'ഇരുപത് വർഷത്തെ സൗഹൃദം'; പാട്ടായും കഥയായും  ലിജോ സിനിമയ്‌ക്കൊപ്പമുള്ള പി എസ് റഫീഖ്

'ഇരുപത് വർഷത്തെ സൗഹൃദം'; പാട്ടായും കഥയായും ലിജോ സിനിമയ്‌ക്കൊപ്പമുള്ള പി എസ് റഫീഖ്

ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ കരിയറിൽ ഉടനീളം പി എസ് റഫീഖ് എന്ന എഴുത്തുകാരന്റെയും സുഹൃത്തിന്റെയും സ്വാധീനമുണ്ട്

'ഇരുപത് വർഷത്തിലധികമായി ലിജോയും ഞാനും പരിചയപ്പെട്ടിട്ട്, മിത്തുകളുള്ള കഥകൾ കേൾക്കാനും പറയാനും ഇഷ്ടമുള്ള രണ്ടുപേരാണ് ഞങ്ങൾ' പി എസ് റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും തമ്മിലുള്ള സിനിമകളെ കുറിച്ചുള്ള ചോദ്യത്തിന് പി എസ് റഫീഖ് നൽകിയ മറുപടിയാണിത്.

ഇരുപത് വർഷത്തിൽ അധികമായ സൗഹൃദം ഒന്നിച്ചുള്ള സിനിമകൾക്കും കാരണമായി. മലയാള സിനിമ ഇഷ്ടപ്പെടുന്നവർക്കെല്ലാം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ അറിയാം. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ കരിയറിൽ ഉടനീളം പി എസ് റഫീഖ് എന്ന എഴുത്തുകാരന്റെയും സുഹൃത്തിന്റെയും സ്വാധീനമുണ്ട്.

ആദ്യ ചിത്രത്തിൽ തുടങ്ങി ഇപ്പോൾ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതരിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' വരെ എത്തി നിൽക്കുന്നു ലിജോയും പി എസ് റഫീഖും തമ്മിലുള്ള സിനിമയാത്ര. 2010 ലാണ് ലിജോ ജോസ് പെല്ലിശ്ശേരി നായകനിലൂടെ സ്വതന്ത്രസംവിധായകൻ ആവുന്നത്. എഴുത്തുകാരൻ കൂടിയായ പി എസ് റഫീഖ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്.

'ഇരുപത് വർഷത്തെ സൗഹൃദം'; പാട്ടായും കഥയായും  ലിജോ സിനിമയ്‌ക്കൊപ്പമുള്ള പി എസ് റഫീഖ്
ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി ലിജോയും മോഹൻലാലും; ദൃശ്യ വിസ്മയമൊരുക്കി 'മലൈക്കോട്ടൈ വാലിബൻ' ട്രെയ്‌ലർ

ഇന്ദ്രജിത്ത് നായകനായ ചിത്രം കഥകളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ അധോലോക കഥയായിരുന്നു. മലയാളം അന്നുവരെ കണ്ടുശീലിച്ച കഥപറച്ചിൽ രീതിയിൽ നിന്ന് മാറി സഞ്ചരിച്ച ചിത്രം പക്ഷേ ബോക്‌സോഫീസിൽ വേണ്ടത്ര വിജയിച്ചില്ല. സംവിധായകൻ എന്ന നിലയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ബ്രേക്കിങ് ആയ ആമേൻ ആയിരുന്നു പി എസ് റഫീഖും ലിജോയും ഒന്നിച്ച അടുത്ത ചിത്രം.

മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കഥ പറഞ്ഞ ആമേൻ മലയാള സിനിമയിലെ തന്നെ നാഴിക കല്ലുകളിൽ ഒന്നായി. ലിജോയ്‌ക്കൊപ്പം ഫഹദ് ഫാസിലിന്റെയും കരിയർ ബ്രേക്ക് ആയ ചിത്രത്തിൽ തിരക്കഥയ്ക്കും സംഭാഷണങ്ങൾക്കുമൊപ്പം ഗാനരചനയും പി എസ് റഫീഖ് നിർവഹിച്ചു. 'ഈ സോളമനും ശോശന്നയും' എന്ന ഗാനമായിരുന്നു പി എസ് റഫീഖ് രചിച്ചത്.

