പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?

പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?

പരുത്തിവീരൻ സിനിമയിലെ നായകനായ കാർത്തിയോ, അദ്ദേഹത്തിന്റെ ചേട്ടനായ സൂര്യയോ ഇരുവരുടെയും പിതാവും നടനുമായ ശിവകുമാറോ വിവാദങ്ങളിൽ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

തമിഴ്‌സിനിമാ ലോകത്ത് വീണ്ടും വിവാദങ്ങളുടെ കാലമാണ്. സംവിധായകൻ അമീർ സുൽത്താനെതിരെ നിർമാതാവും നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും ബന്ധുവുമായ കെഇ ജ്ഞാനവേലിന്റെ ആരോപണങ്ങളാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. കാർത്തിയെ നായകനായി അവതരിപ്പിച്ച പരുത്തിവീരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിനിടെ സംവിധായകൻ അമീർ സുൽത്താൻ തട്ടിപ്പ് നടത്തിയെന്നായിരുന്നു നിർമാതാവ് കെഇ ജ്ഞാനവേൽ രാജ ആരോപിച്ചത്.

ഇതിന് പിന്നാലെ ജ്ഞാനവേലിന് എതിരെ രൂക്ഷ വിമർശനവും അമീറിന് പിന്തുണയുമായി സിനിമാരംഗത്തെ പ്രമുഖരുമെത്തി. സംവിധായകരായ ഭാരതിരാജ, സമുദ്രകനി, വെട്രിമാരൻ തുടങ്ങി നിരവധി പേരാണ് അമീറിന് പിന്തുണയുമായി രംഗത്ത് എത്തിയത്. എന്നാൽ പരുത്തിവീരൻ സിനിമയിലെ നായകനായ കാർത്തിയോ, അദ്ദേഹത്തിന്റെ ചേട്ടനായ സൂര്യയോ ഇരുവരുടെയും പിതാവും നടനുമായ ശിവകുമാറോ വിവാദങ്ങളിൽ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതും രൂക്ഷവിമർശനം ഉയർത്തുന്നുണ്ട്.

പരുത്തിവീരന്‍ സിനിമയില്‍ കാര്‍ത്തിയും പ്രിയാമണിയും
പരുത്തിവീരന്‍ സിനിമയില്‍ കാര്‍ത്തിയും പ്രിയാമണിയും
പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?
മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ലഭിക്കുന്നു; കാതലിനെ പുകഴ്ത്തി നടൻ സൂര്യ

തുടക്കം 'കാർത്തി 25' ൽ നിന്ന്

'പരുത്തിവീരൻ' സിനിമയിലുടെ നായകനായി തമിഴ് സിനിമയിൽ അരങ്ങേറിയ കാർത്തിയുടെ 25-ാം ചിത്രം 'ജപ്പാൻ' കഴിഞ്ഞ മാസമായിരുന്നു റിലീസ് ചെയ്തത്. സിനിമയുടെ ലോഞ്ചിങിനായി 'കാർത്തി 25' എന്ന പേരിൽ ചെന്നൈയിൽ വലിയ താരനിശ തന്നെ സംഘടിപ്പിച്ചിരുന്നു. കാർത്തിക്കൊപ്പം പ്രവർത്തിച്ച സിനിമകളിലെ സംവിധായകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യ സിനിമയുടെ സംവിധായകനായ അമീർ സുൽത്താൻ മാത്രം ഈ പരിപാടിക്ക് എത്തിയിരുന്നില്ല. ഇത് അന്നുതന്നെ ഏറെ ചർച്ചയായിരുന്നു. ചടങ്ങിൽ അമീറിനെ വിളിച്ചിരുന്നെന്നും എന്നാൽ അദ്ദേഹം എത്തിയില്ലെന്നുമായിരുന്നു കാർത്തി പറഞ്ഞത്.

