എം ജി ആറിനെ എം ആർ രാധ  വെടിവെച്ചതെന്തിന്?

എം ജി ആറിനെ എം ആർ രാധ വെടിവെച്ചതെന്തിന്?

സിനിമാസ്വപ്നങ്ങൾക്ക് പിന്നാലെ അലഞ്ഞ് ജീവിതം ധൂർത്തടിച്ചു കളഞ്ഞവരെക്കുറിച്ചാണ് പി കെ ശ്രീനിവാസന്റെ പുസ്തകം

ടിഷ്യൂ, ടിഷ്യൂ, ടിഷ്യൂ... ചൂണ്ടുവിരൽ പിസ്റ്റലാക്കി മാറ്റി ഞങ്ങൾ കുട്ടികൾക്ക് നേരെ മൂന്നു തവണ നിറയൊഴിക്കുന്നു സദാശിവൻ പിള്ള.

"ആദ്യ വെടി എം ജിയാറിന്റെ കഴുത്ത് തുളച്ച് തൊണ്ടയ്ക്കകത്തേക്ക്. രണ്ടാമത്തേത് വലത്തേ ചെവിയുടെ കഷ്ണവും കൊണ്ട് അപ്പുറത്തെ ചുമരിലേക്ക്. ബുള്ളറ്റ് നമ്പർ മൂന്ന് ചെന്നു കൊണ്ടതാവട്ടെ എം ആർ രാധയുടെ സ്വന്തം നെറ്റിയിലും..." ഒന്ന് ശ്വാസമെടുത്ത ശേഷം പിള്ള തുടരുന്നു: "വെടികൊണ്ട ശേഷം രാധ കാറോടിച്ചു വന്നത് എങ്ങോട്ടാണെന്നോ? എന്റെ അടുക്കളയിലേക്ക്; ഈ സദാശിവൻ പിള്ളേടെ കയ്യോണ്ട് നല്ലൊരു ചായയിട്ട് കുടിക്കാൻ... "ആ ചായയും കുടിച്ചാണ് അങ്ങേര് സർക്കാരാശൂത്രീ പോയി അഡ്മിറ്റായത്..."

വലിയൊരു സസ്പെൻസ് ത്രില്ലറിന്റെ തുമ്പ് "ന്നാ പിടിച്ചോ" എന്നു പറഞ്ഞ് ഇട്ടുതരികയാണ് പിള്ളച്ചേട്ടൻ. മുന്നിലെ സിമെന്റ് തറയിൽ അന്തംവിട്ട് കുന്തിച്ചിരിക്കുന്ന ഞങ്ങൾ മൂന്ന് ചിന്നപ്പയലുകൾ ആ തുമ്പിൽ കയറിപ്പിടിക്കണം. കയറിക്കയറി മുകളിലെത്തുമ്പോൾ കൈവിട്ടു പോകാതെ സൂക്ഷിച്ചാൽ മതി.

എം ജി ആറിനെ എം ആർ രാധ  വെടിവെച്ചതെന്തിന്?
നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

എം ആർ രാധയുടെ ഈ വെടിക്കഥ വയനാടൻ ജീവിതകാലത്ത് എത്ര തവണ കേട്ടിട്ടുണ്ടെന്നറിയില്ല. എന്നിട്ടും മുഷിഞ്ഞില്ല എന്നതാണ് അത്ഭുതം. ഓരോ തവണയും കഥയിൽ എന്തെങ്കിലുമൊക്കെ മസാല കൂട്ടിച്ചേർത്തിട്ടുണ്ടാകും പിള്ളച്ചേട്ടൻ. ചില ഇമോഷണൽ അംശങ്ങൾ. അല്ലെങ്കിൽ കുറച്ചു സിനിമാറ്റിക്കായ ട്വിസ്റ്റുകൾ. എങ്കിലും കഥയിലെ വെടിയുണ്ട എന്നും മൂന്നാക്കി നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു അദ്ദേഹം.

