനവേലിനെ സിനിമാലോകത്ത് വലിയ പേരുകാരനാക്കി മാറ്റിയതിൽ ആമിറിന്റെ സംഭാവന വളരെ വലുതാണെന്ന് മറക്കരുതെന്നുമായിരുന്നു ഭാരതിരാജ പറഞ്ഞത്.

തമിഴ് താരം കാർത്തിയുടെ 25ാം ചിത്രത്തിന്റെ ലോഞ്ചിങിനോട് അനുബന്ധിച്ചാണ് പരുത്തിവീരൻ വിവാദം വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. 'പരുത്തിവീരൻ' സിനിമയിലുടെ നായകനായി തമിഴ് സിനിമയിൽ അരങ്ങേറിയ കാർത്തിയുടെ 25-ാം ചിത്രം 'ജപ്പാൻ' കഴിഞ്ഞ മാസമായിരുന്നു റിലീസ് ചെയ്തത്. സിനിമയുടെ ലോഞ്ചിങിനായി 'കാർത്തി 25' എന്ന പേരിൽ ചെന്നൈയിൽ വലിയ താരനിശ തന്നെ സംഘടിപ്പിച്ചിരുന്നു. കാർത്തിക്കൊപ്പം പ്രവർത്തിച്ച സിനിമകളിലെ സംവിധായകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യ സിനിമയുടെ സംവിധായകനായ അമീർ സുൽത്താൻ മാത്രം ഈ പരിപാടിക്ക് എത്തിയിരുന്നില്ല. ഇത് അന്നുതന്നെ ഏറെ ചർച്ചയായിരുന്നു. ചടങ്ങിൽ അമീറിനെ വിളിച്ചിരുന്നെന്നും എന്നാൽ അദ്ദേഹം എത്തിയില്ലെന്നുമായിരുന്നു കാർത്തി പറഞ്ഞത്.

തുടർന്ന് ഒരു അഭിമുഖത്തിനിടെ 'കാർത്തി 25' എന്ന പരിപാടിയിൽ കാർത്തി വിളിക്കാത്ത് കൊണ്ടാണ് താൻ പോകാതിരുന്നതെന്ന് അമീർ വെളിപ്പെടുത്തി. 'പരുത്തിവീരൻ' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ കുറിച്ചും അമീർ തുറന്നുപറഞ്ഞിരുന്നു. ഗ്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ജ്ഞാനവേൽ നിർമിച്ച പരുത്തിവീരൻ നിർമാണത്തിന്റെ പകുതിയിൽ വച്ച് ജ്ഞാനവേൽ നിർമാണത്തിന് പണം തരാതെയായെന്നും പിന്നീട് പലരോടും കടം വാങ്ങിയാണ് പരുത്തിവീരൻ എന്ന ചിത്രം പൂർത്തിയാക്കിയതെന്നും അമീർ വെളിപ്പെടുത്തി. എന്നാൽ എല്ലാത്തിന്റെയും അവസാനം നിർമാതാവായി ജ്ഞാനവേൽ തിരികെ എത്തുകയും പടത്തിന്റെ ലാഭവിഹിതം നൽകാതെ പറ്റിച്ചതായും അമീർ ആരോപിച്ചിരുന്നു.

'അമീർ അണ്ണാ എന്നേ വിളിച്ചിട്ടുള്ളു, വാക്കുകൾ മനസ് വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു'; പരുത്തിവീരൻ വിവാദത്തിൽ  ജ്ഞാനവേൽരാജ
ധ്രുവനച്ചിത്തിരം ഇനി എന്ന് ? റിലീസ് ഡേറ്റ് സൂചിപ്പിക്കാതെ ഗൗതം മേനോൻ; കേസ് പരിഗണിക്കുക ഡിസംബർ 6 ന്

ഇതിന് പിന്നാലെ ചിത്രത്തിന്റെ നിർമാണത്തിനിടെ സംവിധായകൻ അമീർ സുൽത്താൻ തട്ടിപ്പ് നടത്തിയെന്നായിരുന്നു നിർമാതാവ് കെഇ ജ്ഞാനവേൽ രാജ ആരോപിച്ചത്.

'പരുത്തിവീരൻ' സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആയിമാറിയെന്നും പണം അമീർ ദുരുപയോഗം ചെയ്യുകയായിരുന്നെന്നുമായിരുന്നു ജ്ഞാനവേലിന്റെ ആരോപണം. ചിത്രം ആറ് മാസത്തിനുള്ളിൽ ചെയ്യാമെന്നായിരുന്നു അമീർ സുൽത്താൻ പറഞ്ഞതെന്നും എന്നാൽ രണ്ട് വർഷത്തോളമെടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്നും ജ്ഞാനവേൽ ആരോപിച്ചു

കാർത്തിയുടെ പരിപാടിക്ക് താൻ അമീറിനെ നേരിട്ട് ക്ഷണിച്ചിരുന്നതായും ജ്ഞാനവേൽ രാജ പറഞ്ഞു. തർക്കം അവസാനിപ്പിക്കാനും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാനുമാണ് താൻ അമീറിനെ ക്ഷണിച്ചത്. എന്നാൽ, അമീർ തന്നെ മാനിച്ചില്ലെന്നും ജ്ഞാനവേൽ ആരോപിച്ചു. സിനിമാമേഖലയിൽ തന്നെ ചീത്തപ്പേരുണ്ടാക്കുകയാണ് അമീർ, 'മൗനം പേസിയാതെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകനും സൂര്യയും തമ്മിൽ തർക്കമുണ്ടായെന്നും ജ്ഞാനവേൽ രാജ പറഞ്ഞു.

അമീറിന് സിനിമ സംവിധാനം ചെയ്യാൻ അറിയില്ലെന്നും പരുത്തിവീരന്റെ സമയത്ത് സിനിമ ചെയ്ത് പഠിക്കുകയായിരുന്നെന്നും ജ്ഞാനവേൽ ആരോപിച്ചു. സംവിധായിക സുധ കൊങ്കര വരെ അമീറിന് സിനിമ അറിയില്ലെന്ന കാര്യം പറഞ്ഞിരുന്നെന്നും ജ്ഞാനവേൽ ആരോപിച്ചു. കാർത്തിക്ക് അമീറിന്റെ സിനിമയിൽ അഭിനയിക്കുന്നതിന് പകുതി മനസേ ഉണ്ടായിരുന്നുള്ളുവെന്നും ജ്ഞാനവേൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ജ്ഞാനവേലിന് എതിരെ രൂക്ഷ വിമർശനവും അമീറിന് പിന്തുണയുമായി സിനിമാരംഗത്തെ പ്രമുഖരുമെത്തി. സംവിധായകരായ ഭാരതിരാജ, സമുദ്രകനി, വെട്രിമാരൻ തുടങ്ങി നിരവധി പേരാണ് അമീറിന് പിന്തുണയുമായി രംഗത്ത് എത്തിയത്. ഇതോടെയാണ് തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ജ്ഞാനവേൽ രംഗത്ത് എത്തിയത്.

logo
The Fourth
www.thefourthnews.in