കാര്‍ത്തി
കാര്‍ത്തി

തുടർന്ന് ഒരു അഭിമുഖത്തിനിടെ 'കാർത്തി 25' എന്ന പരിപാടിയിൽ കാർത്തി വിളിക്കാത്ത് കൊണ്ടാണ് താൻ പോകാതിരുന്നതെന്ന് അമീർ വെളിപ്പെടുത്തി. 'പരുത്തിവീരൻ' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ കുറിച്ചും അമീർ തുറന്നുപറഞ്ഞിരുന്നു. ഗ്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ജ്ഞാനവേൽ നിർമിച്ച പരുത്തിവീരന്‍ നിർമാണത്തിന്റെ പകുതിയിൽ വച്ച് ജ്ഞാനവേൽ നിർമാണത്തിന് പണം തരാതെയായെന്നും പിന്നീട് പലരോടും കടം വാങ്ങിയാണ് താൻ പരുത്തിവീരൻ എന്ന ചിത്രം പൂർത്തിയാക്കിയതെന്നും അമീർ വെളിപ്പെടുത്തി. എന്നാൽ എല്ലാത്തിന്റെയും അവസാനം നിർമാതാവായി ജ്ഞാനവേൽ തിരികെ എത്തുകയും പടത്തിന്റെ ലാഭവിഹിതം നൽകാതെ പറ്റിച്ചതായും അമീർ പറഞ്ഞു.

അമീർ സുല്‍ത്താന്‍
അമീർ സുല്‍ത്താന്‍
പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?
IFFI 2023 | സുവർണമയൂരം ഇറാനിയൻ ചിത്രം എൻഡ്ലെസ് ബോർഡേഴ്സിന്; മെലാനി തിയറി മികച്ച നടി, നടൻ പൗറിയ റഹിമി സാം

നിർമാതാവ് തന്റെ കുടുംബത്തെ റോഡിലെത്തിച്ചതായും തുടർന്ന് ജ്ഞാനവേലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നതായും കോടതിയിൽ നിയമപരമായി പോരാടുകയാണെന്നും അമീർ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ടിഇ ജ്ഞാനവേലും രംഗത്ത് എത്തുകയായിരുന്നു.

'പരുത്തിവീരൻ' സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആയിമാറിയെന്നും പണം അമീർ ദുരുപയോഗം ചെയ്യുകയായിരുന്നെന്നുമായിരുന്നു ജ്ഞാനവേലിന്റെ ആരോപണം. ചിത്രം ആറ് മാസത്തിനുള്ളിൽ ചെയ്യാമെന്നായിരുന്നു അമീർ സുൽത്താൻ പറഞ്ഞതെന്നും എന്നാൽ രണ്ട് വർഷത്തോളമെടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്നും ജ്ഞാനവേൽ ആരോപിച്ചു.

കെഇ ജ്ഞാനവേൽ രാജ
കെഇ ജ്ഞാനവേൽ രാജ

കാർത്തിയുടെ പരിപാടിക്ക് താൻ അമീറിനെ നേരിട്ട് ക്ഷണിച്ചിരുന്നതായും ജ്ഞാനവേൽ രാജ പറഞ്ഞു. തർക്കം അവസാനിപ്പിക്കാനും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാനുമാണ് താൻ അമീറിനെ ക്ഷണിച്ചത് എന്നാൽ, അമീർ തന്നെ മാനിച്ചില്ലെന്നും ജ്ഞാനവേൽ ആരോപിച്ചു. സിനിമാമേഖലയിൽ തന്നെ ചീത്തപ്പേരുണ്ടാക്കുകയാണ് അമീർ, 'മൗനം പേസിയാതെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകനും സൂര്യയും തമ്മിൽ തർക്കമുണ്ടായെന്നും ജ്ഞാനവേൽ രാജ പറഞ്ഞു.

പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?
'നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഏറെ മാറ്റി'; പേരിനൊപ്പം 'കാതല്‍' ചേര്‍ക്കാനാഗ്രഹിച്ച് സുധി കോഴിക്കോട്‌

അമീറിന്റെ മറുപടി, വീണ്ടും ആരോപണങ്ങളുമായി ജ്ഞാനവേലും

തനിക്കെതിരെ വന്ന ജ്ഞാനവേലിന്റെ ആരോപണങ്ങളിൽ മറുപടിയുമായി അമീർ സുൽത്താൻ രംഗത്ത് എത്തി. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ മൗനം പാലിക്കുകയാണെന്നായിരുന്നു അമീർ ഈ ആരോപണങ്ങളോട് ആദ്യം പ്രതികരിച്ചത്. താനും സൂര്യയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും സൂര്യയുടെ പുതിയ ചിത്രമായ 'വടിവാസലിൽ' താൻ അഭിനയിക്കുന്നുണ്ടെന്നും അമീർ പറഞ്ഞു.