വാചകത്തിൽ മാത്രമല്ല പാചകത്തിലും കേമൻ ഈ പത്തനംതിട്ടക്കാരൻ. വയനാട്ടിലെ ഞങ്ങളുടെ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ കുറച്ചുകാലം കുശിനിക്കാരനായിരുന്നു. ഇഡ്ഡ്ലിദോശാദികളേക്കാൾ രുചികരമായി പാകം ചെയ്ത് വിളമ്പിയിരുന്നത് 1960 കളിലെ കോടമ്പാക്കം കഥകൾ ആണെന്ന് മാത്രം. പ്രധാന ശ്രോതാക്കൾ ഞങ്ങൾ കുട്ടികളുടെ മൂവർ സംഘം തന്നെ. സിനിമയുടെ മായികലോകത്തേക്ക്, ആ ലോകത്തെ കാണാക്കാഴ്ചകളിലേക്ക് വളരെ ചെറുപ്പത്തിലേ എന്നെ കൂട്ടിക്കൊണ്ടുപോയത് പിള്ളച്ചേട്ടൻ ആയിരുന്നില്ലേ?

തമിഴകത്തെ ഒരു കാലത്തെ സൂപ്പർ സ്റ്റാറായിരുന്ന മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണൻ എന്ന നടികവേൽ എം ആർ രാധയുടെ പാചകക്കാരനായിരുന്നു താനെന്നാണ് പിള്ള അവകാശപ്പെട്ടിരുന്നത്. "രത്തക്കണ്ണീർ" പോലുള്ള കിടിലോൽക്കിടിലൻ പടങ്ങളിൽ നടിച്ച എം ആർ രാധ വില്ലൻ വേഷങ്ങളിൽ തിളങ്ങിനില്കുമ്പോഴാണത്രെ സെന്റ് തോമസ് മൗണ്ടിലുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിൽ പിള്ള കുക്കായി എത്തുന്നത്. നാലോ അഞ്ചോ കൊല്ലം രാധയുടെ വിശ്വസ്ത നളനായിരുന്നു താനെന്ന് പിള്ള.

എം ആർ രാധ
എം ആർ രാധ

ആയിടെയാണ് രാധയുടെ ജീവിതം കീഴ്മേൽ മറിച്ച കുപ്രസിദ്ധമായ വെടിവെപ്പ് വിവാദം. ഏതോ സിനിമയുടെ ചർച്ചക്കുവേണ്ടി സംവിധായകൻ കെ എൻ വാസുവിനൊപ്പം എം ജി ആറിന്റെ വീട്ടിലെത്തിയതാണ് രാധ. ചൂടുപിടിച്ച സംസാരത്തിനിടെ തികച്ചും നാടകീയമായി ഇരുന്ന ഇരിപ്പിൽ നിന്നെണീറ്റ് എം ജി ആറിന് നേരെ നിറയൊഴിക്കുന്നു രാധ. അതുകഴിഞ്ഞു സ്വന്തം നെറ്റിക്ക് നേരെയും. ദീർഘകാലം നീണ്ട നിയമയുദ്ധത്തിനൊടുവിൽ രാധയെ ചെങ്കൽപ്പേട്ടിലെ സെഷൻസ് കോടതി ഏഴു വർഷത്തെ തടവിന് ശിക്ഷിച്ചത് ഇന്ന് ചരിത്രം; പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഹൈക്കോടതി അത് നാല് വർഷവും മൂന്ന് മാസവുമായി കുറച്ചതും.

എം ജി ആറിനെ എം ആർ രാധ  വെടിവെച്ചതെന്തിന്?
കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

ഇക്കഥ പരമാർത്ഥം; ചരിത്രസത്യം. അതിൽ സദാശിവൻ പിള്ളയുടെ പങ്ക് എത്രത്തോളം എന്ന കാര്യത്തിലേയുള്ളൂ സംശയം. വെടികൊണ്ട എം ആർ രാധ സ്വയം കാറോടിച്ചു വീട്ടിലെത്തി പിള്ളച്ചേട്ടന്റെ ചുടുചായ കുടിച്ചു സ്ഥലം വിട്ടു എന്നൊക്കെ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാൻ? എങ്കിലും അന്നതൊക്കെ വെള്ളം കൂട്ടാതെ വിഴുങ്ങിയിരുന്നു. അത്രയും നാടകീയമായി, ദൃശ്യചാരുതയോടെ ആണ് പിള്ളച്ചേട്ടന്റെ കഥ പറച്ചിൽ; എല്ലാ വിശദാംശങ്ങളോടെയും.