തുടർന്ന് ലിജോ ജോസ് സംവിധാനം ചെയ്ത ഡബിൾ ബാരൽ എന്ന ചിത്രത്തിലും പി എസ് റഫീഖ് സഹകരിച്ചു. ചിത്രത്തിൽ ഗാനരചയിതാവായിട്ടായിരുന്നു റഫീഖ് എത്തിയത്. ബം ഹരേ, മൊഹബത്ത് തുടങ്ങിയ ഗാനങ്ങളായിരുന്നു ലിജോയ്ക്ക് വേണ്ടി ഈ ചിത്രത്തിൽ റഫീഖ് രചിച്ചത്. കേരളത്തിന് പുറത്ത് ലിജോ എന്ന സംവിധായകനെ അടയാളപ്പെടുത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലും പി എസ് റഫീഖ് ഗാനരചയിതാവായി എത്തി.

ചിത്രത്തിന് വേണ്ടി പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ 'ലാ വെളിച്ചം', 'അയലത്തെ പെണ്ണിന്റെ' എന്നീ ഗാനങ്ങളായിരുന്നു. പി എസ് റഫീഖ് എഴുതിയത്. ഒരിടവേളക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും പി എസ് റഫീഖും വീണ്ടും ഒന്നിക്കുകയാണ് 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിലൂടെ. ആമേൻ സിനിമ പുറത്തിറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഫിക്ഷനും മിത്തും ഉൾച്ചേർന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രവുമായി എത്തിയത്.

മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ പുതിയ ഒരു റോളിൽ കൂടി പി എസ് റഫീഖ് എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളുടെ ഇനീഷ്യൽ കംമ്പോസിങ് നടത്തിയതും പി എസ് റഫീഖ് ആണ്. വാലിബന്റെ കഥയും തിരക്കഥയും ലിജോയ്‌ക്കൊപ്പം രചിച്ചത് പി എസ് റഫീഖ് ആണ്. ചിത്രത്തിലെ ഗാനങ്ങളായ 'പുന്നാരക്കാട്ടിലെ', മോഹൻലാൽ ആലപിച്ചി 'റാക്ക്', 'മദഭര മിഴിയോരം' തുടങ്ങിയ ഗാനങ്ങളാണ് പി എസ് റഫീഖ് എഴുതിയത്.

മലൈക്കോട്ടൈ വാലിബൻ എല്ലാ അർത്ഥത്തിലും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കുമെന്നാണ് പി എസ് റഫീഖ് പറഞ്ഞത്. 'എല്ലാ അർത്ഥത്തിലും മോഹൻലാൽ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നാണ് എന്റെ വിശ്വാസം. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ഒരു ടേണിംഗ് പോയന്റ് ആയിരിക്കും ഈ സിനിമ' എന്നായിരുന്നു പിഎസ് റഫീഖ് പറഞ്ഞത്.

പ്രത്യേക ഴോണർ പറയാൻ കഴിയാത്ത സിനിമയാണ് ' മലൈക്കോട്ടൈ വാലിബൻ ' എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. ഒരു അമർചിത്രക്കഥ പോലെയാണ് ഈ സിനിമ. കാല ദേശ അതിർവരമ്പുകൾ ഇല്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രം കണ്ട് പ്രേക്ഷകരാണ് കാലഘട്ടം വിലയിരുത്തേണ്ടതെന്നും ലിജോയും മോഹൻലാലും പറഞ്ഞത്.

2024 ജനുവരി 25 നാണ് 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിലേക്കെത്തുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, സഞ്ജന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി നൂറ്റി മുപ്പതു ദിവസങ്ങളെടുത്താണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

logo
The Fourth
www.thefourthnews.in