'തനിക്ക് എല്ലാം തുറന്നുപറയാൻ കഴിയും. എന്നാൽ നിയമത്തോട് തനിക്ക് ബഹുമാനമുണ്ട്. താൻ വായ തുറന്നാൽ അത് തമിഴ് ഇൻഡസ്ട്രിയിൽ കൊടുങ്കാറ്റുണ്ടാക്കുമെന്നും' അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പത്രമാധ്യമങ്ങളിലൂടെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് കെഇ ജ്ഞാനവേൽ രാജ വിട്ടുനിൽക്കണമെന്ന് അമീർ ആവശ്യപ്പെട്ടു. കെട്ടുകഥകളല്ല, സത്യം പറയണം. സത്യങ്ങൾ അറിയുന്നവർ മൗനം പാലിക്കുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അമീറിന്റെ മറുപടി വന്നതിന് ശേഷവും തന്റെ ആരോപണങ്ങൾ ജ്ഞാനവേൽ തുടരുകയായിരുന്നു. അമീറിന് സിനിമ സംവിധാനം ചെയ്യാൻ അറിയില്ലെന്നും പരുത്തിവീരന്റെ സമയത്ത് സിനിമ ചെയ്ത് പഠിക്കുകയായിരുന്നെന്നും ജ്ഞാനവേൽ ആരോപിച്ചു. സംവിധായിക സുധ കൊങ്കര വരെ അമീറിന് സിനിമ അറിയില്ലെന്ന കാര്യം പറഞ്ഞിരുന്നെന്നും ജ്ഞാനവേൽ ആരോപിച്ചു. കാർത്തിക്ക് അമീറിന്റെ സിനിമയിൽ അഭിനയിക്കുന്നതിന് പകുതി മനസേ ഉണ്ടായിരുന്നുള്ളുവെന്നും ജ്ഞാനവേൽ പറഞ്ഞു.

ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് കാർത്തിയും സുധയും താനും അമീർ സംവിധാനം ചെയ്ത റാം എന്ന ചിത്രം കാണാൻ പോയിരുന്നെന്നും ചിത്രത്തിന്റെ 'മേക്കിംഗ് നല്ലതല്ല' എന്നായിരുന്നു സുധയുടെ അഭിപ്രായമെന്നും ജ്ഞാനവേൽ ആരോപിച്ചു.

പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?
'മമ്മൂട്ടിക്ക് മുമ്പ് മോഹൻലാലിന്റെ സ്വവർഗാനുരാഗിയായ കഥാപാത്രം'; ചർച്ചയാവുന്ന കഥയാട്ടവും അള്ളാപിച്ചാ മൊല്ലാക്കയും

അമീറിന് പിന്തുണയുമായി ശശികുമാറും സമുദ്രകനിയും

ഞാനവേലിന്റെ ഗുരുതരമായ ആരോപണം പുറത്തുവന്നതോടെ അമീറിന് പിന്തുണയുമായി സംവിധായകനും നടനുമായ ശശികുമാർ രംഗത്ത് എത്തി. ജ്ഞാനവേൽ പണം നൽകാതെ പാതിവഴിയിൽ പോയപ്പോൾ സിനിമ പൂർത്തിയാക്കാൻ താൻ അടക്കമുള്ളവർ അമീറിന് കാശ് കടമായി നൽകിയിരുന്നെന്ന് ശശികുമാർ വെളിപ്പെടുത്തി

നടനും സംവിധായകനുമായ സമുദ്രക്കനിയും ശശികുമാറിന്റെ വാദങ്ങളെ പിന്തുണച്ചു. സിനിമയുടെ ചിത്രീകരണത്തിന് താൻ പോയിട്ടുണ്ടെന്നും അമീർ എങ്ങനെയാണ് ചിത്രം പൂർത്തിയാക്കിയതെന്ന് താൻ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം അറിയാവുന്നവരും എല്ലാത്തിനും സാക്ഷികളുമായവർ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ശശികുമാർ ചോദിച്ചു. വ്യാജ അവകാശവാദങ്ങളും അപകീർത്തികരമായ പരാമർശങ്ങളും നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജ്ഞാനവേൽരാജയോട് ആവശ്യപ്പെട്ടു. അമീറിനെക്കുറിച്ച് ജ്ഞാനവേൽ രാജ സംസാരിച്ച വീഡിയോ ഇപ്പോഴാണ് കണ്ടതെന്നും ജ്ഞാനവേൽ രാജ ചെയ്തത് തെറ്റാണെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സമുദ്രക്കനി പറഞ്ഞു.