വെടിവെപ്പ് വിവാദത്തെ തുടർന്നുണ്ടായ അനുകമ്പാ തരംഗം എം ജി ആർ എങ്ങനെ രാഷ്ട്രീയഭാവിക്കുവേണ്ടി മുതലെടുത്തുവെന്നും വിശദീകരിക്കുന്നുണ്ട് ശ്രീനിവാസൻ. തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ഡി എം കെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരകയായിരുന്നു. എം ജി ആർ വൻ വിജയം നേടി. അണ്ണാദുരൈ മുഖ്യമന്ത്രിയായി

അറുപതാം വയസ്സിൽ വിവാഹിതനായി വയനാടൻ ചുരമിറങ്ങും വരെ ഞങ്ങളുടെ രാത്രികളെ ആവേശഭരിതമാക്കിയത് പിള്ളച്ചേട്ടന്റെ ആത്മകഥനങ്ങളാണ്. എം ജി ആറും എം എൻ നമ്പ്യാരും കരുണാനിധിയും സരോജാദേവിയും ജയലളിതയും ടി എം സൗന്ദർരാജനുമെല്ലാം വന്നുപോയ്‌ക്കൊണ്ടിരുന്നു ആ കഥകളിൽ. എന്നെങ്കിലുമൊരിക്കൽ സിനിമാനഗരിയിൽ പോകണമെന്നും പിള്ളച്ചേട്ടന്റെ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളെ നേരിൽ കാണണമെന്നും മോഹിച്ചിട്ടുണ്ട് അന്ന്. വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട ഭാവഗായകൻ ജയചന്ദ്രന്റെ കാറിൽ ചരിത്രാന്വേഷിയുടെ ജിജ്ഞാസാഭരിത മനസ്സോടെ കോടമ്പാക്കത്തെ തെരുവുകളിലൂടെ അലയവേ, സദാശിവൻ പിള്ള വരച്ചിട്ട ആ ചിത്രകഥകളായിരുന്നു മനസ്സിൽ. കണ്ണീരും കിനാവും സംഘർഷങ്ങളും സസ്‌പെൻസും നിറഞ്ഞ ബ്ലോക്ക്ബസ്റ്റർ കഥകൾ.

പ്രിയ സുഹൃത്ത് കൂടിയായ പി കെ ശ്രീനിവാസന്റെ "സ്വപ്നങ്ങൾ വിൽക്കാനുണ്ട്" എന്ന പുസ്തകത്തിലെ തോക്കുകൾ കഥ പറയുന്നു എന്ന അദ്ധ്യായം വായിക്കവേ ആ വെടിയൊച്ചകൾ വീണ്ടും കാതിൽ മുഴങ്ങി. പിള്ളയുടെ മസാലക്കഥയല്ല ശ്രീനിവാസന്റേത്. തമിഴക രാഷ്ട്രീയത്തിന്റെ ഭാഗധേയങ്ങൾ നിർണയിച്ച ചരിത്രപ്രാധാന്യമുള്ള ഒരു സംഭവം വസ്തുതകളിൽ ഊന്നിനിന്നുകൊണ്ട് ലളിതസുന്ദരമായ ശൈലിയിൽ വിവരിക്കുകയാണ് ശ്രീനിയേട്ടൻ. അതിഭാവുകത്വത്തിന്റെ അധിനിവേശമില്ല; അനാവശ്യമായ നിറച്ചാർത്തുകളില്ല. ചരിത്രത്തോട് പൂർണ്ണമായി നീതി പുലർത്തിക്കൊണ്ട് മാഞ്ഞുപോയ ഒരു കാലത്തിന്റെ കവാടങ്ങൾ നമുക്ക് മുന്നിൽ തുറന്നിടുന്നു അദ്ദേഹം.

