'ആദിപുരുഷിന് സഹോദരനെ കിട്ടി', ട്രോളുകളാല്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ; 'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നീക്കി

'ആദിപുരുഷിന് സഹോദരനെ കിട്ടി', ട്രോളുകളാല്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ; 'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നീക്കി

വിമർശനം കടുത്തതോടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കൾ നീക്കം ചെയ്യുകയും ചെറിയ മാറ്റങ്ങൾ വരുത്തി വീണ്ടും ഷെയർ ചെയ്യുകയുമായിരുന്നു

വൈറലായി പ്രഭാസിന്റെ പാൻ-ഇന്ത്യൻ ചിത്രം പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ജൂലൈ 19ന് നടന്ന സാൻ ഡിയാഗോ കോമിക്-കോണിൽ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ ആരാധകരുടെ മീമുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റർ. ആദിപുരുഷുമായി താരതമ്യപ്പെടുത്തി പലരും പ്രതികരിച്ചതോടെയാണ് പോസ്റ്റർ ട്വിറ്ററിൽ വൈറലായത്. ഇതേതുടർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കൾ നീക്കം ചെയ്യുകയും ചെറിയ മാറ്റങ്ങൾ വരുത്തി വീണ്ടും ഷെയർ ചെയ്യുകയുമായിരുന്നു.

ബുധനാഴ്ച റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ആയുധധാരിയായ റോബോട്ടിക് രൂപത്തിലുള്ള പ്രഭാസിനെയാണ് അവതരിപ്പിച്ചത്. പിന്നാലെ ഗ്രാഫിക്‌സിന്റെ അമിതമായ ഉപയോഗം ചൂണ്ടിക്കാട്ടി ആദിപുരുഷിനോട് ഉപമിച്ച് നിരവധി പേർ രംഗത്തെത്തി. പോസ്റ്ററിന് ചുവടെയുള്ള ഒരു കമന്റ് ഇങ്ങനെയായിരുന്നു, "ഒരു ഫാൻ മേഡ് പോസ്റ്റർ പോലെ തോന്നുന്നു, എനിക്ക് പോലും ഇതിലും മികച്ച എഡിറ്റിങ് ചെയ്യാൻ സാധിക്കും." "ആദിപുരുഷിന് ഒരു പുതിയ സഹോദരനെ ലഭിച്ചു" എന്നായിരുന്നു മറ്റൊരു പ്രതികരണം. "മുഖം മുറിച്ച് ഒട്ടിച്ചതായി തോന്നുന്നു" എന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.

പിന്നാലെ നിർമാതാക്കളായ വൈജയന്തി മൂവീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നീക്കം ചെയ്ത് പകരം പ്രഭാസിന്റെ പുതിയ പോസ്റ്റർ ഷെയർ ചെയ്തു. പശ്ചാത്തലത്തിലുള്ള എഴുത്ത് നീക്കം ചെയ്തുവെന്നല്ലാതെ പ്രഭാസിന്റെ ലുക്കിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

സാൻ ഡിയാഗോ കോമിക്-കോൺ (എസ്ഡിസിസി) 2023ൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് പ്രോജക്റ്റ് കെ. ചടങ്ങിൽ പങ്കെടുക്കാനെത്തിയ കമൽ ഹാസന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യമായാണ് കമൽ ഹാസൻ കോമിക്-കോണിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ റാണാ ദഗുപതിയും ചടങ്ങിന്റെ ഭാഗമായിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങളാരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 2024 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുക.

'ആദിപുരുഷിന് സഹോദരനെ കിട്ടി', ട്രോളുകളാല്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ; 'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നീക്കി
സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, കമൽഹാസൻ, ദിഷ പഠാനി, അമിതാഭ് ബച്ചൻ, റാണാ ദഗുപതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സയൻസ് ഫിക്ഷൻ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് കമൽഹാസൻ എത്തുക. ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in