സമുദ്രക്കനി
സമുദ്രക്കനി

ജ്ഞാനവേലിനെ നിർമാതാവാക്കിയതും കാർത്തിയെ നായകനാക്കിയതും അമീറാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോഴെല്ലാം താൻ ഇടപെടാൻ മടിച്ചതായിരുന്നു, ഇരുവരും ചേർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ ജ്ഞാനവേലിന്റെ ഇപ്പോഴത്തെ പരാമർശങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും സമുദ്രകനി പറഞ്ഞു.

അമീറാണ് പരുത്തിവീരനുവേണ്ടി കഠിനാധ്വാനം ചെയ്തത്. സിനിമ പകുതിയെത്തിയപ്പോൾ നിങ്ങൾ പിന്മാറി. സൂര്യയും ഒന്നും പറഞ്ഞില്ല.

ഏകദേശം 50, 60 പേർ ഒരുമിച്ച് പണം നൽകിയാണ് അമീർ ഈ ചിത്രം പൂർത്തിയാക്കിയത്. പക്ഷേ അവസാനം ജ്ഞാനവേൽ വന്ന് ആ പ്രൊഡ്യൂസർ കുപ്പായം എടുത്തണിഞ്ഞു. ഈ വിഷയത്തിലുടനീളം കാർത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്. ആവശ്യമെങ്കിൽ സംസാരിക്കേണ്ടി വരും. ദയവായി പൊതുസ്ഥലത്ത് തെറ്റായി സംസാരിക്കുന്നത് നിർത്തുക. അതാണ് എല്ലാവർക്കും നല്ലതെന്നും സമുദ്രകനി പറഞ്ഞു.

കാര്‍ത്തിയും കെഇ ജ്ഞാനവേലും
കാര്‍ത്തിയും കെഇ ജ്ഞാനവേലും
പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?
കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ

വിശദീകരണവുമായി സുധ കൊങ്കര, രൂക്ഷവിമർശനവുമായി ഭാരതിരാജയും

സുധ കൊങ്കരയെ കൂടി ഉൾപ്പെടുത്തി ജ്ഞാനവേലിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സുധയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ അമീറിനെ പരോഷമായി പിന്തുണച്ച് സംവിധായിക രംഗത്ത് എത്തി. തന്റെ സിനിമകളിലെ കഥാപാത്രങ്ങൾക്ക് അമീറിന്റെ കഥാപാത്രങ്ങളായിരുന്നു പ്രചോദനമായതെന്നും ഒരു പുരുഷൻ എഴുതിയ ഏറ്റവും മഹത്തായ ഒരു സ്ത്രീ കഥാപാത്രമാണ് പരുത്തിവീരനിലെ പ്രിയാമണിയുടെ കഥാപാത്രമെന്നും അവർ പറഞ്ഞു.

'ഫെബ്രുവരി 2, 2016. എനിക്ക് അമീർ അന്നയിൽ നിന്ന് ഒരു കോൾ വന്നു .ഞാൻ പ്രസാദ് സ്റ്റുഡിയോസിന് പുറത്ത് ഡ്രൈവ് ചെയ്യുകയായിരുന്നു. ഇരുധി സുട്രുവിന് എന്നെ വിളിച്ച് അഭിനന്ദിച്ച ഇൻഡസ്ട്രിയിൽ നിന്നുള്ള ആദ്യത്തെയും ചുരുക്കം ചിലരിൽ ഒരാളുമായതിനാൽ ഞാൻ കൃത്യമായ നിമിഷം ഓർക്കുന്നു. അന്ന് ഞാൻ അവനോട് ഒരു കാര്യം പറഞ്ഞതേയുള്ളൂ, എന്റെ മദിക്ക് പ്രചോദനം നൽകുന്നത് മുത്തഴുമാണ്. ഒരു പുരുഷൻ എഴുതിയ ഏറ്റവും മഹത്തായ ഒരു സ്ത്രീ കഥാപാത്രത്തെ കുറിച്ച് ഞാൻ തുടർന്നുകൊണ്ടിരുന്നു! മദിയായും പിന്നീട് ബൊമ്മിയായും അഭിനയിച്ച രണ്ട് നടിമാരെയും ഞാൻ പരുത്തിവീരനെ ഒരു റഫറൻസായി കാണിച്ചു. തമിഴ് സിനിമയിലെ ഒരു മാസ്റ്റർ ഫിലിം മേക്കറിനുള്ള എന്റെ ആദരവാണിത്. എനിക്ക് പറയാനുള്ളത് ഇതാണ്, ' എന്നായിരുന്നു സുധ പറഞ്ഞത്.