പി കെ ശ്രീനിവാസൻ
പി കെ ശ്രീനിവാസൻ

സദാശിവൻ പിള്ളയുടെ എം ആർ രാധയിൽനിന്ന് യഥാർത്ഥ എം ആർ രാധയെ വേർതിരിച്ചെടുക്കാൻ ശ്രീനിയേട്ടന്റെ ഓർമക്കുറിപ്പ് വായിച്ചാൽ മതി. 1960 കളിലെ തമിഴക രാഷ്ട്രീയത്തിന്റെ പരിച്ഛേദം കൂടി കാണാമതിൽ.

എം ജി ആറിനെ എം ആർ രാധ  വെടിവെച്ചതെന്തിന്?
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

"സുഹൃത്തും സഹപ്രവർത്തകനുമായ എം ആർ രാധ എന്തിന് എം ജി ആറിന്റെ വീട്ടിൽ കയറിച്ചെന്ന് അദ്ദേഹത്തെ വെടിവെച്ചു? എന്തെങ്കിലും പൂർവവൈരാഗ്യം അവർ തമ്മിൽ ഉണ്ടായിരുന്നോ? ജനം പരസ്പരം കണ്ണുമിഴിച്ചു ചോദിച്ചു," -- ശ്രീനിവാസൻ എഴുതുന്നു."

എം ജി ആറിന്റെ ഇടതു ചെവിയിൽ തുളച്ചുകയറിയ വെടിയുണ്ട ആദ്യത്തെ വെർട്ടിബ്രയിലാണ് ചെന്നുനിന്നത്. എം ആർ രാധ സ്വയംവെച്ച ആദ്യത്തെ ഉണ്ട വലതുവശത്തെ തലയോട്ടിയിലാണ് മുറിവുണ്ടാക്കിയത്. രണ്ടാമത്തേത് കഴുത്തിന്റെ പിന്നിലും. ഇരുവരെയും അന്ന് രാത്രി തന്നെ ഗവ ജനറൽ ആശുപത്രിയിലേക്ക് ഓപ്പറേഷനുവേണ്ടി മാറ്റാൻ തീരുമാനിച്ചു. പക്ഷേ ജനത്തിരക്ക് കാരണം ആംബുലൻസിന് നീങ്ങാൻ പോലും പ്രയാസപ്പെടേണ്ടി വന്നു. രാധയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട ഓപ്പറേറ്റ് ചെയ്തെടുത്തു. എന്നാൽ എം ജി ആറിനേറ്റ ബുള്ളറ്റ് ഓപ്പറേഷനിലൂടെ പുറത്തെടുത്താൽ അത് സെർവിക്കൽ വെർട്ടിബ്രയിൽ കൂടുതൽ അപകടം ഉണ്ടാക്കാനിടയുണ്ടെന്ന് ഡോക്ടർമാർ കൽപ്പിച്ചു. അതിനാൽ ബുള്ളറ്റിൽ തൊടേണ്ടതില്ലെന്ന് ഡോക്ടർമാർ കൽപ്പിച്ചു...."

എം ജി ആർ
എം ജി ആർ

വെടിവെപ്പ് വിവാദത്തെത്തുടർന്നുണ്ടായ അനുകമ്പാ തരംഗം എം ജി ആർ എങ്ങനെ രാഷ്ട്രീയഭാവിക്കുവേണ്ടി മുതലെടുത്തു എന്നും വിശദീകരിക്കുന്നുണ്ട് ശ്രീനിവാസൻ. തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ഡി എം കെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയായിരുന്നു. എം ജി ആർ വൻ വിജയം നേടി. അണ്ണാദുരൈ മുഖ്യമന്ത്രിയായി.

അങ്ങനെ എത്രയെത്ര കൗതുകക്കഥകൾ.

