മതം സിനിമയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം: കമൽ

മതം സിനിമയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം: കമൽ

മതം ഇടപ്പെട്ടാൽ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും കമല്‍

മതം സിനിമയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന്‍ കമല്‍. വിവേകാനന്ദന്‍ വൈറലാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ദ ഫോർത്തിനോട് പങ്കുവെക്കവെയാണ് കമലിന്റെ വാക്കുകള്‍.

"കാതലിനു എതിർപ്പ് വന്നത് മതങ്ങളിൽ നിന്നാണ്. കാതലിനെതിരെ സംസാരിച്ചത് മുസ്ലിം- ക്രിസ്ത്യൻ മതങ്ങളാണ്. മത പുരോഹിതന്മാരും, മതം തലയ്ക്കു പിടിച്ച സമൂഹവും കലയിലേയ്ക്ക് കടന്ന് വരാൻ തുടങ്ങിയാൽ വലിയ കുഴപ്പമാണ്. ദയവ് ചെയ്തു കലയിലെങ്കിലും ഇടപെടാതെ ഇരിക്കുക. കലാകാരന്മാരെ വെറുതെ വിടുക. മതം ഇടപ്പെട്ടാൽ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. പക്ഷേ അവർ ഇടപെട്ടാലും പ്രേക്ഷകർ സ്വീകരിക്കാൻ തയ്യാറാണ്,'' കമല്‍ വ്യക്തമാക്കി.

മതം സിനിമയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം: കമൽ
പേരില്ലൂരിലെ വിശേഷങ്ങള്‍

''രണ്ട് പെൺകുട്ടികളെന്ന സിനിമ 1970 കളിൽ മോഹൻ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ തമ്മിലുള്ള പ്രണയമായിരുന്നു വിഷയം. അന്ന് ആ സിനിമ ഇവിടെ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല. കുറച്ചു പേർ കണ്ടു. ലെസ്ബിയൻ വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്തു തുടങ്ങുന്നതിനും മുമ്പാണ് അത്. പിന്നീട് ദേശാടന കിളികൾ കരയാറില്ല എന്ന പത്മരാജന്റെ സിനിമയും വന്നു. എന്നാൽ, പിന്നീട് ന്യൂക്ലീയർ ഫാമിലി വന്നതിനു ശേഷം നമ്മുടെ സമൂഹം വേറെ ഒരു രീതിയിലേയ്ക്ക് മാറി. സിനിമകളിൽ പ്രത്യേകിച്ച് ഇല്ലാത്ത ഒരു മോറാലിറ്റി ഉണ്ടായിവരുന്ന കാഴ്ച നമ്മൾ കണ്ടു,'' കമല്‍ കൂട്ടിച്ചേർത്തു.

"1980 കളിലും 1990 കളിലും അത്തരം ഒരുപാട് സിനിമകൾ നമ്മൾ കണ്ടു. അതിന്റെ ഭാഗമായി എനിക്ക് ഒക്കെ ഒരുപാട് സിനിമകളിൽ കോംപ്രമൈസ് ചെയ്യേണ്ടി വന്നു. അത് എന്റെ ഒക്കെ കുഴപ്പമാണ്. അന്നത്തെ കാലമാണ്. നമുക്ക് ഒരു വഴി ഉണ്ടാകണമല്ലോ. ആ വഴി ഉണ്ടായ കാലമാണ് ഇപ്പോൾ. ന്യൂ ജനറേഷൻ സിനിമയിൽ മാത്രമല്ല ഈ മാറ്റം സംഭവിച്ചത്. നമ്മുടെ മൊത്തം സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടാണ് 'കാതലിനെ' ആ രീതിയിൽ സ്വീകരിക്കാൻ കഴിയുന്നത്,"' കമല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in