സുധ കൊങ്കാര
സുധ കൊങ്കാര
പരുത്തിവീരൻ വിവാദം, 'മൗനിയായ' കാർത്തിയും സൂര്യയും; അമീർ സുൽത്താനും ജ്ഞാനവേലും തമ്മിലുള്ള തർക്കമെന്ത് ?
എം ജി ആറിനെ എം ആർ രാധ വെടിവെച്ചതെന്തിന്?

ജ്ഞാനവേലിനെതിരെ രൂക്ഷവിമർശനവുമായി വിഖ്യാത സംവിധായകൻ ഭാരതിരാജയും രംഗത്ത് എത്തിയിരുന്നു. ജ്ഞാനവേലിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ജ്ഞാനവേലിനെ സിനിമാലോകത്ത് വലിയ പേരുകാരനാക്കി മാറ്റിയതിൽ ആമിറിന്റെ സംഭാവന വളരെ വലുതാണെന്ന് മറക്കരുതെന്നും ഭാരതിരാജ പറഞ്ഞു.

പരുത്തിവീരന് മുമ്പ് ആമിർ രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും അതിലൊന്ന് നിർമിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ സിനിമയിലൂടെ ജോലി ചെയ്യാൻ പഠിച്ചു എന്ന് പറഞ്ഞ് വന്യമായി ചിരിക്കുന്നത് എന്നെപ്പോലുള്ള സിനിമാപ്രവർത്തകർക്ക് അപമാനമാണ്..!

കാരണം യഥാർഥ സിനിമാപ്രവർത്തകർ മരിക്കുന്നതുവരെ പഠിച്ചുകൊണ്ടിരിക്കുന്നു! ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്..! ഒരു മഹാനായ കലാകാരന്റെ സൃഷ്ടികളെയും അദ്ദേഹത്തിന്റെ സത്യസന്ധതയെയും അപകീർത്തിപ്പെടുത്തുന്നതിൽ ഞാൻ ഖേദിക്കുന്നു, സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നെന്നും ഭാരതിരാജ പറഞ്ഞു.

ഭാരതിരാജ
ഭാരതിരാജ

സംവിധായകൻ കരു പളനിയപ്പനും അമീറിന് പിന്തുണയുമായി എത്തിയിരുന്നു. അമീറിനെതിരായ ആരോപണത്തിൽ നടൻ ശിവകുമാറും മക്കളുമാണ് ജ്ഞാനവേലിന് പിന്നിൽ എന്ന സംശയത്തിന്റെ നിഴൽ ഒഴിവാക്കാനാവില്ലെന്നും മകന് ലോകോത്തര ബ്ലോക്ക്ബസ്റ്റർ സിനിമ നൽകി, സിനിമാലോകത്ത് ഒരു രാജപഥം സ്ഥാപിച്ച ശിവകുമാർ, സംവിധായകൻ ആമിറിന് തിരികെ നൽകിയത് 18 വർഷത്തെ മാനസിക പിരിമുറുക്കമാണ്. സംവിധായകൻ അമീറിനോട് പരസ്യമായി മാപ്പ് പറയാൻ ജ്ഞാനവേലിനോട് ശിവകുമാർ പറയണമെന്നായിരുന്നു കരു പളനിയപ്പൻ പറഞ്ഞത്.

ഇതിനിടെ സൂര്യയുടെ പുതിയ ചിത്രമായ 'വടിവാസലിൽ' അമീർ തന്നെ അഭിനയിക്കുമെന്ന് സംവിധായകൻ വെട്രിമാരൻ വ്യക്തമാക്കി. ചിത്രം നിർമിക്കുന്ന വെട്രി മാരന്റെ പ്രൊഡക്ഷൻ ബാനറായ ഗ്രാസ് റൂട്ട് ഫിലിം കമ്പനി അമീറും വെട്രിമാരനും ഒരുമിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം പരുത്തിവീരനുമായി ബന്ധപ്പെട്ട് തർക്കം മുറുകുന്നതിനിടെ സൂര്യയോ കാർത്തിയോ ഇവരുടെ പിതാവും നടനുമായ ശിവകുമാറോ വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in