കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ

കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ

ബേസിൽ നായകനായെത്തുന്ന ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടി ഉണ്ടാവുമെന്ന പ്രതീക്ഷ ഓരോ ചിത്രം കഴിയുമ്പോഴും പ്രേക്ഷകരിൽ ഉണ്ടാക്കുന്നുണ്ട്

സംവിധായകനായും നടനായും മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരനായി മാറുകയാണ് ബേസിൽ ജോസഫ്. സംവിധാനം ചെയ്ത സിനിമകൾ പോലെ തന്നെ നായകനായെത്തുന്ന സിനിമകളും ബോക്‌സോഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കുടുംബപ്രേക്ഷകരാണ് ബേസിൽ ചിത്രങ്ങൾക്ക് കൂടുതലായെത്തുന്നത്. ബേസിൽ നായകനായി എത്തുന്ന ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടി ഉണ്ടാവുമെന്ന പ്രതീക്ഷ ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും പ്രേക്ഷകരിൽ ഉണ്ടാക്കുന്നു.

കോവിഡിനുപിന്നാലെ പ്രേക്ഷകർ തീയേറ്ററുകളിലേക്ക് എത്താൻ മടിക്കുന്നുവെന്ന ചർച്ചകൾ വലിയ രീതിയിൽ നിൽക്കുമ്പോളാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകനായി എത്തിയ 'ജാൻ എ മൻ' റിലീസ് ചെയ്യുന്നത്. 2021 നവംബർ 19ന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിൽ 90 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ വൻ അഭിപ്രായം വന്നതോടെ 150 സ്‌ക്രീനുകളിലേക്ക് എത്തി. അതേവർഷം ഡിസംബർ 10 മുതൽ കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്തു.

കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ
'കഥാപാത്രങ്ങളിൽ എന്റെ ടെംപ്ലേറ്റ് മാറ്റിയത് ജോജി'; ബേസിൽ ജോസഫ്

കാനഡയിൽ ജോലി ചെയ്യുന്ന മെയിൽ നഴ്‌സായ ജോയി മോനായിട്ടായിരുന്നു ബേസിൽ ഈ ചിത്രത്തിലെത്തിയത്. മുപ്പതാം പിറന്നാൾ ആഘോഷിക്കാനായി ജോയി മോൻ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതും അതേദിവസം തന്നെ തൊട്ടടുത്ത വീട്ടിൽ ഒരു മരണം സംഭവിക്കുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ കഥ. ജോയി മോനെ പ്രേക്ഷകർ ഏറ്റെടുത്തു. ജോയിമോന്റെ വേദനകളും സംഘടങ്ങളും തമാശയിലൂടെ മനോഹരമായി അവതരിപ്പിക്കാൻ ബേസിലിന് കഴിഞ്ഞു.

തൊട്ടുപിന്നാലെ, ബേസിൽ സംവിധാനം ചെയ്ത 'മിന്നൽ മുരളി' ഡിസംബറിൽ റിലീസ് ചെയ്തു. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത ചിത്രം ലോകവ്യാപകമായി മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കിയത്. സംവിധായകനെന്ന നിലയിൽ ചെയ്ത മൂന്ന് ചിത്രങ്ങളും ഹിറ്റാവുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായ ബേസിൽ സംവിധാനം ചെയ്ത ഗോദയിലും മിന്നൽ മുരളിയിലും ടൊവിനോ തോമസായിരുന്നു നായകൻ.

കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ
തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ ഉടൻ വരും: ബേസിൽ ജോസഫ്

ഇതിനുപിന്നാലെ നായകനെന്ന് പറയാൻ സാധിക്കില്ലെങ്കിലും നായകതുല്യമായ കഥാപാത്രമായി ബേസിൽ എത്തിയ 'ഡിയർ ഫ്രണ്ടി'ലെ പെർഫോമൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകനായെത്തിയ അടുത്ത ചിത്രമായിരുന്നു 'പാൽതു ജാൻവർ'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേർന്ന് നിർമിച്ച ചിത്രത്തിൽ ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടറായ പ്രസൂൺ കൃഷ്ണകുമാറായിട്ടായിരുന്നു ബേസിലെത്തിയത്.