അഭ്രപാളികളിൽ തിളങ്ങിനിൽക്കുന്നവരെ അതതുകാലത്ത് പുകഴ്ത്തിയെഴുതുന്നതായിരുന്നു എഴുപതുകളിലെയും എൺപതുകളിലേയുമൊക്കെ സിനിമാ ലേഖകരുടെ പ്രധാന ദൗത്യം. പി കെ ശ്രീനിവാസനും എസ് സുന്ദർദാസുമൊക്കെ അക്കൂട്ടത്തിൽനിന്ന് മാറിനടന്നവർ. പലപ്പോഴും സ്വന്തം ക്യാമറ ശ്രീനിവാസൻ തിരിച്ചുവെച്ചത് കോടമ്പാക്കത്തെ സ്വപ്നഭൂമിയുടെ പുറമ്പോക്കിലേക്കാണ്. നിഴലും വെളിച്ചവും ഇടകലർന്ന ആ ദൃശ്യങ്ങൾ, അവക്ക് പിന്നിലെ ആരുമറിയാത്ത നൊമ്പരങ്ങൾ കലാകൗമുദി ഫിലിം മാഗസിനിലൂടെ മലയാളികൾക്ക് പകർന്നുനൽകാൻ യത്നിച്ചു അദ്ദേഹം. ആ യത്നത്തിന്റെ അക്ഷരസാക്ഷ്യമാണ് ഐവറി ബുക്‌സ് പ്രസിദ്ധീകരിച്ച "സ്വപ്നങ്ങൾ വിൽക്കാനുണ്ട്" എന്ന പുസ്തകം.

താരരാജാക്കന്മാരെയല്ല, മിന്നാമിനുങ്ങുകളെപ്പോലെ താരാപഥത്തിൽ മിന്നിമറഞ്ഞ സാധാരണക്കാരെയാണ് ഈ താളുകളിൽ നാം ഏറെയും കണ്ടുമുട്ടുക. ഒരുപാട് സ്വപ്നങ്ങളുമായി സിനിമയുടെ മായാലോകത്ത് വന്നിറങ്ങി ഒടുവിൽ ഒന്നുമാകാതെ കോടമ്പാക്കത്തെ ആശുപത്രിമുറികളിൽ ചെന്നൊടുങ്ങിയ ജീവിതങ്ങൾ. മദ്യത്തിലും മദിരാക്ഷിയിലും മയങ്ങി സ്വയം നശിച്ചവരുണ്ട് അക്കൂട്ടത്തിൽ. ഭാഗ്യം തേടി സിനിമക്ക് പിറകെ അലഞ്ഞ് ജീവിതം ധൂർത്തടിച്ചു കളഞ്ഞവർ വേറെ. എം കെ ത്യാഗരാജ ഭാഗവതർ, പട്ടം സദൻ, പി കെ എബ്രഹാം, പി കെ ആർ പിള്ള, സാന്റോ കൃഷ്ണൻ, പി പദ്‌മനാഭൻ, എസ് ഇ ജെയിംസ്, ഹരി, ഗോപീകൃഷ്ണൻ, ആർ കെ, പാലാ തങ്കം, വില്യംസ്, കെ വി ശാന്തി, ഗംഗ, സ്റ്റാൻലി ക്രൂസ്... അങ്ങനെ പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേർ.

എം ജി ആറിനെ എം ആർ രാധ  വെടിവെച്ചതെന്തിന്?
ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?

നന്ദി, പ്രിയപ്പെട്ട ശ്രീനിയേട്ടൻ... ആ കാലത്തിലൂടെ കൈപിടിച്ച് നടത്തിയതിന്. ഫിലിം മാഗസിനിലെ താങ്കളുടെ ബൈലൈനിനൊപ്പം വന്നിരുന്ന ഹൃദ്യമായ കുറിപ്പുകൾ ആർത്തിയോടെ തിരഞ്ഞുപിടിച്ചു വായിച്ചിരുന്ന 1980 കളിലെ ആ തുടക്കക്കാരനായ പത്രപ്രവർത്തകനെ വീണ്ടും ഉള്ളിൽ ഉണർത്തിയതിന്...

logo
The Fourth
www.thefourthnews.in