ഈ ചിത്രം കൂടി റിലീസ് ആയതോടെ കുടംബപ്രേക്ഷകരുടെ ഇഷ്ടക്കാരനായി ബേസിൽ മാറി. ധൈര്യപൂർവം ബേസിലിന്റെ ചിത്രത്തിന് പോകാമെന്നും ആസ്വദിച്ച് കാണാനുള്ള എലമെന്റ് ബേസിൽ നായകനാവുന്ന ചിത്രത്തിലുണ്ടാകുമെന്നും പ്രേക്ഷകർ പ്രത്യേകിച്ച് കുടുംബപ്രേക്ഷകർ വിധിയെഴുതി. ഇത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു തൊട്ടടുത്തതായി റിലീസ് ചെയ്ത 'ജയ ജയ ജയഹേ'. ചിത്രത്തിൽ രാജേഷ് എന്ന ബേസിലിന്റെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധനേടി.

കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം വൻ ഹിറ്റായി മാറി. ജാനെ മൻ സിനിമയുടെ നിർമാതാക്കൾ തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും നിർമാണം. ദർശനയും ബേസിലും തമ്മിലുള്ള കെമസ്ട്രിയും ഇരുവരും ഒരുമിച്ചുള്ള ഫൈറ്റ് സീനുകളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനിടെ ബേസിൽ കോമഡി മാത്രമാണ് ചെയ്യുന്നതെന്നും കോമഡി അല്ലാതെ മറ്റൊന്നും ബേസിലിന് ചെയ്യാൻ കഴിയില്ലെന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു ബേസിലിനെ നായകനാക്കി നവാഗതനായ മുഹാസിൻ സംവിധാനം ചെയ്ത 'കഠിനകഠോരമീ അണ്ഡകടാഹം'.

അതുവരെയുള്ള ബേസിൽ മാനറിസങ്ങളും കോമഡികളും പാടെ മാറ്റിനിർത്തി അഭിനേതാവ് എന്ന നിലയിൽ മികച്ച ഔട്ട്പുട്ട് നൽകാൻ സാധിക്കുമെന്ന് തെളിയിച്ചതായിരുന്നു ബേസിലിന്റെ ബച്ചുവെന്ന കഥാപാത്രം. ശരാശരി മിഡിൽ ക്ലാസ് കുടുംബത്തിലെ ചെറുപ്പക്കാരന്റെ പ്രയാസങ്ങളും ആശങ്കകളും മനോഹരമായി ബേസിൽ അവതരിപ്പിച്ചു.

കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ
ഫാലിമി; മധ്യവര്‍ഗ്ഗ മലയാളി കുടുംബത്തിന് നേർ പിടിച്ച കണ്ണാടി

ഏറ്റവുമൊടുവിൽ ബേസിൽ നായകനായെത്തിയ 'ഫാലിമി'യും മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽനിന്ന് നേടുന്നത്. ബേസിലിനൊപ്പം ജഗദീഷ്, മഞ്ജുപിള്ള തുടങ്ങിയവരും കൂടി എത്തിയതോടെ മികച്ച അനുഭവമാണ് ചിത്രം നൽകിയത്. അച്ഛനും അമ്മയും അനിയനും മുത്തച്ഛനും അടങ്ങിയ കുടുംബത്തിനൊപ്പം ബേസിൽ അവതരിപ്പിച്ച അനൂപ് എന്ന കഥാപാത്രം കാശിയിലേക്ക് നടത്തുന്ന യാത്രയും ഇതിനിടയ്ക്ക് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചത്. 'ജാനേ മൻ', 'ജയ ജയ ജയഹേ' എന്നീ ചിത്രങ്ങൾക്കുശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി', ജയ ജയ ജയഹേയുടെ സംവിധായകൻ വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്നിവയാണ് ബേസിൽ നായകനായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in